നീറ്റ് പരീക്ഷ ചോദ്യക്കടലാസ് ചോർച്ച, നമ്മുടെ ദേശീയ പ്രവേശന പരീക്ഷാസംവിധാനത്തിന്റെ വ്യവസ്ഥാപരമായ ദുർബലതകളെ ഒരിക്കൽക്കൂടി തുറന്നുകാണിക്കുന്നു. പരീക്ഷയുടെ സുരക്ഷിതമായ ഏകോപനത്തിൽ നാഷണൽ ടെസ്റ്റിങ് ഏജൻസിക്കുണ്ടായ വീഴ്ച ബാധിക്കുന്നത് 24 ലക്ഷത്തിലധികം വിദ്യാർഥികളെയും അവരുടെ രക്ഷാകർത്താക്കളെയുമാണ്. ചോദ്യക്കടലാസ് സെറ്റ്ചെയ്യുന്നതിന് വിദഗ്ധരെ കണ്ടെത്തുന്നതുമുതൽ പരീക്ഷാഹാളിൽ കുട്ടികൾക്ക് ചോദ്യക്കടലാസ് വിതരണംചെയ്യുന്നതുവരെ അത്യന്തം രഹസ്യാത്മകമായാണ് ഈ പ്രവൃത്തികൾ ചെയ്യേണ്ടത്. ഇതിനിടയിലുള്ള ഏതെങ്കിലും ഒരു കണ്ണി അയഞ്ഞാൽ അതൊരു ദേശീയ ദുരന്തമായി മാറുന്ന അവസ്ഥയാണ് നാം കാണുന്നത്.
വിപണിയുടെ കടന്നുകയറ്റം
ദേശീയതലത്തിൽ നടത്തുന്ന അതിനിർണായക പരീക്ഷകളിൽ ഏറ്റവുമധികം വിദ്യാർഥികൾ എഴുതുന്നത് നീറ്റ് പരീക്ഷയാണ്. മെഡിക്കൽ പ്രോഗ്രാമിന് അഡ്മിഷൻ കിട്ടുന്നതിനു വേണ്ടിയുള്ള രക്ഷാകർത്താക്കളുടെയും വിദ്യാർഥികളുടെയും അതിയായ ആഗ്രഹത്തിൽനിന്നാണ് എൻട്രൻസ് കോച്ചിങ് എന്ന വലിയ വിപണിതന്നെ ഉടലെടുക്കുന്നത്. ഇതോടൊപ്പംതന്നെ ചോദ്യങ്ങളുടെ മോഷണം, പരീക്ഷ എഴുതാനുള്ള ആൾമാറാട്ടം എന്നിങ്ങനെ ഏതുരീതിയിലും പരീക്ഷ ജയിക്കുന്നതിന് കൂട്ടുപിടിക്കാവുന്ന ഒരു വലിയ മാഫിയകൂടി വളർന്നുവന്നിട്ടുണ്ട്.
വളരെ കഠിനമായി പരിശ്രമിച്ച് പരീക്ഷയെഴുതുന്ന വിദ്യാർഥികൾ പലപ്പോഴും ഇതൊന്നു കഴിഞ്ഞുകിട്ടിയാൽ മതി എന്ന അവസ്ഥയിലാണ് ഉണ്ടാവുക. അവരെ സംബന്ധിച്ചിടത്തോളം വീണ്ടും പരീക്ഷയെഴുതുക എന്നുപറയുന്നത്, അതിനി ഫീസ് അടയ്ക്കാതെ, ഇഷ്ടമുള്ള പരീക്ഷാകേന്ദ്രത്തിൽ... എന്നിങ്ങനെ ഒരു നിബന്ധനയുമില്ലാതെയാണെങ്കിൽക്കൂടിയും ഒരു സാധ്യതയോ ഔദാര്യമോ അല്ല, മറിച്ച് ഒരു മാനസികമായ സമ്മർദമാണ്. ഒരു കുട്ടിയുടെ യഥാർഥ കഴിവുകൾ അറിയുന്നതിന് ഒന്നിലധികം പരീക്ഷകൾ സഹായകമാണ്. ഒന്നിലധികം പരീക്ഷകളുടെ ശരാശരി ഉപയോഗിച്ച് കഴിവുകൾ നിർണയിക്കുന്ന രീതി വിദ്യാഭ്യാസത്തിൽ നിലവിലുണ്ട്. എന്നാൽ, ഇവിടെയുണ്ടായിരിക്കുന്നത് ആദ്യം നടത്തിയ പരീക്ഷയുടെ മാർക്ക് ഉപയോഗിക്കാൻ സാധിക്കുകയില്ല എന്നതാണ്.
പരീക്ഷയുടെ ഇരകൾ
ഈ പരീക്ഷയുടെ ഏറ്റവും വലിയ ഇരകളായി മാറുന്നത് വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന വീടുകളിൽനിന്നുവരുന്ന വിദ്യാർഥികൾ, സാമ്പത്തികമായും സാമൂഹികമായും പിന്നാക്കാവസ്ഥയിലുള്ളവർ, പെൺകുട്ടികൾ, ഗ്രാമപ്രദേശങ്ങളിൽനിന്ന് വരുന്ന കുട്ടികൾ എന്നിവരാണ്. വലിയ പരിശീലനവും മാർഗനിർദേശവും ലഭിക്കാതെയാണെങ്കിൽക്കൂടി സ്വന്തം താത്‌പര്യംകൊണ്ട് എഴുതുന്ന ഇപ്പറഞ്ഞ വിഭാഗത്തിലെ വിദ്യാർഥികൾക്ക് ഇനിയെന്ത് എന്നുള്ളത് വലിയൊരു ആശങ്കയാണ്. രണ്ടാമത്തെ പരീക്ഷയുടെ സ്വഭാവമോ അതിനെ നേരിടുന്നതിനുള്ള പരിശീലനമോ പ്രചോദനമോ മാർഗനിർദേശമോ ഒക്കെ നേടിയെടുക്കുന്നതിനുള്ള സാധ്യത ജൂൺ 21 എന്ന ചെറിയ കാലയളവുകൊണ്ട് അവർക്ക് സാധിച്ചുകൊള്ളണമെന്നില്ല.
2027 മുതലുള്ള നീറ്റ് പരീക്ഷ കംപ്യൂട്ടർ അധിഷ്ഠിതമായി നടത്തുമെന്നാണ് മന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്. ഭൗതികമായ മോഷണത്തിന്റെ സാധ്യതകൾ ഇല്ലെങ്കിൽക്കൂടി ഡിജിറ്റൽ മോഷണത്തിന് സാധ്യതകൾ അപ്പോഴും നിലനിൽക്കുന്നുണ്ട്. സർക്കാർ ഉടമസ്ഥതയിൽ രാജ്യമെമ്പാടും പരീക്ഷനടത്തുന്നതിനുള്ള ഡിജിറ്റൽ സൗകര്യങ്ങളുടെ അഭാവമുണ്ട്. അതിനാൽ, പരീക്ഷാകേന്ദ്രങ്ങളായി കംപ്യൂട്ടർ ലാബ് സൗകര്യങ്ങളുള്ള സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയുണ്ടാകും. ഉദാഹരണമായി 2021-ലെ JEE പരീക്ഷാനടത്തിപ്പിന് സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ കംപ്യൂട്ടർ സെന്ററുകളെ ആശ്രയിച്ചിരുന്നു. സ്വകാര്യ സ്ഥാപനങ്ങൾ അവരുടെ കംപ്യൂട്ടറുകളിൽ കൃത്രിമങ്ങൾ കാണിച്ച് പരീക്ഷയെഴുതിയ വിദ്യാർഥികളെ സഹായിച്ചെന്ന് ആ വർഷം തെളിഞ്ഞിരുന്നു. കംപ്യൂട്ടർ അധിഷ്ഠിതമാക്കുന്നതുകൊണ്ട് എല്ലാറ്റിനും പരിഹാരമായെന്ന് പറയാനാകാത്ത അവസ്ഥ. അതുകൊണ്ടാണ് 2024-ൽ രാധാകൃഷ്ണൻ കമ്മിറ്റി ഹൈബ്രിഡ് മോഡൽവഴി പരീക്ഷനടത്തണമെന്ന് നിർദേശിച്ചത്. പൂർണമായി ഡിജിറ്റലാക്കുന്നതിനുപകരം പരീക്ഷയ്ക്ക് തൊട്ടുമുൻപുമാത്രം ചോദ്യക്കടലാസ് പ്രിന്റ്ചെയ്യുന്ന രീതിയിൽ സെന്ററുകൾക്ക് ലഭ്യമാക്കണമെന്നാണ് നിർദേശിച്ചിരുന്നത്.
മാഫിയകളെ ചെറുക്കണം
പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ചട്ടം, 2024 രാജ്യത്ത് നിലവിലുണ്ട്. എൻട്രൻസ് പരീക്ഷ അടക്കമുള്ളവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് പത്തുവർഷം കഠിനതടവും ഒരു കോടിരൂപവരെ പിഴയും നിയമം അനുശാസിക്കുന്നു. പക്ഷേ, അതുകൊണ്ടൊന്നും എൻട്രൻസ് പരീക്ഷയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ അവസാനിക്കുമെന്ന് തോന്നുന്നില്ല. പരീക്ഷാനടത്തിപ്പുതന്നെ മെഡിക്കൽ അധ്യാപകരുടെയും വിദഗ്ധരുടെയും കൈയിൽനിന്ന് പോലീസുകാരുടെയോ സി.ബി.ഐ.യുടെയോ കൈയിലേക്ക് മാറ്റേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത് എന്നത് ഒരു വൈരുധ്യമാണ്. പഠനത്തിലൂടെയും ഗവേഷണത്തിലൂടെയുംമാത്രമേ ഈ പരീക്ഷയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വീഴ്ചകൾ പുനരവലോകനംചെയ്യുന്നതിന് സാധിക്കുകയുള്ളൂ.
ഇതിനുള്ള ആദ്യത്തെ പ്രതിരോധമുണ്ടാവേണ്ടത് നമ്മുടെ വീടുകളിലും രക്ഷാകർത്താക്കളുടെ കാഴ്ചപ്പാടുകളിലുമാണ്. എന്തുവിലകൊടുത്തും വാങ്ങാനാളുണ്ട് എന്നുവരുമ്പോഴാണ് ഇത്തരത്തിലുള്ള മാഫിയകൾ പ്രവർത്തനസജ്ജമാവുന്നത്. മെഡിക്കൽ എൻട്രൻസ് പരീക്ഷയടക്കമുള്ളവയോട് രക്ഷാകർത്താക്കളുടെ മനോഭാവത്തിൽ ഒരു വലിയ മാറ്റമുണ്ടായില്ലെങ്കിൽ ഏതുതരത്തിലുള്ള ഡിജിറ്റൽ സമ്പ്രദായത്തിലേക്കുപോയാലും കുറ്റകൃത്യത്തെ ഉത്പാദിപ്പിക്കുന്ന പര്യാവരണം നിലനിൽക്കുകതന്നെ ചെയ്യും.
Content Highlights: The recurring NEET question paper leaks expose critical vulnerabilities within the National Testing Agency's infrastructure, turning national examinations into profitable playgrounds for the coaching mafia while inflicting immense psychological and financial distress on millions of aspiring students.
Published: 22 May 2026, 04:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented