കഴിഞ്ഞ ദിവസമാണ് 2025 സെപ്റ്റംബറില്‍ നടന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌ ഫൗണ്ടേഷന്‍, ഫൈനല്‍, ഇന്റര്‍മീഡിയറ്റ് എന്നീ പരീക്ഷകളുടെ ഫലം പുറത്തുവന്നത്. ഏറേ പ്രയാസമേറിയ പരീക്ഷയിൽ വിജയം കൈവരിച്ച പലരും മാസങ്ങളും വർഷങ്ങളും നീണ്ട കഠിനാധ്വാനത്തിൻ്റെ കഥകൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. 

To advertise here,

ഇത്തരത്തിൽ മകൻ സിഎ പരീക്ഷ പാസായതറിഞ്ഞ് വികാരാധീനനായ ഒരു അച്ഛൻ്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. സിഎ പരീക്ഷയിൽ വിജയിച്ച റോഷൻ സിൻഹ എന്നയാളുടെ അച്ഛനെയാണ് വീഡിയോയിൽ കാണിക്കുന്നത്. ജോലി കഴിഞ്ഞ് പച്ചക്കറി കവറുമായി വീട്ടിലെത്തുന്ന അച്ഛനോട് ‘മകൻ സിഎ പാസായി’ എന്ന് അമ്മ പറയുന്നത് വീഡിയോയിൽ കേൾക്കാം. അച്ഛൻ ഉടൻ തന്നെ കയ്യിലുള്ള ബാഗുകൾ താഴെയിട്ട് മകനെ വാരിപ്പുണരുന്നതാണ് വീഡിയോയിലുള്ളത്.

നിരവധി സിഎ ഉദ്യോഗാർത്ഥികളും പ്രൊഫഷണലുകളും വീഡിയോക്ക് കീഴെ പ്രതികരിച്ചിട്ടുണ്ട്. പലരും സമാനമായ സ്വന്തം കഥകൾ പങ്കുവെക്കുകയും കുടുംബത്തിന് അഭിനന്ദനം അറിയിക്കുകയും ചെയ്തു.

2016- 23 ബാച്ചിൽ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌ ഓഫ് ഇന്ത്യയിൽ പഠിച്ചതായി റോഷൻ്റെ ലിങ്ക്ഡിൻ പ്രൊഫൈൽ സൂചിപ്പിക്കുന്നു. കഴിഞ്ഞ നാലര വർഷമായി ഇയാൾ ആർട്ടിക്കിൾഷിപ്പ് ചെയ്ത് വരികയാണ്.