കേന്ദ്ര ബയോടെക്നോളജി ഡിപ്പാർട്ട്മെന്റിന്റെ ബയോടെക്നോളജി റിസർച്ച് ആൻഡ് ഇനവേഷൻ കൗൺസിൽ (ബി.ആർ.ഐ.സി.) സ്ഥാപനമായ, ഫരീദാബാദിലെ ട്രാൻസ്ലേഷണൽ ഹെൽത്ത് സയൻസ് ആൻഡ് ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ട് (ടി.എച്ച്.എസ്.ടി.ഐ.) 2024-25 വിൻറർ സെഷൻ പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയുടെ (ജെ.എൻ.യു.) സഹകരണത്തോടെ നടത്തുന്ന പ്രോഗ്രാം ബയോമെഡിക്കൽ സയൻസസ് മേഖലകളിലെ ഗവേഷണങ്ങൾക്ക് അവസരമൊരുക്കുന്നു.

To advertise here,

ജെ.എൻ.യു. വ്യവസ്ഥകൾ ബാധകം

ഫീസ് ഉൾപ്പെടെ, ജെ.എൻ.യു. വ്യവസ്ഥകൾ പ്രകാരമാണ് പ്രോഗ്രാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് രണ്ടുവർഷം കോഴ്സ് വർക്ക് ഉണ്ടാകും. തൃപ്തികരമായി ഇത് പൂർത്തിയാക്കുന്നവരെ ജെ.എൻ.യു. പിഎച്ച്.ഡി. പ്രോഗ്രാം രജിസ്ട്രേഷന് ശുപാർശ ചെയ്യും. വിവരങ്ങൾക്ക്: www.jnu.ac.in

ഗവേഷണമേഖലകൾ

മെറ്റേണൽ ആൻഡ് ചൈൽഡ് ഹെൽത്ത്, വൈറസ് റിസർച്ച് തെറാപ്യൂട്ടിക്സ് ആൻഡ് വാക്സിൻസ്, ട്യൂബർകുലോസിസ് റിസർച്ച്, മൈക്രോബിയൽ റിസർച്ച്, ഇമ്യൂണോബയോളജി ആൻഡ് ഇമ്യൂണോതെറാപ്പി, ഡ്രഗ് ഡിസ്കവറി,

ബയോഡിസൈൻ ആൻഡ് ഡയഗണോസ്റ്റിക്സ് തുടങ്ങിയവ ഉൾപ്പെടുന്നു. കംപ്യൂട്ടേഷണൽ ആൻഡ് മാത്തമാറ്റിക്കൽ ബയോളജി സെൻറർ, ക്ലിനിക്കൽ ഡിവലപ്മെൻറ് സർവീസസ് ഏജൻസി എന്നിവയും ഗവേഷണപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.

പ്രവേശനയോഗ്യത

മെഡിക്കൽ സയൻസസ്, ബയോളജിക്കൽ സയൻസസ്, കെമിക്കൽ സയൻസസ്, ഫിസിക്കൽ സയൻസസ്, മാത്തമാറ്റിക്കൽ സയൻസസ്, ഇൻഫർമേഷൻ സയൻസസ് മേഖലകളിൽ നിന്നുമുള്ളവർക്ക് അപേക്ഷിക്കാം.

ഫെലോഷിപ്പ് യോഗ്യത

സി.എസ്.ഐ.ആർ., ഐ.സി.എം.ആർ., യു.ജി.സി., ഡി.ബി.ടി. എന്നിവയിലൊന്നിന്റെ അഞ്ചുവർഷത്തെ സാധുതയുള്ള പിഎച്ച്.ഡി. ജെ.ആർ.എഫ്. യോഗ്യതയോ പിഎച്ച്.ഡി. പൂർത്തിയാക്കാൻ രണ്ടുവർഷത്തേക്കുകൂടി നീട്ടി ലഭിക്കാവുന്ന മൂന്നുവർഷത്തേക്കുള്ള സീനിയർ റിസർച്ച് ഫെലോഷിപ്പോ വേണം. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി കഴിഞ്ഞ് കുറഞ്ഞത് നാലുമാസത്തേക്കെങ്കിലും സജീവമാക്കാനുള്ള സാധുത ഫെലോഷിപ്പിനുണ്ടായിരിക്കണം.

ഫെലോഷിപ്പ് യോഗ്യത നേടിയ വിഭാഗത്തിലെ സീറ്റിലേക്കേ അപേക്ഷകരെ പരിഗണിക്കൂ. ദേശീയതല ഫെലോഷിപ്പ് അർഹത നേടാൻ വേണ്ട യോഗ്യതാകോഴ്‌സ് അന്തിമപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. വിശദമായ വിജ്ഞാപനം thsti.res.in ൽ ലഭിക്കും.

അപേക്ഷ

recruitment.thsti.in/application/jobs വഴി ജനുവരി 31 വരെ നൽകാം. ഷോർട്ട്‌ലിസ്റ്റ്‌ ചെയ്യപ്പെടുന്നവരെ നേരിട്ട് ഇൻറർവ്യൂവിന് വിളിക്കും. ടി.എച്ച്.എസ്.ടി.ഐ.യിൽ നടത്തുന്ന ഇൻറർവ്യൂ അടിസ്ഥാനത്തിലാകും അന്തിമ തിരഞ്ഞെടുപ്പ്.