തിരുവനന്തപുരം: യു.ജി.സി. ഉത്തരവിനു വിരുദ്ധമായി എം.ജി. സർവകലാശാല പിഎച്ച്.ഡി. പ്രവേശനത്തിന് പരീക്ഷ നടത്തുന്നുവെന്നുകാട്ടി ഗവർണർക്കു പരാതി. സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റിയാണ് പരാതി നൽകിയത്. പിഎച്ച്.ഡി. പ്രവേശനപ്പരീക്ഷ ദേശീയതലത്തിൽ ഏകീകരിച്ച് യു.ജി.സി. വിജ്ഞാപനം പുറപ്പെടുവിച്ചിട്ടും അതു നടപ്പാക്കാൻ എം.ജി. സർവകലാശാല നടപടി സ്വീകരിക്കുന്നില്ലെന്നാണ്‌ പരാതി.

To advertise here,

വിവിധ സ്ഥാപനങ്ങൾ നടത്തുന്ന പ്രവേശനപ്പരീക്ഷകൾ പിഎച്ച്.ഡി. പ്രവേശന പ്രക്രിയയിൽ വിദ്യാർഥികൾക്കു ബുദ്ധിമുട്ടാകുന്നുവെന്ന അനുമാനത്തിലാണ് പിഎച്ച്.ഡി. പ്രവേശനത്തിന് പുതിയ പരിഷ്കാരം നടപ്പാക്കിയത്. നെറ്റ് പരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്ക് ലഭിക്കുന്നവർക്ക് ജെ.ആർ.എഫ്. നൽകി ഗവേഷണത്തിനാവശ്യമായ ഫണ്ടും അസിസ്റ്റന്റ് പ്രൊഫസറാകാനുള്ള യോഗ്യതയും ലഭ്യമാക്കും. തൊട്ടടുത്ത വിഭാഗത്തിൽ മാർക്ക് സ്‌കോർ ചെയ്യുന്നവർക്ക് അസിസ്റ്റന്റ് പ്രൊഫസറാകാനുള്ള യോഗ്യതയും പിഎച്ച്.ഡി. പ്രവേശനത്തിന് അവസരവും ലഭിക്കും. മൂന്നാമതൊരു വിഭാഗത്തിന് നെറ്റ് യോഗ്യത നൽകിക്കൊണ്ട് പിഎച്ച്.ഡി. പ്രവേശനത്തിനു മാത്രം അവസരം നൽകുന്നതാണ് പുതിയ വിജ്ഞാപനത്തിലെ പ്രത്യേകത. ഗവേഷണസ്ഥാപനങ്ങൾ ഇനി മുതൽ പ്രത്യേക പിഎച്ച്.ഡി. പ്രവേശനപ്പരീക്ഷ നടത്തരുത്‌. യു.ജി.സി. നടത്തുന്ന ദേശീയതല പരീക്ഷയുടെ സ്‌കോർ അനുസരിച്ചായിരിക്കണം ഗവേഷകർക്ക് പിഎച്ച്.ഡി.ക്കു പ്രവേശനം നൽകേണ്ടത്. എഴുത്തുപരീക്ഷയുടെ സ്‌കോറിനൊപ്പം 30 ശതമാനം മാർക്ക് അഭിമുഖത്തിനു നൽകിയാണ് അന്തിമ റാങ്ക് പട്ടിക തയ്യാറാക്കേണ്ടതെന്നും യു.ജി.സി. ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഈ ഉത്തരവിനു വിരുദ്ധമായി പിഎച്ച്.ഡി. പ്രവേശനത്തിന് പ്രത്യേക പരീക്ഷ നടത്താൻ എം.ജി. സർവകലാശാല കഴിഞ്ഞ ദിവസം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. സർവകലാശാലയിലും അംഗീകൃത ഗവേഷണ സെന്ററുകളിലുമായി 1544 ഒഴിവുകളാണുള്ളത്.