
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ഫ്രെയിംവര്‍ക് റാങ്കിങ്ങില്‍ (എന്‍.ഐ.ആര്‍.എഫ്.) രാജ്യത്തെ മികച്ച സര്‍വകലാശാല കളുടെ വിഭാഗത്തില്‍ ഒന്നാം റാങ്കാണ് ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് നേടിയത്. ശാസ്ത്രം, എന്‍ജിനീയറിങ്, മാനേജ്‌മെന്റ് മേഖലകളില്‍ പഠനം ആഗ്രഹിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന ഇന്ത്യയിലെത്തന്നെ മികച്ച സ്ഥാപനങ്ങളിലൊന്നാണിത്. ജംഷഡ് ജി ടാറ്റയാണ് ഈ സ്ഥാപനത്തിന് പിറവിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാന വ്യക്തി. എന്നാല്‍ അദ്ദേഹത്തിന്റെ മരണശേഷം 1909 മേയ് 27-നാണ് ഇത് സ്ഥാപിതമായത്. ഇംഗ്ലീഷ് രസതന്ത്രജ്ഞനായ മോറിസ് ട്രാവേഴ്‌സായിരുന്നു ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്യ ഡയറക്ടര്‍. നോബല്‍ സമ്മാനജേതാവ് സി.വി. രാമനാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ ഭാരതീയനായ ആദ്യ ഡയറക്ടര്‍.
ശാസ്ത്രവിഷയങ്ങളിലെ ഗവേഷണമായിരുന്നു ആദ്യകാലത്ത് സ്ഥാപനം നടത്തിപ്പോന്നത്. 2010 മുതല്‍ ശാസ്ത്രവിഷയങ്ങളില്‍ ബിരുദപഠനവും തുടങ്ങി. നിലവില്‍ സാങ്കേതിക വിഷയങ്ങളില്‍ ഗവേഷണവുമുണ്ട്. യു.ജി.സി. ഈ ഇന്‍സ്റ്റിറ്റ്യൂട്ടിന് കല്‍പ്പിത സര്‍വകലാശാലാ പദവി നല്‍കിയിട്ടുണ്ട്. ഐ.ഐ.എസ്‌സിയിലെ ആകെ വിദ്യാര്‍ഥികളുടെ 70 ശതമാനത്തിലധികം ഗവേഷണ വിദ്യാര്‍ഥികളാണ്. ശാസ്ത്ര വിഷയങ്ങളില്‍ ഗവേഷണ താല്‍പ്പര്യമുള്ളവര്‍ക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച സ്ഥാപനങ്ങളില്‍ ഒന്നാണ് ഐ.ഐ.എസ്‌സി. ലോകോത്തര നിലവാരത്തിലുള്ള ഗവേഷണാന്തരീക്ഷമമാണ് സ്ഥാപനത്തിന്റെ പ്രധാന സവിശേഷത. ധാരാളം ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് എക്‌ചേഞ്ച് പ്രോഗ്രാമുകള്‍ വഴി വിദ്യാര്‍ഥികള്‍ക്ക് വിദേശസര്‍വകലാശാലകളിലെ ഗവേഷണങ്ങള്‍ നടത്താനും പങ്കെടുക്കാനും സര്‍വകലാശാല അവസരമൊരുക്കുന്നുണ്ട്. മികച്ച സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു മലയാളി കൂട്ടായ്മയും കാമ്പസിലുണ്ട്. സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മലയാളി അസോസിയേഷന്‍ (SIMA) എന്നാണ് കൂട്ടായ്മയുടെ പേര്.
45 ഡിപ്പാര്‍ട്ട്മെന്റുകള്‍
രാജ്യത്തെ ഏറ്റവും പഴക്കമുള്ള ഗവേഷണ സ്ഥാപനങ്ങളിളിലൊന്നാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്. ഇവിടെ രണ്ടായിരത്തിലേറെ ഗവേഷകര്‍ 45 ഡിപ്പാര്‍ട്ടുമെന്റുകളിലായി ശാസ്ത്ര സാങ്കേതിക മുന്‍നിര വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദ ഗവേഷണവും പോസ്റ്റ്ഡോക്ടറേറ്റ് ഗവേഷണവും നടത്തുന്നു. എന്‍ജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദ കോഴ്‌സ് ആദ്യം ആരംഭിച്ചത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സിലാണ്. ഇപ്പോള്‍ ബയോളജിക്കല്‍ സയന്‍സസ്, കെമിക്കല്‍ സയന്‍സസ്, ഇലക്ട്രിക്കല്‍-ഇലക്ട്രോണിക്‌സ് ആന്‍ഡ് കംപ്യൂട്ടര്‍ സയന്‍സസ്, ഇന്റര്‍ ഡിസിപ്ലിനറി സയന്‍സസ്, ഫിസിക്കല്‍ ആന്‍ഡ് മാത്തമാറ്റിക്കല്‍ സയന്‍സസ് എന്നിങ്ങനെ ആറു ഡിവിഷനുകളിലായി 45 ഡിപ്പാര്‍ട്ട്മെന്റുകളും അനവധി ഗവേഷണ സെന്ററുകളും സൊസൈറ്റികളും പ്രവര്‍ത്തിക്കുന്നു. ഇതിന് പുറമേ ബ്രെയിന്‍ റിസര്‍ച്ച്, സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ കണ്‍സള്‍ട്ടന്‍സി, കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍, പ്രോജക്ടുകള്‍ എന്നിവയ്ക്കായി വ്യക്തിഗത കേന്ദ്രങ്ങളും ഉണ്ട്. സര്‍വകലാശാലയുടെ ജിംഖാന-കായിക സാംസ്‌കാരിക കേന്ദ്രം- 26 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്നു. ഏയ്‌റോബിക്‌സ്, ആര്‍ച്ചറി, ആർട് ആന്‍ഡ് ലിറ്ററേച്ചര്‍, ഡ്രാമ, കളരിപ്പയറ്റ് തുടങ്ങി 27-ലധികം ക്ലബ്ബുകളും ജിംഖാനയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. കൂടാതെ ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമായി ആരോഗ്യ കേന്ദ്രവും ഇവിടെയുണ്ട്. സ്ഥാപനത്തിലെ പഠന മാധ്യമം ഇംഗ്ലീഷാണ്.
ബിരുദ പ്രോഗ്രാമുകളും യോഗ്യതയും
- ബാച്ച്ലര്‍ ഓഫ് സയന്‍സ്-ബി.എസ്. (റിസര്‍ച്ച്), ബി.ടെക് മാത്തമാറ്റിക്‌സ് ആന്‍ഡ് കംപ്യൂട്ടിങ്
മറ്റുവിഷയങ്ങള്‍ക്കൊപ്പം ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് മുഖ്യവിഷയങ്ങളായി പഠിച്ച്, ഫസ്റ്റ് ക്ലാസ്/60 ശതമാനം മാര്‍ക്ക്/തത്തുല്യ ഗ്രേഡ് നേടി (പട്ടിക വിഭാഗക്കാര്‍ക്ക് പാസ് മാര്‍ക്ക്), +2/തത്തുല്യ പരീക്ഷ വിജയം. നാലുവര്‍ഷ ബിരുദം ലഭിക്കുന്നവര്‍ക്ക് ഒരുവര്‍ഷംകൂടി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ച്, മാസ്റ്റേഴ്‌സ് ബിരുദം നേടാനുള്ള അവസരവുമുണ്ട്.
പ്രവേശനരീതി
1. ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ.) മെയിന്‍
2. ജെ.ഇ.ഇ (അഡ്വാന്‍സ്ഡ്)
3. നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) യു.ജി.
4. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ഐസര്‍) ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്
ഇവയിലൊന്നില്‍ യോഗ്യത നേടിയിരിക്കണം. ഒന്നില്‍ കൂടുതല്‍ പരീക്ഷകളില്‍ യോഗ്യത നേടിയവരെ അവയിലെല്ലാം പരിഗണിക്കും.
വനിതകള്‍ക്ക് അംഗീകൃതസീറ്റിന്റെ 10 ശതമാനമധികം സൂപ്പര്‍ ന്യൂമററി സീറ്റുകളായി അനുവദിക്കും.
- എംഎസ്‌സി പ്രോഗ്രാമുകളും യോഗ്യതയും
(i) ലൈഫ് സയന്‍സസ്: അപേക്ഷകര്‍ക്ക് ഫിസിക്കല്‍, കെമിക്കല്‍ അല്ലെങ്കില്‍ ബയോളജിക്കല്‍ സയന്‍സസില്‍ (ബയോടെക്‌നോളജി, ഫാര്‍മസ്യൂട്ടിക്കല്‍, വെറ്ററിനറി സയന്‍സസ്, അഗ്രിക്കള്‍ച്ചറല്‍ സയന്‍സസ് ഉള്‍പ്പെടെ) ഫസ്റ്റ് ക്ലാസ്/തത്തുല്യ ബാച്ച്ലര്‍/തത്തുല്യ ബിരുദം വേണം. ഇവര്‍ക്ക് ബയോടെക്‌നോളജി (ബി.ടി.)/കെമിസ്ട്രി (സി.വൈ.)/മാത്തമാറ്റിക്‌സ് (എം.എ.)/ഫിസിക്‌സ് (പി.എച്ച്.) വിഷയങ്ങളിലൊന്നില്‍ 2024 ജാം സ്‌കോര്‍ വേണം.ഫസ്റ്റ് ക്ലാസ്/തത്തുല്യ ബി.ഇ./ബി.ടെക്. ബിരുദക്കാര്‍ക്കും അപേക്ഷിക്കാം. അവര്‍ക്ക് ബയോടെക്‌നോളജി (ബി.ടി.), ബയോ മെഡിക്കല്‍ എന്‍ജിനിയറിങ് (ബി.എം.), ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് (ഇ.സി.), ഇക്കോളജി (ഇ.വൈ.), മാത്തമാറ്റിക്‌സ് (എം.എ.), ഫിസിക്‌സ് (പി.എച്ച്.), ലൈഫ് സയന്‍സസ് (എക്‌സ്.എല്‍.) എന്നിവയിലൊന്നിലെ ഗേറ്റ് സ്‌കോര്‍ വേണം. ലൈഫ് സയന്‍സസ് തിരഞ്ഞെടുപ്പില്‍, ജാം /ഗേറ്റ് സ്‌കോര്‍ പരിഗണിച്ച് ഇന്റര്‍വ്യൂവിന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യും. ഇന്റര്‍വ്യൂ മികവ് പരിഗണിച്ചാകും അന്തിമ സെലക്ഷന്‍.
(ii) കെമിക്കല്‍ സയന്‍സസ്: കെമിസ്ട്രി ഒരു മുഖ്യവിഷയമായി പഠിച്ച് ഫസ്റ്റ് ക്ലാസോടെ നേടിയ ബി.എസ്സി./തത്തുല്യ ബിരുദം. പ്ലസ്ടു/പി.യു.സി. തലത്തില്‍ മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ചിരിക്കണം. കെമിസ്ട്രി (സി.വൈ.) പേപ്പറില്‍ 2024 ജാം യോഗ്യത വേണം. ഈ സ്‌കോര്‍ പരിഗണിച്ചാകും തിരഞ്ഞെടുപ്പ്.
- ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി.
(i) ബയോളജിക്കല്‍ സയന്‍സസ്: ഫിസിക്കല്‍, കെമിക്കല്‍, ബയോളജിക്കല്‍ (ബയോടെക്‌നോളജി, ഫാര്‍മസ്യൂട്ടിക്കല്‍, വെറ്ററിനറി സയന്‍സസ്, അഗ്രിക്കള്‍ച്ചറല്‍ സയന്‍സസ് ഉള്‍പ്പെടെ) സയന്‍സസില്‍ ഫസ്റ്റ് ക്ലാസ്/തത്തുല്യ ബാച്ച്ലര്‍/തത്തുല്യ ബിരുദം അല്ലെങ്കില്‍ ഫസ്റ്റ് ക്ലാസ്/തത്തുല്യ ബി.ഇ./ബി.ടെക്. ബിരുദം. ബയോടെക്‌നോളജി (ബി.ടി.)/കെമിസ്ട്രി (സി.വൈ.)/മാത്തമാറ്റിക്‌സ് (എം.എ.)/ഫിസിക്‌സ് (പി.എച്ച്.) വിഷയങ്ങളിലൊന്നില്‍ ജാം സ്‌കോര്‍ വേണം.
(ii) കെമിക്കല്‍ സയന്‍സസ്: കെമിസ്ട്രി ഒരു മുഖ്യവിഷയമായി പഠിച്ച്, ഫസ്റ്റ് ക്ലാസോടെ നേടിയ ബി.ണ്ടഎസ്സി./തത്തുല്യ ബിരുദം. പ്ലസ്ടു/പി.യു.സി. തലത്തില്‍ മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ചിരിക്കണം. അപേക്ഷകര്‍ക്ക് കെമിസ്ട്രി (സി.വൈ.)/ഫിസിക്‌സ് (പി.എച്ച്.) പേപ്പറില്‍ ജാം യോഗ്യത വേണം.
(iii) മാത്തമാറ്റിക്കല്‍ സയന്‍സസ്: മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ച് ഫസ്റ്റ് ക്ലാസ്/തത്തുല്യ, ബി.എസ്സി./തത്തുല്യ ബിരുദം അല്ലെങ്കില്‍ ബി.ഇ./ബി.ടെക്./തത്തുല്യ ബിരുദം. മാത്തമാറ്റിക്‌സ് (എം.എ.)/മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്‌സ് (എം.എസ്.)ല്‍ ജാം യോഗ്യത വേണം.
(iv) ഫിസിക്കല്‍ സയന്‍സസ്: ഫിസിക്‌സ് ഒരു മുഖ്യവിഷയമായി പഠിച്ച്, ഫസ്റ്റ് ക്ലാസ്/തത്തുല്യ, ബി.എസ്സി./തത്തുല്യ ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും ബ്രാഞ്ചിലെ ബി.ഇ./ബി.ടെക്./തത്തുല്യ ബിരുദം. ഫിസിക്‌സ് (പി.എച്ച്.)ല്‍ ജാം/ജസ്റ്റ് യോഗ്യത വേണം.
നാലു വിഷയങ്ങളിലെയും ഷോര്‍ട്ട് ലിസ്റ്റിങ്ങിന് ജാം സ്‌കോര്‍ പരിഗണിക്കും. കൂടാതെ, ഫിസിക്‌സിന് ജസ്റ്റ് സ്‌കോറും. കെമിസ്ട്രി സെലക്ഷന്‍, ഇന്റര്‍വ്യൂ അടിസ്ഥാനമാക്കിയും മറ്റു വിഷയങ്ങളുടേത് യോഗ്യതാ പ്രോഗ്രാം പരീക്ഷാമികവ്, ഇന്റര്‍വ്യൂ മികവ് എന്നിവ സംയുക്തമായി പരിഗണിച്ചായിരിക്കും.
- മാസ്റ്റര്‍ ഓഫ് ഡിസൈന്‍
എം.ഡിസ്.-ഡിസൈന്‍ ആന്‍ഡ് മാനുഫാക്ചറിങ് ഡിപ്പാര്‍ട്ട്മെന്റ്: എന്‍ജിനിയറിങ്/ടെക്‌നോളജി/ഡിസൈന്‍/ആര്‍ക്കിടെക്ചര്‍ എന്നിവയിലൊന്നില്‍ കുറഞ്ഞത് സെക്കന്‍ഡ് ക്ലാസ് ബാച്ച്ലര്‍ ബിരുദം വേണം. ഓഗസ്റ്റ് ഒന്നിന് സാധുവായ ഗേറ്റ് /സീഡ് സ്‌കോറും വേണം.
- മാസ്റ്റര്‍ ഓഫ് മാനേജ്‌മെന്റ്
എം.എംജിടി.-മാനേജ്‌മെന്റ് സ്റ്റഡീസ് ഡിപ്പാര്‍ട്ട്‌മെന്റ്): കുറഞ്ഞത് ഫസ്റ്റ് ക്ലാസ്/തത്തുല്യ എന്‍ജിനിയറിങ്/ടെക്‌നോളജി/തത്തുല്യ ബാച്ച്ലര്‍ ബിരുദം. ഓഗസ്റ്റ് ഒന്നിന് സാധുവായ, ഗേറ്റ് /കാറ്റ് /ജിമാറ്റ് സ്‌കോര്‍ വേണം.
മറ്റു പ്രവേശനങ്ങള്‍
വിവിധ എന്‍ജിനിയറിങ് വകുപ്പുകളിലായി എം.ടെക്., പിഎച്ച്.ഡി., സയന്‍സ് ഫാക്കല്‍ട്ടിയിലും ഇന്റര്‍ ഡിസിപ്ലിനറി മേഖലകളിലും പിഎച്ച്.ഡി., എന്‍ജിനിയറിങ് ഫാക്കല്‍ട്ടിയിലും ചില സയന്‍സ് ഫാക്കല്‍ട്ടിയിലും ഇന്റര്‍ ഡിസിപ്ലിനറിമേഖലകളിലും എം.ടെക്. (റിസര്‍ച്ച്) എന്നിവയിലേക്കും കോഴ്‌സുകള്‍ നടത്തുന്നുണ്ട്.
എക്‌സ്റ്റേണല്‍ രജിസ്‌ട്രേഷന്‍ പ്രോഗ്രാം
എക്‌സ്റ്റേണല്‍ രജിസ്‌ട്രേഷന്‍ പ്രോഗ്രാം (ഇ.ആര്‍.പി.) സ്‌കീമില്‍ പിഎച്ച്.ഡി., എം.ടെക്. (റിസര്‍ച്ച്) അവസരങ്ങളുണ്ട്. റിസര്‍ച്ച് ആന്‍ഡ് ഡിവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍/ഇന്‍ഡസ്ട്രി പ്രൊഫഷണലുകള്‍; അംഗീകൃത എന്‍ജിനിയറിങ്, അഗ്രിക്കള്‍ച്ചറല്‍, ഫാര്‍മസ്യൂട്ടിക്കല്‍, വെറ്ററിനറി, മെഡിക്കല്‍ കോളേജുകള്‍/സര്‍വകലാശാലകള്‍ എന്നിവയിലെ ഫാക്കല്‍ട്ടി അംഗങ്ങള്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. റെഗുലര്‍ അപേക്ഷകര്‍ക്കു ബാധകമായ വിദ്യാഭ്യാസയോഗ്യത വേണം. നിശ്ചിത ദേശീയതല യോഗ്യതാപരീക്ഷാ വിജയം നിര്‍ബന്ധമല്ലെങ്കിലും അഭികാമ്യമാണ്. ബിരുദമെടുത്ത ശേഷം കുറഞ്ഞത് രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം നിലവിലെ സ്ഥാപനത്തില്‍ നേടിയിരിക്കണം. ഇന്റര്‍വ്യൂ അടിസ്ഥാനമാക്കിയാകും തിരഞ്ഞെടുപ്പ്.
സ്‌കോളര്‍ഷിപ്പ്
പ്രവേശനചാനലിനനുസരിച്ച് ഇന്‍സ്‌പെയര്‍/ഐ.ഐ.എസ്സി. പ്രൊമോഷണല്‍ സ്‌കീം എന്നിവവഴിയുള്ള സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടാകും. മികവുള്ളവര്‍ക്ക് ഇന്ത്യന്‍, മള്‍ട്ടി നാഷണല്‍ ഏജന്‍സികള്‍, ബിസിനസ് ഹൗസസ് എന്നിവ നല്‍കുന്ന സ്‌കോളര്‍ഷിപ്പുകളുണ്ട്. സ്‌കീമിനനുസരിച്ച് തുകയില്‍ മാറ്റമുണ്ടാകും.
മികവുറ്റ ലൈബ്രറി
ഐ.ഐ.എസ്‌സിയുടെ അഭിമാനം അതിന്റെ ലൈബ്രറിയും കമ്പ്യൂട്ടര്‍ സെന്ററുമാണ്. ഇന്ത്യയിലെ ഏറ്റവും നല്ല ശാസ്ത്ര-സാങ്കേതിക ഗ്രന്ഥശാലയാണിവിടെ. ജെ.ആര്‍.ഡി. ടാറ്റ മെമ്മോറിയല്‍ ലൈബ്രറിയെന്ന് പേരുള്ള പ്രധാന ലൈബ്രറിയില്‍ 5 ലക്ഷത്തില്‍പ്പരം പുസ്തകങ്ങള്‍, പീരിയോഡക്കലുകള്‍, റിപ്പോര്‍ട്ടുകള്‍ എന്നിവയുടെ ശേഖരമുണ്ട്. നാഷണല്‍ ബോര്‍ഡ് ഫോര്‍ ഹയര്‍ മാത്തമാറ്റിക്‌സ് ഈ ലൈബ്രറിയെ റീജണല്‍ സെന്റര്‍ ഫോര്‍ മാത്തമാറ്റിക്‌സ് ആയി അംഗീകരിച്ചിട്ടുണ്ട്.
ദേശീയ-സ്ഥാപനങ്ങളുമായി സഹകരണം
ഐ.ഐ.എസ്സി ഗവണ്‍മെന്റ് സ്ഥാപനങ്ങളായ ഡിആര്‍ഡിഒ, ഐഎസ്ആര്‍ഒ, സിഎസ്ഐആര്‍, ഭാരത് ഇലക്ട്രോണിക്‌സ്, നാഷണല്‍ എയ്റോസ്പേസ് ലബോറട്ടറീസ് തുടങ്ങിയവയുമായി സഹകരിച്ച് ഗവേഷണം നടത്തുന്നുണ്ട്. കൂടാതെ ജനറല്‍ മോട്ടോഴ്‌സ്, ഗൂഗിള്‍, ഐബിഎം, ബോയിംഗ് എന്നിവയുമായും സഹകരണമുണ്ട്. രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്ത്യന്‍ സ്പേയ്‌സ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍, വുഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, സെന്‍ട്രല്‍ പവര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുമായും ഗവേഷണത്തില്‍ സഹകരിക്കുന്നു.
വെബ്‌സൈറ്റ്: www.iisc.ac.in
കെ. ശ്രീരൂപ്
പൂര്‍വ്വ വിദ്യാര്‍ഥി
ഐ.ഐ.എസ്‌സി, ബെംഗളൂരു
Content Highlights: About iisc institute and programme
Published: 23 Aug 2024, 03:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented