കേരള സംസ്ഥാന സഹകരണ യൂണിയന്‍ നടത്തുന്ന ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന്‍ (ജെഡിസി) പ്രോഗ്രാമിന്റെ 2025-'26-ലെ പ്രവേശനത്തിന് അപേക്ഷിക്കാം. സഹകരണവകുപ്പിലെയും സഹകരണസ്ഥാപനങ്ങളിലെയും നിശ്ചിത നിയമനങ്ങള്‍ക്ക് ഒരു അവശ്യയോഗ്യതയായി അംഗീകരിച്ചിട്ടുള്ളതാണ് ഈ കോഴ്‌സ്.

To advertise here,

15 ദിവസം വീതം രണ്ടുതവണ നടത്തുന്ന പ്രായോഗിക പരിശീലന കാലയളവ് ഉള്‍പ്പെടെ 10 മാസമാണ് കോഴ്‌സ് ദൈര്‍ഘ്യം. ജൂണ്‍ രണ്ടിന് കോഴ്‌സ് ആരംഭിക്കും. കോഴ്‌സ് ട്യൂഷന്‍ ഫീസ് 9500 രൂപ. മറ്റ് ഫീസുകളുമുണ്ട്.

സ്ഥാപനങ്ങള്‍

കവടിയാര്‍, അവണൂര്‍ (കൊട്ടാരക്കര), ആറന്മുള, ചേര്‍ത്തല, കോട്ടയം, പാലാ, നെടുങ്കണ്ടം, നോര്‍ത്ത് പറവൂര്‍, അയ്യന്തോള്‍, പാലക്കാട്, തിരൂര്‍, കോഴിക്കോട്, കരണി (വയനാട്), കണ്ണൂര്‍, തലശ്ശേരി, ചെങ്കള (കാസര്‍കോട്) എന്നിവിടങ്ങളിലെ സഹകരണ പരിശീലനകേന്ദ്രങ്ങള്‍/ കോളേജുകള്‍ (മൊത്തം 16) എന്നിവയിലാണ് കോഴ്‌സ് നടത്തുന്നത്. ഓരോ കേന്ദ്രത്തിലും നിശ്ചിത ജില്ലക്കാര്‍ക്ക്/ പ്രദേശക്കാര്‍ക്ക് പ്രവേശനം നല്‍കും.

പട്ടികജാതി, വര്‍ഗക്കാര്‍ക്ക് സീറ്റുകള്‍

കൊട്ടാരക്കര, ചേര്‍ത്തല, കണ്ണൂര്‍, വയനാട് കേന്ദ്രങ്ങളില്‍, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മാത്രമായുള്ള ബാച്ചുകളുണ്ട്. ഇവിടെ ഓരോന്നിലുമുള്ള 80 സീറ്റുകളില്‍ 60 എണ്ണം പട്ടികജാതിക്കാര്‍ക്കും 20 എണ്ണം പട്ടികവര്‍ഗക്കാര്‍ക്കും ആയിരിക്കും. ഓരോന്നിലും നിശ്ചിത ജില്ലക്കാരെ പരിഗണിക്കും.

സ്ഥാപനങ്ങളുടെ മേല്‍വിലാസം, ബന്ധപ്പെടാനുള്ള ഫോണ്‍നമ്പര്‍, സെലക്ഷനുവേണ്ടി നിശ്ചയിച്ചിട്ടുള്ള ഓരോ പരിശീലനകേന്ദ്രത്തിന്റെയും/ കോളേജിന്റെയും അധികാരപരിധി, ഓരോ സ്ഥലത്തെയും പട്ടികവിഭാഗ ബാച്ചുകളില്‍ പ്രവേശനത്തിന് പരിഗണിക്കപ്പെടുന്ന ജില്ലകള്‍ തുടങ്ങിയവ scu.kerala.gov.in -ലെ ജെഡിസി കോഴ്‌സ് പ്രോസ്പക്ടസില്‍ നല്‍കിയിട്ടുണ്ട്.

പട്ടിക പ്രകാരം ജില്ലാ/ താലൂക്ക് അടിസ്ഥാനത്തില്‍ നിശ്ചയിച്ചിട്ടുള്ള ഒരു പരിശീലനകേന്ദ്രത്തില്‍ മാത്രമേ ജനറല്‍ വിഭാഗക്കാരുടെ അപേക്ഷ പരിഗണിക്കൂ. 

യോഗ്യത

പത്താംക്ലാസ് പരീക്ഷയോ (എസ്എസ്എല്‍സി, സിബിഎസ്ഇ, ഐസിഎസ്ഇ), കേരളസര്‍ക്കാര്‍ തത്തുല്യമെന്ന് അംഗീകരിച്ചിട്ടുള്ള പരീക്ഷയോ, ഗ്രേഡിങ് സമ്പ്രദായത്തിലെങ്കില്‍, കുറഞ്ഞത് ഡി+ ഗ്രേഡെങ്കിലും നേടി ജയിച്ചിരിക്കണം.

പ്രായം 2025 ജൂണ്‍ ഒന്നിന് 16-നും 40-നും ഇടയിലായിരിക്കണം. ഒബിസി വിഭാഗക്കാരുടെ ഉയര്‍ന്ന പ്രായപരിധി 43 വയസ്സും പട്ടികജാതി/ വര്‍ഗ വിഭാഗക്കാരുടേത് 45 വയസ്സുമായിരിക്കും. വിമുക്തഭടന്മാരുടെ കാര്യത്തില്‍ പ്രതിരോധവകുപ്പിലെ അവരുടെ സേവനകാലയളവ് പരമാവധി പ്രായപരിധിയില്‍ നിന്ന് ഒഴിവാക്കുന്നതാണ്.

ഇതിലേക്ക് സേവനദൈര്‍ഘ്യം വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് അപേക്ഷയ്‌ക്കൊപ്പം വെക്കണം. സഹകരണസംഘം ജീവനക്കാര്‍ക്ക് അപേക്ഷിക്കാം. 2025 ജൂണ്‍ ഒന്നിന് 18 വയസ്സ് തികഞ്ഞിരിക്കണം. ഇവര്‍ക്ക് ഉയര്‍ന്ന പ്രായപരിധി ബാധകമല്ല. 

സീറ്റ് വിഭജനം

ഓരോ സെന്ററിലെയും സീറ്റില്‍ 50 ശതമാനം, വിദ്യാര്‍ഥികള്‍ക്കായുള്ള ജനറല്‍ സീറ്റുകളാണ്. ഇതില്‍ വിവിധ സംവരണം (ശതമാനം) ഇപ്രകാരമാണ്: എസ്സി-8, എസ്ടി-2, ഇഡബ്ല്യുഎസ്-10, ഒബിസി-5, പിഡബ്ല്യുഡി-5, എക്‌സ് സര്‍വീസുകാര്‍/ അവരുടെ മകന്‍/ മകള്‍/ ഭാര്യ-5, ഡിസിപി പാസായവര്‍ക്ക്-5. ഓരോ കേന്ദ്രത്തിലും ഒരു സീറ്റ് സ്‌പോര്‍ട്‌സ് ക്വാട്ട.

സഹകരണസംഘങ്ങളിലെ (എല്ലാ വിഭാഗങ്ങളും ഉള്‍പ്പെടും) സ്ഥിരംജീവനക്കാര്‍ക്ക് 35 ശതമാനം സീറ്റുകള്‍ അനുവദിക്കും. ഇവര്‍ക്ക് 31.03.2025-ന് കുറഞ്ഞത് ഒരുവര്‍ഷത്തെ സേവനം ഉണ്ടായിരിക്കണം. അപേക്ഷ നല്‍കുമ്പോള്‍ ജോലിചെയ്യുന്ന സഹകരണസംഘത്തിലെ സേവനകാലമേ പരിഗണിക്കൂ. ഈ വിഭാഗത്തിലെ ആശ്രിതനിയമന വിഭാഗക്കാര്‍ക്ക് ആറുമാസത്തെ സേവനകാലാവധി മതി.

ഡെയ്ലി വേജസ്, ഓണററി, അപ്രന്റിസ്, കമ്മിഷന്‍ ഏജന്റ്, താത്കാലികം എന്നീ നിലകളില്‍ ജോലി നോക്കുന്നവരെ പരിഗണിക്കില്ല. പട്ടികവിഭാഗ സഹകരണസംഘം ജീവനക്കാര്‍ക്ക് പട്ടികവിഭാഗക്കാര്‍ക്കായുള്ള നാലു കേന്ദ്രങ്ങളിലേക്ക് താലൂക്ക് അടിസ്ഥാനത്തില്‍ പ്രത്യേകം അപേക്ഷ നല്‍കാം.

അവശേഷിക്കുന്ന 15 ശതമാനം സീറ്റുകള്‍ സഹകരണം, ഫിഷറീസ്, വ്യവസായം, ക്ഷീരം, കയര്‍ തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കായി സംവരണം ചെയ്തിരിക്കുന്നു.

തിരഞ്ഞെടുപ്പ് 

ജനറല്‍ വിഭാഗക്കാരെ തിരഞ്ഞെടുക്കുന്നത് സെന്റര്‍ അടിസ്ഥാനമാക്കിയാണ്. ഗ്രേഡ്, അവയുടെ ആനുപാതിക പോയിന്റ് എന്നിവയുടെ അടിസ്ഥാനത്തില്‍ കണക്കാക്കുന്ന വെയ്റ്റഡ് ഗ്രേഡ് പോയിന്റ് ആവറേജ് പരിഗണിച്ചാണ് തിരഞ്ഞെടുപ്പ്. പ്രീഡിഗ്രി/ പ്ലസ്ടു ജയിച്ചവര്‍ക്ക് ഒന്നും ഡിഗ്രി ജയിച്ചവര്‍ക്ക് രണ്ടും ബോണസ് പോയിന്റ് നല്‍കും.

അപേക്ഷ

scu.kerala.gov.in വഴി മാര്‍ച്ച് 31-ന് വൈകീട്ട് അഞ്ചുവരെ നല്‍കാം. അപേക്ഷാഫീസ്: ജനറല്‍-175 രൂപ, പട്ടികവിഭാഗം-85 രൂപ, കോ-ഓപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാര്‍-350 രൂപ.