
കേരള ചരിത്രത്താളുകളിൽ വലിയ മാറ്റങ്ങളുടെ സാക്ഷിയാണ് നവംബർ. ജാതിയുടെ നാറുന്ന വിഴുപ്പു ചുമന്നു തളർന്ന ജനത ഒരു നവസമൂഹം യാഥാർത്ഥ്യമാക്കാനുള്ള മുന്നേറ്റങ്ങളിൽ പലതും തുടങ്ങിവെച്ചതും ചിലത് വിജയത്തിലെത്തിച്ചതും നവംബറിലാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വൈക്കം സത്യാഗ്രഹം. ഗുരുവായൂർ സത്യാഗ്രഹം തുടങ്ങിയതും ക്ഷേത്രപ്രവേശന വിളംബരം നടന്നതും നവംബറിലാണ്. അവയെല്ലാം ജാതിക്കോട്ടകളെ അന്ന് ദുർബലമാക്കി.
സമത്വത്തിന്റെ ഹൃദയത്തിലേക്ക് സഹനത്തിന്റെ തീർത്ഥാടനം - വൈക്കം സത്യാഗ്രഹം സമാപ്തി (1925 നവംബർ 23)
വൈക്കം ക്ഷേത്രത്തിനു സമീപത്തെ പൊതുവഴിയിൽ എല്ലാ മനുഷ്യർക്കും സഞ്ചാര സ്വാതന്ത്ര്യത്തിനായി 603 ദിവസം നീണ്ട സത്യാഗ്രഹം പരിസമാപ്തിയിലെത്തിയത് 1925 നവംബർ 23-നാണ്. ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹങ്ങളോടെ ടി.കെ.മാധവൻ മുന്നിട്ടിറങ്ങി ഗാന്ധിജിയുടെ അനുമതി നേടി ആരംഭിച്ച സഹനസമരത്തിന് നേതൃത്വം നൽകാൻ കെ.പി.കേശവമോനോനും കെ.കേളപ്പനും കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാടും ഇ.വി.രാമസ്വാമി നായ്ക്കരും മറ്റനേകം ഉത്പതിഷ്ണുക്കളുമുണ്ടായിരുന്നു.
ഒരു കാലഘട്ടത്തിന്റെ തികഞ്ഞ അശ്ലീലത്തോടുള്ള ആ പ്രതിഷേധം രാജ്യത്തുടനീളം ചലനമുണ്ടാക്കി. സന്യാസിമാരുടെയും സാമൂഹിക പരിഷ്കർത്താക്കളുടെയും സാധാരണക്കാരുടെയും കൂട്ടായ്മയിൽ പതറാതെ നിലകൊണ്ട മലയാളി രാജ്യത്തിന്റെ സ്വാതന്ത്ര്യപ്രസ്ഥാനത്തിനു തന്നെ മാതൃക കാട്ടി. അവരുടെ പ്രതിഷേധം ശക്തമായിരുന്നു, അതേസമയം ശാന്തവും. അറസ്റ്റിനും ഭീഷണിക്കും മർദ്ദനത്തിനും സമരഭടൻമാരെ തളർത്താനായില്ല. ഒടുവിൽ ആ ജനകീയ മുന്നേറ്റത്തിനു മുന്നിൽ ജാത്യാധികാരം വിറയ്ക്കുകയും രാജാധികാരം വഴങ്ങുകയും ചെയ്തു.
വൈക്കം സത്യാഗ്രഹത്തെ ഗാന്ധിജി ഇങ്ങനെ നിരീക്ഷിച്ചു: “എല്ലാ ചങ്ങലകളും തകർക്കാനും എല്ലാ അധഃപതനവും അവസാനിപ്പിക്കാനും ശ്രമിക്കുന്ന ഒരു ജനതയുടെ ആത്മാവ് ഈ പോരാട്ടത്തിലുണ്ട്.” ഗാന്ധിജി സൂചിപ്പിച്ച ആ ആത്മാവ് ഒരു നൂറ്റാണ്ടിനുശേഷം കൈമോശം വന്നോ എന്നാണ് നമ്മൾ അന്വേഷിക്കേണ്ടത്.

