തിരുവനന്തപുരം: ഇക്കൊല്ലത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനത്തിന് ചില പ്രത്യേകതകളുണ്ടായിരുന്നു. സാധാരണ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയാണ് ഫലപ്രഖ്യാപനം നടത്താറുള്ളതെങ്കിലും പുതിയ സർക്കാർ ചുമതലയേൽക്കാത്തതിനാൽ ഇത്തവണ പതിവ് തെറ്റി. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫാണ് ഫലപ്രഖ്യാപനം നടത്തിയത്. കഴിഞ്ഞില്ല, നാല് പതിറ്റാണ്ടു മുൻപത്തെ ഒരു റാങ്കുകാരി കൂടിയാണ് ഷർമിള മേരി ജോസഫ് എന്നതും കൗതുകമായി.

To advertise here,

എസ്എസ്എൽസി പരീക്ഷയിൽ 1986 ൽ സംസ്ഥാനത്തെ മൂന്നാം റാങ്കുകാരിയാണ് ഷർമിള. 46.73 വിജയ ശതമാനമുണ്ടായിരുന്ന വർഷമാണ് ഷർമിള മൂന്നാം റാങ്ക് നേടിയത്. അന്ന് പത്രങ്ങളിലെ മുൻപേജിൽ ചെറുപുഞ്ചിരിയോടെ തിളങ്ങിനിന്ന് വിദ്യാർഥിനി വർഷങ്ങൾക്കിപ്പുറം പരീക്ഷഫലം പ്രഖ്യാപിക്കാൻ സാധിച്ചതിൻ്റെ സന്തോഷത്തിലാണ്. റാങ്ക് സിസ്റ്റത്തെക്കാളും വിദ്യാർഥികൾക്ക് നല്ലത് ഗ്രേഡ് സിസ്റ്റം ആണെന്നും ഷർമിള മേരി ജോസഫ് പറയുന്നു.

'എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്. അന്ന് എനിക്കുണ്ടായിരുന്ന അതേ എക്സെെറ്റ്മെൻ്റ് ഇന്നത്തെ വിദ്യാർഥികൾക്കും ഉണ്ടെന്നാണ് കരുതുന്നത്. റാങ്ക് ലഭിച്ചത് വിദ്യാഭ്യാസ മന്ത്രിയാണ് വിളിച്ച് അറിയിച്ചത്. പിറ്റേന്ന് പത്രങ്ങളിലും വന്നു. പരീക്ഷയിൽ വിജയിച്ചവർ കൃത്യമായ പദ്ധതികളോടെ മുന്നോട്ട് പോകണം. പരാജയപ്പെട്ടവർ വിഷമിക്കേണ്ട കാര്യമില്ല. അവർക്ക് ഇനിയും അവസരമുണ്ട്. ആ പരീക്ഷയിൽ ജയിച്ചുവരാൻ അവർക്ക് സാധിക്കും.

റാങ്കിങ് സിസ്റ്റം കുട്ടികളുടെ മാനസിക സമ്മർദം വർധിപ്പിക്കും. ഈ കാരണം കണക്കിലെടുത്താണ് 20 വർഷം മുൻപ് സർക്കാർ ഗ്രേഡിങ് സിസ്റ്റം അവതരിപ്പിച്ചത്. റാങ്കിനായുള്ള മത്സരം കുട്ടികളെ നന്നായി ബാധിക്കും. ഗ്രേഡിങ് സിസ്റ്റത്തിൽ ചെറിയ മാർക്ക് വ്യത്യാസം അവരെ കാര്യമായി ബാധിക്കുന്നില്ല' - ഡോ. ഷർമിള മേരി ജോസഫ് പറഞ്ഞു.

1997 ലെ കേരള കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥയാണ് ഷർമിള മേരി ജോസഫ്. പരിശീലനം നേടിയ മെഡിക്കൽ ഡോക്ടറായ അവർ അമേരിക്കയിലെ സിറാക്കൂസ് സർവകലാശാലയിലെ മാക്സ്വെൽ സ്കൂളിൽ നിന്ന് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.