പ്രൊഫ. ടി.വി.കട്ടിമണിയുമായി പരിഭാഷകൻ മോഹനൻ കാളീരം നടത്തിയ അഭിമുഖം
 

To advertise here,

ഹിന്ദി പ്രൊഫസറായിരുന്ന ടി.വി കട്ടിമണി അമരകണ്ടക്കിലെ ഇന്ദിരാഗാന്ധി കേന്ദ്ര ട്രൈബൽ യൂണിവേഴ്സിറ്റിയുടേയും പിന്നീട് ആന്ധ്ര കേന്ദ്ര ട്രൈബൽ യൂണിവേഴ്സിറ്റി വിശ്വനഗരത്തിലേയും വൈസ് ചാൻസലറായിരുന്നു. 2025 ജൂണിൽ സർവ്വീസിൽനിന്ന് വിരമിച്ചെങ്കിലും അനേകം കേന്ദ്ര സർക്കാർ കമ്മിറ്റികളിലെയും നാഷണൽ എഡ്യുക്കേഷൻ പോളിസിയുടെ നിർവ്വാഹക കമ്മറ്റിയിലെയും അംഗമാണ്. ഒരു ആദിവാസിക്കുടിലിൽനിന്ന് ഉന്നത വിദ്യാഭ്യാസ മണ്ഡലത്തിന്‍റെ നെറുകയിലേക്കുള്ള അദ്ദേഹത്തിന്‍റെ യാത്ര കനൽയാത്ര തന്നെയായിരുന്നു. പട്ടിണിയും ദാരിദ്ര്യവും മാത്രം കൈമുതലായുണ്ടായിരുന്ന ഒരു ആദിവാസി കുടുംബമായിരുന്നു അദ്ദേഹത്തിൻറേത്. വിദ്യാഭ്യാസത്തിന്‍റെ ഗന്ധം പോലും ഏറ്റിട്ടില്ലാത്ത മാതാപിതാക്കളും കുടുംബക്കാരും. അവിടെനിന്നുള്ള ഈ കയറ്റം ശ്രീമാൻ കട്ടിമണിയുടെ ആത്മബലവും നിശ്ചയദാർഢ്യവും കൊണ്ട് സംഭവിച്ചതാണ്. ആ വഴികളിലേക്ക് വെളിച്ചം വീശുന്ന ചില വർത്തമാനങ്ങളാണ് ഈ അഭിമുഖത്തെ അർത്ഥവത്താക്കുന്നത്.

1. താങ്കൾ കുട്ടിക്കാലം മുതൽ ഇന്നുവരെ അനേകം കനൽവഴികളിലൂടെ സഞ്ചരിച്ച ആളാണല്ലോ. മനസ്സിൽ തങ്ങിനിൽക്കുന്ന കുട്ടിക്കാലം ഒാർത്തെടുക്കാമോ?

ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള വിദ്യാഭ്യാസം എന്‍റെ ഗ്രാമത്തിൽതന്നെ ആയിരുന്നു. ഞങ്ങളുടെ ഗ്രാമത്തിൽ നാലാംക്ലാസ്സ് വരെയേ സർക്കാർ സ്കൂൾ ഉണ്ടായിരുന്നുള്ളൂ. അഞ്ചു മുതൽ ഏഴു വരെ പ്രൈവറ്റ് സ്കൂൾ ആയിരുന്നു. അവിടെ മാസം നാലണ ഫീസ് നൽകണമായിരുന്നു. ഞാൻ നാല് ജയിച്ചപ്പോൾ വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങി വീട്ടിൽ വന്നു. എന്‍റെ പിതാവ് പറഞ്ഞു, അതിലെന്താണ് എഴുതിയിരിക്കുന്നതെന്നു വായിച്ചുകേൾപ്പിക്കാൻ. അതിൽ എന്‍റെ ജാതിപ്പേര് 'തൽവാർ' എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഗ്രാമത്തിൽ എല്ലാവരും ഞങ്ങളെ തൽവാർ എന്നാണ് വിളിച്ചിരുന്നത്. അതു മാത്രമേ എനിക്ക് അറിവുണ്ടായിരുന്നുള്ളൂ. അതൊരു ജാതിസൂചകമായ വാക്കായിരുന്നു. അച്ഛന് ദേഷ്യം വന്നു. അദ്ദേഹം പറഞ്ഞു, "നമ്മുടെ ജാതിപ്പേര് 'കട്ടിമണി'യെന്നാണ്. ഇത് ആ അധ്യാപകന്‍റെ തോന്ന്യാസമാണ്. അയാളാണ് 'തൽവാർ' എന്നാക്കിയത്." അച്ഛൻ അപ്പോൾതന്നെ എന്നെ നിർബന്ധിച്ച് സ്കൂളിൽ കൂട്ടിക്കൊണ്ടുപോയി. ഹെഡ്മാസ്റ്ററോട് പറഞ്ഞു, "താങ്കൾ ഞങ്ങളുടെ ജാതിപ്പേര് മാറ്റിയെഴുതിയിരിക്കുകയാണ്. ഞങ്ങൾ 'തൽവാർ' അല്ല, 'കട്ടിമണി' ആണ്. മറ്റൊരു സർട്ടിഫിക്കറ്റ് തരണം."
ഹെഡ്മാസ്റ്റർ തയ്യാറായില്ല. ഒരുതവണ സർട്ടിഫിക്കറ്റ് നൽകിയാൽ പിന്നെയത് മാറ്റിത്തരാൻ പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ, പിതാവിന്‍റെ ആവശ്യത്തിനു മുന്നിൽ ഹെഡ്മാസ്റ്റർ മുട്ടുമടക്കി. അദ്ദേഹം അതിൽ ജാതിപ്പേര് 'കട്ടിമണി' എന്നാക്കിത്തന്നു. അങ്ങനെ ഞാൻ തൽവാർ വെങ്കിട്ടപ്പയുടെ മകനിൽനിന്ന് കട്ടിമണി വെങ്കിട്ടപ്പയുടെ മകനായി.
ഒന്നുമുതൽ ഏഴുവരെയുള്ള പഠനകാലത്ത് ഞാൻ വളരെ കുറച്ചു മാത്രമേ സ്കൂളിൽ പോകാറുണ്ടായിരുന്നുള്ളൂ. വീട്ടിലെ ദാരിദ്ര്യം കാരണം മിക്കപ്പോഴും ഞാൻ എരുമയെ മേയ്ക്കാൻ പോകുമായിരുന്നു. ആറും ഏഴും ക്ലാസ്സുകൾ മുതൽ ഞാൻ പാടം ഉഴുവാൻ പോയിത്തുടങ്ങി. സ്വന്തം പാടത്തും, ചിലപ്പോഴൊക്കെ മറ്റുള്ളവരുടെ പാടത്തും പണി എടുത്തു. അച്ഛൻ പലപ്പോഴും മറ്റുള്ളവരുടെ പാടത്തുനിന്ന് ചോളക്കതിര് പൊട്ടിച്ചു കൊണ്ടുവരും. അമ്മ അത് വെയിലത്ത് ഉണക്കി, തല്ലി ചോളം വേർതിരിച്ച് തിരികല്ലിൽ പൊടിച്ച് ആട്ട ഉണ്ടാക്കി അതുകൊണ്ട് റൊട്ടി ഉണ്ടാക്കിത്തരുമായിരുന്നു.
കുട്ടിക്കാലത്തെ ഒരിക്കലും മറക്കാനാവാത്ത ഒരു കാര്യം എന്‍റെ അച്ഛന്‍റെ ചീട്ടുകളിയായിരുന്നു. ദരിദ്രനായിരുന്നിട്ടും അദ്ദേഹം ചീട്ടുകളിക്ക് അടിമയായിരുന്നു. അമ്മയുമായി പലപ്പോഴും ഇക്കാര്യത്തിൽ വഴക്കുണ്ടാകാറുണ്ട്. അമ്മയും വലിയ ഒച്ചയിൽ വഴക്കിടും. മിക്കവാറും അതൊരു അടിപിടിയിലേ കലാശിക്കുകയുള്ളൂ. കൈയിൽ കിട്ടുന്നതെന്തോ അത് വിറകായാലും, കല്ലായാലും, കയറായാലും, വടിയായാലും അതെടുത്ത് മതിയാവോളം അമ്മയെ തല്ലുമായിരുന്നു. അമ്മ വലിയ വായിൽ കരഞ്ഞ് ചീത്തവിളിക്കും, വിധിയെ പഴിക്കും. മിക്കവാറും ഗ്രാമം മുഴുവൻ ഞങ്ങളുടെ മുറ്റത്ത് തടിച്ചുകൂടും. ഞങ്ങൾ ആറുമക്കൾ നിലവിളിച്ചുകൊണ്ട് പലവഴിക്ക് ഓടിപ്പോകും.
ആ ഓർമ്മകൾ ഒരിക്കലും വറ്റില്ല. അമ്മയുടെ ദയനീയാവസ്ഥ എന്‍റെ മനസ്സിനെ വല്ലാതെ അലട്ടുമായിരുന്നു. സ്ത്രീക്ക് വ്യക്തിത്വം നൽകിയിരുന്നില്ല. അച്ഛന് എന്ത് തോന്നുന്നുവോ അത് ചെയ്യും. സാധനങ്ങൾ എടുത്ത് വിറ്റോ, പലിശയ്ക്ക് കടം വാങ്ങിയോ ചീട്ടുകളിക്കും. എന്നിട്ട് കളിയിൽ തോറ്റ് വീട്ടിൽ ചടഞ്ഞുകൂടും. എന്തായാലും, തിന്നാനുള്ളത് എവിടുന്നെങ്കിലും സംഘടിപ്പിക്കും.

2. അന്നത്തെ ആദിവാസി ജീവിതവും ഇന്നത്തെ ആദിവാസി ജീവിതവും തമ്മിൽ എന്ത് അന്തരമാണ് താങ്കൾ കാണുന്നത്?

ഞാൻ ഒരു ആദിവാസിയാണ്. നിരക്ഷരതയും ദാരിദ്ര്യവും പലതരത്തിലുള്ള രോഗങ്ങളും കുറ്റകൃത്യങ്ങളും മോഷണവും പട്ടിണിയും ആദിവാസി സമൂഹത്തിന്‍റെ കൂടപ്പിറപ്പുകളാണ്. ഞങ്ങൾക്ക് ഭൂമി ഉണ്ടായിരുന്നില്ല. മറ്റുള്ളവരുടെ കൃഷിഭൂമിയിലാണ് പണിയെടുത്തിരുന്നത്. പണി കിട്ടുന്നതും ബുദ്ധിമുട്ടായിരുന്നു. എന്തെങ്കിലും കിട്ടിയാൽത്തന്നെ അത് പുരുഷന്മാർ കുടിച്ചുതീർക്കും. സ്ത്രീകളുടെ അവസ്ഥ വളരെ ദയനീയവും ഭീകരവും ആയിരുന്നു. കുട്ടികളെ സ്കൂളിൽ അയക്കണമെന്ന് ആർക്കും അറിഞ്ഞുകൂടായിരുന്നു. കൂലിപ്പണിയും തൊഴിലില്ലായ്മയും തങ്ങളുടെ വിധിയെന്ന് കരുതിയാണ് ആദിവാസി സമൂഹം കഴിഞ്ഞിരുന്നത്. വെട്ടും കൊലയും നിത്യസംഭവമായിരുന്നു. സ്വയം ചെയ്ത കുറ്റകൃത്യങ്ങൾക്കും മറ്റുള്ളവർക്കുവേണ്ടി ചെയ്യുന്ന കുറ്റങ്ങൾക്കുമായി ആദിവാസികൾ ജയിലിൽ നരകിച്ചു.
കർണ്ണാടകയിലെ ദേവരാജ് അരശ്ശ് മുഖ്യമന്ത്രി ആയതിനുശേഷമാണ് താഴേക്കിടയിലുള്ള ആൾക്കാരുടെ അവസ്ഥയ്ക്ക് മാറ്റം വന്നത്. അദ്ദേഹം ഹാവനൂർ കമ്മീഷൻ നടപ്പാക്കി. എൽ.ജി ഹാവനൂർ വലിയ നിയമജ്ഞനായിരുന്നു, വക്കീൽ ആയിരുന്നു, എന്‍റെ ജാതിയിൽപെട്ട ആളായിരുന്നു. അദ്ദേഹത്തിന്‍റെ റിപ്പോർട്ട് സ്വീകരിക്കുകയും അത് നടപ്പാക്കുകയും ചെയ്തത് ശ്രീമാൻ ദേവരാജ് അരശ്ശിന്‍റെ ഉറച്ചതും വിപ്ലവകരവുമായ തീരുമാനമായിരുന്നു. എസ്.സി/എസ്.ടിയും പിന്നെ മറ്റു ചില താഴ്ന്ന വർഗ്ഗക്കാർക്കുമായുള്ള ഹോസ്റ്റലുകൾ തുറക്കപ്പെട്ടു. അതുകൊണ്ട് ഞങ്ങളെപ്പോലെയുള്ളവർക്ക് താമസിക്കാനും ഭക്ഷണം കഴിക്കാനുമുള്ള അവസരം ലഭിച്ചു. ഞങ്ങളുടെ കൂട്ടത്തിൽ വളരെ കുറച്ചുപേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മുഖ്യമന്ത്രിയുടെ മേൽനോട്ടത്തിൽതന്നെ അവർക്ക് സർക്കാർ ജോലി നൽകി. ആദിവാസികൾക്ക് ജോലി ചെയ്യാനുള്ള പ്രോത്സാഹനം നൽകി. അതിന്‍റെ ഫലമായി ഞങ്ങളെപ്പോലെയുള്ള കുട്ടികൾക്ക് ഒരു റോൾമോഡൽ കിട്ടി. എന്നാൽ, സമൂഹം ഞങ്ങളെ 'സർക്കാർ ബ്രാഹ്മണൻ' എന്നും 'സർക്കാർ മരുമകൻ' എന്നും വിളിച്ച് പരിഹസിക്കുമായിരുന്നു. പരിഹാസം, അപമാനം എന്നിവ ഞങ്ങളുടെ നിത്യജീവിതത്തിലെ അനുഭവങ്ങളായിരുന്നു. ഞാൻ മനസ്സുകൊണ്ടും വാക്കുകൊണ്ടും ശരീരംകൊണ്ടും ഇത്തരം അപമാനങ്ങളേയും പരിഹാസങ്ങളേയും ദാരിദ്ര്യത്തേയും സ്വീകരിച്ചുകഴിഞ്ഞിരുന്നു. അതിനാൽ അപമാനിക്കുന്നവരുടെ മുഖത്തേക്കുപോലും ഞാൻ നോക്കാറില്ലായിരുന്നു. കാരണം, ഞാൻ ദരിദ്രനും, ആദിവാസിയും, ശാരീരികമായി ശക്തി ഇല്ലാത്തവനും, ബുദ്ധി ഇല്ലാത്തവനും ആയിരുന്നു. എങ്ങനെയെങ്കിലും മെട്രിക് പാസ്സായി ഒരു പ്യൂൺ ജോലി സംഘടിപ്പിക്കണം, കുടുംബത്തിലെ പട്ടിണി മാറ്റണം എന്നതായിരുന്നു ചിന്ത.
പിന്നെ കാലം മാറി. എന്‍റെ ജാതിയിലെ ധാരാളം പേർ സർക്കാർ ഉദ്യോഗസ്ഥരായി. ഐ.എ.എസ്സ്, ഐ.പി.എസ്.കാർ ഉണ്ടായി. പതിനഞ്ചോളം എം.എൽ.എ, മൂന്ന് എം.പി. ധാരാളം പേർ ബിസിനസ്സുകൾ ആരംഭിച്ചു. നല്ല കൃഷിക്കാർ ഉണ്ടായി. പെൺകുട്ടികൾ ഡോക്ടറും എഞ്ചിനീയറും ആയി. ധാരാളം പെൺകുട്ടികൾ നഴ്സിംഗ് പഠിച്ച് ജോലിയിൽ പ്രവേശിച്ചു. നന്നായി സമ്പാദിക്കാൻ തുടങ്ങി. കായികരംഗത്ത് ആദിവാസികൾ അന്തർദേശീയതലത്തിൽ സ്ഥാനം നേടിത്തുടങ്ങി. കർണ്ണാടകത്തിലെ ആദിവാസി സമൂഹം നല്ല ശക്തരായിത്തീർന്നു. ധാരാളം പേർ വൈസ് ചാൻസലറന്മാരായി. അനേകം പേർ അദ്ധ്യാപകരായി. അങ്ങനെ സാമ്പത്തികമായി ആദിവാസികൾ നല്ല സ്ഥിതിയിലെത്തിത്തുടങ്ങിയിരിക്കുന്നു. മുൻപ് ആദിവാസി സമൂഹത്തിൽ ദേവദാസി സമ്പ്രദായം നിലനിന്നിരുന്നു. അത് അവസാനിപ്പിക്കാനായി ഞാൻതന്നെ സമരത്തിന് നേതൃത്വം നൽകിയിരുന്നു. അതുകാരണം ജയിൽവാസവും അനുഭവിച്ചു. ദേവദാസികളുടെ അവസ്ഥ വളരെ ദയനീയമായിരുന്നു. അവരുടെ കുട്ടികളുടെ പേരിനൊപ്പം അച്ഛന്‍റെ പേര് ചേർക്കാറില്ലായിരുന്നു. അമ്മയുടെ പേരുതന്നെ അച്ഛന്‍റെ പേരും. സർക്കാർതന്നെ ദേവദാസി സമ്പ്രദായം നിർത്തലാക്കി. ദേവദാസികളുടെ മക്കൾക്കായി പ്രത്യേക ഹോസ്റ്റലുകൾ തുറന്നു. രാഷ്ട്രീയമായി ആദിവാസികളുടെ പ്രാധാന്യം വർദ്ധിച്ചുവന്നു. വിദ്യാഭ്യാസത്തിനുവേണ്ടിയും തങ്ങളുടെ അവകാശങ്ങൾക്കുവേണ്ടിയും ചെയ്ത സമരങ്ങൾ ആദിവാസികളുടെ വിപ്ലവകരമായ ചുവടുവെപ്പുകളായിരുന്നു. ബാബാസാഹേബ് അംബേദ്കറെക്കുറിച്ചുള്ള അറിവും സാഹിത്യവും ഞങ്ങളെ ശാരീരികമായും മാനസികമായും ശക്തരാക്കി.

3. വിദ്യാഭ്യാസം നേടാൻ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നോ?

എനിക്ക് വിദ്യാഭ്യാസം നേടാനുള്ള ഏറ്റവും വലിയ തടസ്സം ഞങ്ങളുടെ സമൂഹത്തിന്‍റെ അടിമ മനോഭാവമായിരുന്നു. ഞാൻ സ്കൂളിൽ പോകുന്നത് ഞങ്ങളുടെ ആൾക്കാർക്കുതന്നെ വലിയ അപരാധമായാണ് തോന്നിയിരുന്നത്. 'പഠിച്ച് നീ ബ്രാഹ്മണനാകാൻ പോകുകയാണോ' എന്ന് ചോദിക്കുമായിരുന്നു. പഠിപ്പും ജോലിയുമൊന്നും നമുക്ക് പറഞ്ഞിട്ടുള്ളതല്ല. കൂലിപ്പണിയും മോഷണവുമാണ് നമുക്ക് പറഞ്ഞിട്ടുള്ളത്. ഇത്തരം മാനസികമായ അടിമത്തത്തെ മറികടക്കാൻ എന്നെ സഹായിച്ചത് പുസ്തകങ്ങളാണ്.

4. ജാതിവിവേചനം ഏതൊക്കെ തരത്തിലാണ് താങ്കളുടെ ജീവിതത്തെ ബാധിച്ചത്?

എനിക്കിപ്പോൾ എഴുപതുവയസ്സുണ്ട്. പക്ഷേ, ഇപ്പോഴും ജാതി എന്ന ചെന്നായ് എന്നെ പിന്തുടരുന്നുണ്ട്. ആദ്യകാലങ്ങളിൽ നേർക്കുനേരെയുള്ള ആക്രമണമായിരുന്നു. എന്നാൽ, ഇപ്പോൾ തികച്ചും അദൃശ്യമായ തലങ്ങളിൽനിന്നാണ് ആക്രമണം ഉണ്ടാകുന്നത്. കുട്ടിക്കാലത്ത് എന്നെ ദൂരെ മാറ്റി ഇരുത്തുമായിരുന്നു. ഏഴാംക്ലാസ്സ് ആയപ്പോഴേക്കും ഞാൻ നന്നായി പഠിക്കുന്ന കുട്ടിയാണെന്ന് അദ്ധ്യാപകർക്ക് മനസ്സിലായി. എന്‍റെ പിതാവ് ആരെയും കൂസാത്തതും അനീതിയെ ചോദ്യം ചെയ്യുന്നതുമായ മനുഷ്യനാണെന്ന് എല്ലാവർക്കും അറിയാമായിരുന്നു. അതിനാൽ ജാതിവിവേചനത്തിന്‍റെ കാഠിന്യം കുറയാൻ തുടങ്ങി. ഒരു തവണ ഉയർന്ന ജാതിയിലെ ഒരു മനുഷ്യൻ എന്നോട് ചോദിച്ചു, "നിങ്ങൾ ആദിവാസിയല്ല അല്ലേ? ആണെങ്കിൽ പഠിത്തത്തിൽ ഇത്രയും സാമർത്ഥ്യം ഉണ്ടാകാൻ വഴിയില്ല. അല്ലെങ്കിൽ നിന്‍റെ പിതാവ് മാറ്റാരെങ്കിലും ആയിരിക്കും." ഇത്തരത്തിലുള്ള ധാരാളം വിഷം കുടിച്ചാണ് ഞാൻ മുന്നോട്ടു വന്നത്.


5. ഉന്നതവിദ്യാഭ്യാസം നേടിയ താങ്കൾ എങ്ങനെയൊക്കെയാണ് ആദിവാസി സമൂഹത്തെ സേവിച്ചത്?

1979-ൽ ഞാൻ എം.എ പാസ്സായി. ഉടനെ കർണ്ണാടകാ കോളേജിൽ താൽക്കാലിക അദ്ധ്യാപകനായി ജോലി ലഭിച്ചു. മൂന്നുമാസം കഴിഞ്ഞപ്പോൾ ആൺകുട്ടികൾക്കായി ഞാൻ ഒരു ഹോസ്റ്റൽ തുടങ്ങി. 'നായക് ഹോസ്റ്റൽ' എന്നായിരുന്നു പേര്. കിട്ടുന്ന ശമ്പളം അതിനുവേണ്ടി ചെലവഴിച്ചു. ഞാനും കുട്ടികളോടൊപ്പം ആഹാരം കഴിക്കും. ജോലിയുള്ള ആദിവാസികളിൽനിന്നും സഹായം തേടി. ചിലരൊക്കെ രൂപ തന്നു സഹായിച്ചു, ചിലർ തെറിവിളിച്ചു. പക്ഷേ, ഞാൻ പിന്മാറിയില്ല. ആ ഹോസ്റ്റലിന് പിന്നീട് സർക്കാർ സഹായം ലഭിച്ചു. അത് ഇപ്പോഴും നടന്നുപോകുന്നുണ്ട്.
ഗ്രാമം തോറും 'വാത്മീകി ജയന്തി' സംഘടിപ്പിക്കുന്ന ജോലി ഞാൻ ഏറ്റെടുത്തു. കുട്ടികളെ സ്കൂളിൽ വിടണമെന്ന് അഭ്യർത്ഥിച്ചു; പ്രത്യേകിച്ചും പെൺകുട്ടികളെ. മദ്യപാനം നിർത്തണമെന്നും, കൂലിത്തല്ല് നിർത്തണമെന്നും, തങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി ഒരുമിച്ച് സമരം ചെയ്യണമെന്നും ഞാൻ അവരോട് ആവശ്യപ്പെട്ടു. ദേവദാസി സമ്പ്രദായം ബഹിഷ്ക്കരിക്കാനും, സർക്കാരിന്‍റെ പദ്ധതികളെ വേണ്ടവിധം ഉപയോഗിക്കാനും ഞാൻ അവരെ ഉദ്ബോധിപ്പിച്ചു. ഇങ്ങനെ ആദിവാസികളെ വിദ്യാഭ്യാസം ചെയ്യിക്കാനും, സംഘടിപ്പിക്കാനും ഇരുപതുവർഷത്തോളം കർണ്ണാടക മുഴുവൻ ഞാൻ സഞ്ചരിച്ചുകൊണ്ടിരുന്നു. ആൾക്കാരിൽ ഉണർവ്വുണ്ടാക്കാൻ 'വാത്മീകി ബന്ധു' എന്ന പേരിൽ ഒരു പത്രിക ഇറക്കി. ഇതിന്‍റെയൊക്കെ ഫലമായി ആദിവാസി സമൂഹം വിദ്യാഭ്യാസത്തിന്‍റെ മഹത്വം മനസ്സിലാക്കി കുട്ടികളെ പഠിക്കാൻ വിട്ടുതുടങ്ങി.


6. ജോലി സ്ഥലത്ത് താങ്കൾക്ക് എന്തെല്ലാം പ്രശ്നങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്?
1979-ൽ ഞാൻ ഒരു താൽക്കാലിക അദ്ധ്യാപകനായപ്പോൾ സമൂഹത്തിലെ അവസ്ഥ വളരെ ഭീകരമായിരുന്നു. തൊട്ടുകൂടാത്തവനായാണ് എന്നെ കണ്ടിരുന്നത്, അങ്ങനെയാണ് എന്നോട് പെരുമാറിയിരുന്നതും. ആ ജോലിക്ക് പോകുമ്പോൾ എന്‍റെ പക്കൽ നല്ല വസ്ത്രങ്ങളോ പാദരക്ഷകളോ ഉണ്ടായിരുന്നില്ല. ഒരു മാസം മുഴുവൻ ഞാൻ ഒരു പൈജാമയും, ഒരു ഷർട്ടും, ഒരു ജോഡി ഹവായി ചെരിപ്പും കൊണ്ട് അദ്ധ്യാപകജോലി നിർവ്വഹിച്ചു. ശമ്പളം കിട്ടിയപ്പോൾ ഒരു ജോഡി ഡ്രസ്സുകൂടി തയ്പ്പിച്ചു. ഒരു ജോഡി ചെരിപ്പും വാങ്ങി. ഞാൻ ഹിന്ദി അദ്ധ്യാപകനായിരുന്നു. ഭാഷയിൽ എനിക്ക് അത്ര വലിയ അവഗാഹം ഉണ്ടായിരുന്നില്ല. എനിക്ക് പഠിക്കണമായിരുന്നു. പക്ഷേ, പഠിപ്പിക്കാൻ ആരും ഉണ്ടായിരുന്നില്ല. ദ്രോഹിക്കാൻ ധാരാളം പേർ ഉണ്ടായിരുന്നു. രാവിലെ 9.30-നും ഉച്ചകഴിഞ്ഞ് 2 മണിക്കും വൈകുന്നേരം 5 മുതൽ 6 വരെയും എനിക്ക് ക്ലാസുണ്ടായിരുന്നു. വലിയ ക്ലാസ്സുകളാണ്. ഏകദേശം നൂറോളം കുട്ടികൾ ഉണ്ടാവും. എന്‍റെ ശബ്ദം അവരിൽ എത്തില്ലായിരുന്നു. ശാരീരികമായി ഞാൻ ദുർബ്ബലനായിരുന്നു. ആഴ്ചയിൽ കുറഞ്ഞത് രണ്ടു തവണയെങ്കിലും എനിക്ക് മെമ്മോ കിട്ടുമായിരുന്നു. എല്ലാം സഹിക്കാൻ ഞാൻ തീരുമാനിച്ചു. മഹാദേവനെപോലെ വിഷം ഉള്ളിൽ ഒതുക്കി ജീവിക്കണം. ആ ഒരു സഹനശീലതയാണ് ആൾക്കാരെ മനസ്സിലാക്കാനുള്ള ശക്തി എനിക്ക് നൽകിയത്. മുന്നോട്ടു പോകാനുള്ള രഹസ്യം മനസ്സിലാക്കി തന്നത്.

7. കോളേജുകളിലും സർവ്വകലാശാലകളിലും പഠിപ്പിക്കുമ്പോഴുള്ള അനുഭവങ്ങൾ വിശദീകരിക്കാമോ?

കോളേജ് അദ്ധ്യാപനകാലത്ത് ഞാൻ വളരെയധികം പഠിച്ചു. ധാർവാഡിലെ കർണ്ണാടക കോളേജ് വളരെ പേരുകേട്ട ഒരു സ്ഥാപനമാണ്. അന്നവിടെ വളരെ പ്രഗല്ഭരായ അദ്ധ്യാപകരാണ് ഉണ്ടായിരുന്നത്. അവരിൽനിന്ന് എനിക്ക് ധാരാളം പഠിക്കാൻ കഴിഞ്ഞു. അവർ എന്നെ വളരെയധികം ഉപദ്രവിച്ചു. അവരുടെ പീഡനത്തിൽനിന്ന് ഞാൻ കൂടുതൽ ശക്തനാകുകയായിരുന്നു. ഞാൻ എഴുത്തും വായനയും തുടർന്നു. സാഹിത്യപരവും സാമൂഹികപരവുമായ മുന്നേറ്റങ്ങളിൽ സഹകരിച്ചു. എന്‍റെ പുസ്തകങ്ങൾ പ്രകാശിതമായതോടെ ആൾക്കാർ എന്നെ പ്രഭാഷണങ്ങൾക്ക് വിളിക്കാൻ തുടങ്ങി.
കർണ്ണാടക സർവ്വകലാശാലയിൽ ഞാൻ നാലുവർഷം മാത്രമേ പ്രൊഫസറായി ജോലി ചെയ്തുള്ളൂ. ആ കാലം എന്‍റെ ജീവിതത്തിലെ ഉയർച്ചയുടെ കാലമായിരുന്നു. എനിക്ക് സാഹിത്യകാരന്മാരിൽ നിന്ന് നല്ല പ്രോത്സാഹനം കിട്ടി. വലിയ സെമിനാറുകൾ സംഘടിപ്പിച്ചു. അവ വളരെ വിജയകരമാവുകയും ചെയ്തു. അങ്ങനെ ദേശീയതലത്തിൽ ഞാൻ ശ്രദ്ധിക്കപ്പെട്ടു. എന്‍റെ വിദ്യാർത്ഥികൾ എന്നെ പഠിപ്പിച്ചു. യാതൊരു മടിയും കൂടാതെ ഞാൻ എല്ലാവരിൽനിന്നും പഠിച്ചു.

8. ജീവിതത്തിൽ സ്വാധീനിച്ച വ്യക്തികളെക്കുറിച്ച് എന്താണ് പറയാനുള്ളത്?

ബാബാസാഹേബ് അംബേദ്കർ, ശ്രീനാരായണഗുരു, ജ്യോതിറാവു ഫൂലേ തുടങ്ങിയവരുടെ ആത്മകഥകളിൽനിന്ന് ഞാൻ ധാരാളം ഉൾക്കൊണ്ടു.

9. ഉന്നതവിദ്യാഭ്യാസരംഗത്തിന് താങ്കളുടെ സംഭാവന എന്താണ്?

എന്‍റെ സഹപ്രവർത്തകരെ പുതിയ കാര്യങ്ങൾ പഠിക്കാൻ പ്രേരിപ്പിച്ചു. വിദ്യാർത്ഥികളാണ് എല്ലാം, അവരില്ലെങ്കിൽ നമ്മളില്ല എന്ന ബോധം അവരിൽ ഉണ്ടാക്കാൻ പരിശ്രമിച്ചു. നമ്മുടെ വിദ്യാർത്ഥികളുടെ ഭാവി നന്നാകുമ്പോൾ നമ്മുടെ ഭാവിയും നന്നാകും. അത് എന്‍റെ വിശ്വാസമാണ്, ജീവിതലക്ഷ്യമാണ്. ഹൈദരാബാദിലെ ഉറുദു സർവ്വകലാശാലയിൽ ഏഴുവർഷം ഞാൻ അദ്ധ്യാപകനായിരുന്നു. വകുപ്പുമേധാവിയും ഡീനും ചീഫ് വാർഡനും ഒക്കെ ആയിരുന്നു. അങ്ങനെ കുട്ടികളുടെ വീക്ഷണങ്ങൾ ഞാൻ നന്നായി മനസ്സിലാക്കി. പലതരം മാനസികപിരിമുറുക്കവുമായാണ് കുട്ടികൾ കഴിയുന്നത്. അവരുടെ വ്യക്തിജീവിതത്തിൽ അനേകം പ്രശ്നങ്ങൾ ഉണ്ടാകും. ഇത്തരം ആന്തരിക പ്രശ്നങ്ങളെ മനസ്സിലാക്കാതെ നമുക്ക് കുട്ടികളെ ശരിക്കും മനസ്സിലാക്കാൻ കഴിയില്ല. അത് എന്നെ പഠിപ്പിച്ചത് ഹൈദരാബാദിലെ ഉറുദു ദേശീയ സർവ്വകലാശാലയാണ്. വൈസ് ചാൻസലർ ആയപ്പോൾ ആ അനുഭവങ്ങൾ എനിക്ക് വളരെ മുതൽക്കൂട്ടായി.

 

10. ഒരു വൈസ് ചാൻസലർ എന്ന നിലയിൽ താങ്കൾക്ക് നേരിടേണ്ടി വന്ന പ്രശ്നങ്ങൾ എന്തൊക്കെയായിരുന്നു?

2014-ൽ ഞാൻ അമരകണ്ടക്കിൽ വൈസ് ചാൻസലറായി. ആ കാലം എന്‍റെ ജീവിതത്തിൽ ഏറെ പ്രശ്നങ്ങളുള്ള സമയമായിരുന്നു. ഒരു വൈസ് ചാൻസലറായി എന്നെ അംഗീകരിക്കാൻ ആൾക്കാർ തയ്യാറായിരുന്നില്ല. അത് ഒരുപക്ഷേ അവരുടെ ജമീന്ദാരി കാഴ്ചപ്പാട് കാരണമാകാം. എന്‍റെ ജാതി അവർക്കൊരു പ്രശ്നമായിരുന്നു. ഒന്നാമത്, അതൊരു ആദിവാസി സർവ്വകലാശാലയാണ്. മറ്റുള്ളവർക്ക് അതൊരു മേച്ചിൽപ്പുറമായിരുന്നു. ചുറ്റുമുള്ള ആദിവാസികളുടെ അവസ്ഥ വളരെ ദയനീയമാണ്. ഞാനാണെങ്കിൽ ഒരു പിടിവാശിക്കാരനും. എന്തെങ്കിലും ചെയ്യാനുറച്ചാൽ അത് ചെയ്തുതന്നെ കാണിക്കും. ജാതിക്കും ജമീന്ദാരി സമ്പ്രദായത്തിനും അടിമയായ ആദിവാസികൾക്ക് വിദ്യാഭ്യാസം നൽകുന്ന കാര്യത്തിൽ ഞാൻ വിജയിച്ചു. ജോലി നൽകുന്ന കാര്യത്തിലും കീഴാള ജാതിയിലുള്ളവർക്ക് വാശിപിടിച്ച് ഞാൻ പ്രാതിനിധ്യം നൽകി. അതോടെ എന്‍റെ ധൈര്യം ഇരട്ടിച്ചു. അമരകണ്ടക്കിലെ എന്‍റെ അനുഭവങ്ങൾ 'ജംഗലി കുലപതി കി കഥ' (ഒരു ആദിവാസി വൈസ്ചാൻസലറുടെ കഥ) എന്ന പുസ്തകത്തിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.

11. താങ്കളുടെ ജീവിതാനുഭവത്തിൽ നിന്നും വരുംതലമുറയ്ക്ക് എന്ത് സന്ദേശമാണ് നൽകാൻ ആഗ്രഹിക്കുന്നത്?

ജീവിതത്തിൽ മുന്നേറാൻ മൂന്ന് കാര്യങ്ങൾ അനിവാര്യമാണ്. ഒന്ന്: പുസ്തകങ്ങൾ, രണ്ട്: പരിശ്രമം, മൂന്ന്: സ്നേഹം. ഇവ മൂന്നും നമുക്ക് അപാരമായ ശക്തി നൽകും, ആശ്വാസം നല്കും, സുഖം നൽകും.

12. ഇപ്പോഴത്തെ ആദിവാസികളുടെ ജീവിതരീതിയിൽ താങ്കൾ സന്തുഷ്ടനാണോ?

അതെ. ഞാൻ വളരെ സന്തുഷ്ടനാണ്. പുതുതലമുറയിലെ ആദിവാസികൾ എല്ലാ രംഗത്തും കഴിവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അദ്ധ്യാപകരായും, വൈസ് ചാൻസലറന്മാരായും, കലാകാരന്മാരായും, ചിത്രകാരന്മാരായും, സംഗീതജ്ഞരായും, നടന്മാരായും, സിനിമാനിർമ്മാതാക്കളായും, കായികമത്സരങ്ങളിൽ ഭാരതത്തെ നയിച്ചും ആദിവാസി യുവതികളും യുവാക്കളും നമ്പർ വൺ ആയിക്കഴിഞ്ഞു. എല്ലാ രംഗത്തും ആദിവാസികൾ അസ്തിത്വം ഉറപ്പിച്ചുകൊണ്ടിരിക്കുകയാണ്. ധർത്തിബാബയും ബിർസാ മുണ്ടയും പ്രതീകങ്ങളായി ഞങ്ങളുടെ മുന്നിൽ നിൽപ്പുണ്ട്.

13. സർവ്വകലാശാലകളിലെ രാഷ്ട്രീയത്തെക്കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്?

ഏറെ ദുഃഖകരമായ കാര്യം സർവ്വകലാശാലകളിൽ രാഷ്ട്രീയത്തിലുപരി ജാതിരാഷ്ട്രീയമാണ് നടക്കുന്നത് എന്നതാണ്. സ്വന്തക്കാരെ കുത്തിനിറയ്ക്കുന്നതിലൂടെ നമ്മുടെ സർവ്വകലാശാലകൾ നശിച്ചുകൊണ്ടിരിക്കുകയാണ്. രാഷ്ട്രീയം മോശമായ കാര്യമല്ല. പക്ഷേ, സ്വന്തം ജാതിയിലുള്ളവർക്ക് മാത്രം ജോലി നൽകുക, പ്രവേശനം നൽകുക, സ്വർണ്ണമെഡൽ നൽകുക, വൈസ്ചാൻസലറാക്കുക എന്നതൊക്കെ ഒരുനാൾ രാഷ്ട്രത്തെതന്നെ നശിപ്പിക്കും. കുറഞ്ഞപക്ഷം വിദ്യാഭ്യാസരംഗത്തെയെങ്കിലും ഇത്തരം ജാതിവിവേചനത്തിൽനിന്നും, സ്വജനപക്ഷപാതത്തിൽനിന്നും മാറ്റിനിർത്തേണ്ടതായിട്ടുണ്ട്.

14. പുതിയ വിദ്യാഭ്യാസപദ്ധതിയിൽ താങ്കൾ എത്രമാത്രം സന്തുഷ്ടനാണ്?

താങ്കളും ഞാനും അദ്ധ്യാപകരാണ്. സർവ്വകലാശാല അദ്ധ്യാപകർ. നമ്മുടെ സർവ്വകലാശാലകളിൽനിന്ന് ഇറക്കുന്ന പി.എച്ച്.ഡി തീസിസ്സുകളുടെ നിലവാരം നമുക്ക് അറിവുള്ളതാണല്ലൊ. അത് സമൂഹത്തിന് എന്താണ് നൽകുന്നത്. സ്വർണ്ണമെഡൽ നേടിയാലും ജീവനോപാധി നേടാൻ നമ്മുടെ വിദ്യാർത്ഥികൾക്ക് കഴിയുന്നില്ല. ഭാഷാ അദ്ധ്യയനത്തിന്‍റെയും അദ്ധ്യാപനത്തിന്‍റെയും കാര്യം പറയാനുമില്ല. ബി.ടെക്കിനുശേഷവും കുട്ടികൾ തൊഴിൽരഹിതർ. സോഷ്യൽ സയൻസ് പഠിച്ച വിദ്യാർത്ഥികൾക്ക് തൊഴിലേ ഇല്ല. ദേശത്തോടും, രാഷ്ട്രത്തോടും, വീടിനോടും, അച്ഛനമ്മമാരോടും യുവതലമുറയ്ക്ക് വല്ലാത്ത നീരസമാണ്. യുവതലമുറ കടുത്ത നിരാശയിലാണ്. അവർക്കു മുന്നിൽ വഴികളില്ല. നമ്മുടെ പാഠ്യപദ്ധതികളും ക്ലാസ് റൂമും വിദ്യാഭ്യാസവും അദ്ധ്യാപകരും അവർക്ക് ജീവിതമാർഗ്ഗം കാണിച്ചുകൊടുക്കാൻ ഉതകുന്നവരല്ല. ഭാരതത്തിന്‍റെ ഭാവിയെ നിർമ്മിക്കണം, യുവതലമുറയ്ക്ക് വഴികാട്ടിക്കൊടുക്കണം. പ്രതിദിനം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികതയ്ക്കൊപ്പം നമ്മൾ നമ്മേത്തന്നെ അപ്ഡേറ്റാക്കാൻ വളരെ ഗൗരവത്തോടെ നമ്മുടെ വിദ്യാഭ്യാസപദ്ധതികളെ പരിഷ്കരിക്കേണ്ടിയിരിക്കുന്നു. കുറവുകളെക്കുറിച്ച് കാര്യമായ വിചിന്തനം അനിവാര്യമാണ്.
ഈ ചിന്തയുടെ ഫലമാണ് 'ദേശീയവിദ്യാഭ്യാസ നയം - 2020.' ഓരോ വിദ്യാഭ്യാസ സ്ഥാപനവും ഈ ദേശീയ വിദ്യാഭ്യസപദ്ധതിയെ സ്വീകരിച്ച് തങ്ങളുടെ സൗകര്യത്തിനനുസരിച്ച് നടപ്പാക്കണം. തദ്ദേശീയമായ പരിതസ്ഥിതികളും, സാമൂഹികാവസ്ഥകളും മനസ്സിലാക്കിക്കൊണ്ട് വേണ്ട മാറ്റങ്ങൾ നടത്താനുള്ള സ്വാതന്ത്ര്യവും ഇത് നമുക്ക് അനുവദിക്കുന്നുണ്ട്.