നീതിക്ക് ജാതിയില്ല - സവർണ ജാഥ (1924 നവംബർ 1)
ജാതിവിരുദ്ധതയുടെ തീ ജ്വലിപ്പിച്ച വൈക്കം സത്യാഗ്രഹത്തിന് അനുബന്ധമായി നടന്ന ഒരു നവംബർ സംഭവമാണ് 1924 -ൽ മന്നത്ത് പദ്മനാഭൻ നയിച്ച സവർണ്ണ ജാഥ. സത്യാഗ്രഹത്തിന് സവർണ വിഭാഗങ്ങളുടെ പിന്തുണ നേടിയെടുക്കാനായിരുന്നു, ആ വർഷം നവംബർ ഒന്നിന് വൈക്കത്തു നിന്ന് തിരുവനന്തപുരത്തേക്ക് ജാഥ നീങ്ങിയത്. ജാതിയുടെ അതിരുകൾക്കപ്പുറമുള്ള സാമൂഹിക ഐക്യത്തിന് വലിയ സംഭാവന നൽകിയ സവർണ ജാഥ, ജാതികൾ തമ്മിലുള്ള പാലമായി. മന്നത്ത് പത്മനാഭൻ അന്നു പറഞ്ഞു. “അയിത്തമെന്ന അനീതി നമുക്കെല്ലാവർക്കും ഒരു മുറിവാണ്. അയിത്തം അനുഭവിക്കുന്നവർക്കുവേണ്ടി മാത്രമല്ല, നമ്മുടെയെല്ലാം ഹൃദയസ്വാതന്ത്ര്യത്തിന് വേണ്ടിയാണ് ഞങ്ങൾ മാർച്ച് ചെയ്യുന്നത്.” നീതിക്ക് ജാതിയില്ലെന്ന സന്ദേശം ഉയർത്തിയ സവർണജാഥ സത്യാഗ്രഹ വിജയത്തിന് സഹായമായി.

ജാതിബന്ധനത്തിൽ നിന്ന് മോചിപ്പിക്കപ്പെട്ട ഭക്തി - ഗുരുവായൂർ സത്യാഗ്രഹം ആരംഭം (1931 നവംബർ 1)
അടിച്ചമർത്തപ്പെട്ടവന് നീതി വേണമെന്ന മുറവിളി വൈക്കത്തെ ക്ഷേത്ര കവാടത്തിൽനിന്ന് പിന്നീട് ഗുരുവായൂർ നടയിലേക്കുമെത്തുന്നത് കേരളം കണ്ടു. 1931 നവംബർ ഒന്നിനായിരുന്നു, ഗുരുവായൂർ സത്യാഗ്രഹം തുടക്കം. ക്ഷേത്രത്തിൽ താഴ്ന്ന ജാതിക്കാർക്ക് പ്രവേശനം ആവശ്യപ്പെട്ട് കെ.കേളപ്പനും എ.കെ.ജി.യും മറ്റും ചേർന്നാണ് സമരം നയിച്ചത്. ആരാധനയ്ക്കുവേണ്ടി മാത്രമല്ല, ദൈവികദൃഷ്ടിയിൽ തുല്യരാണെന്നത് സമൂഹത്തെ അംഗീകരിപ്പിക്കാനുമുള്ള പോരാട്ടമായിരുന്നു ഗുരുവായൂരിലേത്.
കേളപ്പജി പ്രഖ്യാപിച്ചത് ഇങ്ങനെയാണ്: “കുറച്ചുപേരുടെ കൈകളിൽ ഇനി ദൈവം ബന്ദിയാവുകയില്ല; ഭക്തി ഇനി ജാതിയാൽ ബന്ധിക്കപ്പെടുകയില്ല.” ക്ഷേത്രപ്രവേശന സമരം മനുഷ്യന്റെ അന്തസ്സിനു വേണ്ടിയുള്ള പോരാട്ടമാണെന്ന് മഹാത്മാഗാന്ധിയും തറപ്പിച്ചു പറഞ്ഞു.

കേരളത്തിനാകെ വിജയം - ക്ഷേത്രപ്രവേശന വിളംബരം (1936 നവംബർ 12)
ക്രമേണ മാറ്റത്തിന്റെ കാറ്റ് കേരളത്തിൽ വീശിയടിക്കുകയും തിരുവിതാംകൂർ മഹാരാജാവ് ശ്രീചിത്തിര തിരുനാൾ ബാലരാമ വർമ്മ 1936 നവംബർ 12-ന് ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിക്കുകയും ചെയ്തു. അതോടെ ജാതിഭേദമന്യേ എല്ലാവർക്കും ക്ഷേത്രങ്ങളുടെ വാതിലുകൾ തുറന്നുകൊടുത്തു. ഈ പ്രഖ്യാപനം അടിച്ചമർത്തപ്പെട്ടവരുടെ മാത്രമല്ല, കേരളത്തിന്റെ മൊത്തത്തിലുള്ള വിജയമായിരുന്നു, ഒരു പുതിയ യുഗത്തിന്റെ തുടക്കം. നൂറ്റാണ്ടുകളായി നിലനിന്ന അനീതിയുടെയും തിരസ്കരണത്തിന്റെയും സംസ്കാരത്തിനുമേൽ ധാർമികതയുടെ വിജയം.
