
മാനോ മീനോ മരമോ, മാനോ മീനോ മരമോ ആകുന്നത് പഠിച്ചിട്ടല്ല. മനുഷ്യര്‍ പക്ഷേ, മനുഷ്യരാവുന്നത് പഠിച്ചിട്ടാണ്. മനുഷ്യരൊഴിച്ചുള്ള ജീവജാലങ്ങളുടെ വളര്‍ച്ചയുടെ കടിഞ്ഞാണ്‍ പ്രകൃതിയുടെ കൈയിലാണ്. മനുഷ്യരുടെ വളര്‍ച്ചയുടെ കടിഞ്ഞാണാകട്ടെ അവരുടെ സ്വന്തം കൈയിലും. മുന്‍തലമുറകള്‍ കണ്ടെത്തിയ പോംവഴികളെ കാലാനുസൃതമായി പരിഷ്‌കരിച്ച് അത് ഊന്നുവടിയാക്കി അവര്‍ മുന്നേറുന്നു. ഈ സ്വാംശീകരണത്തിന്റെയും പ്രയോഗത്തിന്റെയും ഔപചാരികമായ ഇടമാണ് വിദ്യാഭ്യാസം. പഠിക്കുന്ന, പഠനത്തിലൂടെ നിരന്തരം നവീകരിക്കുന്ന, അങ്ങനെ അതിജീവിക്കുന്ന മൃഗമാണ് മനുഷ്യന്‍. തലമുറ തലമുറ കൈമാറുന്ന, കൈമാറുന്തോറും പുഷ്ടിപ്പെടുന്ന ഈ പ്രക്രിയയുടെ മുഖ്യമായ മാധ്യമം ഭാഷയും ഭാഷയുടെ പ്രയോഗങ്ങളായ വായനയും എഴുത്തുമാണ്. ഏത് വ്യക്തിയുടെയും ആസകലമായ വളര്‍ച്ചയുടെ ആരംഭമാണ് വിദ്യാരംഭംകുറിക്കുന്നത്.
മുമ്പൊക്കെ സ്‌കൂളിലെ പ്രൈമറിതലങ്ങള്‍ പിന്നിടുമ്പോള്‍ വായനയും എഴുത്തും വിദ്യാര്‍ഥിയുടെ വരുതിയില്‍ നിന്നിരുന്നു. ഏതും വായിച്ചുഗ്രഹിക്കാനും എഴുതിഫലിപ്പിക്കാനും പരിമിതമെങ്കിലുമായ ശേഷി അവരാര്‍ജിച്ചിരുന്നു. തെറ്റുകൂടാതെ എഴുതാനും വായിക്കാനുമാവുന്നവരേ ആ കടമ്പ കടക്കൂ. ഓരോ പാഠപുസ്തകത്തിലെയും ഉദ്ദേശ്യങ്ങളുടെ പരമാവധി ലക്ഷ്യം അന്ന് ഓരോ ക്ലാസും സാക്ഷാത്കരിച്ചു. ഇതുപക്ഷേ, എല്ലാ വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ കൈവരിക്കാനായില്ല. സാമൂഹികവും സാമ്പത്തികവും ശാരീരികവുമായ പിന്‍നിലകള്‍ അവരിലേറെപ്പേരെയും തുണച്ചില്ല. പരാജയങ്ങളും ഒഴിഞ്ഞുപോക്കും സര്‍വസാധാരണമായി. 'പാണനെന്തിനാണ് പഠിക്കുന്നത്' എന്ന എം. കുഞ്ഞാമനോടുള്ള അധ്യാപകന്റെ ചോദ്യം വേഷംമാറി, ആളുമാറി, സന്ദര്‍ഭംമാറി സ്‌കൂളുകള്‍ ചോദിച്ചുകൊണ്ടിരുന്നു. ജീവിതാന്ത്യത്തോളം നീളുന്ന പരാജയങ്ങള്‍ പലര്‍ക്കും നേരിടേണ്ടിവന്നു. അപമാനകരമായി, പഠനവും പരീക്ഷയും മാറി. ഈ വിഷമപ്രശ്‌നത്തെ നേരിടുന്നതിനുപകരം, ഗവേഷണ-നിരീക്ഷണങ്ങളിലൂടെ ഉചിതമായി പരിഹരിക്കുന്നതിനുപകരം കണ്ട എളുപ്പവഴി എത്തിച്ചേര്‍ന്നിടത്താണ് നമ്മളിപ്പോള്‍. മാര്‍ക്ക് വാരിക്കോരിക്കൊടുത്തും മുഴുവനാളുകളെയും ജയിപ്പിച്ചും ഈ പ്രശ്‌നത്തിന് അധികൃതര്‍ എളുപ്പത്തില്‍ ക്രിയചെയ്ത് ഫലംകണ്ടു. സിലബസും കരിക്കുലവുമെല്ലാം അസംഗതമായി. ഉത്തരങ്ങള്‍മാത്രം പഠിച്ചാല്‍മതി, ഒന്നിനെക്കുറിച്ചും ഒന്നുമറിേയണ്ട, ഓങ്ങിയാല്‍ മതി കൊണ്ടതായിക്കൂട്ടണം, ചോദ്യത്തിന് അറ്റംപ്റ്റ് ചെയ്താല്‍മതി മുഴുവന്‍ മാര്‍ക്കും നല്‍കണം എന്നെല്ലാം മുകളില്‍നിന്ന്(!) തീട്ടൂരങ്ങള്‍ വന്നു. ഒരര്‍ഹതയുമില്ലാത്തവര്‍ക്കും ഫുള്‍ എ പ്‌ളസ് കിട്ടാനുള്ള സാഹചര്യമൊരുക്കണം.
ഇടയ്ക്കുള്ള കല്ലുകള്‍ പലതും തൊടാതെത്തന്നെ കുട്ടികള്‍ക്ക് അവസാനത്തെ കല്ലിലെത്താനായി. നിരക്ഷരരായ ബിരുദാനന്തര വിദ്യാര്‍ഥികള്‍ സര്‍വകലാശാല വിട്ടിറങ്ങി. അക്ഷരത്തെറ്റോ വാക്യത്തെറ്റോ ഇതിനകം ഒരു പ്രശ്‌നമല്ലാതായിക്കഴിഞ്ഞിരുന്നു. ഭാഷയോളമാണ് ഒരാളുടെ ഗ്രഹണശേഷി എന്നതൊക്കെ ആരറിയാന്‍?
മുന്‍തലമുറയെക്കാള്‍ ഉയര്‍ന്ന ഐ.ക്യു. പുതുതലമുറയ്ക്കുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥയ്ക്കും മാറ്റമുണ്ടായിട്ടുണ്ട്. രക്ഷിതാക്കളുടെ പൊതുധാരണയും ഉയര്‍ന്നു. ഗൂഗിള്‍പോലൊരു സര്‍വജ്ഞനായ അധ്യാപകന്‍ സദാ ഉള്ളംകൈയില്‍. കൂടുതല്‍ കണിശമായ വിലയിരുത്തലിന് കാലമായിക്കൊണ്ടിരിക്കുന്നു.
മാര്‍ക്ക് വാരിക്കോരിക്കൊടുത്ത് പഠനത്തെ പ്രഹസനമാക്കരുത്. അര്‍ഹതയില്ലാത്തവര്‍ക്ക് മാര്‍ക്കുനല്‍കി അര്‍ഹതയുള്ളവരെ അവഹേളിക്കരുത്. പിന്നാക്കം നില്‍ക്കുന്നവരെ സവിശേഷമായി സഹായിക്കണം, അനര്‍ഹമായ മാര്‍ക്കുകൊടുത്തുകൊണ്ടല്ല. അജ്ഞതയുടെ ദൃശ്യത എടുത്തുകളഞ്ഞുകൊണ്ടല്ല, പരോക്ഷമായി നിലനിര്‍ത്തിക്കൊടുത്തുകൊണ്ടല്ല. ഒപ്പമല്ലാത്തവരെ ഒപ്പമെത്തിക്കുന്നത് മുന്നിലുള്ളവരെ ഉറക്കിക്കിടത്തിയിട്ടല്ല; ഒപ്പമെത്താത്തവരെ ഉയര്‍ത്തിയും ഉണര്‍ത്തിയുംകൊണ്ടാണ്.
കോവിഡ്കാലത്തെ സീറോ സ്‌കൂള്‍ വര്‍ഷത്തില്‍ സമയക്രമം തെറ്റിക്കാതെ പരീക്ഷനടത്തി, പരീക്ഷയ്ക്ക് വിദ്യാഭ്യാസവുമായി ബന്ധമൊന്നുമില്ലെന്ന് തെളിയിച്ച നാടാണ്. 'വിദ്യാഭാസ'ത്തിന് വിദ്യാഭ്യാസത്തിന് കൊടുക്കുന്ന മാര്‍ക്ക് കൊടുക്കുന്നതില്‍ തെറ്റില്ലെന്ന് കണ്ടുപിടിച്ച നാടാണ്. നിരക്ഷരരെ മാര്‍ക്കുകൊടുത്ത് സാക്ഷരരാക്കി മാറ്റുന്ന പ്രക്രിയ വിദ്യാഭ്യാസവിപ്ലവമാണെന്ന് ധരിക്കുന്ന നാട്.
ഈ 'വിദ്യാഭാസവിപ്ലവ'ത്തെയും അഭിവാദ്യം ചെയ്യാന്‍ കായികമായി വിദ്യാഭ്യാസത്തെ നേരിടുന്ന വിദ്യാര്‍ഥിസംഘടനകളും ചെയ്യുന്നതെന്താണ് എന്നറിയാത്ത അധ്യാപകസംഘടനകളും കേരളത്തിലുണ്ട്. എന്തൊരു മോഡല്‍!
Content Highlights: Kalpatta Narayanan, education system, Kerala news, Kerala model
Published: 10 Dec 2023, 09:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented