സ്കൂളില്‍ ചേര്‍ന്നാലും സര്‍ക്കാരിന്റെ കണക്കില്‍പ്പെടണമെങ്കില്‍ ആധാര്‍ നിര്‍ബന്ധമാണെന്ന വ്യവസ്ഥ കുട്ടികളുടെ വിദ്യാഭ്യാസാവകാശം നിഷേധിക്കുന്നെന്ന് ആക്ഷേപം. ആധാറില്ലാത്ത വിദ്യാര്‍ഥികളുടെ ജനനത്തീയതി കണക്കാക്കാനുള്ള ആധികാരികരേഖയായ ജനനസര്‍ട്ടിഫിക്കറ്റ് സ്വീകരിക്കില്ലെന്ന വ്യവസ്ഥയാണ് ഈ പ്രശ്നത്തിനിടയാക്കുന്നത്.
ആറാം പ്രവൃത്തിദിവസത്തില്‍ 'സമ്പൂര്‍ണ' പോര്‍ട്ടലില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ മാത്രമേ സര്‍ക്കാരിന്റെ കണക്കില്‍പ്പെടൂ. ആ വിവരങ്ങള്‍ അന്ന് 'സമന്വയ' പോര്‍ട്ടലിലേക്ക് സിംക്രണൈസ് ചെയ്യപ്പെടും. അതിനുശേഷം നല്കുന്ന വിവരങ്ങള്‍ സ്വീകരിക്കപ്പെടുകയില്ലെന്നാണ് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. സ്കൂളില്‍ ചേരുന്ന കുട്ടിയുടെ ആധാര്‍ അധിഷ്ഠിതവിവരങ്ങളാണ് 'സമ്പൂര്‍ണ'യില്‍ ഉള്‍പ്പെടുത്തേണ്ടത്. ജനനത്തീയതിയും ആധാര്‍ അടിസ്ഥാനമാക്കിയാണ് എടുക്കുന്നത്.
ആധാറില്ലാത്ത കുട്ടികളാണെങ്കില്‍ ആറാം പ്രവൃത്തിദിവസത്തിനകം അവര്‍ക്ക് ആധാര്‍ ലഭ്യമാക്കാനുള്ള നടപടിയെടുക്കണമെന്നാണ് സര്‍ക്കാര്‍നിര്‍ദേശം. കുറഞ്ഞ സമയപരിധിക്കുള്ളില്‍ അത് പ്രായോഗികമല്ലെന്നത് പരിഗണിക്കാതെയാണ് നിര്‍ദേശം. ആധാറില്ലാത്തതിന്റെ പേരില്‍ ഒരു കുട്ടിക്കും വിദ്യാഭ്യാസം നിഷേധിക്കരുതെന്നും ഇതേ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. അതോടൊപ്പം, എങ്ങനെയായാലും ആറാം പ്രവൃത്തിദിനത്തില്‍ ആധാര്‍ ഇല്ലാത്ത വിദ്യാര്‍ഥി കണക്കില്പ്പെടില്ലെന്ന് ഉറപ്പിച്ചുപറയുന്നുമുണ്ട്. അത്തരം കുട്ടികളെ തസ്തികനിര്‍ണയത്തിന് പരിഗണിക്കുകയുമില്ല. പിന്നീട് ആധാര്‍ ഉണ്ടാക്കിയാലും അത് പരിഗണിച്ച് തസ്തികനിര്‍ണയം നടത്തുന്നതിനോ പുതുക്കുന്നതിനോ ഉള്ള അപേക്ഷകള്‍ പരിഗണിക്കില്ലെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇത്, ഫലത്തില്‍ കുട്ടിയുടെ പഠിക്കാനുള്ള അവകാശം ഇല്ലാതാക്കുന്ന നടപടിയാണെന്നാണ് ആക്ഷേപം. കെ സ്മാര്‍ട്ട് വഴി ജനനസര്‍ട്ടിഫിക്കറ്റ് ലഭിക്കും. അതിന്റെ സത്യാവസ്ഥ പരിശോധിക്കാനുള്ള സൗകര്യവുമുണ്ട്. ജനനത്തീയതിക്കുള്ള ആധികാരികരേഖയല്ല ആധാര്‍ എന്ന് സുപ്രീംകോടതി വിധികളിലും ജുവനൈല്‍ ജസ്റ്റിസ് ആക്ടിലും വ്യക്തമാക്കിയിട്ടുണ്ട്.
ആധാര്‍കാര്‍ഡ് നല്കുന്ന യുണീക് ഐഡന്‍ഡിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. എന്നിട്ടും ആധാര്‍ വേണമെന്ന് സംസ്ഥാനസര്‍ക്കാര്‍ വാശിപിടിക്കുന്നതിനാലാണ് ഈ പ്രതിസന്ധി ഉണ്ടായതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
Content Highlights: aadhar card mandatory for school students in kerala
Published: 06 Jun 2025, 08:12 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented