
തൃശ്ശൂർ: സംസ്ഥാനത്തെ പലഭാഗത്തും ബധിരമൂക വിദ്യാർഥികൾ പലതരം ആംഗ്യ ഭാഷയിൽ പഠിക്കേണ്ടി വരുന്ന സ്ഥിതി ഒഴിവാകുന്നു.
രക്ഷിതാക്കളും അധ്യാപകരും ഏറെനാളായി ആവശ്യപ്പെട്ടിരുന്ന ഏകീകൃത ആംഗ്യഭാഷയിലൂടെയായിരിക്കും ഇനി 33 സ്പെഷ്യൽ സ്കൂളുകളിലെയും അധ്യയനം. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമാണ് (എസ്.സി.ഇ.ആർ.ടി.) ഇതിന് മുൻകൈയെടുത്തത്. കേന്ദ്രസർക്കാരിന്റെ അംഗീകാരമുള്ള ഇന്ത്യൻ സൈൻ ലാംഗ്വേജ് (ഐ.എസ്.എൽ.) ആണ് കേരളത്തിലെ അധ്യയനത്തിന് സ്വീകരിക്കുക.
ആംഗ്യഭാഷയിലെ വൈവിധ്യം പരിഹരിക്കണമെന്ന് ഏറെ നാളായി ആവശ്യം ഉണ്ടായിരുന്നെങ്കിലും, കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ പഠനം തുടങ്ങിയപ്പോഴാണ് ഇതൊരു വലിയ പ്രശ്നമായി ഉയർന്നു വന്നത്. സാധാരണ സ്കൂളുകളിലെ വിദ്യാർഥികൾക്ക് വിക്ടേഴ്സ് ചാനലിലൂടെ ക്ലാസുകൾ പുരോഗമിച്ചപ്പോൾ ബധിര-മൂക വിദ്യാർഥികൾ ഒറ്റപ്പെട്ടു പോയിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയിൽ ഈ വിഷയം വന്നപ്പോഴാണ് ആംഗ്യഭാഷ പലയിടത്തും പലതരത്തിലായതിന്റെ പ്രശ്നം ഗൗരവത്തിലെടുത്തത്.
ഇക്കാരണം കൊണ്ടാണ് യു ട്യൂബിൽ പോലും ക്ലാസ് അപ് ലോഡ് ചെയ്യാൻ കഴിയാതെ പോവുന്നതെന്ന് വിദ്യാഭ്യാസ മന്ത്രിയും വ്യക്തമാക്കിയിരുന്നു.
ഇതേ തുടർന്നാണ് ഏകീകൃത ആംഗ്യഭാഷയ്ക്കുള്ള ശ്രമം തുടങ്ങിയത്. എസ്.സി.ഇ.ആർ.ടി. ഡയറക്ടർ ഡോ. ജെ.പ്രസാദിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സൈൻ ലാംഗ്വേജ്, സ്പെഷ്യൽ സ്കൂളുകളിലെ അധ്യാപകരിലേക്ക് എത്തിക്കാനുള്ള നടപടികൾക്ക് 'മുദ്രികാ പാഠം' എന്ന പേരിൽ കഴിഞ്ഞ ദിവസം തുടക്കം കുറിച്ചു. യുട്യൂബിൽ അഞ്ചു ദിവസത്തെ ക്ലാസുകളാണ് നടക്കുന്നത്. സ്പെഷ്യൽ സ്കൂളുകളിലെ അധ്യാപകരും അനധ്യാപകരുമായി 532 പേരാണ് ക്ലാസിൽ പങ്കെടുക്കുന്നത്. രക്ഷാകർത്താക്കൾക്ക് ഐ.എസ്.എലിനെ കുറിച്ച് ഇവർ അറിവ് പകരും. പൊതുവിദ്യാലയങ്ങളിലെ അധ്യാപകർക്കും സമഗ്രശിക്ഷയിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ എന്നിവരേയും ഐ.എസ്.എൽ. പരിശീലിപ്പിക്കണമെന്ന് അഭിപ്രായം ഉയർന്നിട്ടുണ്ട്.
എത്തി കോവിഡും ആംഗ്യഭാഷയിൽ
കോവിഡ്, ക്വാറന്റീൻ, ലോക്ഡൗൺ തുടങ്ങിയ വാക്കുകൾക്കും ആംഗ്യഭാഷയിൽ മുദ്രകളായി. ഇന്ത്യൻ സൈൻ ലാംഗ്വേജ് റിസർച്ച് ആൻഡ് ട്രെയിനിങ് സെന്ററാണ് ഇന്ത്യൻ സൈൻ ലാംഗ്വേജിന്റെ ചുമതലക്കാർ. പുതിയ വാക്കുകൾ ബധിര മൂക സമൂഹത്തിൽനിന്ന് ശേഖരിച്ച് പരിശോധിച്ച് നിഘണ്ടുവിലേക്കാക്കുന്നത് ഈ സെന്ററാണ്. കേന്ദ്ര സാമൂഹികക്ഷേമ മന്ത്രാലയത്തിന് കീഴിലാണ് ഈ സെന്റർ.
ആംഗ്യഭാഷയിൽ ഇന്ത്യൻ രീതി പഠിക്കാനുള്ള യൂട്യൂബ് വീഡിയോ കാണാം
Content Highlights: How toLearn Indian Sign Language, Health
Published: 21 Dec 2020, 10:17 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented