ന്യൂഡൽഹി: ചൊവ്വാഴ്ച തുറന്ന സി.ബി.എസ്.ഇ. പുനർമൂല്യനിർണയ പോർട്ടലിലും സാങ്കേതികതടസ്സങ്ങളുണ്ടെന്ന് വിദ്യാർഥികൾ സാമൂഹികമാധ്യമങ്ങളിൽ പരാതിപ്പെട്ടു.

To advertise here,

മൂല്യനിർണയത്തിലെ പ്രശ്നങ്ങളുടെ വെരിഫിക്കേഷന് ഒരു ഉത്തരക്കടലാസിന് 100 രൂപയാണ് ഫീസ്. പുനർമൂല്യനിർണയത്തിന് ഓരോ ചോദ്യത്തിനും 25 രൂപവീതം ഫീസടയ്ക്കണം. ലഭിച്ച ഉത്തരക്കടലാസുകളിൽ പേജുകൾ വിട്ടുപോയിട്ടുണ്ടെങ്കിലോ സപ്ലിമെന്ററി താളുകൾ ഇല്ലെങ്കിലോ മാപ്പുകളും ഗ്രാഫുകളും ഇല്ലെങ്കിലോ അവ്യക്തമായ പേജാണെങ്കിലോ തെറ്റായ ഉത്തരക്കടലാസെങ്കിലോ ഒക്കെ വിദ്യാർഥികൾക്ക് വെരിഫിക്കേഷന് അപേക്ഷിക്കാം.

വിവരങ്ങൾ പരിശോധിച്ചുറപ്പാക്കിയശേഷം ഫീസടച്ചെങ്കിൽ മാത്രമേ അപേക്ഷ പൂർത്തിയായതായി കണക്കാക്കൂ.

വെരിഫിക്കേഷനും പുനർമൂല്യനിർണയത്തിനും ഒറ്റത്തവണയേ അപേക്ഷിക്കാനാകൂ എന്നതിനാൽ ഏതൊക്കെ വിഷയങ്ങൾ വേണമെന്ന് മുൻകൂട്ടി തീരുമാനിച്ചശേഷംവേണം പ്രക്രിയ ആരംഭിക്കാനെന്നും ബോർഡ് അറിയിച്ചു.

അന്വേഷണറിപ്പോർട്ടിൽ കൂടുതൽ നടപടിവരും

സി.ബി.എസ്.ഇ. നടപ്പാക്കിയ വിവാദ ഓൺസ്‌ക്രീൻ മാർക്കിങ് (ഒ.എസ്.എം.) സംവിധാനത്തിന് കരാർ അനുവദിച്ചതുമായി ബന്ധപ്പെട്ട അന്വേഷണ സമിതിയുടെ റിപ്പോർട്ടിൽ കൂടുതൽ നടപടിവരും. വീഴ്ചകണ്ടെത്തിയാൽ ഉത്തരവാദികൾക്കെതിരേ നടപടി സ്വീകരിക്കും.

ഉത്തരവാദിത്വം ഉദ്യോഗസ്ഥരുടെമേൽ ഇടാനുള്ള ശ്രമം -കോൺഗ്രസ്

: പരീക്ഷാനടത്തിപ്പുകളുമായി ബന്ധപ്പെട്ട തുടർവീഴ്ചകളുണ്ടാകുമ്പോൾ ഉദ്യോഗസ്ഥരുടെമേൽ ഉത്തരവാദിത്വം കെട്ടിവെക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കോൺഗ്രസ്. വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ് ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരെ നീക്കിയതും അന്വേഷണസമിതിയെ വെച്ചതും ഒ.എസ്.എം. കരാറുമായി ബന്ധപ്പെട്ട് ക്രമക്കേടുണ്ടായെന്നതിന് തെളിവാണ്. കഴിഞ്ഞ നവംബറിൽ സി.ബി.എസ്.ഇ. ചെയർമാനായി രാഹുൽ സിങ്ങിന് സർക്കാർ രണ്ടുവർഷംകൂടി കാലാവധി നീട്ടിക്കൊടുത്തത് ജയറാം രമേശഷ് ചൂണ്ടിക്കാട്ടി.