തിരുവനന്തപുരം: സംസ്ഥാനത്തെ ബിബിഎ (ബാച്ച്‌ലർ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷൻ), ബിസിഎ (ബാച്ച്‌ലർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻ) പ്രോഗ്രാമുകളിലേക്കുള്ള ഏകജാലകപ്രവേശനത്തിന് അപേക്ഷിക്കാം. ഈ അധ്യയനവർഷംമുതൽ രണ്ടുകോഴ്‌സിനും എഐസിടിഇ (ഓൾ ഇന്ത്യ കൗൺസിൽ ഓഫ് ടെക്‌നിക്കൽ എജുക്കേഷൻ) അംഗീകാരം നിർബന്ധമാണ്.

To advertise here,

എപിജെ അബ്ദുൽകലാം സാങ്കേതികസർവകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ പ്രവേശനത്തിനാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എൽബിഎസ് സെന്റർ ആണ് പ്രവേശനംനടത്തുക.

യോഗ്യത: ബിബിഎ-പ്ലസ്ടു/തത്തുല്യ പരീക്ഷ 45 ശതമാനം മാർക്കോടെ ജയിച്ചിരിക്കണം. ബിസിഎ-പ്ലസ്ടു/തത്തുല്യം, ഡിപ്ലോമ ഇൻ എൻജിനിയറിങ്/കൊമേഴ്‌സ്യൽ പ്രാക്ടീസ് യോഗ്യതാപരീക്ഷയിലോ തത്തുല്യം എന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും യോഗ്യതാപരീക്ഷയിലോ 45 ശതമാനം മാർക്കോടെ വിജയം. എസ്‌സി/എസ്ടി വിഭാഗക്കാർക്ക് അഞ്ചുശതമാനം മാർക്കിളവുണ്ട്. എൽബിഎസ് സെന്റർ നടത്തുന്ന പ്രവേശനപ്പരീക്ഷവഴി തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം.

പരീക്ഷാതീയതി പിന്നീടറിയിക്കും. www.lbscentre.kerala.gov.in വഴി ജൂൺ 25 വരെ ഫീസടച്ച് അപേക്ഷിക്കാം. പൊതുവിഭാഗത്തിന് 1300 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 650 രൂപയുമാണ് അപേക്ഷാഫീസ്. വിവരങ്ങൾക്ക്: 0471-2324396, 2560361.