തിരുവനന്തപുരം: സംസ്ഥാനത്തെ ഇത്തവണത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലത്തിൽ വിജയശതമാനത്തിലും ഫുൾ എ പ്ലസ് നേടിയവരുടെ എണ്ണത്തിലും കുറവ്. 99.07 ശതമാനം പേർ ഉപരിപഠനത്തിന് അർഹത നേടിയ ഫലം പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഷർമ്മിള മേരി ജോസഫാണ് പ്രഖ്യാപിച്ചത്. ഫുൾ എ പ്ലസ് നേടിയവരുടെ എണ്ണം പകുതിയായി കുറഞ്ഞതിന് പിന്നിൽ പുതിയ കരിക്കുലം കാരണമായേക്കാമെന്നും ഇക്കാര്യം വിശദമായി പരിശോധിക്കുമെന്നും അവർ പറഞ്ഞു.
2026-ൽ ഉപരിപഠനത്തിന് അർഹത നേടിയവർ 99.07 ശതമാനമാണ്. കഴിഞ്ഞ വർഷം (2025) ഇത് 99.5 ശതമാനമായിരുന്നു. അതായത് വിജയശതമാനത്തിൽ 0.43 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്.
ഈ വർഷത്തെ ഫലത്തിലെ പ്രധാന വിവരങ്ങൾ:
- ഫുൾ എ പ്ലസ് : എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടെ എണ്ണത്തിൽ പകുതിയോളം കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. 2025-ൽ 61,449 വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടിയപ്പോൾ 2026-ൽ അത് 30,514 ആയി ചുരുങ്ങി.
- പരീക്ഷ എഴുതിയവർ: ആകെ 4,14,531 വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തതിൽ 4,14,290 പേരാണ് പരീക്ഷ എഴുതിയത്. ഇതിൽ 4,10,456 പേർ ഉപരിപഠനത്തിന് അർഹത നേടി.
ജില്ലാ തിരിച്ചുള്ള കണക്കുകൾ
- ഏറ്റവും കൂടുതൽ വിജയശതമാനമുള്ള റവന്യൂ ജില്ല പത്തനംതിട്ടയാണ് (99.72%).
- ഏറ്റവും കുറഞ്ഞ വിജയശതമാനം തിരുവനന്തപുരം (97.99%) ജില്ലയിലാണ്.
- വിദ്യാഭ്യാസ ജില്ലകളിൽ കുട്ടനാട് 100 ശതമാനം വിജയം കൈവരിച്ച് ഒന്നാമതെത്തി.
- ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത് മലപ്പുറം ജില്ലയിലാണ് (80,108 പേർ). ഫുൾ എ പ്ലസ് നേടിയവരുടെ എണ്ണത്തിലും മലപ്പുറം (5,098 പേർ) തന്നെയാണ് മുന്നിൽ.
- നൂറു ശതമാനം വിജയം നേടിയ സ്കൂളുകൾ: ആകെ 2,105 സ്കൂളുകൾ നൂറു ശതമാനം വിജയം നേടി. ഇതിൽ 767 സർക്കാർ സ്കൂളുകളും, 930 എയ്ഡഡ് സ്കൂളുകളും, 408 അൺ എയ്ഡഡ് സ്കൂളുകളും ഉൾപ്പെടുന്നു.
- പ്രവാസ മേഖല: ഗൾഫ് മേഖലയിൽ 631 പേർ പരീക്ഷ എഴുതിയതിൽ എല്ലാവരും വിജയിച്ചു (100% വിജയം). ലക്ഷദ്വീപിൽ 386 പേർ പരീക്ഷ എഴുതിയതിൽ 377 പേർ (97.67%) ഉപരിപഠനത്തിന് അർഹത നേടി.
- വിവിധ വിഭാഗങ്ങളിലെ വിജയം: പട്ടികജാതി വിഭാഗത്തിൽ 97.82 ശതമാനവും, പട്ടികവർഗ്ഗ വിഭാഗത്തിൽ 97.90 ശതമാനവും, ഒ.ബി.സി വിഭാഗത്തിൽ 99.14 ശതമാനവും വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹത നേടിയിട്ടുണ്ട്.
മാർച്ച് 5 മുതൽ 30 വരെ കേരളത്തിലും ലക്ഷദ്വീപിലുമായി 3,056 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. ഏപ്രിൽ 16 മുതൽ മെയ് 2 വരെ 72 ക്യാമ്പുകളിലായി 9,968 അധ്യാപകരുടെ നേതൃത്വത്തിൽ മൂല്യനിർണ്ണയം പൂർത്തിയാക്കി.
Content Highlights: The 2026 Kerala SSLC results show a slight dip in pass percentage to 99.07% and a sharp 50% decrease in Full A+ holders, with Pathanamthitta emerging as the top-performing district and Kuttanad securing 100% success.
Published: 15 May 2026, 03:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented