അടുത്ത അധ്യയന വര്‍ഷം മുതല്‍ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കേണ്ടതില്ല എന്ന കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രഖ്യാപനത്തോടെ ദേശീയ വിദ്യാഭ്യാസനയം വീണ്ടും ചര്‍ച്ചകളിലിടം പിടിക്കുകയാണ്. 1986 മുതല്‍ നിലവിലുണ്ടായിരുന്ന പഴയ വിദ്യാഭ്യാസ നയത്തെ പാടെ മാറ്റിയാണ് കര്‍ണാടകയില്‍ പുതിയ ദേശീയ വിദ്യാഭ്യാസ നയം (NEP 2020) 2021 ഓഗസ്റ്റില്‍ നടപ്പാക്കുന്നത്. രാജ്യത്ത് തന്നെ ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനമായിരുന്നു കര്‍ണാടക.
മള്‍ട്ടിഡിസിപ്ലിനറി വിദ്യാഭ്യാസതിലൂന്നിയ NEP 2020 ഉന്നത വിദ്യാഭ്യാസരംഗത്തിന് നല്‍കുന്ന ഉണര്‍വിനോടൊപ്പം ഉയര്‍ത്തുന്ന ആശങ്കകളും ചെറുതല്ല. അധ്യാപകര്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കൂടുതല്‍ സ്വയംഭരണാധികാരം, പ്രാദേശിക ഭാഷകളില്‍ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസത്തിനായി സ്വാതന്ത്ര അക്കാദമിക ഭരണ സംവിധാനം എന്നിവ വിദ്യാഭ്യാസനയത്തിന്റെ മൗലിക സ്വഭാവത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നവയാണ്.
സ്വകാര്യ മേഖലയില്‍ കൂടുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
2040-ഓടെ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും 3000ത്തോളം വിദ്യാര്‍ത്ഥികളെ ഉള്‍കൊള്ളുന്ന മള്‍ട്ടിഡിസിപ്ലിനറി സ്ഥാപനങ്ങളായി മാറ്റുക എന്ന നിര്‍ദ്ദേശം NEP മുന്നോട്ട് വയ്ക്കുന്നു. വൊക്കേഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഗ്രോസ്സ് എന്റോള്‍മെന്റ് റേഷ്യോ (GER) 26.3%(2018)-ത്തില്‍ നിന്നും 50%(2035)- ത്തിലേക്ക് ഉയര്‍ത്തുക എന്നതാണ് പദ്ധതിയുടെ പ്രധാനലക്ഷ്യങ്ങളിലൊന്ന്.
പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും എന്‍.ഇ.പി ഒരുപോലെ ഊന്നല്‍ നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ സ്വകാര്യ മേഖലയില്‍ കൂടുതല്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇനി പ്രതീക്ഷിക്കാം. ഘട്ടം ഘട്ടമായി കോളേജുകള്‍ക്ക് സ്വയംഭരണം നല്‍കുന്ന സുതാര്യമായ ഒരു സംവിധാനം രൂപീകരിക്കപ്പെടും. അന്യോന്യം സഹകരിക്കുന്ന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് NEP വിഭാവനം ചെയ്യുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിലും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ NEP ലക്ഷ്യം വെയ്ക്കുന്നു.
അക്രഡിറ്റേഷന്‍ ലഭിക്കുന്ന പക്ഷം ഉന്നതവിദ്യാഭ്യാസ സ്ഥാപനത്തിന് അവരുടേതായ ഓപ്പണ്‍ ഡിസ്റ്റന്‍സ് ലേണിങ് പ്രോഗ്രാമുകള്‍ തുടങ്ങുവാന്‍ സാധിക്കുന്നതാണ്. ഭാവിയില്‍ യൂണിവേഴ്സിറ്റി അഫിലിയേറ്റഡ് കോളേജുകള്‍ ഇല്ലാതാവുകയും പതിനഞ്ച് വര്‍ഷങ്ങള്‍ക്കകം സ്വയംഭരണ സംവിധാനമുള്ള കോളേജുകള്‍ ആയി അവ മാറുകയും ചെയ്യും.
ലക്ഷ്യം സമഗ്രവിദ്യാഭ്യാസം
നിലവിലെ സാഹചര്യം അനുസരിച്ച് ശാസ്ത്രപഠനവും മാനവികപഠനവും വ്യത്യസ്ത ധ്രുവങ്ങളിലാണല്ലോ. സമഗ്രമായ വിദ്യാഭ്യാസമാണ് NEP ലക്ഷ്യം വയ്ക്കുന്നത്. NEP അനുസരിച്ച് ഐ.ഐ.ടികള്‍ ഉള്‍പ്പെടെയുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോലും മാനവിക വിഷയങ്ങള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ട്. തിരിച്ച് മാനവികവിഷയങ്ങള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നൈപുണ്യ വികസനത്തിനായി ശാസ്ത്രപഠനവും NEP പ്രോത്സാഹിപ്പിക്കുന്നു. ഭാഷാപഠനം, സാഹിത്യപഠനം, സംഗീതം, തത്ത്വശാസ്ത്രം, ഇന്‍ഡോളജി ( ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ സംസ്‌കാരം, ചരിത്രം, ഭാഷ എന്നിവയെ സംബന്ധിക്കുന്ന പഠനം ), വിവര്‍ത്തനവും വ്യാഖ്യാനവും ( Translation and Interpretation) എന്നിവയുള്‍പ്പെടെയുള്ള വിഷയങ്ങളെ ശക്തിപെടുത്തുക എന്നതും NEP വിഭാവനം ചെയ്യുന്നു.
പുതിയവിദ്യാഭ്യാസനയവും നാല് വര്‍ഷ ബിരുദവും
പുതിയ ദേശീയവിദ്യാഭ്യാസനയമുനുസരിത്തച്ച് രാജ്യത്തെ ബിരുദ വിദ്യാഭ്യാസം നാല് വര്‍ഷം നീണ്ടു നില്‍ക്കുന്ന ഒന്നായിരിക്കും. ഏതെങ്കിലും വിഷയത്തില്‍ ഒരു വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് (കൂടുതല്‍ വൊക്കേഷണല്‍, പ്രൊഫഷണല്‍ രംഗങ്ങളില്‍) സര്‍ട്ടിഫിക്കറ്റ് കോഴ്സ് ആയി പരിഗണിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കും. രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുകളും, മൂന്നുവര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളും നല്‍കും. നാല് വര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓണേഴ്‌സ് ബിരുദമാണ് നല്‍കുക. മള്‍ട്ടി ഡിസിപ്ലിനറി ഡിഗ്രി എന്നതും ഐച്ഛികം ആയിരിക്കും. നാലുവര്‍ഷ ഡിഗ്രി പ്രോഗ്രാമുകളില്‍ ഒരു മേജര്‍ റിസര്‍ച്ച് പ്രോജക്ട് ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഡിഗ്രി വിത്ത് റിസര്‍ച്ച് എന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള അവസരവും ഉണ്ടായിരിക്കും. MERU ( Multidisciplinary Educational Research Universities) എന്ന ഗണത്തില്‍പ്പെട്ട അന്താരാഷ്ട്ര നിലവാരത്തിലുള്ള മാതൃക പൊതു സര്‍വകലാശാലകള്‍ കൊണ്ട് വരിക എന്നതും NEP യുടെ ഉദ്ദേശലക്ഷ്യമാണ്.
വിദേശസര്‍വകലാശാലകള്‍ ഇന്ത്യയിലെത്തും
മുന്‍ രീതികളില്‍ നിന്നും വ്യത്യസ്തമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തന്നെ കരിക്കുലം വിഭാവനം ചെയ്യുവാനുള്ള അവകാശം, ഫൈനല്‍ സര്‍ട്ടിഫിക്കേഷന്‍ ഉള്‍പ്പെടെയുള്ള മൂല്യനിര്‍ണയത്തിനുള്ള അധികാരം ഉണ്ടായിരിക്കും. ഇത് പരിഷ്‌കരിച്ച CBCS( Choice Based Credit System) അനുസരിച്ചായിരിക്കും. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സ്വതന്ത്രമായ അക്കാദമിക പ്ലാനുകള്‍ ഉണ്ടായിരിക്കും. ഇന്‍സ്റ്റിറ്റിയൂഷണല്‍ ഡെവലപ്മെന്റ് പ്ലാന്‍, വിദേശ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയിലെ പഠനം സാധ്യമാക്കുന്നതിനായി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒരു ഇന്റര്‍നാഷണല്‍ സ്റ്റുഡന്‍സ് ഓഫീസ് എന്നിവ രൂപീകരിക്കും. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഇന്ത്യന്‍ സര്‍വകലാശാലകള്‍ക്ക് വിദേശരാജ്യങ്ങളില്‍ ക്യാമ്പസുകള്‍ ഉണ്ടാകും. വിദേശ സര്‍വകലാശാലകള്‍ക്ക് (ലോകത്തെ മികച്ച നൂറ് സര്‍വ്വകലാശാലകളില്‍ നിന്ന് )ഇന്ത്യയില്‍ ക്യാമ്പസുകള്‍ ആരംഭിക്കാമെന്ന തീരുമാനവും NEP മുന്നോട്ടുവയ്ക്കുന്നു.
വൊക്കേഷണല്‍ വിദ്യാഭ്യാസത്തിലും അടിമുടിമാറ്റം
വൊക്കേഷണല്‍ വിദ്യാഭ്യാസം പുനര്‍വിഭാവനം ചെയ്യുക എന്നത് കൂടി NEP യുടെ ലക്ഷ്യമാണ്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്വതന്ത്രമായോ വ്യവസായ സ്ഥാപനങ്ങളുമായോ NGO-കളുമായോ ചേര്‍ന്ന് 2050-ഓടെ 50 ശതമാനം വിദ്യാര്‍ഥികളെ വൊക്കേഷണല്‍ വിദ്യാഭ്യാസത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന നിര്‍ദ്ദേശവും NEP മുന്നോട്ടുവെക്കുന്നു. ഇതിനായി എല്ലാ ബാച്ചിലര്‍ ഡിഗ്രി പ്രോഗ്രാമുകളുടെ ഭാഗമായും വൊക്കേഷണല്‍ കോഴ്സുകള്‍ പഠിക്കുവാനുള്ള അവസരം വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടായിരിക്കും. ഇത് സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ ആയി നല്‍കാവുന്നതാണ്. ഈ പദ്ധതിക്ക് മേല്‍ നോട്ടം വഹിക്കുന്നത് കേന്ദ്ര മാനഭ വിഭവശേഷി മന്ത്രാലയം രൂപീകരിക്കുന്ന നാഷണല്‍ കമ്മിറ്റി ഫോര്‍ വൊക്കേഷണല്‍ എജ്യൂക്കേഷന്‍ ആയിരിക്കും.
ഗവേഷണ രംഗത്ത് ക്രിയാത്മകമായ ഒരു മാറ്റം നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷനിലൂടെ പ്രതീക്ഷിക്കാം. ഗവണ്‍മെന്റില്‍ നിന്നും സ്വതന്ത്രമായി ഗവേഷണ മേഖലയിലെ വിദഗ്ധര്‍ മേല്‍നോട്ടം വഹിക്കുന്ന ബോര്‍ഡ് ഓഫ് ഗവര്‍ണേര്‍സ് ആയിരിക്കും എന്‍.ആര്‍.എഫ്-ന്റെ സാരഥികള്‍. ഗവേഷണത്തിനുള്ള സാമ്പത്തിക സഹായം, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഗവേഷണ സാഹചര്യമുയര്‍ത്തുക, ഗവേഷകര്‍ക്കും ഗവണ്‍മെന്റിനും ഇടയിലുള്ള ഇടനിലക്കാരായി വര്‍ത്തിക്കുക എന്നിവ എന്‍ആര്‍എഫിന്റെ ലക്ഷ്യങ്ങളില്‍ പെടുന്നു.
നാല് സ്വതന്ത്രമായ സംവിധാനങ്ങളാണ് ഹയര്‍ എഡ്യൂക്കേഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ ഭാഗമായി തീരുക
- നാഷണല്‍ ഹയര്‍ എജ്യുക്കേഷന്‍ റഗുലേറ്ററി കൗണ്‍സില്‍(NHERC): മെഡിക്കല്‍ ലീഗല്‍ വിദ്യാഭ്യാസ രംഗങ്ങള്‍ ഒഴികെയുള്ള ഉന്നത വിദ്യാഭ്യാസത്തിന്റെ എല്ലാ ശ്രേണികളെയും നിയന്ത്രിക്കുക NHERC ആയിരിക്കും. ഇതുതന്നെയാകും ടീച്ചര്‍ എഡ്യൂക്കേഷനെയും നിയന്ത്രിക്കുക.
- നാഷണല്‍ അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (NAC) : ഭരണ സുതാര്യത, സാമൂഹിക പ്രതിബദ്ധത, സമഗ്രമായ വിദ്യാഭ്യാസ നിലവാരം എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ള അക്രെഡിറ്റേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നത് NAC ആയിരിക്കും. നിലവിലുള്ള National Assessment and Accreditation Council (NAAC) ഇതോടെ ഇല്ലാതാകും.
- ഹയര്‍ എജ്യുക്കേഷന്‍ ഗ്രാന്റ്‌സ് കൗണ്‍സില്‍ (HEGC) : ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഫണ്ടിങ് പൂര്‍ണമായും നിയന്ത്രിക്കുക HEGC ആയിരിക്കും. ഇതോടെ യുജിസി ജെ.ആര്‍.എഫ് അടക്കമുള്ള ദേശീയ ഫെല്ലോഷിപ്പുകളും സ്‌കോളര്‍ഷിപ്പുകളും HEGC ആകും വിതരണം ചെയ്യുക.
- ജനറല്‍ എജ്യുക്കേഷന്‍ കൗണ്‍സില്‍ (GEC) :ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി ഒരു പൊതുമാനദണ്ഡം ഉറപ്പുവരുത്തേണ്ടതായുണ്ട്. ഇതിന് സമഗ്രമായ മാര്‍ഗനിര്‍ദേശം നല്‍കുന്നത് GEC ആയിരിക്കും.
ആശങ്കകള്‍
പഴഞ്ചന്‍ വിദ്യാഭ്യാസ രീതികളുടെ പൊളിച്ചെഴുത്തിലും അധ്യയനത്തിന്റെയും അധ്യാപനത്തിന്റെയും മേഖലകളിലും ഏറെ ഗുണങ്ങളുണ്ടെങ്കിലും ഈ നയമുയര്‍ത്തുന്ന സമസ്യകളെയും നാം ശ്രദ്ധിക്കേണ്ടതുണ്ട്. GER അഥവാ ഗ്രോസ് എന്റോള്‍മെന്റ് റേഷ്യോ ഇരട്ടിയാക്കണമെന്നാണ് NEP വിഭാവനം ചെയ്യുന്നത്. അതായത് 2035-ഓടെ GER ഇരട്ടിപ്പിക്കണമെങ്കില്‍ അതുവരെ ഓരോ ആഴ്ചയിലും ഓരോ സര്‍വകലാശാല വീതമെങ്കിലും ആരംഭിയ്ക്കേണ്ടതായി വരും. ഇതുപോലെ തന്നെയാണ് സ്‌കൂളുകളുടെ കാര്യവും. നിലവിലത്തെ സ്ഥിതിയില്‍, GER വര്‍ധനവ് ഉറപ്പ് വരുത്താന്‍ ഓരോ ആഴ്ചയും കുറഞ്ഞത് 50 സ്‌കൂളുകള്‍ വീതം അടുത്ത 15 വര്‍ഷത്തേക്ക് ആരംഭിക്കേണ്ടി വരും. സാമ്പത്തികമായ ഇടപെടല്‍ കാര്യമായി വേണ്ടിവരുന്ന ഒന്നുകൂടിയാണ് ഈ നയം. പ്രതിവര്‍ഷ ജിഡിപി യുടെ ആറ് ശതമാനമാണ് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായി NEP 2020 ലക്ഷ്യം വയ്ക്കുന്നത്. നിലവില്‍ ഇത് 4.6 ശതമാനമാണ്. അതായത് പ്രതിവര്‍ഷം രണ്ടര ലക്ഷം കോടി രൂപയാകും വിദ്യാഭ്യാസ രംഗത്തിന് മാത്രമായുള്ള നീക്കിയിരുപ്പ്. സമസ്യകളുടെ നീണ്ട നിര മുന്നില്‍ പ്രത്യക്ഷപ്പെടുമ്പോഴും 2040 ഓടെ നടപ്പിലാക്കാന്‍ വിഭാവനം ചെയ്യപ്പെട്ട ഈ പദ്ധതിയുടെ ആശയം ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്. ഉയരുന്ന ആശങ്കകളെ പരിഹരിച്ച് പ്രായോഗികമായ നടപടികളിലൂടെ യാഥാര്‍ത്ഥ്യമാക്കിയാല്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിതെളിക്കാന്‍ ഇ നയത്തിനാകും. ഇതിനായി അക്കാദമിക സമൂഹത്തിന്റെ കൂട്ടായ പ്രയത്നവും ഉണ്ടാകേണ്ടതുണ്ട്.
(കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല ഇംഗ്ലീഷ് വിഭാഗത്തില്‍ സീനിയര്‍ റിസര്‍ച്ച് ഫെല്ലോയാണ് ലേഖകന്‍)
Content Highlights: New Education Policy 2020- an analysis by ananthakrishnan
Published: 17 Aug 2023, 08:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented