ജോയന്റ്സീറ്റ് അലോക്കേഷൻ അതോറിറ്റി (ജോസ) നടത്തിയ ആദ്യ അലോട്ട്മെന്റിൽ ജൻഡർ ന്യൂട്രൽ ഓപ്പൺ വിഭാഗത്തിലെ ഉയർന്ന റാങ്കുകാർ ഐ.ഐ.ടി.യിലും എൻ.ഐ.ടി.യിലും കൂടുതൽ താത്‌പര്യം കാട്ടിയത് കംപ്യൂട്ടർ സയൻസ് മേഖലയിലെ ബി.ടെക്. പ്രോഗ്രാമുകളോട്. ഐ.ഐ.ടി. റാങ്ക് പട്ടികയിലുള്ളവർ കൂടുതൽ താത്‌പര്യപ്പെട്ട അഞ്ച് ചോയ്സുകളും കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്. ഇവയിൽ നാലും നാലുവർഷ ബി.ടെക്. പ്രോഗ്രാമുകളാണ് (ബോംബെ, ഡൽഹി, മദ്രാസ്, കാൻപുർ). ഒരെണ്ണം ഇതിലെ തന്നെ അഞ്ചുവർഷത്തെ ബാച്ചിലർ ആൻഡ് മാസ്റ്റർ ഓഫ് ടെക്നോളജി പ്രോഗ്രാമും (ഡൽഹി).

To advertise here,

എൻ.ഐ.ടി.കളിൽ അദർ സ്റ്റേറ്റ് (ഒ.എസ്.) വിഭാഗത്തിലെ അഞ്ച് മുൻനിര ചോയ്സുകളിൽ നാലും ബി.ടെക്. കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് ആണ് (തിരുച്ചിറപ്പള്ളി, സൂറത്‌കൽ, വാറങ്കൽ, റൂർഖേല). ഒരെണ്ണം ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനും (തിരുച്ചിറപ്പള്ളി).

അലഹാബാദിലെ ഇൻഫർമേഷൻ ടെക്നോളജി ബി.ടെക്. പ്രോഗ്രാമും ഐ.ടി. ബിസിനസ് ഇൻഫർമാറ്റിക്സ് ബി.ടെക്. പ്രോഗ്രാമും ആണ് ഐ.ഐ.ഐ.ടി. വിഭാഗത്തിലെ ഏറ്റവും താത്‌പര്യമുള്ള രണ്ട് ചോയ്സുകൾ. ഈ വിഭാഗത്തിൽ മൂന്നാമതായുള്ളത് ഗ്വാളിയറിലെ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് ബി.ടെക്. ആണ്.

ആദ്യറൗണ്ട് അടിസ്ഥാനമാക്കിയുള്ള ഓൺലൈൻ റിപ്പോർട്ടിങ് സമയം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 വരെ നീട്ടിയിട്ടുണ്ട്. സംശയങ്ങൾക്ക് മറുപടിനൽകാൻ രാത്രി എട്ടുവരെയും സൗകര്യമുണ്ടാവും.

രണ്ടാംറൗണ്ട് അലോട്ട്മെന്റ് ബുധനാഴ്ച അഞ്ചിന് പ്രഖ്യാപിക്കും. ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക:

ഡ്യുവൽ വെരിഫിക്കേഷൻ

ആദ്യറൗണ്ടിൽ എൻ.ഐ.ടി.+വിഭാഗത്തിൽ ഓൺലൈനായി സീറ്റ് സ്വീകരിച്ചവർക്ക് അടുത്ത റൗണ്ടുകളിലൊന്നിൽ ഐ.ഐ.ടി. യിലേക്ക് ആദ്യമായി റീഅലോട്ട്മെന്റ് ലഭിച്ചാൽ അവരുടെ രേഖകൾ, യോഗ്യത തുടങ്ങിയവ ഐ.ഐ.ടി. വീണ്ടും പരിശോധിക്കും. അതിൽ എന്തെങ്കിലും വിശദീകരണം തേടിയിട്ടുണ്ടോ എന്ന് ഹോം പേജിൽക്കയറി പരീക്ഷാർഥി പരിശോധിച്ച് വ്യക്തത വരുത്തണം. രേഖാപരിശോധനയ്ക്കുശേഷം സീറ്റ് കൺഫർമേഷൻ സംബന്ധിച്ച അന്തിമതീരുമാനം പരീക്ഷാർഥിയെ അറിയിക്കും

സംശയനിവാരണം നടത്തിയില്ലെങ്കിൽ ലഭിച്ച റീഅലോട്ട്മെന്റ്നഷ്ടപ്പെടാം. പ്രക്രിയ യിൽനിന്നും പുറത്താകാം.

ഐ.ഐ.ടി. വിഭാഗത്തിൽ സീറ്റ് കൺഫർമേഷൻ ലഭിച്ചവർക്ക് അവിടെനിന്നും എൻ.ഐ.ടി.+സിസ്റ്റത്തിലേക്ക് ആദ്യമായി മാറ്റം ലഭിക്കുമ്പോഴും വ്യവസ്ഥകൾ ബാധകമായിരിക്കും

ആദ്യ റൗണ്ടിൽ ഒരു വിഭാഗത്തിൽ അലോട്ട്മെന്റ് കൺഫർമേഷൻ നടത്തിയവർക്ക് അതേവിഭാഗത്തിൽ തന്നെയാണ് റീഅലോട്ട്മെന്റെങ്കിൽ വീണ്ടും രേഖാപരിശോധന ഉണ്ടാവില്ല.

ഡ്യുവൽ വെരിഫിക്കേഷനു വിധേയമാകുന്നവരായാലും ഒരേവിഭാഗം സ്ഥാപനത്തിൽ റീഅലോട്ട്മെന്റ് ലഭിക്കുന്നവരായാലും സീറ്റ് അക്സപ്റ്റൻസ് ഫീസ് വീണ്ടും അടയ്ക്കേണ്ടതില്ല.

ആദ്യ റൗണ്ടിൽ 'സ്ലൈഡ്' ഓപ്ഷൻ സ്വീകരിച്ചവർക്ക് രണ്ടാംറൗണ്ടിനു ശേഷമുള്ള തുടർറൗണ്ടിലേക്ക് അത് 'ഫ്രീസ്' ആക്കാം. 'ഫ്ലോട്ട്' ഓപ്ഷൻ ഉള്ളവർക്ക്, അത്, 'സ്ലൈഡ്' ആയോ 'ഫ്രീസ്' ആയോ മാറ്റാം.

പിൻവാങ്ങാൻ അവസരം

സീറ്റ് കൺഫർമേഷൻ ലഭിച്ചവർക്ക് രണ്ടാംറൗണ്ടുമുതൽ അഞ്ചാംറൗണ്ട് വരെ സ്വീകരിച്ച സീറ്റ് റദ്ദുചെയ്യാൻ/പിൻവാങ്ങാൻ സൗകര്യം ഉണ്ടാകും. ഓൺലൈനായി നടപടികൾ പൂർത്തിയാക്കണം. പ്രൊസസിങ് ചാർജ് ആയി 2000 രൂപ കുറച്ച് ബാക്കി തുക തിരികെ നൽകും

അലോട്ട്മെന്റിൽനിന്ന് പിൻവാങ്ങാൻ അതിനുള്ള താത്‌പര്യം ജോസ പോർട്ടൽ വഴി കൺഫേം ചെയ്യണം. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ (തുക തിരികെ ലഭിക്കാൻ) പോർട്ടൽ വഴി നൽകണം. ആ അക്കൗണ്ടുമായി ബന്ധപ്പെട്ട പാസ് ബുക്ക്/റദ്ദുചെയ്യപ്പെട്ട ഒരു ചെക്ക് ലീഫിന്റെ ഇമേജ്, ജെ.പി.ജി. ഫോർമാറ്റിലുള്ളത് അപ്ലോഡ് ചെയ്യണം.

അലോട്ട് ചെയ്യപ്പെട്ട സീറ്റിൽനിന്ന് പിൻവാങ്ങുന്നവർക്ക് തുടർ റൗണ്ടുകളിൽ പങ്കെടുക്കാനാകില്ല.

ആദ്യമായി സീറ്റ് ലഭിക്കുന്നവർ കൺഫർമേഷനായി ഓൺലൈനായി ചെയ്യേണ്ട നടപടികൾ ഓൺലൈൻ ഫീസടയ്ക്കൽ, രേഖകളുടെ അപ്ലോഡിങ്, വിവരങ്ങൾ കൈമാറൽ, ഓൺലൈൻ സംശയ നിവാരണം (ബന്ധപ്പെടുന്നെങ്കിൽ) തുടങ്ങിയവ സമയത്ത് പൂർത്തിയാക്കണം.

രണ്ടാം അലോട്ട്മെന്റ് പ്രകാരം ഓൺലൈൻ റിപ്പോർട്ടിങ് പൂർത്തിയാക്കാൻ 23-ന് വൈകീട്ട് അഞ്ചുവരെ സമയമുണ്ട്. സംശയദൂരീകരണം ഓൺലൈനായി ഒക്ടോബർ 24 അഞ്ചിനകം നടത്തണം. സ്വീകരിച്ച സീറ്റ് റദ്ദുചെയ്യാൻ/പിൻവാങ്ങാൻ 24 അഞ്ച് വരെ അവസരമുണ്ട്.

Content Highlights: JoSAA option registration: toppers opt for computer science