ഉന്നതവിദ്യാഭ്യാസ രംഗത്ത് വർഷങ്ങളായി ഓൺലൈനിൽ പരീക്ഷ നടത്തിയുള്ള അനുഭവസമ്പത്തുമായി കർണാടകയിലെ വിശ്വേശ്വരയ്യ ടെക്നോളജിക്കൽ സർവകലാശാലയും മഹാരാഷ്ട്രയിലെ മുംബൈ യൂണിവേഴ്സിറ്റിയും. രണ്ട് സർവകലാശാലകളും നിരവധി കോളേജുകൾ അഫിലിയേറ്റ് ചെയ്തിട്ടുള്ള ബൃഹത്തായ സ്ഥാപനങ്ങളാണ്.

To advertise here,

ഓൺലൈൻ പരീക്ഷാ നടത്തിപ്പിൽ മേൽകൈ നേടാനായെങ്കിലും അത് പൂർണമായിട്ടില്ലെന്ന പോരായ്മയുമുണ്ട്. കുട്ടികൾ സാധാരണനിലയിൽ പേപ്പറിൽ തന്നെയാണ് ഈ രണ്ട് സർവകലാശാലകളിലും ഉത്തരമെഴുതുക. ഉത്തര പ്പേപ്പറുകൾ അതത് കോളേജുകളിൽ നിന്ന് മേഖല തിരിച്ചുള്ള കേന്ദ്രീകൃത പോയിന്റുകളിലെത്തിക്കും. ഈ കേന്ദ്രങ്ങളിൽനിന്ന് അവ മൂല്യനിർണയം നടത്തേണ്ട അധ്യാപകൻ സ്കാൻ ചെയ്ത് അയക്കും. അധ്യാപകൻ മൂല്യനിർണയത്തിനായി ക്യാമ്പിലെത്തണം. വേണമെങ്കിൽ വീട്ടിലിരുന്ന് മൂല്യനിർണയം നടത്താനുള്ള സൗകര്യം ഒരുക്കാമെങ്കിലും മൂല്യനിർണയ ക്യാമ്പിലാകുമ്പോൾ നിശ്ചിത ശതമാനം പേപ്പർ രണ്ടാം മൂല്യനിർണയം നടത്താനും മറ്റും എളുപ്പമാകും. ഓരോ കുട്ടിയുടെയും മാർക്ക് മൂല്യനിർണയത്തിനൊപ്പം സർവകലാശാലയിലേക്ക് അപ്ലോഡ് ചെയ്യും.

ചോദ്യപ്പേപ്പറും ഈ സർവകലാശാലകളിൽ ഓൺലൈനായാണ് കോളേജുകൾക്ക് നൽകുക. പരീക്ഷ തുടങ്ങുന്നതിന് 45 മിനിറ്റ് മുമ്പ് അവ സർവകലാശാലയിൽ നിന്ന് അപ്ലോഡ് ചെയ്യും. അരമണിക്കൂർമുമ്പ് ഓരോ കോളേജിലുമുള്ള പരീക്ഷയുടെ ചോദ്യപ്പേപ്പർ ലഭ്യമാകുന്ന രഹസ്യ കോഡ് അയക്കും. പ്രിൻസിപ്പലും പരീക്ഷാ ചുമതലയുള്ള അധ്യാപകനും സർവകലാശാലാ പ്രതിനിധിയും ഉൾപ്പെടുന്ന മൂന്നംഗങ്ങൾ ചേർന്നാണ് ചോദ്യപ്പേപ്പർ എടുക്കുക.

വിശ്വേശ്വരയ്യ ടെക്നോളജിക്കൽ സർവകലാശാലയിൽ 193 സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. 2012 മുതൽ സ്വകാര്യ സോഫ്റ്റ്വേറാണ് ഓൺലൈൻ പരീക്ഷയ്ക്കായി വിശ്വേശ്വരയ്യാ സർവകലാശാല ഉപയോഗിക്കുന്നത്. 2017-ൽ സ്വന്തം സോഫ്റ്റ്വേർ വികസിപ്പിച്ചു. വിശ്വേശ്വരയ്യ സർവകലാശാലയുടെ സോഫ്റ്റ്വേർ നിലവിൽ ബെംഗളൂരു സർവകലാശാലയും ഉപയോഗിച്ചുതുടങ്ങി. മറ്റ് സർവകലാശാലകളും ഇതിനുള്ള സാധ്യത പരിശോധിക്കണമെന്ന് കർണാടക സർക്കാർ നിർദേശിച്ചിട്ടുണ്ട്.

മുംബൈ സർവകലാശാല 2011 മുതലും സമാന സോഫ്റ്റ്വേർ ഉപയോഗിക്കുന്നു. ഒരു സെമസ്റ്ററിൽ 20 ലക്ഷം ഉത്തരപ്പേപ്പർ വരെ സർവകലാശാല സ്കാൻ ചെയ്ത് മൂല്യനിർണയം നടത്തുന്നുണ്ട്.

ഇതേസമയം ചോദ്യപ്പേപ്പർ ലഭ്യമാകുകയും വിദ്യാർഥികൾ ഉത്തരമെഴുതുകയും ചെയ്യുന്നത് പൂർണമായും ഓൺലൈനിലാക്കുകയെന്ന ലക്ഷ്യം ഇനിയും അകലെയാണ്. എന്നാൽ, അതിലേക്ക് എത്തുകയെന്നതാണ് ഈ രണ്ട് സർവകലാശാലകളുടെയും പരമമായ ലക്ഷ്യം.

എം.ജി.യിൽ ഇടവിട്ട സെമസ്റ്ററുകളിൽ ഓൺലൈൻ പരീക്ഷയ്ക്ക് ശ്രമം

സംസ്ഥാനത്ത് ആദ്യമായി സർവകലാശാലാപരീക്ഷ ഓൺലൈനിൽ നടത്താനുള്ള ശ്രമവുമായി എം.ജി. സർവകലാശാല. ആദ്യപടിയായി പി.ജി. പരീക്ഷകൾ ഓൺലൈനാക്കും. പരീക്ഷ എഴുതുന്നവർ കുറവായതിനാലാണ് പി.ജി.ക്ക് ഓൺലൈനാക്കാനുള്ള ശ്രമം നടത്തുന്നതെന്ന് വൈസ് ചാൻസലർ സാബു തോമസ്. പരീക്ഷകൾ ഓൺലൈനാക്കാനുള്ള നീക്കത്തിന് ശക്തിപകരുന്നതാണ് മാതൃഭൂമി നടത്തുന്ന ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

ചോദ്യപ്പേപ്പറുകൾ പരീക്ഷാസെന്ററുകളിലേക്ക് ഓൺലൈനായി ആദ്യം നൽകിത്തുടങ്ങിയതും എം.ജി.യായിരുന്നു. ചോദ്യബാങ്ക് ഡിജിറ്റലായി തയ്യാറാക്കിയതോടെ ഒരു മിനിറ്റിൽ ചോദ്യപ്പേപ്പർ നൽകാനുള്ള സൗകര്യവുമുണ്ട്.

തത്‌കാലം ഉത്തരക്കടലാസുകൾ സ്കാൻചെയ്ത് അധ്യാപകർക്ക് സുരക്ഷാകോഡ് സഹിതം നൽകാനാണ് ഉദ്ദേശിക്കുന്നത്. സാങ്കേതികവിദഗ്ധരുമായി ഇതിന്റെ ആലോചനകൾ നടക്കുന്നുണ്ട്. മൂല്യനിർണയം ഇതോടെ ഓൺലൈനാകും.

പരീക്ഷ ഓൺലൈനാക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പിനും മന്ത്രിക്കും എം.ജി. സർവകലാശാല നൽകിയ മാർഗനിർദേശങ്ങൾ ഇങ്ങനെ:

*പി.ജി. പരീക്ഷയിൽ ഒന്ന്, മൂന്ന് സെമസ്റ്ററുകൾ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾകൊണ്ട് ഓൺലൈനായി പരീക്ഷനടത്തുക. ഫലം രണ്ടുദിവസത്തിനകം തയ്യാറാക്കും. രണ്ട്, നാല് സെമസ്റ്ററുകളിൽ പഴയ രീതിയിൽത്തന്നെ തത്‌കാലം തുടരും.

*ബിരുദപരീക്ഷയിൽ ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്ററുകൾ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുമായി ഓൺലൈനാക്കും. രണ്ട്, നാല്, ആറ് സെമസ്റ്ററുകൾ തത്‌കാലം പഴയതുപോലെ.

*ശാസ്ത്രവിഷയങ്ങൾക്ക് അവസാനം പ്രാക്ടിക്കൽ പരീക്ഷ നടത്തുന്ന രീതി മാറ്റുന്നു. പകരം ദിവസവും പ്രാക്ടിക്കൽ നടത്തുമ്പോൾ അതിൽ നിശ്ചിതസമയം സ്വന്തമായി വിദ്യാർഥി പരീക്ഷണംനടത്തുകയും മൂല്യനിർണയംനടത്തുകയും ചെയ്യുക. ഇത് തുടർമൂല്യനിർണയം നടത്തി രേഖപ്പെടുത്തി ഒന്നായി ഫലം പ്രഖ്യാപിക്കും.

*ചൈന, യു.എസ്.എ., റഷ്യ എന്നിവിടങ്ങളിൽ പ്രാക്ടിക്കൽ പരീക്ഷ ഓരോ അധ്യായം പഠിച്ച് തീരുമ്പോഴാണ്. അതിന്റെ മൂല്യനിർണയം അപ്പോൾ നടത്തുകയും ചെയ്യും.

*ഡിജിറ്റൽ ചോദ്യബാങ്ക് വിപുലമാക്കുക. ഇതിന് അധ്യാപകർക്ക് ക്വാട്ട ഏർപ്പെടുത്തും. നിലവിൽ അധ്യാപകർ ഇതുമായി നന്നായി സഹകരിക്കുന്നുണ്ട്.

*മൾട്ടിപ്പിൾ ചോയ്സ് പരീക്ഷ നടത്തുന്നത് വിദ്യാർഥികൾക്ക് മത്സരപരീക്ഷകൾ എഴുതാനുള്ള ശീലമുണ്ടാക്കും. വിഷയം ആഴത്തിൽ മനസ്സിലാക്കാനും മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ നല്ലതാണ്.

Content Highlights: Indian Universities which already conduct online exams