വിദ്യാലയങ്ങള്‍ വിവേചനത്തിന്റെ പാഠശാലകളായിക്കൂടാ എന്ന കാര്യത്തില്‍ രണ്ട് അഭിപ്രായം ഉണ്ടെന്ന് തൊന്നുന്നില്ല. പിന്‍ബഞ്ചുകാരും മുന്‍ബഞ്ചുകാരുമുള്ള ക്ലാസിലല്ലേ നമ്മളൊക്കെ പഠിച്ചത്? എന്നിട്ട് എന്തെങ്കിലും കുഴപ്പം നമ്മള്‍ക്കുണ്ടായോ? എന്ന് ചിന്തിക്കുന്നവരുണ്ടാകും. അക്ഷരം പഠിപ്പിക്കുന്ന കാര്യമായാലും പഠനരീതിയുടെ കാര്യമായാലും നമ്മള്‍ പഠിച്ചതങ്ങനെയായിരുന്നില്ലേ എന്ന ചോദ്യം ഉയര്‍ത്താറുണ്ട്. ആരാണ് ഈ 'നമ്മള്‍' എന്നത് മറച്ചുവെക്കുകയും ചെയ്യും. കൂടെപ്പഠിച്ച പിന്നാക്ക സാമൂഹികവിഭാഗങ്ങളെ ഉദാഹരിച്ച് വര്‍ത്തമാനം പറയാതിരിക്കുന്ന കൗശലം അത്തരം വാദങ്ങള്‍ക്കുണ്ട്. ക്ലാസിലെ ബഞ്ചുകള്‍ക്ക് പലപ്പോഴും നിര്‍ദോഷമായ സ്ഥാനമല്ല ഉള്ളത്. അത് വേര്‍തിരിക്കലിന്റെ അടയാളമായ ചരിത്രം നമ്മുടെ മുന്നിലുണ്ട്. അംബേദ്ക്കര്‍ കീറച്ചാക്കുമായിട്ടായിരുന്നു സ്കൂളില്‍ പോയിരുന്നത്. സവര്‍ണ്ണക്കുട്ടികള്‍ ബഞ്ചിലിരുന്ന് പഠിച്ചപ്പോള്‍ അംബേദ്ക്കറിനെ മൂലക്ക് മാറ്റി, ചാക്ക് വിരിപ്പിച്ച് അതിലിരുത്തി. അന്ന് ബഞ്ച് സാമൂഹികപദവിയിലെ ഉയര്‍ന്ന സ്ഥാനത്തെ അടയാളപ്പെടുത്തി. അയിത്തത്തെ അരക്കിട്ടുറപ്പിച്ചു. ക്ലാസില്‍ ഒപ്പമിരിക്കുക എന്നത് അവകാശമാണെന്ന തിരിച്ചറിവുണ്ടായപ്പോള്‍ അത് നേടിയെടുക്കാന്‍ പോരാട്ടങ്ങള്‍ വേണ്ടി വന്നു.

To advertise here,

കേരളത്തില്‍ അധസ്ഥിത കുട്ടികളെ ബഞ്ചിലിരുത്തണം എന്ന ഉത്തരവുണ്ടായപ്പോള്‍ ബഞ്ചിന്റെ കാല് കുഴിച്ചിട്ട് തുല്യതയെ വെല്ലുവിളിച്ചവരുണ്ട്. ജനാധിപത്യകേരളം എല്ലാവരെയും ഒന്നിച്ചിരുത്താന്‍ തീരുമാനിച്ചപ്പോഴാണ് അതിന് ജാതിമതാതീത സൗഹൃദമുള്ള കേരളത്തെ സൃഷ്ടിക്കാനായത്. ഒന്നിച്ച് ഒരു ബഞ്ചിലിരുന്നുള്ള പഠനത്തിന് വലിയ സന്ദേശങ്ങള്‍ നല്‍കാനുണ്ടായിരുന്നു. ക്രമേണ മറ്റൊരു രീതിയില്‍ തരംതിരിവ് പ്രത്യക്ഷപ്പെട്ടു. ഏറ്റവും സമര്‍ഥര്‍ മുന്‍ബഞ്ചുകാരായി. തോറ്റവരും തോല്‍ക്കാനിടയുള്ളവരും പിന്‍ബഞ്ചിലേക്ക് തള്ളപ്പെട്ടു. സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളില്‍പ്പെട്ട കുട്ടികളായിരുന്നു പഠനത്തിനും പിന്നാക്കമായതും പിന്‍ബഞ്ചുകാരായതും. കേരളത്തിലെ മാര്‍ച്ച് 2025 ലെ എസ്.എസ്.എല്‍.സി പരീക്ഷാഫലം വിശകലനം ചെയ്താല്‍ ഇത് വ്യക്തമാകും. പട്ടിക വര്‍ഗക്കാരായ 7279 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 2.26% കുട്ടികളാണ് എ പ്ലസ് നേടിയത്. ഡി പ്ലസില്‍ 35%. എന്നാല്‍ പൊതുവിഭാഗത്തില്‍ എ പ്ലസുകാര്‍ 25.11% വും ഡി പ്ലസുകാര്‍ 6.377%വുമുണ്ട്. 

പട്ടികജാതിക്കാരിലും ഡി പ്ലസുകാര്‍ 24.8%വും എ പ്ലസ് നേടിയവര്‍ 5.38% മാത്രവും. അതായത് പിന്നാക്ക നിലവാരത്തിലുള്ളവര്‍ പിന്നാക്ക ജാതിവിഭാഗത്തില്‍ ഉള്ളവരാണ്. അവരാണ് സ്വാഭാവികമായും പിന്‍ബഞ്ചുകാരാകുന്നതും. പൊതുവിഭാഗവും പട്ടിക വര്‍ഗ, പട്ടികജാതി വിഭാഗവും തമ്മിലുള്ള നിലവാരത്തിലെ ഈ അന്തരം സൃഷ്ടിക്കുന്നതില്‍ ക്ലാസ്മുറികള്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. പഠനപിന്നാക്കാവസ്ഥയുടെ കാരണം കുട്ടികളില്‍ ചാരുന്ന വിദ്യാഭ്യാസസമ്പദായത്തിന് ഇക്കാര്യത്തില്‍ കുറ്റബോധമില്ല. ക്ലാസ് റൂമിൽ ഇരിപ്പിടക്രമീകരണത്തിന്റെ (Seating Arrangement) രീതികൾ സമൂഹത്തിൻ്റെ വിദ്യാഭ്യാസ സങ്കല്‍പത്തിനും സാംസ്‌കാരിക പശ്ചാത്തലത്തിനും അനുസൃതമായി വ്യത്യാസപ്പെടും. പുരോഗമന വിദ്യാഭ്യാസ സങ്കല്പങ്ങള്‍ വികസിപ്പിക്കാതെ ഇരിപ്പിടക്രമീകരണം എങ്ങനെ പരിവര്‍ത്തിപ്പിച്ചാലും ക്ലാസ് റൂമില്‍ പിന്നാക്കകോളനികള്‍ സൃഷ്ടിക്കപ്പെടും. ഓരോ തരത്തിലുള്ള ഇരിപ്പിട ക്രമീകരണവും അക്കാദമികവും സാമൂഹികവും രാഷ്ട്രീയവുമായ മാനങ്ങളില്‍ വിലയിരുത്തപ്പെടേണ്ടതുണ്ട്.

പരമ്പരാഗത രീതി ( നിരനിരയായുള്ള ക്രമീകരണം) 

കേരളത്തെപ്പോലെ കൂടുതല്‍ മഴക്കാലമുള്ള പ്രദേശത്ത്, എല്ലാവരും ചെരുപ്പുകള്‍ ഉപയോഗിക്കാത്ത കാലത്ത് തറയിലിരുന്ന് പഠിക്കുക എന്നത് അത്ര സൗകര്യമുള്ളതായിരുന്നില്ല. പലയിടത്തും തറ സിമിന്റിട്ടതുമായിരുന്നില്ല. കൂടുതല്‍ പേരെ ഉള്‍ക്കൊള്ളുക എന്നത് അന്നത്തെ ക്ലാസുകളുടെ ആവശ്യവുമായിരുന്നു. അപ്പോഴാണ് സ്കൂള്‍ ബഞ്ചുകള്‍ പാഠശാലകളുടെ ഭാഗമാകുന്നത്. വെച്ചെഴുതാന്‍ ഡസ്കുകള്‍ പിന്നീടാണ് വരുന്നത്. ബഞ്ചും ഡസ്കും ഉയര്‍ന്ന ക്ലാസുകളിലെ കുട്ടികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ക്ലാസിലെ ബഞ്ചുകള്‍ പൊതുവേ ഇടതും വലതുമായി രണ്ടായി തിരിച്ചാണ് വിന്യസിക്കുക. മിക്സ‍ഡ് സ്കൂളാണെങ്കില്‍ ഒരു ഭാഗം പെണ്‍കുട്ടികളും മറുഭാഗം ആണ്‍കുട്ടികള്‍ക്കുമായി ചെറിയ ക്ലാസ് മുതല്‍ തരംതിച്ചാകും ഈ ക്രമീകരണം. നാലോ അഞ്ചോ നിരകള്‍ ഒന്നിന് പിറകില്‍ ഒന്നായി ക്രമീകരിച്ചിരിക്കും. കുട്ടികള്‍ കൂടുതലുണ്ടെങ്കില്‍ ചുമരിനോട് ചേര്‍ന്ന് വശങ്ങളിലും ബഞ്ച് ഇടും. ടീച്ചറുടെ സ്ഥാനം, ബോര്‍‍ഡിന്റെ സ്ഥാനം ഇവ സ്ഥിരമാണ്. അതിനാല്‍ ഇരിപ്പിടത്തിന്റെ വിന്യാസ രീതിയും സ്ഥിരമായിരിക്കും.

ടീച്ചര്‍ പ്രഭാഷണാധിഷ്ഠിത രീതിയിലാണ് ബോധനം നിര്‍വഹിക്കുക. അറിവ് പകരലാണ് അവിടെ നടക്കുക. ബാങ്കിങ് വിദ്യാഭ്യാസമെന്ന് ഫ്രെയര്‍ സൂചിപ്പിച്ച രീതി. വിഷയം അവതരിപ്പിക്കുന്നു. വിശദീകരിക്കുന്നു. ബോര്‍ഡില്‍ രേഖപ്പെടുത്തുന്നു. ചോദ്യങ്ങള്‍ ചോദിക്കുന്നു. അധ്യാപക കേന്ദ്രിതവും പാഠപുസ്തക കേന്ദ്രിതവുമായതിനാല്‍ വിദ്യാര്‍ഥികള്‍ ടീച്ചറിന് അഭിമുഖമായി ഇരിക്കുന്നു. ടീച്ചര്‍ക്ക് എല്ലാ കുട്ടികളെയും കാണാനാകും. ഓരോ കുട്ടിക്കും മുൻവശത്തേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് ടീച്ചര്‍ പറയുന്നത് കേള്‍ക്കാനും എഴുതുന്നത് വായിക്കാനും പകര്‍ത്താനും കഴിയും. ടീച്ചര്‍ ആവശ്യപ്പെടുമ്പോള്‍ നിര്‍ദ്ദേശിക്കുന്ന കുട്ടികള്‍ക്ക് എഴുന്നേറ്റ് നിന്ന് വിശദീകരണമോ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനോ പാഠഭാഗം വായിച്ച് കേള്‍പ്പിക്കാനോ കഴിയും. ഒരേ രീതിയില്‍ ഒരേ സ്ഥാനത്തായിരിക്കും കുട്ടികളുടെ ഇരിപ്പ്. സമര്‍ഥര്‍ക്ക് മുന്‍ബഞ്ചിലേക്ക് സ്ഥാനക്കയറ്റം കിട്ടും. പഠിക്കാതെ വരുന്നവര്‍, അല്ലെങ്കില്‍ ടീച്ചര്‍ പഠിപ്പിച്ചിട്ട് മനസ്സിലാകാത്തത് കാരണം ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം പറയാത്തവര്‍, ഹോം വര്‍ക്ക് ചെയ്യാത്തവര്‍ എന്നീ അനിഷ്ടവിഭാഗത്തെ ക്ലാസിന് പിന്നില്‍ നിറുത്തുന്ന ശീലവുമുണ്ടായിരുന്നു. ചിലസന്ദര്‍ഭങ്ങളില്‍ ക്ലാസിന് പുറത്തും നിറുത്തും. ഭൂരിഭാഗം കുട്ടികളും തോറ്റുപോകുന്ന വിഷയത്തിലെ അധ്യാപകര്‍ക്ക് ആരോടും വിശദീകരണം നല്‍കേണ്ടതുമില്ലായിരുന്നു. 

എഴുത്തില്‍ക്കൂടി മാത്രം കഴിവ് അളക്കുന്ന പരീക്ഷാ നടത്തിപ്പിനും ഈ ക്രമീകരണമാണ് അനുയോജ്യം. പാഠഭാഗങ്ങള്‍ വേഗം തീര്‍ക്കാന്‍ പറ്റിയ രീതിയാണിത്. അച്ചടക്കം സൃഷ്ടിക്കാന്‍ ഈ ഇരിപ്പിട ക്രമീകരണം സഹായകമാണ്. ഒറ്റനോട്ടത്തില്‍ ചലനങ്ങള്‍ വെളിപ്പെടും. ടീച്ചറുടെ പ്രാപ്യതയാണ് ഒരു പ്രശ്നം. ഏത് വര്‍ക്ക് കൊടുത്താലും ഏറ്റവും മുന്നിലിരിക്കുന്നവര്‍ എഴുതുന്നത് കാണാനാകും. ഇടബഞ്ചുകളില്‍ നടുക്കിരിക്കുന്നവരും പിന്നില്‍ ചുമരിനോട് ചേര്‍ന്നിരിക്കുന്നവരും ഇത്തരം വിലയിരുത്തല്‍ നടത്തത്തില്‍നിന്നും ഒഴിവാകും. അങ്ങനെ സംഭവിച്ചുപോകുന്നതാണ്. ക്രമേണ അത് ശീലമായി മാറുകയും ശ്രദ്ധിക്കാത്ത കുട്ടികളും ഒരു വിഭാഗം കുട്ടികളെ ശ്രദ്ധിക്കാത്ത അധ്യാപകരും രൂപപ്പെടുകയും ചെയ്യും. കുട്ടികള്‍ തമ്മിലുള്ള ചര്‍ച്ചകളെ പഠനതന്ത്രമായി കണക്കാക്കാത്ത രീതിയാണിത്. പ്രത്യക്ഷത്തില്‍ത്തന്നെ തന്റെ സ്ഥാനം പിന്നിലാണ് എന്ന് എല്ലാ ദിവസവും പിന്നാക്കക്കാരെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കും. അതിന് കാരണം അധ്യാപകര്‍ കൈത്താങ്ങ് നല്‍കി അവരെ മുന്നിലെത്തിക്കുന്ന അക്കാദമികനീതി പാലിക്കാത്തതുമാണ്. നേരത്തെ തടി കൊണ്ടുള്ള ബഞ്ചും ഡസ്കുമായിരുന്നു. ആവശ്യമെങ്കില്‍ സന്നദ്ധതയുള്ള ടീച്ചര്‍മാര്‍ക്ക് അവ പുനക്രമീകരിക്കാമായിരുന്നു. ചില പഞ്ചായത്തുകള്‍ ലോഹനിര്‍മ്മിതവും ബഞ്ചും ഡസ്കും ഒറ്റയൂണിറ്റായി വെല്‍ഡ് ചെയ്തതുമായ ഇരിപ്പിടങ്ങള്‍ വിദ്യാലയങ്ങള്‍ക്ക് നല്‍കി അധ്യാപകരെ ധര്‍മ്മസങ്കടത്തിലാക്കിയിട്ടുണ്ട്. അധ്യാപക വിദ്യാര്‍ഥി അനുപാതം കൂടുതലായിരുന്ന കാലത്തിന്റെ അനിവാര്യതയായിരുന്നു നിരനിരയായുള്ള ഇരിപ്പിട ക്രമീകരണം. ഇന്നത്തെ ഹയര്‍സെക്കണ്ടറി ക്ലാസുകളില്‍ അടുത്ത കാലത്തൊന്നും മറ്റൊരു രീതി പ്രതീക്ഷിക്കേണ്ടതില്ല.

നടുത്തളമുള്ള ക്രമീകരണം (U ആകൃതി) 

ഇത്തരം ക്രമീകരണത്തിലും ടീച്ചറുടെയോ ബോര്‍ഡിന്റെയോ സ്ഥാനം മാറുന്നില്ല. പുതിയ കാലത്ത് എല്‍.സി.ഡി. സ്ക്രീന്‍ കൂടി വന്നെന്നിരിക്കും. മുന്‍ബഞ്ചുകാരോ പിന്‍ബഞ്ചുകാരോ പ്രത്യക്ഷത്തില്‍ ഇല്ല. എല്ലാവരും മുന്നില്‍ത്തന്നെ. അത് ഭൗതികമായി താന്‍ പിന്നിലല്ല എന്ന തോന്നലുളവാക്കും. ആത്മബോധ വികസാതലത്തില്‍ അത് പ്രധാനമാണ്. എല്ലാവര്‍ക്കും ടീച്ചര്‍ പ്രാപ്യമാണ്. ഓരോ കുട്ടിയെയും പരിഗണിക്കാന്‍ ടീച്ചര്‍ക്ക് ഭൗതികതടസ്സങ്ങളില്ല. നടുത്തളത്തില്‍ സ്ഥലം ഏറെയുള്ളതിനാല്‍ കുട്ടികള്‍ക്ക് വിവിധങ്ങളായ ആവിഷ്കാരങ്ങള്‍ നടത്താന്‍ സഹായകമാണ്. കുട്ടികളുടെ ചലനസ്വാതന്ത്ര്യം കൂടും. ക്ലാസില്‍ ചര്‍ച്ചകള്‍ നടത്താന്‍ കഴിയും. എല്ലാ കുട്ടികള്‍ക്കും പരസ്പരം മുഖം കണ്ട് സംവദിക്കാനാകുന്നു. നിരനിരയായി ഇരിക്കുന്ന ക്ലാസില്‍ ടീച്ചറുടെ ചോദ്യത്തിന് ഉത്തരം പറയുന്നതിന് എഴുന്നേല്‍ക്കുന്ന മുന്‍ബഞ്ചിലെ കുട്ടിയുടെ പിന്‍ഭാഗമാണ് പിന്‍ബഞ്ചുകാര്‍ക്ക് കാണാനാവുക. ടീച്ചറോട് പറയുന്നതിനാല്‍ പിന്നിലുള്ളവര്‍ക്ക് ശബ്ദവും വേണ്ടത്ര കിട്ടണമെന്നില്ല. നടുത്തളമുള്ള U ആകൃതി ഇരിപ്പിട വിന്യാസം അത് പരിഹരിക്കും. പ്രഭാഷണാധിഷ്ഠിത രീതിക്കും പ്രക്രിയാധിഷ്ഠിത രീതിക്കും വഴങ്ങും. 

സ്ഥിരം സീറ്റാണെങ്കില്‍ വശങ്ങളിലിരിക്കുന്ന കുട്ടികള്‍ക്ക് പിടലിക്ക് വേദന അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. കാരണം അവര്‍ തല ചരിച്ചാണ് തുടര്‍ച്ചയായി ഇരിക്കേണ്ടി വരിക. എങ്ങനെ കുട്ടികളെ തരംതിരിക്കാമെന്ന് ആഗ്രഹിക്കുന്ന ടീച്ചര്‍ ഇവിടെയും ഒന്നാമത്തെയാളെയും രണ്ടാമത്തെയാളെയും ഇരുവശത്തുമുള്ള ആദ്യസീറ്റുകാര്‍ക്ക് നല്‍കും. ഗ്രൂപ്പ് പ്രവര്‍ത്തനത്തിന് തറയില്‍ ഇരിക്കേണ്ടിവരും. ചെറിയ ക്ലാസുകളില്‍ ഇത് കുട്ടികള്‍ ഇഷ്ടപ്പെടും. ടീച്ചറും തറയില്‍ ഇരുന്ന ഗ്രൂപ്പ് പ്രവര്‍ത്തനത്തിന് പിന്തുണ നല്‍കാതെ മുതിര്‍ന്ന ക്ലാസുകളില്‍ ഇത്തരം രീതികള്‍ വിദ്യാര്‍ഥികള്‍ സ്വീകരിക്കില്ല. ഓരോ കുട്ടിക്കും പിന്തുണ നല്‍കുന്ന ഗ്രൂപ്പ് പ്രവര്‍ത്തനമാണ് ലക്ഷ്യമിടേണ്ടത്. ഫര്‍ണിച്ചറുകള്‍ ഓരോ തവണയും ക്രമീകരിക്കേണ്ടി വരും. സ്ഥിരമായി U ആകൃതിയാണെങ്കില്‍ അത് അധ്യാപകകേന്ദ്രിത രീതിയിലേക്ക് വഴുതിപ്പോകാനാണ് സാധ്യത.

വഴക്കമുള്ള രീതികള്‍ 

കുട്ടികൾ കൂട്ടുത്തരവാദിത്വത്തോടെ പരസ്പരം സഹായിച്ച് പഠിക്കുന്ന സഹവര്‍ത്തിത പഠന രീതിയിൽ (collaborative learning), വിദ്യാർത്ഥികൾ ചെറിയ ഗ്രൂപ്പുകളായി ചേരുകയും സംവാദത്തിലൂടെ, ആലോചനയിലൂടെ, കണ്ടെത്തലുകളില്‍ എത്തിച്ചേരുകയുമാണ് ചെയ്യുക. അന്വേഷണാത്മ പഠനത്തിന്റെ സംസ്കാരമാണ് അവിടെ പോഷിപ്പിക്കപ്പെടുക. 4–6 കുട്ടികൾ ചേർന്ന് ഒരു ചെറു ടേബിളിന് ചുറ്റും ഇരിക്കുന്നു. കസേരകളോ രണ്ട് പേര്‍ക്കിരിക്കാവുന്ന ബഞ്ചുകളും ചെറു ഡസ്കുകളുമാണ് വേണ്ടത്. നാലോ അഞ്ചോ സഹവര്‍ത്തിത പഠനക്കൂട്ടങ്ങള്‍ ക്ലാസില്‍ ഉണ്ടാകും. എല്ലാ ചുവരുകളും പ്രയോജനപ്പെടുത്താനാകും. ഒരിടത്ത് ബോര്‍ഡ്, ഒരിടത്ത് ചാര്‍ട്ട്, ഒരിടത്ത് എല്‍സിഡി ബോര്‍ഡ് എന്നിങ്ങനെയാകാം. ഇവ ടീച്ചര്‍ക്ക് മാത്രമല്ല കുട്ടികള്‍ക്ക് കൂടി ഉപയോഗിക്കാനുള്ളതാണ്. 

പ്രൊജക്ട് വര്‍ക്കുകളുടെ ആസൂത്രണം, പങ്കിടല്‍, റിപ്പോര്‍ട്ടിങ്, സിമുലേഷന്‍, നാടകീകരണം, സംവാദം, ചര്‍ച്ചകള്‍ എന്നിവ നടക്കുന്ന ക്ലാസുകളിലാണ് ഇങ്ങനെ വഴക്കമുള്ള രീതികള്‍ വേണ്ടിവരിക. പിബിഎല്‍ ( Project-based learning/Problem-based learning) എന്ന രീതി അനുവദിക്കുന്ന പാഠ്യപദ്ധതി വേണ്ടിവരും. കുട്ടികളുടെ സജീവപങ്കാളിത്തം, ആശയങ്ങള്‍ പങ്കിടാനും സാധൂകരിക്കാനും കൂട്ടിച്ചേര്‍ക്കാനും വിയോജിക്കാനും കഴിയുന്ന തുറന്ന സംവാദവേദി സൃഷ്ടിക്കുന്ന ജനായത്തസംസ്കാരം, പാഠപുസ്തകത്തിനപ്പുറത്തേ വ്യാപിപ്പിക്കുന്ന അന്വേഷണാത്മകത, സംഘത്തിലുള്ള ഓരോരുത്തരുടെയും നേട്ടം തന്റെയും നേട്ടമാണെന്നും ആ നേട്ടത്തിനായി സംഘാംഗങ്ങളെ സഹായിക്കുക ഉത്തരവാദിത്വമാണെന്നുമുള്ള തിരിച്ചറിവ് ഇവയെല്ലാം ഉറപ്പാക്കാനാകുന്നത് വഴക്കമുള്ള രീതിക്കാണ്.

ആരാണ് തീരുമാനിക്കേണ്ടത്? 

എന്ത് അറിവാണ് ക്ലാസില്‍ നിര്‍മ്മിക്കപ്പെടേണ്ടത്? അതിലൂടെ കുട്ടികള്‍ ആര്‍ജിക്കേണ്ട ധാരണകളും പഠനനൈപുണികളും സാമൂഹിക നൈപുണികളും എന്തെല്ലാമാണ്? എങ്കില്‍ എങ്ങനെയുള്ള പഠനരീതിയാണ് സ്വീകാര്യം? ആ പഠനരീതിക്ക് അനുയോജ്യമായ ഇരിപ്പിട ക്രമീകരണം എതാണ്? ഇങ്ങനെ അക്കാദമികബോധ്യത്തോടെ ചിന്തിക്കാതെ ഭൗതികക്രമീകരണത്തില്‍ മാത്രം മാറ്റം വരുത്തുന്നത് ശാസ്ത്രീയമല്ല.

ഈ ചരിത്രപാഠഭാഗം നാടകരീതിയില്‍ പഠിച്ചാലോ എന്ന് കുട്ടികളുമായി ചര്‍ച്ച ചെയ്യുന്ന ടീച്ചര്‍ ആവശ്യമായ റഫറന്‍സ് മെറ്റീരിയല്‍ കുട്ടികള്‍ക്ക് നല്‍കേണ്ടിവരും. കുട്ടികള്‍ ഗ്രൂപ്പ് തിരിഞ്ഞ് ആ ഉള്ളടക്കത്തെക്കുറിച്ച് നല്‍കിയ വിവരങ്ങളും പാഠപുസ്തകത്തിലെ വിവരവും നെറ്റില്‍ നിന്നും ശേഖരിച്ച വിവരങ്ങളും പരിശോധിക്കും. സംശയങ്ങള്‍ ഇടയ്ക്കിടെ ചോദിക്കും. കൂട്ടായി സ്ക്രിപ്റ്റ് തയ്യാറാക്കും. റിഹേഴ്സല്‍ ചെയ്ത് അവതരിപ്പിക്കും. ഭാഷാ ക്ലാസില്‍ കാവ്യ ചര്‍ച്ചയാണെന്നിരിക്കട്ടെ ഒരേ കവിത ഓരോ ഗ്രൂപ്പിനും നല്‍കും വ്യക്തിഗതമായി വിശകലനം ചെയ്യും. കണ്ടെത്തിയ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഗ്രൂപ്പില്‍ ലഘുചര്‍ച്ച നടത്തും. ഗ്രൂപ്പിന്റെ പ്രതിനിധിയെ തീരുമാനിക്കും. ഏതെങ്കിലും ഒരു ഗ്രൂപ്പ് ചര്‍ച്ച നയിക്കും. ഗ്രൂപ്പ് പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കാളികളാകും. പൊതുചര്‍ച്ചയും അനുവദിക്കും. ശാസ്ത്രത്തിലെ പരീക്ഷണമാണെങ്കില്‍ ടീച്ചര്‍ പഠനപ്രശ്നം അവതരിപ്പിക്കുകയും പഠനക്കൂട്ടങ്ങളില്‍ ആസൂത്രണം നടത്തി പൊതുചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പൊതുധാരണ രൂപീകരിച്ച് പഠനക്കൂട്ടങ്ങളില്‍ പരീക്ഷണം നടത്തുകയും ഫലങ്ങള്‍ പൊതുവായി പങ്കിടുകയും ചെയ്യും. മേല്‍ സൂചിപ്പിച്ച പ്രവര്‍ത്തനങ്ങളില്‍ ഗ്രൂപ്പ് ചര്‍ച്ചയുടെ ഒരു ഘട്ടവും പൊതു അവതരണത്തിന്റെ മറ്റൊരു ഘട്ടവും കാണാന്‍ കഴിയും. രണ്ട് രീതിയിലുള്ള ഇരിപ്പിട ക്രമീകരണം ആവശ്യമായി വരും. അത് സാധ്യമാകണമെങ്കില്‍ ഭാരം കുറഞ്ഞ വേഗം നീക്കാനാകുന്ന ഉപകരണങ്ങള്‍ ക്ലാസില്‍ വേണ്ടിവരും. ഒരു ദർശനവും പഠന സമീപനങ്ങളിൽ ഉൾക്കാഴ്ചയും ഇല്ലാത്ത ഒരു ടീച്ചർക്കും അയവുള്ള ഒരു ഇരിപ്പിട രീതി വിഭാവനം ചെയ്യാനാകില്ല.

ഇങ്ങനെ ഒന്നോ രണ്ടോ പഠനാനുഭവങ്ങളിലൂടെ കുട്ടികള്‍ കടന്നുപോയതിന് ശേഷം ഏറ്റവും സൗകര്യപ്രദമായ ഇരിപ്പിട ക്രമീകരണം ഏതെല്ലാമാണെന്ന് നിര്‍ദേശം വെക്കാന്‍ കുട്ടികളോട് ആവശ്യപ്പെടാം. കുട്ടികളുടെ പങ്കാളിത്തത്തോടെ തീരുമാനമെടുക്കുക എന്നത് ജനായത്ത വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. അധ്യാപകരുടെ ലക്ഷ്യവും വിദ്യാർത്ഥികളുടെ ആവശ്യവുമാണ് ഇരിപ്പിട ക്രമീകരണത്തെ നിശ്ചയിക്കേണ്ടത്. ഒരു പൊതു മാതൃക ഇല്ല, ഓരോ പഠന സാഹചര്യത്തിനും തക്കത് പ്രയോജനപ്പെടുത്തണം. ഓരോ പഠന ഘട്ടത്തിനും രീതിക്കും പ്രായത്തിനും അനുസൃതമായി ക്രമീകരണം മാറുന്നതായിരിക്കണം ക്ലാസ്‌റൂം എന്ന ചിന്തയാണ് വേണ്ടത്. ചര്‍ച്ച നടത്തുമ്പോള്‍ വൃത്താകൃതിയും വ്യക്തിഗത പ്രവര്‍ത്തനത്തിന് അവരവര്‍ക്ക് ഒറ്റയ്കിരിക്കാവുന്ന ഇടങ്ങളും അവതരണങ്ങള്‍ക്ക് അത് എല്ലാവര്‍ക്കും ഒരേ പോലെ ദൃശ്യമാകുന്ന ക്രമീകരണവും വേണ്ടിവരും. താനും താനുള്‍പ്പെടുന്ന പഠനക്കൂട്ടവും ഏവിടെയിരിക്കണമെന്നുള്ള ആഗ്രഹം പങ്കിടാന്‍ അവസരവും അതിനോട് എന്തുകൊണ്ട് വിയോജിക്കുന്നു യോജിക്കുന്നു എന്ന് പറയാനുള്ള അവസരം സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും ഉണ്ടാകണം. ശാരീരികമായ പരിമിതിയുള്ള കുട്ടികള്‍ക്ക് എല്ലാ കാര്യങ്ങളിലും ആദ്യപരിഗണന നല്‍കുന്നതാകും വഴക്കമുള്ള ക്ലാസുകള്‍. എല്ലാവര്‍ക്കും തുല്യമായ സ്ഥാനവും നിലവാരഗുണതയും എന്നതിനാണ് ഊന്നല്‍. ജനായത്ത വിദ്യാലയങ്ങളിലെ ഇരിപ്പിട ക്രമീകരണം ഒരു ദര്‍ശനത്തിന്റെ ഭൗതികമായ പ്രതിനിധാനം ആണ്. ആരും പിന്നിലാകില്ല, എല്ലാവര്‍ക്കും അവസരം, പരിഗണന, നേട്ടം എന്ന് അത് വിളിച്ചുപറയും.

വെല്ലുവിളികള്‍ 

ക്ലാസ് റൂമിലെ സ്ഥലസൗകര്യവും കുട്ടികളുടെ എണ്ണവും സംബന്ധിച്ച് വിവരശേഖരണം നടത്തണം. മുപ്പതില്‍ കൂടുതല്‍ കുട്ടികള്‍ ഒരു കാരണവശാലും ക്ലാസില്‍ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താതെ ഇരിപ്പിട ക്രമീകരണത്തില്‍ മാറ്റം വരുത്താനാകില്ല. സ്ഥലസൗകര്യം പോലെ തന്നെ പ്രധാനമാണ് അനുയോജ്യ ഇരിപ്പിടങ്ങളുടെ ലഭ്യത ഉറപ്പാക്കല്‍. വ്യക്തിഗതപിന്തുണ നല്‍കി എല്ലാവരെയും അക്കാദമികമായി മുന്‍നിരയിലെത്തിക്കുന്ന പ്രക്രിയ സംബന്ധിച്ച് അധ്യാപകര്‍ക്ക് വ്യക്തതയില്ലെങ്കില്‍ ഇ ഗ്രേഡുകാരെ ഓരോ ക്ലാസില്‍ നിന്നും ഉല്പാദിപ്പിക്കുന്ന പ്രവണത തുടരും. ക്ലാസ് ക്രമീകരണത്തിലെ മാറ്റത്തിന്റെ ദര്‍ശനം ഉള്‍ക്കൊണ്ടാല്‍ മാത്രം പോര അത് പ്രയോജനപ്പെടുത്തി നിലവാരഗുണതയില്‍ അഭിലഷണീയ നിലവാരം ഓരോ കുട്ടിക്കും നേടാന്‍ കഴിയുന്ന പ്രായോഗികാന്വഷേണം നടത്തേണ്ടതുണ്ട്. 

ഒരേ ക്ലാസിലെ ഇരിപ്പിട ക്രമീകരണത്തില്‍ മാറ്റം വരുത്തിയ വിദ്യാലയങ്ങളും മാറ്റം വരുത്താത്ത വിദ്യാലയങ്ങളും തിരഞ്ഞെടുത്ത് ഒരു വര്‍ഷത്തോളം നിരീക്ഷിച്ച് താരതമ്യം ചെയ്യുന്നതിന് കഴിയണം. അത് ഗുണപരമാണെങ്കില്‍ അധ്യാപകരും രക്ഷിതാക്കളും സ്വീകരിക്കും. മാറ്റം വിശ്വാസ്യതയുടെ അടിത്തറയിലാകണം. ഉള്ളടക്കം കൂടുതലും വിനിമയദിനങ്ങള്‍ കുറവുമാണെങ്കില്‍ അധ്യാപകര്‍ പ്രഭാഷണരീതിയിലേക്ക് പോകും. കരിക്കുലം ഓഡിറ്റ് ചെയ്യണം. പുതിയപാഠപുസ്തകങ്ങള്‍ നിലവില്‍ വന്നിട്ടും ഫലപ്രാപ്തി പഠനം നടന്നിട്ടില്ല. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗണ്‍സില്‍ തയ്യാറാക്കിയ അധ്യാപകസഹായികള്‍ നിര്‍ദ്ദേശിക്കുന്ന പഠനപ്രക്രിയകള്‍ പരിശോധിച്ച് അതിന് അനുഗുണമായ ഭൗതികസൗകര്യം നിര്‍ദ്ദേശിക്കേണ്ടതുണ്ട്. കേരളത്തിലെ വ്യത്യസ്ത ക്ലാസ്റൂം സാഹചര്യത്തെ മുന്‍നിറുത്തി വേണം അത് പരിശോധിക്കേണ്ടത്.കേവലമായി ബഞ്ച് മാറ്റിക്രമീകരിക്കുക എന്നതിനപ്പുറത്തേക്ക് ചിന്ത പോകുന്നില്ലെങ്കില്‍ അക്കാദമികമായി വലിയ നേട്ടം ഉണ്ടാകാതെ പോകും.