ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ (എയിംസ്) ന്യൂഡൽഹിയിലെയും മറ്റു കേന്ദ്രങ്ങളിലെയും ബിഎസ്‌സി (ഓണേഴ്‌സ്) നഴ്‌സിങ്, ബിഎസ്‌സി നഴ്‌സിങ് (പോസ്റ്റ് ബേസിക്), ബിഎസ്‌സി (പാരാമെഡിക്കൽ) കോഴ്‌സുകൾ എന്നിവയിലെ പ്രവേശനത്തിന് അപേക്ഷിക്കാം.

To advertise here,

സ്ഥാപനങ്ങൾ

ന്യൂഡൽഹി, റായ്‌പുർ, ഋഷികേശ്, ഭോപാൽ, ബട്ടിൻഡ, ഭുവനേശ്വർ, കല്യാണി, ദിയോഗർ, ഗോരഖ്പുർ, ജോധ്‌പുർ, ബിലാസ്‌പുർ, നാഗ്പുർ, മംഗളഗിരി, പട്‌ന, ബിബിനഗർ, റായ്ബറേലി, ഗുവാഹാട്ടി, ജമ്മു എന്നീ എയിംസുകളിലായാണ് പ്രോഗ്രാമുകൾ നടത്തുന്നത്.

സീറ്റുകൾ

• ബിഎസ്‌സി ഓണേഴ്‌സ് നഴ്‌സിങ്ങിലേക്ക് പെൺകുട്ടികൾക്കുമാത്രമാണ് പ്രവേശനം. 18 എയിംസുകളിലായി 1291 സീറ്റുണ്ട്.

• ബിഎസ്‌സി പോസ്റ്റ് ബേസിക് നഴ്‌സിങ് ന്യൂഡൽഹിയിൽ മാത്രമാണുള്ളത് -50 സീറ്റ്. ഇതിൽ 20 സീറ്റ് എയിംസ് ഡിപ്പാർട്ട്‌മെന്റൽ അപേക്ഷകർക്കാണ്.

• പാരാമെഡിക്കൽ കോഴ്‌സുകൾ: ഡൽഹി (നാല് കോഴ്‌സുകൾ), ബട്ടിൻഡ (ഒന്ന്), ബിലാസ്‌പുർ (നാല്), ഭോപാൽ (10), ഭുവനേശ്വർ (ആറ്്‌), ബീബിനഗർ (ഏഴ്), ദിയോഗർ (ഏഴ്), ഗോരഖ്പുർ (നാല്), ജോധ്‌പുർ (ആറ്്‌), കല്യാണി (ആറ്്‌), മംഗളഗിരി (അഞ്ച്), നാഗ്പുർ (അഞ്ച്), പട്‌ന (മൂന്ന്), റായ്ബറേലി (ഏഴ്), റായ്‌പുർ (രണ്ട്), ഋഷികേശ് (എട്ട്) എന്നിവിടങ്ങളിൽ മൊത്തം 85 പ്രോഗ്രാമുകളിലായി 680 സീറ്റുണ്ട്.

പാരാമെഡിക്കൽ പ്രോഗ്രാമുകൾ

ഒപ്‌റ്റോമെട്രി, മെഡിക്കൽ റേഡിയോളജി ആൻഡ് ഇമേജിങ് ടെക്‌നോളജി, ഡെന്റൽ ഓപ്പറേറ്റിങ് റൂം അസിസ്റ്റന്റ്, ഡെന്റൽ ഹൈജിൻ, ഓപ്പറേഷൻ തിയേറ്റർ ടെക്‌നോളജി, മെഡിക്കൽ ഡയാലിസിസ് തെറാപ്പി ടെക്‌നോളജി, മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി, മെഡിക്കൽ ലാബ് ടെക്‌നീഷ്യൻ, ഓപ്പറേഷൻ തിയേറ്റർ ആൻഡ് അനസ്തീസ്യോളജി, മെഡിക്കൽ ടെക്‌നോളജി ഇൻ റേഡിയോഗ്രഫി, മെഡിക്കൽ ടെക്‌നോളജി ഇൻ റേഡിയോതെറാപ്പി, പെർഫ്യൂഷൻ ടെക്‌നോളജി, എൻഡോസ്കോപ്പി ടെക്‌നോളജി, ന്യൂറോ ടെക്‌നോളജി, മെഡിക്കൽ ലബോറട്ടറി സയൻസ്, മെഡിക്കൽ ഡയാലിസിസ് തെറാപ്പി ടെക്‌നോളജി, ഇസിജി ആൻഡ് എക്കോ കാർഡിയോഗ്രഫി, ഹെൽത്ത് ഇൻഫർമാറ്റിക്സ്, റേഡിയോതെറാപ്പി ടെക്‌നോളജി, ഓർത്തോപീഡിക്സ് അസിസ്റ്റന്റ് ആൻഡ് പ്ലാസ്റ്റർ ടെക്‌നിക്, റേഡിയോളജി/റേഡിയോഗ്രഫി ആൻഡ് മെഡിക്കൽ ഇമേജിങ് ടെക്‌നോളജി, റേഡിയോതെറാപ്പി ടെക്‌നോളജി, എമർജൻസി മെഡിസിൻ ടെക്‌നീഷ്യൻ, അനസ്തീസ്യ ടെക്‌നോളജി, മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി ഇൻ ബ്ലഡ് ബാങ്കിങ്, ഫിസിയോളജി ലബോറട്ടറി ടെക്‌നോളജി, യൂറോളജി ടെക്‌നോളജി, സ്ലീപ്പ് ലാബ് ടെക്‌നോളജി, ന്യൂക്ലിയാർ മെഡിസിൻ ടെക്‌നോളജി, കാർഡിയാക് ടെക്‌നോളജി, ഡയാലിസിസ് തെറാപ്പി ടെക്‌നോളജി, റെസ്പിരേറ്ററി തെറാപ്പിസ്റ്റ്, ന്യൂറോ ഇലക്‌ട്രോ ഫിസിയോളജി തുടങ്ങിയവയും ഉൾപ്പെടുന്നു.

യോഗ്യത

വിവിധ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കുന്നവർക്ക് 2025 ഡിസംബർ 31-ന് 17 വയസ്സുണ്ടായിരിക്കണം. 2.1.2009-നോ ശേഷമോ ജനിച്ചവർ അപേക്ഷിക്കാൻ അർഹരല്ല.ബിഎസ്‌സി (ഓണേഴ്‌സ്) നഴ്‌സിങ് പ്രവേശനത്തിന് ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ പഠിച്ച്, നാലുവിഷയങ്ങൾക്കുംകൂടി മൊത്തത്തിൽ 55 ശതമനം മാർക്കുവാങ്ങി (പട്ടികവിഭാഗക്കാർക്ക് 50 ശതമാനം) പ്ലസ്‌ടു പരീക്ഷ ജയിച്ചിരിക്കണം.

ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്സ് (സ്ഥാപനം/കോഴ്‌സ് അനുസരിച്ച്) പഠിച്ച്, നാലുവിഷയങ്ങൾക്കുകൂടി മൊത്തം 50 ശതമാനം മാർക്ക് (പട്ടികവിഭാഗക്കാർക്ക് 45 ശതമാനം) നേടി പ്ലസ്‌ടുതല പരീക്ഷ ജയിച്ചവർക്ക് ബിഎസ്‌സി (പാരാമെഡിക്കൽ) കോഴ്‌സുകൾക്ക് അപേക്ഷിക്കാം (പൊതുവായ വ്യവസ്ഥയാണിത് -ചിലതിന് മൂന്നു സയൻസ് വിഷയങ്ങൾക്കാണ് മാർക്ക് വ്യവസ്ഥ). സ്ഥാപന/കോഴ്സ് തല പ്രവേശനയോഗ്യതയ്ക്ക് പ്രോസ്പെക്ടസ് പരിശോധിക്കണം.

ബിഎസ്‌സി നഴ്‌സിങ്, ബിഎസ്‌സി (പാരാമെഡിക്കൽ) കോഴ്‌സുകൾക്ക് യോഗ്യതാപരീക്ഷ 2025 മാർച്ച്/ഏപ്രിൽ മാസങ്ങളിൽ അഭിമുഖീകരിച്ച്, ഫലംകാത്തിരിക്കുന്ന 2025 ജൂൺ 30-നകം പരീക്ഷാഫലം പ്രഖ്യാപിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം.

ബിഎസ്‌സി നഴ്‌സിങ് (പോസ്റ്റ് ബേസിക്) പ്രവേശനം തേടുന്നവർ പ്ലസ്‌ടുകോഴ്‌സ് ജനറൽ നഴ്‌സിങ് ആൻഡ് മിഡ് വൈഫറി ഡിപ്ലോമ എന്നിവ ജയിച്ചിരിക്കണം. നഴ്‌സ്/രജിസ്‌ട്രേഡ് നഴ്‌സ്/മിഡ് വൈഫ് രജിസ്‌ട്രേഷൻ, ഏതെങ്കിലും സംസ്ഥാന നഴ്‌സിങ് കൗൺസിലിൽനിന്നും വേണം. മെയിൽ നഴ്‌സുമാർക്ക് മറ്റുചില വ്യവസ്ഥകളുമുണ്ട്.

രജിസ്‌ട്രേഷൻ

പ്രവേശനത്തിന് ഓൺലൈനായി നടത്തുന്ന പ്രവേശനപരീക്ഷകൾക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷ രണ്ടുഘട്ടമായിട്ടാണ് നൽകേണ്ടത്.അപേക്ഷ നൽകുന്നതിന്റെ ആദ്യഘട്ടമാണ് ബേസിക് രജിസ്‌ട്രേഷൻ. ഇത് വിജയകരമായി പൂർത്തിയാക്കുന്നവർക്കേ ഫൈനൽ രജിസ്‌ട്രേഷൻ നടത്തി അപേക്ഷാസമർപ്പണം പൂർത്തിയാക്കാൻ കഴിയൂ.

ബേസിക് രജിസ്‌ട്രേഷൻ

മേയ് ഏഴിന് വൈകീട്ട് അഞ്ചിനകം bsccourses.aiimsexams.ac.in ൽ ബേസിക് രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. ബേസിക് രജിസ്‌ട്രേഷന്റെ നില (സ്വീകരിച്ചത്/സ്വീകരിക്കാത്തത്) മേയ് ഒൻപതിന് പ്രസിദ്ധപ്പെടുത്തും. സ്വീകാര്യമല്ലാത്ത രജിസ്‌ട്രേഷനിലെ തെറ്റുകൾ തിരുത്താൻ ഒൻപതുമുതൽ 12 വരെ അവസരം ലഭിക്കും. അന്തിമമായി ബേസിക് രജിസ്‌ട്രേഷൻ അംഗീകരിക്കപ്പെട്ടവരുടെ/ അംഗീകരിക്കപ്പെടാത്തവരുടെ വിവരം 14-ന് പ്രസിദ്ധീകരിക്കും.

ബേസിക് രജിസ്‌ട്രേഷൻ സ്വീകരിക്കപ്പെട്ടവർക്ക് ഫൈനൽ രജിസ്‌ട്രേഷൻ കോഡ് രൂപപ്പെടുത്തി ഫൈനൽ രജിസ്‌ട്രേഷൻ നടത്താനും അപേക്ഷാഫീസടയ്ക്കാനും പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കാനുമുള്ള സൗകര്യങ്ങൾ ഇപ്പോൾ ലഭ്യമാണ്. 15-ന് വൈകീട്ട് അഞ്ചുവരെ ഈ സൗകര്യമുണ്ടാകും.

അപേക്ഷാഫീസ് 2000 രൂപ. പട്ടിക/ഇഡബ്ല്യുഎസ് വിഭാഗം- 1600 രൂപ. ഭിന്നശേഷിക്കാർക്ക് അപേക്ഷാഫീസില്ല. ഓൺലൈനായി ഫീസ് അടയ്ക്കാം.അപേക്ഷകളുടെ അന്തിമനില 20-ന് പ്രസിദ്ധപ്പെടുത്തും. നിരാകരിച്ചവയുടെ വിവരവും (കാരണമുൾപ്പെടെ) അന്ന് ലഭ്യമാക്കും. നിരാകരിക്കപ്പെട്ട അപേക്ഷകളിൽ ന്യൂനതകൾ പരിഹരിക്കാനുള്ള രേഖകൾ നൽകാൻ 22-ന് വൈകീട്ട് അഞ്ചുവരെ അവസരമുണ്ടാകും.

പ്രവേശനപരീക്ഷകൾ

പ്രവേശനപരീക്ഷകളെല്ലാം ഓൺലൈനായി നടത്തും. തീയതികൾ: ബിഎസ്‌സി(ഓണേഴ്‌സ്) നഴ്‌സിങ് -ജൂൺ ഒന്ന്, ബിഎസ്‌സി നഴ്‌സിങ് (പോസ്റ്റ് ബേസിക്) -ജൂൺ 21, ബിഎസ്‌സി (പാരാമെഡിക്കൽ) -ജൂൺ 28. അഡ്മിറ്റ് കാർഡുകൾ യഥാക്രമം മേയ് 26, ജൂൺ 13, ജൂൺ 20 തീയതികളിൽ വെബ്‌സൈറ്റിൽ ലഭ്യമാക്കും.

പരീക്ഷാകേന്ദ്രം

ബിഎസ്‌സി(ഓണേഴ്‌സ്) നഴ്‌സിങ്, ബിഎസ്‌സി (പാരാമെഡിക്കൽ) പ്രവേശനപരീക്ഷകൾക്ക് രാജ്യത്തെ പ്രധാന നഗരങ്ങൾ പരീക്ഷാകേന്ദ്രങ്ങളായിരിക്കും. ബിഎസ്‌സി നഴ്‌സിങ് (പോസ്റ്റ് ബേസിക്) പ്രവേശനപരീക്ഷയ്ക്ക് ഡൽഹി/എൻസിആർ സെന്ററുകൾ മാത്രമാണ് പരീക്ഷാകേന്ദ്രങ്ങൾ.

പരീക്ഷാഘടന

ബിഎസ്‌സി ഓണേഴ്‌സ് നഴ്‌സിങ് പ്രവേശനപരീക്ഷ രണ്ടുമണിക്കൂർ ദൈർഘ്യമുള്ളതായിരിക്കും. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയിൽനിന്ന്‌ 30 വീതവും ജനറൽ നോളജിൽനിന്ന്‌ 10-ഉം ഉൾപ്പെടെ 100 ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ പരീക്ഷയ്ക്കുണ്ടാകും.

ബിഎസ്‌സി പാരാമെഡിക്കൽ കോഴ്‌സ് പ്രവേശനപരീക്ഷ 90 മിനിറ്റാണ്. ഫിസിക്സ്, കെമിസ്ട്രി എന്നിവയിൽനിന്ന്‌ 30 വീതവും ബയോളജി അല്ലെങ്കിൽ മാത്തമാറ്റിക്സിൽനിന്ന്‌ 30-ഉം ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾക്ക് ഉത്തരം നൽകണം.രണ്ടിന്റെയും ചോദ്യങ്ങൾ പന്ത്രണ്ടാംക്ലാസ് നിലവാരത്തിൽ ഉള്ളതായിരിക്കും. ശരിയുത്തരത്തിന് ഒരു മാർക്ക്. ഉത്തരംതെറ്റിയാൽ മൂന്നിൽ ഒരു മാർക്ക് നഷ്ടപ്പെടും.

ബിഎസ്‌സി പ്രവേശനപരീക്ഷകളിൽ യോഗ്യതനേടാൻ 50 ശതമാനം മാർക്കുവേണം (ഒബിസി -45, പട്ടികവിഭാഗം - 40). ബിഎസ്‌സി ഓണേഴ്‌സ് നഴ്‌സിങ് പ്രവേശനപരീക്ഷാഫലം ജൂൺ ആറിനും ബിഎസ്‌സി പാരാമെഡിക്കൽ കോഴ്‌സ് ഫലം ജൂലായ് നാലിനും പ്രതീക്ഷിക്കാം.ബിഎസ്‌സി നഴ്‌സിങ് (പോസ്റ്റ് ബേസിക്) പ്രവേശനപരീക്ഷയ്ക്ക് രണ്ടുഘട്ടങ്ങൾ ഉണ്ടാകും. പരീക്ഷാഘടന പ്രോസ്പെക്ടസിൽ ലഭിക്കും. ഫലം ജൂൺ 27-ന് പ്രതീക്ഷിക്കാം.ഓൺലൈൻ സീറ്റ് അലോക്കേഷൻ നടപടിക്രമം ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ പ്രോസ്പെക്ടസിലുണ്ട്.