ടെലിവിഷനിൽ വാർത്തകൾ കാണുമ്പോൾ, വാർത്താ അവതാരകനൊപ്പം സ്‌ക്രീനിന്റെ ഒരു കോണിൽ വാർത്തകൾ തത്സമയം ആംഗ്യഭാഷയിലേക്ക് വിവർത്തനം ചെയ്യുന്ന ഇന്റർപ്രെട്ടറെ പരിചയമുണ്ടാകും. അത് കേവലം ആംഗ്യപ്രകടനമല്ല. ഇന്ത്യൻ സൈൻ ലാംഗ്വേജ് (ഐ.എസ്.എൽ.) എന്ന ഒരു ഭാഷാമാധ്യമത്തിലൂടെയുള്ള വിവർത്തനമാണ്. കേൾവി-സംസാര പരിമിതിയുള്ളവരിലേക്ക് ലോകവിവരങ്ങൾ വേഗത്തിൽ എത്തിക്കുന്ന ഈ മേഖല, സാമൂഹിക ഉൾച്ചേർക്കലിന്റെയും മികച്ച തൊഴിൽസാധ്യതയുടെയും സങ്കലനംകൂടിയാണ്. ഈ കോഴ്‌സുകളിലേക്കു ഇപ്പോൾ അപേക്ഷിക്കാം.

To advertise here,

ആംഗ്യഭാഷ ഒരു പൂർണഭാഷയാണോ?

തീർച്ചയായും അതെ. കൃത്യമായ വ്യാകരണവും ഘടനയുള്ള യുക്തിസഹമായ സ്വതന്ത്ര ഭാഷയാണിത്. കൈകളുടെ ചലനങ്ങളും കൈമുദ്രകളും മാത്രമല്ല ഇതിലെ ഘടകങ്ങൾ. ആശയവിനിമയം പൂർണമാകണമെങ്കിൽ വ്യക്തമായ മുഖഭാവങ്ങൾ, തലയുടെ ചലനം, ശരീരഭാഷ എന്നിവയും വളരെ പ്രധാനമാണ്. ഒരേ കൈമുദ്രതന്നെ മുഖഭാവം മാറുമ്പോൾ വ്യത്യസ്തമായ അർഥം നൽകാം. സംസാരഭാഷകളിലെ പ്രാദേശിക വകഭേദങ്ങൾപോലെ, ഇന്ത്യൻ ആംഗ്യഭാഷയിലും പ്രാദേശിക വ്യത്യാസങ്ങൾ ഉണ്ട്.

കോഴ്‌സുകളും അംഗീകാരവും

* ആംഗ്യഭാഷാ ആഖ്യാനം പഠിപ്പിക്കുന്ന ഡി.ഐ.എസ്.എൽ.ഐ. (ഡിപ്ലോമ ഇൻ ഇന്ത്യൻ സൈൻ ലാംഗ്വേജ് ഇന്റർപ്രെട്ടഷൻ). സംസാരഭാഷയിലേക്കും തിരിച്ചും കൃത്യവും നിഷ്പക്ഷവുമായ വ്യാഖ്യാനം നൽകാൻ പരിശീലിപ്പിക്കുന്ന രണ്ടുവർഷത്തെ കോഴ്‌സാണിത്. * ബധിരരായ വിദ്യാർഥികൾക്കായി ആംഗ്യഭാഷ പഠിപ്പിക്കാൻ പരിശീലനംനൽകുന്ന ഡി.ടി.ഐ.എസ്.എൽ. (ഡിപ്ലോമ ഇൻ ടീച്ചിങ് ഇന്ത്യൻ സൈൻ ലാംഗ്വേജ്)

ഇരു കോഴ്സുകൾക്കുമുള്ള സിലബസും അംഗീകാരവും കേന്ദ്ര സാമൂഹികനീതി മന്ത്രാലയത്തിന് കീഴിലുള്ള റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ (ആർ.സി.ഐ.)യുടേതാണ്; പരീക്ഷ നടത്തി സർട്ടിഫിക്കറ്റ് നൽകുന്നത് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ ഇൻ റീഹാബിലിറ്റേഷൻ ആണ്. പ്രാക്ടീസ് ചെയ്യാൻ സെൻട്രൽ റീഹാബിലിറ്റേഷൻ രജിസ്റ്ററിൽ രജിസ്റ്റർ ചെയ്യണം.

തൊഴിൽസാധ്യതകൾ

* കേൾവി-സംസാര പരിമിതിയുള്ളവർക്കുള്ള പ്രത്യേക വിദ്യാലയങ്ങൾ, കോളേജുകൾ, സർവകലാശാലകൾ * ടെലിവിഷൻ വാർത്ത, സിനിമ, ഡിജിറ്റൽ മാധ്യമം, ഒ.ടി.ടി., തത്സമയ പരിപാടികൾ *ആശുപത്രികൾ, മെഡിക്കൽ ക്യാമ്പുകൾ, ആരോഗ്യ ഇൻഷുറൻസ് സേവനങ്ങൾ * ഇര, പ്രതി, സാക്ഷി തുടങ്ങിയവർ കേൾവി-ശബ്ദ പരിമിതരെങ്കിൽ അവർക്ക് ഔദ്യോഗിക വ്യാഖ്യാതാവായി കോടതികൾ, പോലീസ് സ്റ്റേഷനുകൾ, നിയമസഹായ കേന്ദ്രങ്ങൾ *സർക്കാർ ഓഫീസുകൾ, തിരഞ്ഞെടുപ്പ് സംവിധാനങ്ങൾ, പൊതുസേവന സ്ഥാപനങ്ങൾ. *കോർപ്പറേറ്റ് സ്ഥാപനങ്ങൾ *എൻ.ജി.ഒ.കൾ, ബധിരസംഘടനകൾ, സാമൂഹികവികസന പദ്ധതികൾ.

* ഓൺലൈൻ മീറ്റിങ്ങുകൾ, വെബിനാറുകൾ, വീഡിയോ റിലേ സർവീസുകൾ, വിദ്യാഭ്യാസ ഉള്ളടക്കം, പരിശീലന വീഡിയോകൾ, പരീക്ഷാസാമഗ്രികൾ എന്നിവ ഐ.എസ്.എലിലേക്ക് മാറ്റുന്ന ജോലികൾ. * ഫ്രീലാൻസ്, കരാർ അടിസ്ഥാനത്തിലുള്ള വ്യാഖ്യാനം.

ശ്രദ്ധിക്കാൻ: മെഡിക്കൽ, നിയമ, വിദ്യാഭ്യാസ, സാങ്കേതിക പദാവലി, രഹസ്യപരിപാലനം, നിഷ്പക്ഷത, സമയനിയന്ത്രണം, പ്രൊഫഷണൽ ധാർമികത എന്നിവ അഭ്യസിക്കുന്നതും ഉയർന്ന അടിസ്ഥാന യോഗ്യതകളും ബഹുഭാഷാപ്രാവീണ്യവും മെച്ചപ്പെട്ട കരിയർ അവസരങ്ങൾ വർധിപ്പിക്കുന്നു. ആംഗ്യഭാഷയിൽ പറയുന്നത് സംസാരഭാഷയിലേക്ക് മൊഴിമാറ്റുന്ന, റിവേഴ്‌സ് ഇന്റർപ്രെട്ടിങ്ങിലെ വൈദഗ്ധ്യത്തിനും ഏറെ ഡിമാൻഡ് ഉണ്ട്.

കേരളത്തിൽ, ഈ രണ്ട് കോഴ്‌സുകളും പഠിക്കാൻ നിലവിൽ അവസരമുള്ളത് സാമൂഹികനീതി വകുപ്പിന് കീഴിലുള്ള തിരുവനന്തപുരത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്‌ എന്ന സ്ഥാപനത്തിലാണ്.

പ്രവേശന യോഗ്യത

ഡി.ഐ.എസ്.എൽ.ഐ.: പ്ലസ് ടു അഥവാ തത്തുല്യ യോഗ്യത 50 ശതമാനം മാർക്കോടെ വിജയം. കൈകൾക്ക് പ്രവർത്തനക്ഷമതയും സാധാരണ കേൾവിശക്തിയും ഏതെങ്കിലുമൊരു ഭാഷയിൽ പ്രാവീണ്യവും വേണം.

ഡി.ടി.ഐ.എസ്.എൽ.: കേൾവി-സംസാര പരിമിതിയുള്ള (ബധിര) വിദ്യാർഥികൾക്ക് മാത്രമായി രൂപകല്പനചെയ്ത കോഴ്‌സാണിത്. ഡിസെബിലിറ്റി സർട്ടിഫിക്കറ്റ്, പ്ലസ് ടു തലത്തിൽ ചുരുങ്ങിയത് 45 ശതമാനം മാർക്ക്, ആംഗ്യഭാഷയിൽ അടിസ്ഥാനപ്രാവീണ്യം എന്നിവ നിർബന്ധമാണ്. ഭിന്നശേഷിക്കാരുടെ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും അഞ്ചുമുതൽ 10 മാർക്കുവരെ വെയിറ്റേജ് ലഭിക്കും.

nber-rehabcouncil.gov.in വഴി ഓഗസ്റ്റ് 24 വരെ അപേക്ഷിക്കാം.