2025-ലെ ജോയിൻറ് എൻട്രൻസ് എക്‌സാമിനേഷൻ (ജെഇഇ) മെയിൻ/അഡ്വാൻസ്ഡ് റാങ്ക്പട്ടികകളുടെ അടിസ്ഥാനത്തിൽ വിവിധസ്ഥാപനങ്ങളിലെ ആദ്യ ബിരുദപ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള സംയുക്ത സീറ്റ് അലോക്കേഷൻ നടപടികൾ, ജോയിൻറ് സീറ്റ് അലോക്കേഷൻ അതോറിറ്റി (ജോസ) വെബ്സൈറ്റിൽ (josaa.nic.in) ജൂൺ മൂന്നിന് തുടങ്ങും. ജെഇഇ മെയിൻ ഫലം ഇതിനകം വന്നു. അഡ്വാൻസ്ഡ് ഫലം രണ്ടിന് പ്രതീക്ഷിക്കുന്നു.

To advertise here,

റാങ്ക്പട്ടികകൾ, സ്ഥാപനങ്ങൾ

ജെഇഇ മെയിൻ അടിസ്ഥാനമാക്കിയുള്ള ബിഇ/ബിടെക്, ബിആർക്, ബിപ്ലാനിങ് റാങ്ക്പട്ടികകൾ; ജെഇഇ അഡ്വാൻസ്ഡ് അടിസ്ഥാനമാക്കിയുള്ള റാങ്ക്പട്ടിക എന്നിവ പരിഗണിച്ചുള്ള സംയുക്ത സീറ്റ് അലോട്മെൻറ് പ്രക്രിയയാണ് ജോസ നടത്തുന്നത്.

ജെഇഇ മെയിൻ റാങ്ക്പട്ടികകളുടെ അടിസ്ഥാനത്തിൽ അലോക്കേഷൻ നടത്തുന്ന സ്ഥാപനങ്ങൾ:

•നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടി-31 എണ്ണം, കോഴിക്കോട് ഉൾപ്പെടെ) *ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിങ് സയൻസ് ആൻഡ് ടെക്നോളജി (ഐഐഇഎസ്‌ടി, ഷിബ്പുർ), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐഐഐടി-26 സ്ഥാപനങ്ങൾ, കോട്ടയം ഉൾപ്പെടെ), ഗവൺമെൻറ് ഫണ്ടഡ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ (ജിഎഫ്ടിഐ-47 എണ്ണം)-മൊത്തം 105 സ്ഥാപനങ്ങൾ. അലോക്കേഷൻപ്രക്രിയയിൽ ഇവ എൻഐടി+ വിഭാഗം എന്ന് അറിയപ്പെടുന്നു.

ജെഇഇ അഡ്വാൻസ്ഡ് റാങ്ക് അടിസ്ഥാനത്തിലുള്ള അലോക്കേഷനിൽ 23 ഐഐടികളാണ്‌ ഉൾപ്പെട്ടിരിക്കുന്നത് (പാലക്കാട് ഉൾപ്പെടെ).

ആകെ 128 സ്ഥാപനങ്ങൾ. സ്ഥാപനങ്ങളുടെ പൂർണപട്ടിക https://josaa.nic.in/-ലെ ജോസ 2025 ‘ബിസിനസ് റൂൾസ്’ അനെക്‌സ്‌ചർ 1-ൽ നൽകിയിട്ടുണ്ട്.

അലോക്കേഷൻ നടപടികൾ

നടപടികൾ സമയബന്ധിതവും ഓൺലൈൻ, കംപ്യൂട്ടർ അധിഷ്ഠിതവുമായിരിക്കും. പ്രക്രിയയിൽ പങ്കെടുക്കാൻ അർഹതയുള്ളവർ, സീറ്റ് അലോക്കേഷനുള്ള രജിസ്ട്രേഷൻ, ചോയ്സ് (പ്രോഗ്രാം-സ്ഥാപന താത്‌പര്യം ഉൾപ്പെടുന്നത്) ഫില്ലിങ് എന്നിവ ജോസ വെബ്സൈറ്റ് വഴി നടത്തണം. ജൂൺ മൂന്നിന് വൈകീട്ട് അഞ്ചുമുതൽ രജിസ്ട്രേഷൻ/ചോയ്സ് ഫില്ലിങ് നടത്താം.

•രജിസ്ട്രേഷൻ/ചോയ്സ് ഫില്ലിങ് എന്നിവയ്ക്ക് ഫീ ഇല്ല. ഈ ഘട്ടത്തിൽ, ആവശ്യമായ രേഖകൾ അപ്‌ലോഡ്ചെയ്യാനുള്ള ഓപ്ഷൻ, രജിസ്റ്റർചെയ്യുന്നവർക്ക് ലഭിക്കും. അപ്‌ലോഡിങ് ഈ ഘട്ടത്തിൽ നിർബന്ധമല്ല. ഓപ്ഷണലാണ്. അലോട്മെൻറ് സ്വീകരിക്കുന്നവേളയിലും ഇതിന് സൗകര്യമുണ്ടാകും.

•താത്‌പര്യമുള്ളപക്ഷം, ജോസ സീറ്റ് ആക്‌സപ്റ്റൻസ് ഫീ (സീറ്റ് സ്വീകരിക്കുമ്പോൾ അടയ്ക്കേണ്ട തുക) മുൻകൂട്ടി അടയ്ക്കാനും രജിസ്ട്രേഷൻവേളയിൽ സൗകര്യമുണ്ടാകും. ഇതും നിർബന്ധമല്ല. ഫീസ് അടച്ചാൽ, ജോസ പ്രക്രിയവഴി അലോട്മെൻറ് ഒന്നും ലഭിക്കുന്നില്ലെങ്കിൽ മുൻകൂർ അടച്ച സീറ്റ് അക്‌സപ്റ്റൻസ് ഫീ പൂർണമായി തിരികെ ലഭിക്കും.

• രണ്ടുവിഭാഗത്തിലും (മെയിൻ, അഡ്വാൻസ്ഡ്) അർഹത ലഭിക്കുന്നവർ, രണ്ടിലെയും സ്ഥാപനങ്ങളും കോഴ്സുകളും പരിഗണിച്ച്, ആപേക്ഷിക മുൻഗണന നിശ്ചയിച്ചാണ് ചോയ്സ് ഫില്ലിങ് നടത്തേണ്ടത്.

•അലോക്കേഷൻപ്രക്രിയയിൽ ഒരു കോഴ്സും/ബ്രാഞ്ചും സ്ഥാപനവും ചേരുന്നതാണ് ഒരു അക്കാദമിക് പ്രോഗ്രാം. ഉദാഹരണത്തിന് പാലക്കാട് ഐഐടിയിലെ ബിടെക് സിവിൽ എൻജിനിയറിങ്, കോഴിക്കോട് എൻഐടിയിലെ ബിആർക്ക് തുടങ്ങിയവ രണ്ട് അക്കാദമിക് പ്രോഗ്രാമുകളാണ്.

•അലോക്കേഷന് പരിഗണിക്കപ്പെടണമെന്ന് താത്‌പര്യമുള്ള അക്കാദമിക് പ്രോഗ്രാമുകൾക്ക് മുൻഗണന നിശ്ചയിച്ച് രജിസ്റ്റർചെയ്യുന്ന പ്രക്രിയയാണ് ചോയ്സ് ഫില്ലിങ്.

•ഒരു പരീക്ഷാർഥിയുടെ റാങ്ക് പരിഗണിച്ച്, ഒന്നാംചോയ്സ്, രണ്ടാംചോയ്സ് എന്ന ക്രമത്തിലാണ്, രജിസ്റ്റർചെയ്തിരിക്കുന്ന ചോയ്സുകൾ അലോക്കേഷനായി പരിഗണിക്കുന്നത്. ഏതെങ്കിലും ഒരു ചോയ്‌സ് ലഭിക്കുന്നപക്ഷം അതിനുതാഴേയുള്ള ചോയ്സുകൾ പിന്നീട് പരിഗണിക്കുന്നതല്ല. മുകളിലുള്ളവ നിലനിർത്തിയാൽ തുടർറൗണ്ടുകളിൽ പരിഗണിക്കും.

•ഒരിക്കൽ രജിസ്റ്റർചെയ്യുന്ന ചോയ്സുകൾ, ചോയ്സ് ഫില്ലിങ്ങിനുള്ള സമയപരിധിക്കകം എത്രതവണവേണമെങ്കിലും പുനക്രമീകരിക്കാം-താത്‌പര്യമില്ലാത്തവ ഒഴിവാക്കാം, പുതിയവ ഉൾപ്പെടുത്താം, ചോയ്സുകളുടെ മുൻഗണനാക്രമം മാറ്റാം.

•ഐഐടി ആർക്കിടെക്ചർ അഭിരുചിപരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് അതിന്റെ അടിസ്ഥാനത്തിലുള്ള ചോയ്സുകൾ അഭിരുചിപരീക്ഷാഫലം വന്നശേഷം (ജൂൺ അഞ്ചിന് നടത്തുന്ന പരീക്ഷയുടെ ഫലം എട്ടിന് വൈകീട്ട് അഞ്ചിന് പ്രതീഷിക്കാം) എട്ടുമുതൽ ഉൾപ്പെടുത്താം.

ഓൾ ഇന്ത്യ, ഹോം സ്റ്റേറ്റ്,

അദർ സ്റ്റേറ്റ് ക്വാട്ട സീറ്റുകൾ

ഐഐടികളിലെ സീറ്റുകൾ അഖിലേന്ത്യാതലത്തിലാണ് നികത്തുന്നത്. അവിടെ ഓൾ ഇന്ത്യാ സീറ്റുകൾമാത്രമേ ഉള്ളൂ. ഏതൊരു പരീക്ഷാർഥിയെയും എല്ലാ ഐഐടികളിലേക്കും അലോക്കേഷനായി പരിഗണിക്കും. കോട്ടയം ഐഐഐടിയിലും അഖിലേന്ത്യാതലത്തിലാണ് സീറ്റുകൾ നികത്തുന്നത്. എന്നാൽ, കോഴിക്കോട് ഉൾപ്പെടെയുള്ള എൻഐടികളിൽ പൊതുവേ ഹോം സ്റ്റേറ്റ് ക്വാട്ട സീറ്റുകളും അദർ സ്റ്റേറ്റ് ക്വാട്ട സീറ്റുകളും ഉണ്ട്.

ഒരു എൻഐടി സ്ഥിതിചെയ്യുന്ന സംസ്ഥാനം/കേന്ദ്രഭരണപ്രദേശം, സ്റ്റേറ്റ് കോഡ് ഓഫ് എലിജിബിലിറ്റിയുമായി ബന്ധപ്പെട്ട സംസ്ഥാനം/കേന്ദ്രഭരണപ്രദേശം ഒന്നുതന്നെയാകുന്നവരെ ആ സ്ഥാപനത്തിലെ ഹോം സ്റ്റേറ്റ് ക്വാട്ടയിലേക്ക് (50 ശതമാനം സീറ്റ്) പരിഗണിക്കും. ഇതിൽ ഉൾപ്പെടാത്തവരെ ‘അദർ സ്റ്റേറ്റ് ക്വാട്ട’യിൽ പരിഗണിക്കും (50 ശതമാനം). കാലിക്കറ്റ് എൻഐടിയിലേക്ക് കേരളത്തിന്റെ സ്റ്റേറ്റ് കോഡ് ഓഫ് എലിജിബിലിറ്റി ഉള്ളവരെ ഹോം സ്റ്റേറ്റ് ക്വാട്ടയിലും മറ്റുള്ളവരെ അദർ സ്റ്റേറ്റ് ക്വാട്ടയിലും അലോക്കേഷന് പരിഗണിക്കും. കേരളം എലിജിബിലിറ്റി സ്റ്റേറ്റായിവരുന്ന ഒരാളെ മറ്റ് എൻഐടികളിൽ അദർ സ്റ്റേറ്റ് ക്വാട്ടയിൽ പരിഗണിക്കും.

•പരീക്ഷാർഥിയുടെ സംവരണ അവകാശവാദങ്ങളും അലോക്കേഷനിൽ പരിഗണിക്കും

•വനിതകൾക്ക് സൂപ്പർ ന്യൂമററി സീറ്റുകളും ഉണ്ടാകും

•പരീക്ഷാർഥി അക്കാദമിക് പ്രോഗ്രാമിലേക്കുള്ള ചോയ്സ്‌മാത്രം നൽകിയാൽമതി. സംവരണാനുകൂല്യങ്ങൾ, അലോക്കേഷൻ വേളയിൽ സിസ്റ്റം പരിഗണിക്കും

ആറ് റൗണ്ടുകൾ

ജോസ വഴി ആറ്്‌ റൗണ്ട് അലോക്കേഷനുകൾ ഉണ്ടാകും. ഇവയിൽ അഞ്ച് റൗണ്ടുകൾ ഇരുവിഭാഗം സ്ഥാപനങ്ങൾക്കും ഉണ്ടാകും. ആറാം റൗണ്ട് അലോക്കേഷൻ ഐഐടികളിലേക്കുമാത്രമായിരിക്കും. അതോടൊപ്പം എൻഐടി+ വിഭാഗത്തിലെ പിൻവാങ്ങൽ (ആറാംറൗണ്ട്), ഭാഗികമായ അഡ്മിഷൻ ഫീ അടയ്ക്കൽ, സ്ഥാപനതല റിപ്പോർട്ടിങ്, പ്രവേശനപ്രക്രിയ, സ്പെഷ്യൽ റൗണ്ട് എന്നീ നടപടിക്രമങ്ങളുണ്ടാകും. സമയക്രമം സൈറ്റിലുണ്ട്.

ആദ്യ റൗണ്ട് അലോക്കേഷൻ

ആദ്യ റൗണ്ട് അലോക്കേഷൻ ജൂൺ 14-ന് രാവിലെ 10-ന് പ്രഖ്യാപിക്കും. തുടർന്ന് രണ്ടുമുതൽ അഞ്ചുവരെ റൗണ്ടുകളുടെ ഫലം യഥാക്രമം ജൂൺ 21, 28, ജൂലായ്‌ 4, 10 (എല്ലാം വൈകീട്ട് അഞ്ച്) എന്നീ തീയതികളിൽ പ്രഖ്യാപിക്കും.

•ഓരോ റൗണ്ടിലെയും ഫലപ്രഖ്യാപനത്തിനുശേഷം അലോക്കേഷൻ ലഭിക്കുന്നവർ ഓൺലൈൻ റിപ്പോർട്ടിങ് - ഫീസ് അടയ്ക്കൽ, ഡോക്യുമെൻറ്്‌ അപ്‌ലോഡിങ് (രേഖകളുടെ പട്ടിക ബിസിനസ് റൂൾസിൽ ഉണ്ട്) എന്നിവ അനുവദിച്ച സമയപരിധിക്കകം നടത്തണം

•രേഖകളുടെ പരിശോധനാവേളയിൽ വെരിഫിക്കേഷൻ ഓഫീസർക്ക് സംശയങ്ങൾ ഉണ്ടാകുന്നപക്ഷം അത് ഓൺലൈനായി വിദ്യാർഥിയെ അറിയിക്കും. സംശയങ്ങൾക്ക്, ഓൺലൈനായി മറുപടി നൽകണം. നൽകാത്തപക്ഷം, അനുവദിച്ച സീറ്റ് റദ്ദാക്കിയേക്കാം.

•ഓരോ റൗണ്ടിനുശേഷവും പൂർത്തിയാക്കേണ്ട നടപടികളുടെ സമയക്രമം വെബ്സൈറ്റിലുണ്ട്.

സീറ്റ് സ്വീകരിക്കൽ ഫീസ്

ആദ്യമായി അലോട്മെൻറ് ലഭിക്കുന്നവർ സീറ്റ് സ്വീകരിക്കൽ ഫീസ് അടയ്ക്കണം. പ്രക്രിയയിൽ തുടരാൻ ഇത് നിർബന്ധമാണ്.

•പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് ഇത് 15,000 രൂപയാണ്. മറ്റെല്ലാവർക്കും 30,000 രൂപയും. ഇതിൽ ജോസ പ്രോസസിങ് ഫീസായ 5000 രൂപയും ഉൾപ്പെടും.

•ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ്/യുപിഐ/നെറ്റ് ബാങ്കിങ് വഴി ഓൺലൈനായോ എസ്ബിഐ ഇ-ചലാൻ വഴി പണമായോ ഈ തുക അടയ്ക്കാം. സിഎസ്‌സി ഡിജിറ്റൽ സേവാകേന്ദ്രംവഴിയും അടയ്ക്കാം. ഒരിക്കൽമാത്രമേ ഈ ഫീസ് അടയ്ക്കേണ്ടതുള്ളൂ (ആദ്യമായി അലോട്മെൻറ് ലഭിച്ച് സീറ്റ് സ്വീകരിക്കുന്നവേളയിൽ)

•ഇതിൽ ജോസ പ്രോസസിങ് ചാർജ് ആയ 5000 രൂപ ഒഴികെയുള്ള തുക അഡ്മിഷൻ ഫീസ് ഇനത്തിൽ വകകൊള്ളിക്കും

•സീറ്റ് സ്വീകരിക്കൽഫീസ് അടച്ചില്ലെങ്കിൽ സീറ്റ് നഷ്ടപ്പെടും. പ്രക്രിയിൽനിന്ന്‌ പുറത്താകും

ഫ്രീസ്, ഫ്ലോട്ട്, സ്ലൈഡ്:

സീറ്റ് അനുവദിക്കപ്പെട്ടവർ അവരുടെ ഹോം പേജിൽ ലോഗിൻചെയ്ത്, ‘ഇനിഷ്യൽ സീറ്റ് അലോട്മെൻറ്്‌ ഇൻറിമേഷൻ സ്ലിപ്’ ഡൗൺലോഡ്ചെയ്തെടുക്കണം. അനുവദിച്ച സീറ്റ് സ്വീകരിക്കണം. തുടർന്നുള്ള റൗണ്ടിലേക്ക്, തന്റെ അവശേഷിക്കുന്ന ചോയ്സുകൾ (ലഭിച്ച ചോയ്സിനെക്കാൾ ഉയർന്ന മുൻഗണനയുള്ളവ) എപ്രകാരം പരിഗണിക്കണമെന്ന വിവരം നിർബന്ധമായും ഓൺലൈനായി അറിയിക്കുകയുംവേണം.

തുടർറൗണ്ടിൽ, മൂന്നുരീതിയിൽ മുന്നോട്ടുപോകാൻ അവസരമുണ്ടാകും.

•ഫ്രീസ്: ഒന്നാംറൗണ്ടിൽ ലഭിച്ച സീറ്റിൽ പൂർണതൃപ്തിയുള്ള, അടുത്ത റൗണ്ടിലോ റൗണ്ടുകളിലോ മറ്റൊരു മാറ്റവും വേണ്ടാത്തവർ, ‘ഫ്രീസ്’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണം. അവർക്ക് ആദ്യ റൗണ്ടിൽ അനുവദിക്കപ്പെട്ട സീറ്റിൽ തുടരാം. ആദ്യ ചോയ്സുതന്നെ അനുവദിക്കപ്പെട്ടാൽ ഫ്രീസ് ഓപ്ഷൻമാത്രമേ ലഭിക്കുകയുള്ളൂ. അവർ ഫ്രീസ് ഓപ്ഷൻ തിരഞ്ഞെടുക്കാത്തപക്ഷം, അനുവദിച്ച സീറ്റ് നിരാകരിച്ചതായി പരിഗണിക്കും. പ്രക്രിയയിൽനിന്ന്‌ പുറത്താകും.

•സ്ലൈഡ്: ചോയ്സുകൾ അവശേഷിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന രണ്ടാമത്തെ ഓപ്ഷൻ ‘സ്ലൈഡ്’ ആണ്. ആദ്യറൗണ്ടിൽ അലോട്ട്‌ചെയ്യപ്പെട്ട ചോയ്സ് (സ്ഥാപനം-ബ്രാഞ്ച്/കോഴ്‌സ്) സ്വീകരിച്ച ശേഷം, അവശേഷിക്കുന്ന ചോയ്സുകളിൽ, ആദ്യറൗണ്ടിൽ സീറ്റ് ലഭിച്ച സ്ഥാപനത്തിലേക്ക് നൽകിയിട്ടുള്ള മറ്റ്‌ ചോയ്സുകളിലേക്കുമാത്രം ഒരു മാറ്റം ആഗ്രഹിക്കുന്നവർ, ‘സ്ലൈഡ്’ ഓപ്ഷൻ തിരഞ്ഞെടുക്കണം. ചോയ്സ് പട്ടികയിൽ മറ്റുസ്ഥാപനങ്ങളിലേക്കുള്ള ചോയ്സുണ്ടെങ്കിൽ അതൊന്നും അടുത്തഘട്ടത്തിൽ പരിഗണിക്കില്ല. ഇതിൻപ്രകാരം തുടർറൗണ്ടിൽ സ്ഥാപനം മാറില്ല. കോഴ്‌സ്/ബ്രാഞ്ച് മാറാം.

•ഫ്ലോട്ട്: ആദ്യ അലോക്കേഷൻ സ്വീകരിച്ചശേഷം തന്റെ ഹോം പേജിൽ അവശേഷിക്കുന്ന എല്ലാ ഹയർ ചോയ്സുകളും (ആദ്യ അലോക്കേഷനിലെ സ്ഥാപനത്തിലെയും മറ്റുസ്ഥാപനങ്ങളിലെയും) അടുത്ത റൗണ്ടിൽ പരിഗണിക്കണമെന്ന് ആഗ്രഹിക്കുന്നവർ ‘ഫ്ലോട്ട്’ ഓപ്ഷനാണ് തിരഞ്ഞെടുക്കേണ്ടത്. ഇതനുസരിച്ച് അടുത്ത റൗണ്ടിൽ സ്ഥാപനം മാറാം, കോഴ്സ്/ബ്രാഞ്ച് മാറാം.

•സ്ലൈഡ്, ഫ്ലോട്ട് എന്നിവ എടുക്കുന്നവർക്ക് തുടർറൗണ്ടിൽ ഒരു മാറ്റം അനുവദിച്ചാൽ അവർ അത് സ്വീകരിച്ചേമതിയാകൂ. അവരുടെ ആദ്യ അലോക്കേഷൻ നഷ്ടപ്പെടും. പുതുതായി അനുവദിച്ച സീറ്റ് എടുക്കാത്തപക്ഷം അതും നഷ്ടപ്പെടും. പ്രക്രിയയിൽനിന്ന്‌ പുറത്താകും.

•അവസാന റൗണ്ടിൽ ഒഴികെ, ഫ്ലോട്ട് ഓപ്റ്റ്ചെയ്തവർക്ക് തുടർറൗണ്ടിൽ ഫ്രീസിലേക്കോ സ്ലൈഡിലേക്കോ മാറാം. സ്ലൈഡ് ഓപ്റ്റ്ചെയ്തവർക്ക് തുടർറൗണ്ടിൽ ഫ്രീസിലേക്ക് മാറ്റാം.

•അദ്യ ചോയ്സുതന്നെ ലഭിക്കുന്നവർക്ക് സ്ലൈഡ്, ഫ്ലോട്ട് ഓപ്ഷനുകൾ ഉണ്ടാകില്ല. അവസാന റൗണ്ടിനും സ്ലൈഡ്, ഫ്ലോട്ട് ഓപ്ഷനുകൾ ഉണ്ടാകില്ല. ഫ്രീസ് സ്വീകരിച്ചാൽ തുടർറൗണ്ടുകളിൽ ആ ഓപ്ഷൻ മാറ്റാൻകഴിയില്ല.

•സ്വീകരിച്ച സീറ്റ് വേണ്ടെന്നുവെക്കാൻ രണ്ടാംറൗണ്ടുമുതൽ, അവസാനറൗണ്ടിന്‌ തൊട്ടുമുൻപുള്ള റൗണ്ടുവരെ അവസരമുണ്ടാകും.

•എൻഐടി+ വിഭാഗത്തിൽ ആറാംറൗണ്ടിൽ, അഞ്ചാംറൗണ്ട് സീറ്റിൽനിന്ന്‌ പിൻവാങ്ങാൻ അവസരമുണ്ടാകും. കൂടാതെ സെൻട്രൽ സീറ്റ് അലോക്കേഷൻ ബോർഡ് (സിസാബ്) വഴി സ്‌പെഷ്യൽ റൗണ്ടുകളും ഉണ്ടാകും. ഇതിന്റെ വിവരങ്ങൾ csab.nic.in-ൽ ലഭ്യമാക്കും.

•ഓൺലൈൻ റിപ്പോർട്ടിങ്ങിന്റെ ഭാഗമായി നൽകുന്ന രേഖകളുടെയും യോഗ്യതാവ്യവസ്ഥകളുടെയും പരിശോധന വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് സൈറ്റിൽനിന്ന്‌ ‘പ്രൊവിഷണൽ സീറ്റ് അലോട്മെൻറ്്‌ ലെറ്റർ’ ഡൗൺലോഡ്ചെയ്തെടുക്കാൻകഴിയും. മറ്റ് തുടർനടപടികൾ പൂർത്തിയാകുന്നമുറയ്ക്ക് പ്രവേശനം അന്തിമമാക്കും.

•ഐഐടി പ്രവേശനം ലഭിക്കുന്നവർ, ജോസ സീറ്റ് അലോക്കേഷൻ, സീറ്റ് സ്വീകരിക്കൽ എന്നിവ പൂർത്തിയാകുമ്പോൾ, സ്ഥാപനത്തിൽ റിപ്പോർട്ട്‌ചെയ്ത് പ്രവേശനനടപടികൾ പൂർത്തിയാക്കണം. ഐഐടികൾക്ക് സ്പെഷ്യൽ റൗണ്ട്, സ്‌പോട്ട് റൗണ്ട് എന്നിവ ഉണ്ടാകില്ല. എൻഐടി+ സംവിധാനത്തിൽ സ്ഥാപനതല ഫിസിക്കൽ റിപ്പോർട്ടിങ് വിവരങ്ങൾ, സ്‌പെഷ്യൽ റൗണ്ടുകളുടെ വിശദാംശങ്ങൾ എന്നിവ സിസാബ് സൈറ്റിൽ ലഭ്യമാക്കും.