കോഴിക്കോട്: നാടിന്റെ നാളെകൾക്ക് ശക്തിപകരേണ്ടവരാണ് ഇന്നത്തെ വിദ്യാർഥികളെന്ന് റവന്യൂ മന്ത്രി എ.പി. അനിൽകുമാർ. എസ്.എസ്.എൽ.സി. കേരള സിലബസ് പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർഥികളെ ആദരിക്കുന്ന ‘ആദരം-2026’ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

മാതൃഭൂമിയും കോഴിക്കോട് അൺ അക്കാദമി സെന്ററും ഇന്ത്യൻ ഓവർസീസ് ബാങ്കും പാറക്കൽ അബ്ദുള്ള എം.എൽ.എ.യുടെ വിദ്യാർഥിപ്രോത്സാഹനപദ്ധതിയായ ബിൽഡ് യുവർ ഡ്രീംസും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. കോഴിക്കോട്, താമരശ്ശേരി വിദ്യാഭ്യാസജില്ലകളിലെ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർഥികളെയാണ് ചടങ്ങിൽ ആദരിച്ചത്.

വിദ്യാർഥികൾ നാളെയുടെ വാഗ്ദാനങ്ങളായതുകൊണ്ടാണ് അവരുടെ വിജയത്തിൽ നാടൊന്നാകെ പങ്കുചേരുന്നത്. വിജ്ഞാനാടിസ്ഥാന സമ്പദ്‌വ്യവസ്ഥയുള്ള നാടാണ് നമ്മുടേത്. പുതുതലമുറയുടെ അറിവാണ് നാടിന്റെ കരുത്ത്. ഭാവിയിൽ നാടിന്റെ സാമ്പത്തികസ്രോതസ്സ് ആകേണ്ടവരാണ്‌ വിദ്യാർഥികളെന്ന് മന്ത്രി പറഞ്ഞു.

മുന്നോട്ടുള്ള വഴിയിൽ എന്തുംനേടിയെടുക്കാൻ കഴിയുമെന്ന ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കണം. തിരിച്ചടികളെ നേരിടാനുള്ള കരുത്തും നേടിയെടുക്കണം. പഠനത്തോടൊപ്പം മറ്റുള്ള മനുഷ്യരുടെ വേദനകളും പ്രയാസങ്ങളും ഉൾക്കൊള്ളാനുള്ള മനസ്സുകൂടി നമുക്കുണ്ടാകണമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജീവിതത്തിലെ വലിയൊരുപരീക്ഷയിൽ വിജയിച്ചവരുടെ സന്തോഷത്തിൽ പങ്കുചേരാനായതിൽ മാതൃഭൂമിക്ക് സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ്‌കുമാർ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.

സാമ്പ്രദായികവിദ്യാഭ്യാസരീതികൾ പൊളിച്ചെഴുതേണ്ട കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നും അക്കാദമിക് ചട്ടക്കൂടിനുള്ളിൽമാത്രം നിന്നുള്ള പഠനത്തിലൂടെ ജീവിതവിജയം നേടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

എം.എൽ.എ.മാരായ പാറക്കൽ അബ്ദുള്ള, കെ. ജയന്ത്, മലബാർ മെഡിക്കൽ കോളേജ് ചെയർമാൻ വി. അനിൽകുമാർ, ഇന്ത്യൻ ഓവർസീസ് ബാങ്ക് ചീഫ് റീജണൽ മാനേജർ ടി.എച്ച്. അനൂപ്, മാതൃഭൂമി ന്യൂസ് എഡിറ്റർ കെ.ജി. ഗിരീഷ് കുമാർ, ഡെപ്യൂട്ടി ചീഫ് മാനേജർ-സർക്കുലേഷൻ എൻ.എ. ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു.