തൃശ്ശൂർ: ആർട്‌സ് ആൻഡ് സയൻസ് കോളേജുകളുടെ ഭാഗമായ ബി. ബി.എ., ബി.സി.എ. കോഴ്‌സുകൾ, ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യുക്കേഷൻ(എ.ഐ.സി.ടി.ഇ.യുടെ) കീഴിലാക്കാനുള്ള നടപടികൾ അവസാനഘട്ടത്തിൽ. ഇതിനിടയിലും സർവകലാശാലകൾക്കും അധ്യാപകർക്കും കോളേജുകൾക്കുമുള്ള ആശയക്കുഴപ്പം മാറുന്നില്ല.നടപടി മൂന്നുവർഷത്തേക്ക് നീട്ടണമെന്ന് തെലങ്കാന സർക്കാർ ആവശ്യപ്പെട്ടിട്ടുമുണ്ട്.
യു.ജി.സി.യുടെ കീഴിൽ നടന്നുവന്നിരുന്ന ഈ രണ്ടു കോഴ്‌സുകളും സാങ്കേതിക വിദ്യാഭ്യാസ ഏജൻസിക്കു കീഴിലേക്കു മാറ്റിയത് മാസങ്ങൾക്കു മുൻപാണ്. കോഴ്‌സുകൾ നടത്തുന്ന ഒട്ടേറെ സ്ഥാപനങ്ങൾ കേരളത്തിലെ എയ്ഡഡ് മേഖലയിലും സ്വാശ്രയമേഖലയിലുമുണ്ട്. എം.ജി. സർവകലാശാലയ്ക്കു കീഴിൽ മാത്രം 90-ലധികം കോളേജുകളിലും ഇവ നടത്തുന്നുണ്ട്.
മറ്റു സർവകലാശാലകളിലും സമാനമാണ് സ്ഥിതി. ആയിരക്കണക്കിന് വിദ്യാർഥികൾ ഓരോ വർഷവും പ്രവേശനം നേടുന്നുണ്ട്. ഇവരുടെ ഫീസും മറ്റും സംസ്ഥാന സർക്കാരാണ് നിശ്ചയിക്കുന്നത്.പല സ്ഥാപനങ്ങളും ഗ്രാമപ്രദേശങ്ങളിലാണെന്നതുകൊണ്ടുതന്നെ സാർവത്രിക ഉന്നതവിദ്യാഭ്യാസം എന്ന ലക്ഷ്യത്തിലേക്ക് ഈ പദ്ധതി എത്തുന്നുമുണ്ട്. മാറ്റം അധ്യാപകരുടെ സേവനവേതന വ്യവസ്ഥയെയും ബാധിക്കും.
ഇപ്പോഴുള്ള രീതി തുടരാമെന്നാണ് പറയുന്നതെങ്കിലും ഭാവിയിൽ വ്യത്യാസം വരുത്തേണ്ടിവരും. കോഴ്‌സുകളുടെ അംഗീകാരത്തിന് ഫീസ് കൊടുക്കേണ്ട സ്ഥിതിയുമുണ്ട്. ഇതും കോളേജുകളെ ബാധിക്കും.നിലവിലുള്ള കോഴ്‌സുകൾക്ക് 10,000 രൂപയാണ് ഫീസ്. എല്ലാ വർഷവും പുതുക്കേണ്ടിയും വരും. പുതിയ കോഴ്‌സുകൾക്ക് 10 ലക്ഷം രൂപയാണ് ഫീസ്. ഇത്രയും പണം മുടക്കാൻ മാനേജ്‌മെന്റുകൾ താത്‌പര്യപ്പെടണമെന്നില്ല.
പല സ്ഥാപനങ്ങളും കോഴ്‌സുകൾ നിർത്താനോ മാറാനോ ഉള്ള ശ്രമത്തിലാണ്. അഖിലേന്ത്യാതലത്തിൽ ഫീസ് നിശ്ചയിക്കുന്ന രീതി വരുന്നതോടെ ഏതാണ്ട് എൻജിനീയറിങ് കോളേജുകൾക്ക് സമാനമായ വിധത്തിൽ കോഴ്‌സ് ഫീസ് കൊടുക്കേണ്ടിവരും. ഇത് വിദ്യാർഥികൾക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുക.
സർവകലാശാലകൾക്കും വിദ്യാർഥികൾക്കും തിരിച്ചടി
ഈ നീക്കം കേരളത്തിലെ സർവകലാശാലകളെയും കുട്ടികളെയും ബാധിക്കും. പാവപ്പെട്ട വിദ്യാർഥികൾക്ക് കിട്ടിക്കൊണ്ടിരുന്ന വിദ്യാഭ്യാസ അവസരം ഇല്ലാതാകാം. വർഷങ്ങളായി ജോലിചെയ്തുവരുന്ന അധ്യാപകരുടെ ഭാവിയെയും ബാധിക്കും. പരിഷ്‌കാരംകൊണ്ടുള്ള മെച്ചം വ്യക്തവുമല്ല - പി. ഹരികൃഷ്ണൻ, സിൻഡിക്കേറ്റംഗം, എം.ജി. സർവകലാശാല
Content Highlights: B.B.A., B.C.A. Courses to AICT
Published: 21 Mar 2024, 05:02 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented