ന്യൂഡൽഹി: രാജ്യത്തെ മത്സര പരീക്ഷാ രംഗത്ത് വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിയോഗിച്ച ഒമ്പതംഗ സമിതിയുടെ നിർണ്ണായക ശുപാർശകൾ പുറത്ത്. കോച്ചിങ് സെന്ററുകളുടെ അമിതമായ കടന്നുകയറ്റം നിയന്ത്രിക്കാനും വിദ്യാർത്ഥികൾ അനുഭവിക്കുന്ന കടുത്ത മാനസിക സമ്മർദ്ദം കുറയ്ക്കാനുമാണ് സമിതി പ്രധാനമായും ലക്ഷ്യമിടുന്നത്.

To advertise here,

കോച്ചിങ് സെന്ററുകൾക്ക് കർശന നിയന്ത്രണം

രാജ്യത്തെ മുഴുവൻ കോച്ചിങ് സെന്ററുകൾക്കുമായി ഒരൊറ്റ നിയമം കൊണ്ടുവരണമെന്നാണ് സമിതിയുടെ പ്രധാന ശുപാർശ. സമിതി മുന്നോട്ടുവെക്കുന്ന പ്രധാന നിർദ്ദേശങ്ങൾ ഇവയാണ്

    • സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രതിദിനം രണ്ടു മുതൽ മൂന്ന് മണിക്കൂർ വരെ മാത്രമേ കോച്ചിങ് പാടുള്ളൂ.
    • തീവ്രമായ കോച്ചിങ് പ്ലസ് ടു പഠനത്തിന് ശേഷം മാത്രമേ അനുവദിക്കാവൂ.
    • ഡമ്മി സ്കൂൾ സംവിധാനം നിർത്തലാക്കാൻ വിദ്യാർത്ഥികൾക്ക് ബയോമെട്രിക് ഹാജർ സംവിധാനം ഏർപ്പെടുത്തണം.
    • കോച്ചിങ് സെന്ററുകൾ തങ്ങളുടെ നിലവാരം, അധ്യാപകരുടെ യോഗ്യത, പഠിക്കുന്ന വിദ്യാർത്ഥികളുടെ യഥാർത്ഥ എണ്ണം എന്നിവ പരസ്യപ്പെടുത്തണം.


കോച്ചിങ് ഫാക്ടറികൾ: കഴിവിന്റെ പാടങ്ങളിൽ അസമത്വം പൂക്കുമ്പോൾ

 

ടോപ്പർമാരുടെ പരസ്യങ്ങൾക്ക് കടിഞ്ഞാൺ

കോച്ചിങ് സെന്ററുകൾ നൽകുന്ന തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കും നിയന്ത്രണം വരികയാണ്. ക്രാഷ് കോഴ്സിനോ ടെസ്റ്റ് സീരീസിനോ എത്തുന്ന വിദ്യാർത്ഥികളെ തങ്ങളുടെ സ്ഥാപനത്തിലെ ടോപ്പർമാരായി ചിത്രീകരിച്ച് പരസ്യം നൽകാൻ ഇനി സാധിക്കില്ല. കോഴ്സ് കാലയളവ് മുഴുവൻ അവിടെ പഠിച്ച വിദ്യാർത്ഥികൾ റാങ്ക് നേടിയാൽ മാത്രമേ അവരെ ഉൾപ്പെടുത്തി പരസ്യം നൽകാവൂ എന്ന് സമിതി ശുപാർശ ചെയ്യുന്നു.

ചോദ്യങ്ങൾ പാഠപുസ്തകത്തിൽ നിന്ന് മാത്രം

കോച്ചിങ് സെന്ററുകളിൽ പഠിപ്പിക്കുന്ന പ്രത്യേക 'ട്രിക്സുകൾ' ഉപയോഗിച്ച് മാത്രം പരീക്ഷ വിജയിക്കുന്ന രീതിക്ക് മാറ്റം വരും. പരീക്ഷാ ചോദ്യങ്ങൾ പൂർണ്ണമായും സ്കൂൾ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കണമെന്നാണ് സമിതിയുടെ നിർദ്ദേശം. ഇതോടെ സാധാരണ വിദ്യാർത്ഥികൾക്കും മത്സര പരീക്ഷകളിൽ മികച്ച വിജയം നേടാൻ സാധിക്കും.

ലക്ഷ്യം വിദ്യാർത്ഥികളുടെ സുരക്ഷ

കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യതയും വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദവും കുറയ്ക്കുകയാണ് ഈ മാറ്റങ്ങളിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. പരീക്ഷാ പേടിയും ഇതുമൂലമുണ്ടാകുന്ന സുരക്ഷാ വീഴ്ചകളും വിദ്യാർത്ഥികളുടെ ആത്മഹത്യയും ഗണ്യമായി കുറയ്ക്കാൻ ശുപാർശകൾ നടപ്പിലാക്കുന്നതിലൂടെ സാധിക്കുമെന്ന് സമിതി വിലയിരുത്തുന്നു.