സ്മാര്‍ട്ട് ക്ലാസ് മുറികളും അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനോപകരണങ്ങളും ഉള്ള സ്‌കൂളുകളുള്ള കോഴിക്കോട് ജില്ലയില്‍ ഒറ്റമുറിയില്‍ പ്രവര്‍ത്തിക്കുന്ന നാല് ക്ലാസുകളുള്ള ഒരു വിദ്യാലയം ഉണ്ട്. മുത്തപ്പന്‍ പുഴ സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂള്‍. ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ മാത്രം പഠിക്കുന്ന പിടിഎയോ പിടിഎ ഫണ്ടോ ഇല്ലാത്ത അധികമാരും തിരിഞ്ഞുനോക്കാത്ത ഒരു വിദ്യാലയം. അവിടെ ഒരു അധ്യാപകനുണ്ട്, തനിക്ക് ശമ്പളം കിട്ടുന്ന കാലം വരെ കുട്ടികള്‍ക്ക് പഠനോപകരണങ്ങളും ഭക്ഷണവും നല്‍കി അവര്‍ക്ക് അറിവ് നല്‍കി ഒരു സമൂഹത്തെ പുരോഗതിയിലേക്ക് എത്തിക്കണം എന്ന് ദൃഢപ്രതിജ്ഞ എടുത്ത് ട്രാന്‍സ്ഫര്‍ പോലും വേണ്ടെന്ന് വച്ച് കുഞ്ഞുങ്ങള്‍ക്ക് വേണ്ടതെല്ലാം ചെയ്ത് കൊടുക്കുന്ന ഒരു അധ്യാപകന്‍. ലൈജു തോമസ് എന്ന ആ അധ്യാപകന്റെ കൈ പിടിച്ച് അറിവിന്റെ ലോകത്തേക്ക് പതിയെ കടന്നുവരികയാണ് മുത്തപ്പന്‍പുഴ ആദിവാസി മേഖലയിലെ കുരുന്നുകള്‍. 

To advertise here,

കുട്ടികള്‍ എത്താത്ത വിദ്യാലയം, കാലിത്തൊഴുത്തായ ക്ലാസ് മുറികള്‍

 2018 ഏപ്രില്‍ ഒന്നിന് പ്രധാന അധ്യാപകനായി മുത്തപ്പന്‍പുഴ സെന്റ് സെബാസ്റ്റ്യന്‍ എല്‍ പി സ്‌കൂളിലേക്ക് ലൈജു തോമസ് എത്തുമ്പോള്‍ ദയനീയമായിരുന്നു സ്‌കൂളിന്റെ അവസ്ഥ. രേഖകളില്‍ കുട്ടികള്‍ 20 ഉണ്ടെങ്കിലും ആരും കൃത്യമായി ക്ലാസില്‍ വരില്ല. ഓടുകള്‍ ചോര്‍ന്നൊലിച്ച് വെള്ളം കെട്ടി നില്‍ക്കുന്ന ക്ലാസ് മുറിയും മാലിന്യം നിക്ഷേപിച്ച് ചളി നിറഞ്ഞ് വയല്‍ ഉഴുതുമറിച്ചിട്ടതിനേക്കാള്‍ മോശം സ്ഥിതിയില്‍ ഉള്ള സ്‌കൂള്‍ മൈതാനവും സ്‌കൂളിന് ചുറ്റും വളര്‍ന്ന കാടും കൂട്ടിയിട്ട കല്ലുകളും അതിനുള്ളിലെ ഇഴജന്തുക്കളും അങ്ങനെ ആരും തിരിഞ്ഞ് നോക്കാത്ത സഹായത്തിന് പിടിഎയോ പിടിഎ ഫണ്ടോ ഒന്നും ഇല്ലാത്ത സാമൂഹ്യ പ്രവര്‍ത്തകരുടെ പോലും കണ്ണെത്തിയിട്ടില്ലാത്ത ഒരു വിദ്യാലയം.
 
മലമുകളില്‍ ഉള്ള താമസക്കാര്‍ കൃഷി നശിച്ച് താഴ്ന്ന പ്രദേശങ്ങളിലേക്ക് മാറിയതിനാല്‍ സ്‌കൂളിന് തൊട്ടടുത്തുള്ള പണിയ ആദിവാസി ഊരിലെ കുട്ടികളായിരുന്നു സ്‌കൂളിന്റെ ഗുണഭോക്താക്കള്‍. സ്‌കൂളിന്റെ ഈ സാഹചര്യം തുടര്‍ന്നാല്‍ കുട്ടികള്‍ ക്ലാസില്‍ എത്തില്ലെന്നും അവര്‍ക്ക് വിദ്യാഭ്യാസം നല്‍കിയാലോ ആ സമൂഹത്തിന് പുരോഗതി ഉണ്ടാവൂ എന്നും ഉറച്ച ബോധ്യമുണ്ടായിരുന്നു ലൈജു തോമസ് അവിടം മുതല്‍ തന്റെ ദൗത്യം ആരംഭിച്ചു. അറിവിന്റെ വെളിച്ചം എത്താത്ത ആദിവാസി വിഭാഗത്തില്‍ പെടുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരികയെന്നതായിരുന്നു ആ അധ്യാപകന്റെ ലക്ഷ്യം. 

അധ്യാപകന്‍ തന്നെ രക്ഷിതാവ്

അധ്യാപകനായിരിക്കുന്ന ഞാനാണ് സമൂഹ സൃഷ്ടിയിലെ ഒരു പ്രധാനപ്പെട്ട കണ്ണി എന്നതാണ് എന്റെ  കാഴ്ചപ്പാടെന്നാണ് ലൈജു തോമസ് പറയുന്നത്. എ ടീച്ചര്‍ ഈസ് എ സോഷ്യല്‍ എന്‍ജിനീയര്‍ എന്നാണ് ഞാന്‍ പഠിച്ചിറങ്ങിയത്. സാമൂഹ്യ എന്‍ജിനീയര്‍ എന്ന ആ ഒരു ദൗത്യം കൃത്യമായി പൂര്‍ത്തിയാക്കേണ്ടുന്ന ഒരു ഇടം ഇതാണ് എന്ന് എനിക്ക് തോന്നി. അങ്ങനെ അവരെ കൈപിടിച്ച് കയറ്റണമെന്ന് ഒരു ലക്ഷ്യം എന്നിലേക്ക് വന്നുവെന്ന് ലൈജു തോമസ് പറയുന്നു. ലൈജു തോമസ് സ്‌കൂളിലേക്ക് വരുമ്പോള്‍ 20 കുട്ടികളാണ് സ്‌കൂളിലെ രേഖകളില്‍ ഉണ്ടായിരുന്നത്. ഒരു സ്ഥിരം അധ്യാപകനും ദിവസവേതന അടിസ്ഥാനത്തില്‍ ഒരാളും ഒരു പ്രൊട്ടക്ടട് ടീച്ചറും ഉള്‍പ്പെടെ നാല് ജീവനക്കാരും.

കുട്ടികള്‍ ക്ലാസിലെത്താതായപ്പോള്‍ ലൈജു തോമസ് കുട്ടികളെ തേടി ഊരിലേക്ക് ഇറങ്ങി. പുഴയിലും കാട്ടിലും കളിച്ചു നടന്നിരുന്ന കുട്ടികളെ ബൈക്കില്‍ ഇരുത്തി സ്‌കൂളിലെത്തിച്ചു. അവര്‍ വിശന്നിരിക്കുന്നുവരാണെന്ന് തിരിച്ചറിഞ്ഞതോടെ പ്രഭാതഭക്ഷണം നല്‍കിത്തുടങ്ങി. ആ പതിവ് ഇന്നും  തുടരുന്നുണ്ട്. 9.30 കഴിഞ്ഞാല്‍ അദ്ദേഹം ബൈക്കുമായി ഇറങ്ങും. വീടുകളില്‍ ചെന്ന് കുട്ടികളെ കാത്തുനില്‍ക്കും അവരെ ഒരുക്കി സ്‌കൂളില്‍ എത്തിക്കും. അവില്‍ കുഴച്ചതോ ഉപ്പുമാവോ പ്രഭാത ഭക്ഷണമായി നല്‍കും. ഒപ്പം പാലും പഴവും. ഒരു ബിസ്‌ക്കറ്റൊക്കെ കഴിച്ചിട്ടുവരുന്ന കുഞ്ഞുങ്ങള്‍ക്ക് പഠിക്കാന്‍ പറ്റില്ല. അവരുടെ വളര്‍ച്ചയെയും പഠനത്തെയും അത് ബാധിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയാണ് രാവിലത്തെ ഭക്ഷണത്തിനുള്ള സംവിധാനം ലൈജു സ്‌കൂളില്‍ ഒരുക്കിയത്. കഴിഞ്ഞ വര്‍ഷം പ്രഭാത ഭക്ഷണം നല്‍കിയ വകയില്‍ പഞ്ചായത്തില്‍ നിന്നും മൂന്നുമാസത്തെ പണം ലഭിച്ചു. അതിനുമുമ്പും ഇപ്പോളും ലൈജു കയ്യില്‍ നിന്നും പണം എടുത്താണ് പ്രഭാത ഭക്ഷണം നല്‍കുന്നത്. ഫണ്ട് കിട്ടണം എന്ന് ആഗ്രഹിച്ചിട്ടല്ല ഇതു ചെയ്യുന്നതെന്നും പണം കിട്ടിയാലും ഇല്ലെങ്കിലും കുട്ടികള്‍ക്ക് ഞാന്‍ പ്രഭാത ഭക്ഷണം നല്‍കുമെന്നും ലൈജു പറയുന്നു.  കുട്ടികള്‍ക്ക് നല്‍കുന്ന ഉച്ചഭക്ഷണത്തിലുമുണ്ട് ലൈജുവിന് കുഞ്ഞുങ്ങളോട് ഉള്ള സ്‌നേഹം.  സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉച്ചക്കഞ്ഞിക്ക് ഒരുമാസം കിട്ടുക 800-850 രൂപയാണെന്നാണ് ലൈജു പറയുന്നത്. കുട്ടികള്‍ക്ക്  ചോറും ഒരു കറിയും കൊടുത്താല്‍ പോലും ആ പണം തികയില്ല. പക്ഷേ, ലൈജു അതൊന്നും ശ്രദ്ധിക്കാറേ ഇല്ല. എങ്ങനെയെങ്കിലും കുഞ്ഞുങ്ങളെ പഠിപ്പിച്ചെടുക്കുക, അവര്‍ക്ക് നല്ല ഭക്ഷണം നല്‍കുക എന്നത് മാത്രമാണ് ലൈജുവിന്റെ ലക്ഷ്യം. അതുകൊണ്ട് ഇറച്ചിയോ മീനോ വീട്ടില്‍ നിന്ന് പാചകം ചെയ്തു കൊണ്ടുവരും. അത് ഉച്ചഭക്ഷണത്തിന് കുട്ടികള്‍ക്ക് വിളമ്പും. അവര്‍ക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കും. സ്‌കൂളിലേക്ക് വരാന്‍ ഇഷ്ടമുള്ള എല്ലാ സാഹചര്യവും ആ കുട്ടികള്‍ക്ക് ഒരുക്കി കൊടുക്കണം. പ്രസരിപ്പോടെ അവര്‍ ഇവിടെ നിന്നും പഠിച്ച്  യുപി സ്‌കൂളിലേക്ക് പോകണം ഇത് മാത്രമാണ് ലൈജുവിന്റെ ആഗ്രഹം.

മുത്തപ്പന്‍ പുഴയിലെ ഊരുകളിലെ വീടുകളിലെ സാഹചര്യങ്ങള്‍ വളരെ ദയനീയമാണ്. മണ്ണ് പുരണ്ട ചളിയുള്ള വീടുകളിലാണ് താമസം. എല്ലാ വീടുകളും ഇത്തരം സാഹചര്യങ്ങളില്‍ തന്നെയായതിനാല്‍ മിക്കവാറും കുട്ടികള്‍ക്ക് ചൊറിച്ചില്‍ ഉള്‍പ്പടെയുളള ചര്‍മ്മ രോ?ഗങ്ങള്‍ ഉണ്ട്. എങ്കിലും ഒരു ഗുരുവിന്റെ സ്ഥാനത്തുനിന്ന് ലൈജു അവരെ ചേര്‍ത്തുപിടിക്കും. ലൈജു തന്നെ ഹോമിയോ ആശുപത്രിയിലോ, തിരുവമ്പാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലോ കൊണ്ടുപോയി കുട്ടികള്‍ക്ക് മരുന്നു വാങ്ങി നല്‍കും. അവര്‍ക്ക് അസുഖം ഉണ്ടെങ്കില്‍ നമ്മള്‍ തന്നെ അവരുടെ ഡോക്ടര്‍ ആയിട്ട് മാറിയാല്‍ അവര്‍ക്കും അവരുടെ ആരോഗ്യത്തിന് ശ്രദ്ധയുണ്ടാവുകയുള്ളൂ എന്ന് ലൈജു പറയുന്നു.

placeholder
ലൈജു തോമസ് സ്കൂളിൽ. ഫോട്ടോ: ഷഹീർ.സി.എച്ച്

ഇവിടെ നിന്നും പഠിച്ചിറങ്ങി ഉപരിപഠനം നടത്തുന്ന കുട്ടികളെയും ലൈജു ഇപ്പോഴും ചേര്‍ത്തുനിര്‍ത്തുന്നുണ്ട്. സ്‌കൂളിലുള്ള കുട്ടികള്‍ക്ക് ബിരിയാണി പോലുള്ള എന്തെങ്കിലും ഭക്ഷണം ഉണ്ടാക്കുകയാണെങ്കില്‍ യുപി സ്‌കൂളില്‍ ഉള്ള കുട്ടികള്‍ക്കുള്ള ഭക്ഷണം ലൈജു കൊടുത്തുവിടും. അല്ലെങ്കില്‍ ഇളയ കുഞ്ഞുങ്ങളുടെ കയ്യില്‍ അവരുടെ വീട്ടിലേക്ക് കൊടുത്തയക്കും. കുട്ടികളെ വിനോദയാത്രയ്ക്ക് കൊണ്ടുപോവുമ്പോളും മുതിര്‍ന്ന കുട്ടികളെയും ഈ സ്‌കൂളിലെ കുഞ്ഞുങ്ങളെയും ഒരുമിച്ചാണ് കൊണ്ടുപോവുക. ഇവരെ എല്ലാവരെയും ഒരുമിച്ച് രക്ഷപ്പെടുത്തി എടുക്കുക എന്ന ലക്ഷ്യം മനസ്സിലുള്ളതിനാല്‍ അതിനുവേണ്ടി ചെലവാകുന്ന തുകയെക്കുറിച്ച് ഞാന്‍ ഒരിക്കലും ചിന്തിക്കാറില്ലെന്ന് ലൈജു പറയുന്നു. സാറ് ഞങ്ങളുടെ കാര്യം ശ്രദ്ധിക്കുന്നുണ്ട് എന്ന് തോന്നുമ്പോള്‍ അവര്‍ക്ക് സ്‌കൂളില്‍ പോകാനും ഉത്സാഹം ഉണ്ടാകും. പുഴകളില്‍ കളിച്ചു നടക്കുകയായിരുന്ന കുട്ടികള്‍ ഇപ്പോള്‍ വീടിന് മുന്നില്‍ അരമണിക്കൂര്‍ എങ്കിലും കാത്തു നിന്നാല്‍ കൂടെ വരുന്ന ഒരു സാഹചര്യത്തിലേക്ക് എത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് ലൈജു. 'നമ്മള്‍ അവരുടെ കാര്യം ശ്രദ്ധിക്കുന്നുണ്ട് എന്ന് തോന്നിത്തുടങ്ങിയപ്പോള്‍ രക്ഷിതാക്കളും കുട്ടികളെ സ്‌കൂളില്‍ അയക്കാന്‍ താത്പര്യം കാണിച്ചുതുടങ്ങി. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അറിയാത്തതുകൊണ്ടാണ് അവരതിന് മുന്‍കൈയെടുക്കാതിരുന്നത്. ഇപ്പോള്‍ രക്ഷിതാക്കള്‍ക്കും മാറ്റം ഉണ്ട്'-ലൈജു പറയുന്നു.

സ്‌കൂളില്‍ തനിച്ചായ കാലം

2021 ആയതോടെ കൂടെയുണ്ടായിരുന്ന അധ്യാപകന്‍ പ്രമോഷനായി മറ്റൊരു സ്‌കൂളിലേക്ക് പോവുക പ്രൊട്ടക്ടഡ് ടീച്ചര്‍ വരാതാവുകയും ചെയ്തതോടെ ലൈജു സ്‌കൂളില്‍ തനിച്ചായി. പിന്നീട് 2022ല്‍ ആറുമാസക്കാലം താല്‍ക്കാലിക അധ്യാപകനെ കിട്ടിയെങ്കിലും 2023 വീണ്ടും ലൈജു മാത്രമായി. പക്ഷേ, അപ്പോഴും ആ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി കഴിയാവുന്നതെല്ലാം ലൈജു ചെയ്തു. നാലു ക്ലാസിലും ഉള്ള കുഞ്ഞുങ്ങള്‍ക്ക് പാഠഭാഗങ്ങള്‍ പറഞ്ഞു കൊടുത്തു. ഒന്നാം ക്ലാസിന്റെ പാഠപുസ്തകം ആദ്യം എടുക്കും പിന്നെ രണ്ട് മൂന്ന് നാല് അങ്ങനെ നാലു ക്ലാസിലും ലൈജു കുഞ്ഞുങ്ങളെ പഠിപ്പിച്ചു. പാഠഭാഗം മുഴുവന്‍ തീര്‍ക്കുന്നതോടൊപ്പം അവര്‍ക്ക് വേണ്ട അടിസ്ഥാന കാര്യങ്ങളും ഞാന്‍ പറഞ്ഞു നല്‍കി. നാലാം ക്ലാസ് കഴിയുന്നതോടെ യുപിയിലേക്കുള്ള തുടര്‍പഠനം സാധ്യമാവുന്ന രീതിയില്‍ ആ കുട്ടികളെ ഉയര്‍ത്തുന്ന രീതിയിലാണ് തനിച്ചായ കാലത്തും ലൈജു പ്രവര്‍ത്തിച്ചത്. ആ ലക്ഷ്യത്തോടുകൂടിയാണ് ഇന്നും മുന്നോട്ടുപോകുന്നതും. തിരിഞ്ഞുനോക്കുമ്പോള്‍ ഞാനെന്റെ ഓട്ടം നല്ലവണ്ണം പൂര്‍ത്തിയാക്കിയെന്ന് പറഞ്ഞു ഈ ഭൂമിയില്‍ നിന്ന് എനിക്ക് പോകണമെന്നാണ് എന്റെ ആഗ്രഹം എന്ന് ലൈജു. 

വിദ്യാര്‍ഥികളായി മുതിര്‍ന്നവരും

ലൈജു മുത്തപ്പന്‍പുഴയില്‍ എത്തുന്ന സമയത്ത് ആ ഭാഗത്ത് പത്താം ക്ലാസിലുള്ള കുട്ടികള്‍ക്ക് പോലും എഴുത്തും വായനയും അറിയില്ലായിരുന്നു. അവര്‍ക്ക് അറിവ് പകര്‍ന്നു നല്‍കാനുള്ള ശ്രമങ്ങളും ലൈജു നടത്തിയിരുന്നു. സ്‌കൂള്‍ സമയത്തിന് ശേഷം അത്തരം കുട്ടികളെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തി അവരെ പഠിപ്പിക്കുന്നതായിരുന്നു രീതി.  വൈകുന്നേരം 5 മണി മുതല്‍ 7 മണിവരെയായിരുന്നു അവര്‍ക്ക് ക്ലാസ് എടുത്തിരുന്നത്. കഴിക്കാനുള്ള ഭക്ഷണവും സ്‌കൂളില്‍ നിന്നും തയ്യാറാക്കി നല്‍കിയിരുന്നു. മുതിര്‍ന്ന കുട്ടികള്‍ക്ക് കൂടി ക്ലാസ്സ് എടുത്തു തുടങ്ങിയത് പ്രദേശത്തെ വീടുകളുമായി ഒരു ബന്ധം ഉണ്ടാക്കാന്‍ ലൈജുവിന് സഹായകരമായി. മുതിര്‍ന്ന കുട്ടികള്‍ കൂടി പഠിക്കാന്‍ ഇഷ്ടപ്പെട്ടു തുടങ്ങിയതോടുകൂടി വീട്ടിലെ രക്ഷിതാക്കളും ലൈജുവിനെ മനസ്സിലാക്കുകയും ലൈജു ഇവരെ വിദ്യാഭ്യാസപരമായി മുന്നോട്ട് കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്ന് അവര്‍ തിരിച്ചറിയുകയും കുഞ്ഞുങ്ങളെ അവര്‍ സ്‌കൂളിലേക്ക് വിടാന്‍ തുടങ്ങുകയും ചെയ്തു. എന്നാല്‍, പ്രാദേശികമായ ഇടപെടല്‍ കാരണം പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുഞ്ഞുങ്ങള്‍ക്ക് റെമഡിയില്‍ ടീച്ചിങ് നല്‍കണമെന്ന സര്‍ക്കാര്‍ ആശയം പ്രാവര്‍ത്തികമാക്കാന്‍ ലൈജുവിന് കഴിഞ്ഞില്ല.

placeholder
ലൈജു തോമസ് കുട്ടികൾക്കൊപ്പം. ഫോട്ടോ: ഷഹീർ.സി.എച്ച്

വരണം, കൂടുതല്‍ കുട്ടികള്‍

ഇവിടെ പഠിക്കുന്നത് ആദിവാസി കുട്ടികളായതുകൊണ്ടോ അവരുടെ കൂടെ മറ്റു കുട്ടികളെ പഠിപ്പിക്കാനുള്ള വിഷമം കൊണ്ടോ സ്‌കൂളിലെ സാഹചര്യം കൊണ്ടൊ ഒക്കെ ഈ സ്‌കൂള്‍ ആര്‍ക്കും വേണ്ടാത്ത ഒരു സാഹചര്യത്തിലാണ് ഉണ്ടായിരുന്നതെന്ന് ലൈജു പറയുന്നു. ഓടൊക്കെ പൊട്ടി വെള്ളം ഒലിച്ച് നാശമായിക്കിടന്ന ക്ലാസ് മുറിയും മാലിന്യം നിറഞ്ഞ മൈതാനവും ഒക്കെയുളള സാഹചര്യം. സ്‌കൂളിലെത്തി ഒന്നര വര്‍ഷക്കാലം ലൈജു സ്‌കൂളില്‍ തന്നെയായിരുന്നു താമസിച്ചിരുന്നത്. ആ സമയത്ത് ഓട് പൊട്ടിയാല്‍ ലൈജു തന്നെ മാറ്റും. മൈതാനം വൃത്തിയാക്കിയതും കല്ലു നീക്കി കാടുവെട്ടിയതും എല്ലാം ലൈജുവിന്റെ അധ്വാനം. അങ്ങനെയാണ് കുട്ടികള്‍ക്ക് പഠിക്കാനുള്ള സാഹചര്യം ലൈജു സ്‌കൂളില്‍ ഒരുക്കിയത്. എട്ട് കുഞ്ഞുങ്ങള്‍ ആണ് ഇപ്പോള്‍ ഉള്ളത്. ഒന്നാം ക്ലാസിലെ മൂന്ന് പേരും രണ്ടാം ക്ലാസില്‍ രണ്ട് പേരും മൂന്നാം ക്ലാസില്‍ രണ്ടു കുട്ടികളും നാലാം ക്ലാസില്‍ ഒരാളും. ഈ കുഞ്ഞുങ്ങള്‍ കൃത്യമായി സ്‌കൂളില്‍ വരണം പഠനം ആസ്വദിക്കണം. ഇവിടെനിന്ന് ഞാന്‍ പഠിപ്പിച്ചു വിടുന്ന കുഞ്ഞുങ്ങള്‍ക്ക് തുടര്‍ വിദ്യാഭ്യാസം സാധ്യമാകുന്നതിലൂടെ മാത്രമേ ഈ ഊരില്‍ സാമൂഹികവും സാംസ്‌കാരികവുമായ മാറ്റം ഉണ്ടാവുള്ളൂ എന്ന് ലൈജു പറയുന്നു. ഇവര്‍ പഠിക്കുന്നത് കണ്ട് ആദിവാസി ഊരിലെ മറ്റു കുട്ടികള്‍ കൂടി റെഗുലര്‍ ആയിട്ട് ക്ലാസ്സില്‍ എത്തണം എന്നതാണ് ലൈജുവിന്റെ ആഗ്രഹം. കുട്ടികള്‍ക്ക് യൂണിഫോം നല്‍കിയിട്ടുണ്ട്. തുണി മുറിച്ചു കൊടുത്തെങ്കിലും അത് തയ്ച്ചിടാന്‍ പണം ഇല്ലാത്തതിനാല്‍ അവരത് വീട്ടില്‍ കൊണ്ടുപോയി വെച്ചതല്ലാതെ ഉപയോഗിക്കുന്നില്ല. കുട്ടികള്‍ യൂണിഫോം തയ്ച്ചിട്ടു കൊണ്ടുവന്നാലും ഇല്ലെങ്കിലും ഞാന്‍ അവര്‍ക്ക് വിദ്യ പറഞ്ഞുകൊടുക്കുമെന്ന് ലൈജു പറയുന്നു. നേരത്തെ ഡ്രസ്സ് ഇല്ലാതെ വരുന്ന കുട്ടികള്‍ സ്‌കൂളില്‍ ഉണ്ടായിരുന്നു. അവര്‍ക്കായ ഒരു ജോഡി ഡ്രസ്സും ലൈജു സ്‌കൂളില്‍ കരുതിവെച്ചിരുന്നു. ഇപ്പോള്‍ സ്‌കൂളില്‍ വരണം പഠിക്കണം എന്നുള്ള ആഗ്രഹം കുട്ടികള്‍ക്ക് വന്നതോടുകൂടി അവര്‍ ഉള്ള വസ്ത്രം വൃത്തിയായി ധരിച്ചുവരും. ക്ലാസില്‍ അവര്‍ എല്ലാ ദിവസവും വരണം എന്നൊരു ആഗ്രഹം മാത്രമേ എനിക്കുള്ളൂവെന്ന് ലൈജു. കുട്ടികള്‍ക്ക് വേണ്ട പഠനോപകരണങ്ങളും ലൈജു തന്നെ കയ്യില്‍ നിന്നും പണം എടുത്ത് വാങ്ങിക്കൊടുക്കുകയാണ് പതിവ്. ലൈജുവിന്റെ ഏതെങ്കിലും സുഹൃത്തുക്കള്‍ വരുന്ന സമയത്ത് കുട്ടികള്‍ക്ക് വേണ്ട സാധനങ്ങള്‍ എത്തിച്ചു കൊടുത്താല്‍ അതും ലൈജു എടുത്തുവെക്കും. ഈ വര്‍ഷം കെജിഎംഒ തന്ന പഠനോപകരണങ്ങളാണ് കുട്ടികള്‍ക്ക് നല്‍കിയതെന്നും ലൈജു. ആരും ഒന്നും തന്നില്ലെങ്കിലും ഞാന്‍ എന്റെ  കുട്ടികള്‍ക്ക് വാങ്ങി കൊടുക്കും. കാരണം ബുക്കില്ലാത്തതിന്റെ പേരിലോ പേന ഇല്ലാത്തതിന്റെ പേരിലോ പെന്‍സില്‍ ഇല്ലാത്തതിന്റെ പേരിലും ഈ സ്‌കൂളിലുള്ള ഒരു കുഞ്ഞും പഠിക്കാതിരിക്കരുത് എന്ന് നിര്‍ബന്ധം എനിക്കുണ്ടെന്നും ലൈജു.  അവര്‍ക്ക് പഠിക്കാന്‍ വേണ്ട എല്ലാ കാര്യങ്ങളും ഞാന്‍  എനിക്ക് ശമ്പളം കിട്ടുന്നിടത്തോളം കാലം ചെയ്യുമെന്നും ലൈജു പറയുന്നു. 

കീറിക്കളഞ്ഞ ട്രാന്‍സഫര്‍ അപേക്ഷ

2018ല്‍ മുത്തപ്പന്‍ പുഴ സ്‌കൂളില്‍ എത്തിയ ലൈജു 2019 ഇവിടെ നിന്നും ട്രാന്‍സ്ഫര്‍ വാങ്ങാനായി  കോര്‍പ്പറേറ്റ് ഓഫീസില്‍ പോയി ഫോം വാങ്ങി അത് പൂരിപ്പിച്ചു. ഫോമുമായി തിരിച്ച് പോകുമ്പോള്‍ തിരുവമ്പാടി ട്രഷറിയില്‍ കയറി. ആ സമയത്ത് അവിടെ വച്ച്  സുഹൃത്തായ പൂവാറന്‍തോട് സ്‌കൂളിലെ പ്രധാന അധ്യാപകന്‍ മുസ്തഫയെ കണ്ടു. ഞാന്‍ ട്രാന്‍സ്ഫര്‍ കൊടുക്കാന്‍ പോവുകയാണ് എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ആണ് ലൈജുവിനോട് പറഞ്ഞത് ആ കുട്ടികള്‍ക്ക് വേണ്ടി നീ അവിടെ ഉണ്ടാകണമെന്ന്. അതോടെ ട്രാന്‍സഫര്‍ ഉപേക്ഷിച്ചു. ഫോം അവിടെ വച്ച് കീറിക്കളഞ്ഞു. ഇനിയുള്ള കാലം കുട്ടികള്‍ക്ക് വേണ്ടി ഞാന്‍ അവിടെ തന്നെ ഉണ്ടാകും എന്ന് ഉറപ്പിച്ചു. വീട്ടില്‍ നിന്ന് എത്തിപ്പെടാനുള്ള ബുദ്ധിമുട്ടുണ്ടെങ്കിലും ഈ ദൗത്യം ഞാന്‍ പൂര്‍ത്തിയാക്കുമെന്ന് ലൈജു പറയുന്നു. അവര്‍ക്ക് അക്ഷര വെളിച്ചം പകര്‍ന്നു നല്‍കാന്‍ ഒരു ഗുരുവാണ് വേണ്ടത്. ഞാന്‍ അവിടെ നിന്നും ഇറങ്ങിപ്പോയാല്‍ എന്റെ ദൗത്യം ഏറ്റെടുക്കാന്‍ ആരെങ്കിലും ഉണ്ടാകുമോ എന്നൊരു ആശങ്ക എനിക്കുണ്ട്. അങ്ങനെയാണ് ഞാനായിട്ട് ഒരു ട്രാന്‍സ്ഫര്‍ അപേക്ഷ കൊടുക്കില്ല എന്ന് തീരുമാനിച്ച് അവിടെ നിന്ന് പോന്നതെന്നും  ലൈജു പറയുന്നു.