കൊച്ചി: യുവാക്കളെ ഭാവിക്കായി സജ്ജരാക്കുന്ന ലോകോത്തര പഠനാവസരങ്ങൾ ഒരുക്കി, പ്രതിഭകളുടെ വിദേശത്തേക്കുള്ള ഒഴുക്ക് കുറച്ച് കേരളത്തെ ആഗോള ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കി മാറ്റണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കൊച്ചി ജെയിൻ യൂണിവേഴ്‌സിറ്റിയുടെ പുതിയ അധ്യയനവർഷാരംഭ ചടങ്ങായ 'ദീക്ഷാരംഭ് 2026', 'ജെയിൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ ഇന്നൊവേഷൻ' (ഐഎസ്‌ഐ), 'സ്റ്റഡി ഇൻ കേരള' പദ്ധതി എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

‘നിർമിത ബുദ്ധി, ശാസ്ത്ര ഗവേഷണം എന്നിവയിലുണ്ടാകുന്ന ദ്രുതഗതിയിലുള്ള പുരോഗതിക്കനുസരിച്ച് വിദ്യാഭ്യാസം മാറണം. സർവകലാശാലകൾ പാഠ്യപദ്ധതികൾ നിരന്തരം പുതുക്കുകയും സമൂഹത്തിന്റെയും വ്യവസായങ്ങളുടെയും ആവശ്യങ്ങൾക്കനുസരിച്ചുള്ള കോഴ്‌സുകൾ അവതരിപ്പിക്കുകയും വേണം. നിരന്തരമായ പഠനവും നൂതനാശയ രൂപീകരണവും വിദ്യാർത്ഥികൾ ശീലമാക്കണം.’

‘ഇന്ത്യയിലെയും വിദേശത്തെയും വിദ്യാർത്ഥികൾക്ക് പഠിക്കാൻ താൽപര്യമുള്ള മികച്ച ഇടമായി കേരളം മാറണം. യുവാക്കൾക്ക് കേരളത്തിൽത്തന്നെ പഠിക്കാനും ജോലി ചെയ്യാനും പുതിയ സംരംഭങ്ങൾ തുടങ്ങാനും അവരുടെ ഭാവി കെട്ടിപ്പടുക്കാനും അനുയോജ്യമായ ഒരു സാഹചര്യം ഒരുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.’ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സാമൂഹിക ആഘാത വിലയിരുത്തൽ, സുസ്ഥിര ധനസഹായം, തെളിവുകളെ അടിസ്ഥാനമാക്കിയുള്ള നയരൂപീകരണം, സാമൂഹിക വെല്ലുവിളികൾക്കുള്ള പരിഹാരങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഗവേഷണ, നയരൂപീകരണ കേന്ദ്രമായാണ് 'ജെയിൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ ഇന്നൊവേഷൻ' വിഭാവനം ചെയ്തിരിക്കുന്നത്.

സംസ്ഥാനത്തുള്ള അക്കാദമിക മികവ്, ആരോഗ്യ പരിചരണം, ഡിജിറ്റൽ രംഗത്തെ വളർച്ച, മികച്ച ജീവിതനിലവാരം എന്നിവ പ്രയോജനപ്പെടുത്തി കേരളത്തെ ഒരു ദേശീയ-ആഗോള ഉന്നതവിദ്യാഭ്യാസ കേന്ദ്രമായി ഉയർത്തുകയാണ് 'സ്റ്റഡി ഇൻ കേരള' പദ്ധതി ലക്ഷ്യമിടുന്നത്.

ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള വിദ്യാർത്ഥികളെ ആകർഷിക്കുന്നതോടൊപ്പം ഗവേഷണം, നവീകരണം, വ്യവസായ-അക്കാദമിക് സഹകരണം, പ്രതിഭകളുടെ വിദേശത്തേക്കുള്ള പലായനം നിരുത്സാഹപ്പെടുത്തുക എന്നിവയും ഇതിലൂടെ ലക്ഷ്യമിടുന്നു.

ആഗോള വെല്ലുവിളികൾ പരിഹരിക്കാൻ വിദ്യാർത്ഥികൾ നിർമിത ബുദ്ധി പ്രയോജനപ്പെടുത്തണമെന്നും സമൂഹത്തിൽ നല്ല മാറ്റമുണ്ടാക്കാൻ തങ്ങളുടെ അറിവ് ധാർമ്മിക ലക്ഷ്യങ്ങളോടെ ഉപയോഗിക്കണമെന്നും ചടങ്ങിൽ സംസാരിച്ച എറണാകുളം ജില്ലാ കളക്ടർ പ്രിയങ്ക ജി. ഐഎഎസ് ആവശ്യപ്പെട്ടു.

കേരളത്തെ ആഗോള വിജ്ഞാന കേന്ദ്രമാക്കി മാറ്റാനുള്ള സംസ്ഥാന സർക്കാരിന്റെ ലക്ഷ്യത്തിന് പിന്തുണ നൽകുന്നതിനൊപ്പം, സാമൂഹിക വെല്ലുവിളികളെ നേരിടാൻ വിദ്യാഭ്യാസം, ഗവേഷണം, നൂതനാശയങ്ങൾ എന്നിവ സമന്വയിപ്പിക്കാനുള്ള സർവകലാശാലയുടെ പ്രതിബദ്ധതയാണ് ഈ രണ്ട് പദ്ധതികളിലൂടെ പ്രതിഫലിക്കുന്നതെന്ന് ജെയിൻ യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ്‌സ് ഡയറക്ടർ ഡോ. ടോം എം. ജോസഫ് പറഞ്ഞു.

ജെയിൻ യൂണിവേഴ്‌സിറ്റി സ്ഥാപക ചെയർമാനും ചാൻസലറുമായ ഡോ. ചെൻരാജ് റോയ്ചന്ദ്, അഡൈ്വസർ ഡോ. ഈശ്വരൻ അയ്യർ, ഫ്യൂച്ചർ കേരള മിഷൻ ചെയർമാൻ പ്രൊഫ. വേണു രാജാമണി, പ്രോ-വൈസ് ചാൻസലർ ഡോ. ജെ. ലത എന്നിവർ ചടങ്ങിൽ സംസാരിച്ചു. വിദ്യാർത്ഥികളും രക്ഷിതാക്കളും ഉൾപ്പെടെ 6000-ൽ അധികം ആളുകൾ ദീക്ഷാരംഭ്-2026 ചടങ്ങിന് എത്തിയിരുന്നു.