മഹാരാജാവിന്റെ വിളംബരം ഇങ്ങനെയായിരുന്നു: ‘‘നമ്മുടെ മതത്തിന്റെ പരമാർത്ഥതയും സുപ്രമാണതയും ഗാഢമായി ബോദ്ധ്യപ്പെട്ടും ആയതു ദൈവികമായ അനുശാസനത്തിലും സർവവ്യാപകമായ സഹിഷ്ണുതയിലുമാണ് അടിയുറച്ചിരിക്കുന്നതെന്നു വിശ്വസിച്ചും, അതിന്റെ പ്രവർത്തനത്തിൽ അതു ശതവർഷങ്ങളായി കാലപരിവർത്തനത്തിന് അനുയോജിച്ചു പോന്നുവെന്നു ധരിച്ചും, നമ്മുടെ ഹിന്ദുപ്രജകളിൽ ആർക്കും തന്നെ അവരുടെ ജനനമോ ജാതിയോ സമുദായമോ കാരണം ഹിന്ദുമതവിശ്വാസത്തിന്റെ ശാന്തിയും സാന്ത്വനവും നിഷേധിക്കപ്പെടാൻ പാടില്ലെന്നുള്ള ഉത്കണ്ഠയാലും നാം തീരുമാനിക്കുകയും ഇതിനാൽ പ്രഖ്യാപനം ചെയ്യുകയും നിയോഗിക്കുകയും ആജ്ഞാപിക്കുകയും ചെയ്യുന്നതെന്തെന്നാൽ, സമുചിതമായ പരിതഃസ്ഥിതികൾ പരിരക്ഷിക്കുന്നതിനും ക്രിയാപദ്ധതികളും ആചാരങ്ങളും വച്ചുനടത്തുന്നതിനും നാം നിശ്ചിയിക്കുകയും ചുമത്തുകയും ചെയ്യാവുന്ന നിയമങ്ങൾക്കും നിബന്ധനകൾക്കും വിധേയമായി, ജനനാലോ മതവിശ്വാസത്താലോ ഹിന്ദുവായ യാതൊരാൾക്കും നമ്മുടെയും ഗവൺമെന്റിന്റെയും നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിനോ ആരാധന നടത്തുന്നതിനോ ഇനിമേൽ യാതൊരു നിരോധനവും ഉണ്ടായിരിക്കാൻ പാടില്ലെന്നാകുന്നു."

നവംബർ ഒരു ഓർമപ്പെടുത്തൽ
അസമത്വത്തിന്റെ ഇരുട്ടിൽനിന്ന് പോരാട്ടങ്ങളുടെ തേരേറി പുതുസ്വപ്നങ്ങളുടെ വെളിച്ചത്തിലേക്ക് യാത്രചെയ്ത ഒരു നാടിന്റെ ഹൃദയങ്ങളിൽ നവംബർ ഒരു ഓർമപ്പെടുത്തലാണ്. സമത്വത്തിന്റെയും നീതിയുടെയും വാഗ്ദാനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ഇവിടെ മനുഷ്യർക്ക് ചുമതലയുണ്ടെന്ന ഓർമ്മപ്പെടുത്തൽ. വൈക്കം സത്യാഗ്രഹത്തിന്റെ ഉപസംഹാരമായി നടന്ന പൊതുയോഗത്തിൽ മന്നവും ടി.കെ. മാധവനും പറഞ്ഞ വാക്കുകൾ ഓർക്കേണ്ടതാണ്. മന്നത്തിന്റെ പ്രസംഗം ഇങ്ങനെയായിരുന്നു: “വഴിനടക്കാനല്ല, അയിത്തം നശിക്കാനാണ് സത്യാഗ്രഹം തുടങ്ങിയത്. അയിത്തം നശിച്ചിട്ടില്ല. വഴിതുറന്നു കിട്ടിയതുകൊണ്ട് നാം സമാധാനപ്പെട്ടിരിക്കാനുള്ള കാലമല്ല. ഗൗരവമായ ചുമതല നമ്മുടെ തലയിൽ വന്നു കയറിയിട്ടുണ്ട്. അയിത്തം മതിലിനകത്ത് ഒളിച്ചിരിക്കുന്നു. അവിടെ ചെന്ന് പിടികൂടണം”. “വൈക്കം റോഡുകളെ മാത്രം ഉദ്ദേശിച്ചല്ല സത്യാഗ്രഹം ആരംഭിച്ചത്. അയിത്തം നിശ്ശേഷം നശിക്കാൻ വേണ്ടിയാണ്” എന്ന് ടി.കെ.മാധവനും പ്രസംഗമധ്യേ പറഞ്ഞു.
നൂറു വർഷത്തിനു ശേഷവും ജാതിവിവേചനം സമൂഹത്തെ വിട്ടകന്നിട്ടില്ല. സമുദായ നേതൃത്വങ്ങളുടെ നിലനില്പിനാധാരം ജാതിയായതിനാൽ അതില്ലാതാകാൻ അവർ സമ്മതിക്കില്ല. മുഖ്യധാരാ പാർട്ടികൾ രാഷ്ട്രീയ നേട്ടത്തിന് പറ്റിയ ഉപകരണമെന്നു കണ്ട് ജാതിയെ താലോലിക്കുന്നു. ജാതിവിവേചനത്തിന് അറുതി വരുത്തൽ ചുമതലയായി കാണുന്ന ഒരു പ്രസ്ഥാനവും നേതാവും ഇന്നില്ല. പുതിയ നവംബർ വിപ്ലവങ്ങൾ കേരളത്തിന് ആവശ്യമുണ്ട്.
Content Highlights: November in Kerala is significant for social change movements like the Vaikom Satyagraha
Published: 03 Nov 2024, 05:45 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented