നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) നടത്തുന്ന, കോമൺ മാനേജ്‌മെന്റ് അഡ്മിഷൻ ടെസ്റ്റ് (സിമാറ്റ്) 2024-ന് അപേക്ഷിക്കാം. എ.ഐ.സി.ടി.ഇ. അംഗീകാരമുള്ള സ്ഥാപനങ്ങൾ, ഈ സ്കോർ പരിഗണിക്കുന്ന മറ്റു സ്ഥാപനങ്ങൾ-യൂണിവേഴ്‌സിറ്റി ഡിപ്പാർട്ട്‌മെന്റുകൾ, കോൺസ്റ്റിറ്റ്യുവന്റ് കോളേജുകൾ, അഫിലിയേറ്റഡ് കോളേജുകൾ തുടങ്ങിയവയിലെ മാനേജ്‌മെന്റ് മാസ്റ്റേഴ്‌സ് തല പ്രോഗ്രാമിലെ പ്രവേശനത്തിനായി നടത്തുന്ന ദേശീയതല മാനേജ്മെന്റ് അഭിരുചിപരീക്ഷയാണ് സിമാറ്റ്.
യോഗ്യത
ഭാരതീയനായിരിക്കണം. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. ബാച്ച്‌ലർ പ്രോഗ്രാം അന്തിമപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും 2024-25 പ്രവേശനത്തിനുമുമ്പ് അവരുടെ യോഗ്യതാപരീക്ഷാഫലം പ്രഖ്യാപിക്കപ്പെടണമെന്നും അവർ യോഗ്യത നേടിയിരിക്കണമെന്നുമുള്ള വ്യവസ്ഥകൾക്കു വിധേയമായി അപേക്ഷിക്കാം.
പരീക്ഷ
മൂന്നുമണിക്കൂർ ദൈർഘ്യമുള്ള പരീക്ഷ, കംപ്യൂട്ടർ അധിഷ്ഠിത രീതിയിൽ മേയിൽ നടത്തും. പരീക്ഷാ തീയതി, പരീക്ഷാസമയം തുടങ്ങിയവ പിന്നീട് പ്രഖ്യാപിക്കും. എറണാകുളം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂർ എന്നിവ പരീക്ഷാ കേന്ദ്രങ്ങളാണ്.
പരീക്ഷയ്ക്ക് ക്വാണ്ടിറ്റേറ്റീവ് ടെക്‌നിക്‌സ് ആൻഡ് ഡേറ്റാ ഇന്റർപ്രറ്റേഷൻ, ലോജിക്കൽ റീസണിങ്, ലാംഗ്വേജ് കോംപ്രിഹൻഷൻ, ജനറൽ അവയർനസ്, ഇനവേഷൻ ആൻഡ് ഓൺട്രപ്രനേർഷിപ്പ് എന്നീ വിഷയങ്ങളിൽനിന്ന് 20 വീതം ഒബ്ജക്ടീവ് ടൈപ്പ് - മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ ഉണ്ടാകും. ശരിയുത്തരത്തിന് നാലുമാർക്ക്. ഉത്തരം തെറ്റിയാൽ ഒരു മാർക്കുവീതം നഷ്ടമാകും.
അപേക്ഷ
exams.nta.ac.in/CMAT/ വഴി ഏപ്രിൽ 18-ന് രാത്രി 9.50 വരെ അപേക്ഷിക്കാം. ഇൻഫർമേഷൻ ബുള്ളറ്റിനും ഇവിടെ ലഭിക്കും. അപേക്ഷാഫീസ് രാത്രി 11.50 വരെ ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്, യു.പി.ഐ. വഴി അടയ്ക്കാം. അപേക്ഷയിലെ ചില ഫീൽഡുകളിലെ തെറ്റുകൾ ഓൺലൈനായി തിരുത്താൻ 19 മുതൽ 21 വരെ അവസരം ഉണ്ടാകും.
പ്രവേശനത്തിന് സ്ഥാപനങ്ങളിലേക്ക് അപേക്ഷിക്കണം
മാനേജ്മെന്റ് കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള കൗൺസലിങ് പ്രക്രിയയിൽ നാഷണൽ ടെസ്റ്റിങ് ഏജൻസിക്ക് പങ്കില്ല. സി-മാറ്റ് സ്കോർ ലഭിച്ചശേഷം, മാനേജ്‌മെന്റ് പ്രോഗ്രാം പ്രവേശനത്തിന് ഈ സ്കോർ പരിഗണിക്കുന്ന സ്ഥാപനങ്ങളിലെ പ്രവേശനത്തിൽ താത്‌പര്യമുള്ളവർ അവരുടെ പ്രവേശന വിജ്ഞാപനപ്രകാരം സ്ഥാപനത്തിലേക്ക് പ്രത്യേകം അപേക്ഷിച്ച് പ്രവേശനപ്രക്രിയയിൽ പങ്കെടുക്കണം. അതിന്റെ ഭാഗമായി ഗ്രൂപ്പ് ഡിസ്‌കഷൻ (ജി.ഡി.), പേഴ്‌സണൽ ഇന്റർവ്യൂ (പി.ഐ.) തുടങ്ങിയ ഉണ്ടാകാം. നടപടിക്രമം സ്ഥാപന വെബ് സൈറ്റ്/സ്ഥാപനത്തിന്റെ നോട്ടിഫിക്കേഷൻ പരിശോധിച്ച് മനസ്സിലാക്കണം.
സി-മാറ്റ് സ്‌കോർ ഉപയോഗിച്ചിരുന്ന സ്ഥാപനങ്ങൾ
മാനേജ്മെന്റ് കോഴ്‌സ് പ്രവേശനത്തിന് മറ്റുചില മാനേജ്മെന്റ് പരീക്ഷാ സ്കോറുകൾക്കൊപ്പം സി-മാറ്റ് സ്കോറും മുൻവർഷങ്ങളിൽ പരിഗണിച്ചിട്ടുള്ള ചില സ്ഥാപനങ്ങൾ (ഓരോ പ്രവേശനവർഷവും ഉപയോഗിക്കുന്ന അഭിരുചിപരീക്ഷാ സ്കോറുകളിൽ മാറ്റം വരാം. സ്ഥാപന വെബ്സൈറ്റ് സന്ദർശിച്ച് ഏറ്റവും പുതിയ നില പരിശോധിക്കണം).
• എൻ.ഐ.ടി. ഭോപാൽ
• എൻ.ഐ.ടി. ആന്ധ്രാപ്രദേശ്
• നാഷണൽ പവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (ഫരീദാബാദ്)
• നാഷണൽ ഇൻഷുറൻസ് അക്കാദമി (പുണെ)
• ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിവലപ്‌മെന്റ് ആൻഡ് റിസർച്ച് ഇൻ ബാങ്കിങ് ടെക്‌നോളജി (ഹൈദരാബാദ്)
• ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ് (വിവിധ കേന്ദ്രങ്ങൾ)
• എൽ.എൻ. മിശ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഡിവലപ്മെന്റ് ആൻഡ് സോഷ്യൽ ചേഞ്ച് (പട്‌ന)
• എ.ബി.വി.- ഐ.ഐ.ഐ.ടി.എം. (ഗ്വാളിയർ)
• രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്‌നോളജി (അമേഠി)
• മദ്രാസ് സ്കൂൾ ഓഫ് ഇക്കണോമിക്സ് (ചെന്നൈ)
• നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് മാർക്കറ്റ് (നവിമുംബൈ)
• വൈകുണ്ഠ മേത്ത നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (പുണെ)
കേരളത്തിലെ ചില സ്ഥാപനങ്ങൾ
• കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റി (തിരുവനന്തപുരം)
• കേരള കാർഷിക സർവകലാശാല (തൃശ്ശൂർ)
• കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി
• കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കൊച്ചി)
• ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് (തിരുവനന്തപുരം)
• കോളേജ് ഓഫ് എൻജിനിയറിങ് (തിരുവനന്തപുരം)
Content Highlights: Common Management Admission Test application till 18
Published: 16 Apr 2024, 11:52 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented