നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ജോയൻറ് എൻട്രൻസ് എക്സാമിനേഷൻ (എൻസിഎച്ച്എം ജെഇഇ) ഏപ്രിൽ 25-ന് നടത്തും. നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെൻറ് ആൻഡ് കാറ്ററിങ് ടെക്നോളജി (എൻസിഎച്ച്എം ആൻഡ് സിടി) അഫിലിയേഷനുള്ള ഹോട്ടൽ മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നടത്തുന്ന മൂന്നു വർഷ/ആറ് സെമസ്റ്റർ ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ ബിഎസ്‌സി പ്രോഗ്രാമിലെ 2026-ലെ പ്രവേശനത്തിനാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ), എൻസിഎച്ച്എം ജെഇഇ നടത്തുന്നത്. പ്രോഗ്രാമിന് ജവാഹർലാൽ നെഹ്റു സർവകലാശാലാ അംഗീകാരമുണ്ട്.
ദേശീയ വിദ്യാഭ്യാസനയത്തിനനുസൃതമായി താത്‌പര്യമുണ്ടെങ്കിൽ നാലാം വർഷം പഠിക്കാനും ഓണേഴ്സ് ബിരുദം നേടാനും അവസരമുണ്ടാകും.
ഹോസ്പിറ്റാലിറ്റി മേഖലയിലെ സൂപ്പർവൈസറി തലങ്ങളിൽ പ്രവർത്തിക്കുവാനാവശ്യമായ നൈപുണികളും അറിവും മനോഭാവവും പഠിതാക്കളിൽ വളർത്തിയെടുക്കാൻ ലക്ഷ്യമിടുന്ന പാഠ്യപദ്ധതിയാണ് കോഴ്സിനുള്ളത്.
ഫുഡ് പ്രൊഡക്‌ഷൻ, ഫുഡ് ആൻഡ് ബെവറജസ് സർവീസ്, റൂംസ് ഡിവിഷൻ, തുടങ്ങിയ ഓപ്പറേഷണൽ മേഖലകളിലെ അറിവും നൈപുണികളും വളർത്താനാവശ്യമായ ലബോറട്രി പരിശീലനം, ഹോസ്പിറ്റാലി മാർക്കറ്റിങ്, ഫിനാൻഷ്യൽ മാനേജ്മെൻറ്, ഹ്യൂമൺ റിസോഴ്സ് മാനേജ്മെൻറ്, റവന്യൂ മാനേജ്മെൻറ്, ഫെസിലിറ്റി പ്ലാനിങ് മാനേജ്മെന്റ് തുടങ്ങിയ മാനേജീരിയൽ മേഖലകളുടെ പഠനവും പാഠ്യപദ്ധതിയിൽ ഉൾപ്പെടുന്നു.
സ്ഥാപനങ്ങൾ/സീറ്റുകൾ
കേന്ദ്ര/സംസ്ഥാന സർക്കാർ, കേന്ദ്ര പൊതുമേഖല, സ്വകാര്യ മേഖല സ്ഥാപനങ്ങൾ ഉൾപ്പെടെ 80 ഇൻസ്റ്റിറ്റ്യൂട്ടുകളിലാണ് പ്രോഗ്രാം നടത്തുന്നത്. ഇതിൽ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ - 22, കേന്ദ്ര പൊതുമേഖലാ സ്ഥാപനം -1, സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ -32, സ്വകാര്യ സ്ഥാപനങ്ങൾ -25 എന്നിവ ഉൾപ്പെടും.
കേരളത്തിൽ പ്രവേശനം നൽകുന്ന സർക്കാർ സ്ഥാപനങ്ങൾ:
(i) കേന്ദ്ര സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെൻ്റ് ആൻഡ് കാറ്ററിങ് ടെക്നോളജി -കോവളം, തിരുവനന്തപുരം (www.ihmctkovalam.ac.in)
(ii) സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, കോഴിക്കോട് (www.sihmkerala.com).
കേരളത്തിൽ മൂന്നാർ കേറ്ററിങ് കോളേജ്, ഓറിയൻറൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെൻറ് - വയനാട് എന്നീ രണ്ട് സ്വകാര്യ സ്ഥാപനങ്ങളിലും പ്രോഗ്രാം ഉണ്ട്.
സ്ഥാപനങ്ങളുടെ പൂർണ പട്ടിക exams.nta.nic.in/nchm-jee/ലെ എൻസിഎച്ച്എം ജെഇഇ 2026 ഇൻഫർമേഷൻ ബുള്ളറ്റിനിൽ ഉണ്ട്.
2025-ലെ പ്രവേശന വിവരങ്ങൾ nchmcounselling.nic.in ൽ ലഭിക്കും.
പ്രവേശന യോഗ്യത
ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച്, അതിൽ ജയിച്ച് ഏതെങ്കിലും സ്ട്രീമിൽ പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാം. യോഗ്യതാപരീക്ഷ 2026-ൽ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധി ഇല്ല. പ്രവേശനസമയത്ത് ഫിസിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകേണ്ടിവരും.
പരീക്ഷാഘടന
ഏപ്രിൽ 25-ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ 120 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുള്ള കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയായി നടത്തും. ന്യൂമറിക്കൽ എബിലിറ്റി ആൻഡ് അനലറ്റിക്കൽ ആപ്റ്റിറ്റ്യൂഡ് (15 ചോദ്യങ്ങൾ), റീസണിങ് ആൻഡ് ലോജിക്കൽ ഡിഡക്‌ഷൻ (15), ജനറൽ നോളജ് ആൻഡ് കറൻറ് അഫയേഴ്സ് (15), ഇംഗ്ലീഷ് ലാംഗ്വേജ് (45), ആപ്റ്റിറ്റ്യൂഡ് ഫോർ സർവീസ് സെക്ടർ (30) എന്നീ വിഷയങ്ങളിൽ നിന്നുമാകും ചോദ്യങ്ങൾ. ശരിയുത്തരം നാല് മാർക്ക്, ഉത്തരം തെറ്റിയാൽ ഒരു മാർക്ക് വീതം നഷ്ടമാകും. കേരളത്തിൽ എറണാകുളം, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, തൃശ്ശൂർ എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങൾ.
അപേക്ഷ
exams.nta.nic.in/nchm-jee/ വഴി ജനുവരി 25-ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. അപേക്ഷാഫീസ് 1000 രൂപ. ഇഡബ്ല്യുഎസ് -700 രൂപ, എസ്‌സി/എസ്‌ടി/ഭിന്നശേഷി വിഭാഗം/ ട്രാൻസ്ജൻഡർ -450 രൂപ. 25-ന് രാത്രി 11.50 വരെ ഫീസ് ഓൺലൈനായി അടയ്ക്കാം. അപേക്ഷയിലെ പിശകുകൾ ഓൺലൈനായി തിരുത്താനുള്ള സൗകര്യം ഉണ്ടാകും. തീയതി പിന്നീട് അറിയിക്കും. ഫലപ്രഖ്യാപനത്തിനുശേഷം എൻസിഎച്ച്എം ജെഇഇ സ്കോർ എൻടിഎ കൗൺസലിങ്ങിനായി എൻസിഎച്ച്എംസിടിക്ക് കൈമാറും.
തൊഴിൽമേഖലകൾ
ഹോട്ടൽ, അനുബന്ധ ഹോസ്പിറ്റാലിറ്റി മേഖലകൾ, ഫുഡ് ചെയിൻ, കിച്ചൻ/ഹൗസ് കീപ്പിങ്, ഫ്ലൈറ്റ് കിച്ചൻ, ഓൺ ബോർഡ് ഫ്ലൈറ്റ് സർവീസസ്, ഗസ്റ്റ്/കസ്റ്റമർ റിലേഷൻസ്, ഹോസ്പിറ്റൽ/ഇൻസ്റ്റിറ്റ്യൂഷണൽ കാറ്ററിങ്, മാർക്കറ്റിങ്/സെയിൽസ്, റെയിൽവേ ഹോസ്പിറ്റാലിറ്റി/കാറ്ററിങ് സർവീസ്, സ്റ്റേറ്റ്/കേന്ദ്ര ടൂറിസം വികസന കോർപ്പറേഷൻ, ഷിപ്പിങ്/ക്രൂസ് ലൈൻസ്, റിസോർട്ടുകൾ, ഹോട്ടൽ മാനേജ്മെൻറ്/ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, ഓൺട്രപ്രനർഷിപ്പ് തുടങ്ങിയവ കോഴ്സുമായി ബന്ധപ്പെട്ട തൊഴിൽ സാധ്യതാ മേഖലകളിൽ ഉൾപ്പെടുന്നു.
Content Highlights: NCHM JEE 2026 application is open for B.Sc. Hospitality & Hotel Administration
Published: 11 Jan 2026, 07:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented