തിരുവനന്തപുരം: കേരള വെറ്ററിനറി സർവകലാശാലയിലെ ബിരുദാനന്തരബിരുദ പ്രവേശനത്തിൽ സംസ്ഥാനത്തുള്ളവർക്കുണ്ടായിരുന്ന സംവരണത്തിൽ അട്ടിമറി. പി.ജി. സീറ്റുകളിൽ 75 ശതമാനം സംസ്ഥാനക്വാട്ടയും ബാക്കി ദേശീയക്വാട്ടയുമാണ്. സംസ്ഥാനക്വാട്ടയ്ക്കുള്ള പ്രവേശനപരീക്ഷ കേരള വെറ്ററിനറി സർവകലാശാലയാണ് നടത്തുന്നത്. ഇത് മറ്റുസംസ്ഥാനത്തുള്ളവരും എഴുതും.

To advertise here,

എന്നാൽ, കേരളത്തിലുള്ളവർക്ക് മുൻഗണനനൽകി റാങ്ക് പട്ടികയ്ക്ക് പുറമേ സെലക്‌ഷൻ പട്ടികകൂടി പ്രസിദ്ധീകരിച്ചാണ് പ്രവേശനംനൽകുന്നത്. ഇത്തവണ സെലക്‌ഷൻ പട്ടിക പ്രസിദ്ധീകരിക്കാതെ അലോട്മെന്റ് നടത്തുന്നതായാണ് പരാതി.

സംസ്ഥാനസംവരണം അട്ടിമറിച്ചതിനാൽ റാങ്ക്പട്ടികയിലെ ആദ്യ 55 റാങ്കിൽ 14 പേർ മറ്റുസംസ്ഥാനക്കാരാണ്. ഇത് പ്രധാനപ്പെട്ട ക്ലിനിക്കൽ വിഷയങ്ങളിൽ കേരളത്തിലുള്ളവർക്ക് പ്രവേശനംകിട്ടാത്ത സാഹചര്യമുണ്ടാക്കുമെന്ന് വിദ്യാർഥികൾ പറയുന്നു. മറ്റുസംസ്ഥാനത്തുനിന്നുള്ളവർ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ചിന്റെ പരീക്ഷയെഴുതി 25 ശതമാനം സീറ്റിൽ മാർക്കടിസ്ഥാനത്തിൽത്തന്നെ പ്രവേശനംനേടുമ്പോഴാണ് കേരളത്തിലുള്ളവർ പിന്തള്ളപ്പെടുന്നത്.

പ്രോസ്പെക്ടസിലെ വ്യവസ്ഥയ്ക്കുവിരുദ്ധമായി പുതിയബാച്ചിനുള്ള പ്രവേശനപ്പട്ടിക തിരക്കിട്ട് പ്രസിദ്ധീകരിച്ച് അലോട്‌മെന്റ് നടത്താനുള്ള നീക്കത്തിലും വിദ്യാർഥികൾ പ്രതിഷേധിച്ചു. 12-ാംതീയതി പ്രസിദ്ധീകരിച്ച റാങ്ക്പട്ടികയിൽ രണ്ടാംപ്രവൃത്തിദിനമായ 16-നാണ് അലോട്മെന്റ് നടത്തുന്നത്. 18-ന് സർവകലാശാലയിൽ പ്രവേശനമെടുക്കണം.

സ്കോളർഷിപ്പും വെട്ടിക്കുറച്ചു

പി.ജി. കോഴ്‌സിലെ സ്കോളർഷിപ്പും ഈവർഷം പകുതിപ്പേർക്കായി കുറച്ചു. ഒരു ബ്രാഞ്ചിൽ കുറഞ്ഞത് ഒരാൾക്കും പരമാവധി രണ്ടുപേർക്കുമെന്നാണ് ഇത്തവണ എണ്ണം നിശ്ചയിച്ചത്.

മുൻപ്‌ എല്ലാവർക്കും സ്കോളർഷിപ്പ് ലഭിച്ചിരുന്നു. മാസം 9000 രൂപയാണ് സ്കോളർഷിപ്പ്.