'One's network is known as his networth' ഒരാളുടെ ശൃംഖലയാണ് പലപ്പോഴും അയാളുടെ യഥാർഥമൂല്യം നിർണയിക്കുന്നത്. ഇന്നത്തെ തൊഴിൽലോകത്ത് ഈ വാക്കിന് പുതിയൊരു അർഥം കൂടിയുണ്ട്. നിങ്ങളുടെ സുഹൃത്തുക്കളും അധ്യാപകരും സഹപ്രവർത്തകരും വ്യവസായരംഗത്തെ പരിചയക്കാരും മാത്രമല്ല, നിങ്ങൾ ഓൺലൈനിൽ സൃഷ്ടിച്ചിരിക്കുന്ന ഡിജിറ്റൽ സാന്നിധ്യവും നിങ്ങളുടെ കരിയർ മുല്യത്തിൻ്റെ ഭാഗമാണ്. ഒരു കാലത്ത് ജോലിതേടുന്ന ഒരാളുടെ പ്രധാന പരിചയപ്പെടുത്തൽ രേഖ റെസ്യൂമെയായിരുന്നു. ഇന്ന് അതിനൊപ്പം മറ്റൊരു 'ഡിജിറ്റൽ റെസ്യൂമെ കൂടി രൂപപ്പെട്ടിട്ടുണ്ട്. നിങ്ങളുടെ സോഷ്യൽ മീഡിയ സാന്നിധ്യം.

To advertise here,

റിക്രൂട്ടർ നിങ്ങളുടെ പ്രൊഫൈൽ നോക്കുമ്പോൾ

ഒരു ജോലിക്ക് അപേക്ഷ അയച്ചാൽ റിക്രൂട്ടർ ആദ്യം റെസ്യൂമെ മാത്രം നോക്കും എന്ന് കരുതേണ്ടതില്ല. ഉദ്യോഗാഥികളുടെ ഓൺലൈൻ സാന്നിധ്യം പരിശോധിക്കുന്ന രീതിയാണ് പല സ്ഥാപനങ്ങളിലും വളർന്നുവരുന്നത്. 2026-ലെ എസ്.എച്ച്. ആർ.എം. (സൊസൈറ്റി ഫോർ ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്) റിപ്പോർട്ട് പ്രകാരം, ഇന്ത്യയിലെ നിയമന തീരുമാനങ്ങളിൽ സോഷ്യൽ മീഡിയയിലൂടെ ഉദ്യോഗാർഥി സ്വയം അവതരിപ്പിക്കുന്ന രീതി കൂടുതൽ ശ്രദ്ധിക്കപ്പെടുന്നുണ്ട്.

എന്താണ് റിക്രൂട്ടർ അന്വേഷിക്കുന്നത്?

നിങ്ങളുടെ പോസ്റ്റുകൾ എങ്ങനെയാണ്? മറ്റുളളവരോട് നിങ്ങൾ സംസാരിക്കുന്ന രീതി എങ്ങനെയാണ്? അഭിപ്രായവ്യത്യാസങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നു? പങ്കുവെക്കുന്ന വിവരങ്ങൾ വിശ്വസനീയമാണോ? താത്പര്യങ്ങൾ എന്തൊക്കെയാണ്? പഠിക്കാനും വളരാനും ശ്രമിക്കുന്ന ഒരാളാണോ നിങ്ങൾ? അതായത്, "ഈ വ്യക്തിക്ക് ജോലി ചെയ്യാനുള്ള കഴിവുണ്ടോ?" എന്ന ചോദ്യത്തിനൊപ്പം “ഈ വ്യക്തിയോടൊപ്പം ജോലിചെയ്യാൻ കഴിയുമോ?" -എന്ന ചോദ്യത്തിനും സാമൂഹിക മാധ്യമങ്ങൾ ചില സൂചനകൾ നൽകുന്നു. ഇത് എല്ലാവരും എല്ലാ സ്ഥാപനങ്ങളിലും ഒരേരീതിയിൽ ചെയ്യുന്നു എന്നല്ല. സ്വകാര്യത, പ്രസക്തി, നിയമപരവും ധാർമികവുമായുള്ള പരിധികൾ എന്നിവയും ഇതോടൊപ്പം പരിഗണിക്കേണ്ട വിഷയങ്ങളാണ്.

വെറും വിനോദത്തിനുള്ള ഇടമല്ല

ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, എക്‌സ്, യുട്യൂബ് തുടങ്ങിയ പ്ലാറ്റ്ഫോമുകളെ വെറും വിനോദത്തിനും സുഹൃത്തുക്കളുമായുള്ള ആശയവിനിമയത്തിനുമുള്ള ഇടങ്ങളായി കാണേണ്ട കാലം കഴിഞ്ഞു. അവ ശരിയായി ഉപയോഗിച്ചാൽ നിങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദികളാകാം.

നിങ്ങൾ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയാണെങ്കിൽ പ്രോജക്ടിനെക്കുറിച്ച് എഴുതാം. ഗവേഷണത്തിൽ താത്പര്യമുണ്ടെങ്കിൽ പുതിയൊരു പാനത്തെക്കുറിച്ച് ലളിതമായി വിശദീകരിക്കാം. ഡിസൈൻ ഇഷ്ടമാണെങ്കിൽ സ്വന്തം വർക്കുകൾ പങ്കുവെക്കാം. എഴുത്തിൽ താൽപര്യമുണ്ടെങ്കിൽ ലേഖനങ്ങളും ആശയങ്ങളും അവതരിപ്പിക്കാം.

ഇങ്ങനെ നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് ഒരു ഓൺലൈൻ പോർട്ട്ഫോളിയോ ആയി മാറും.

പറയുന്നതിനെക്കാൾ കാണിച്ചുകൊടുക്കുക

ഒരു നല്ല റെസ്യൂമെ പറയുന്നത് നിങ്ങൾ എന്തൊക്കെ പഠിച്ചു എന്നാണ്. എന്നാൽ ഒരു നല്ല സോഷ്യൽ മീഡിയ പ്രെസൻസ് കാണിക്കുന്നത് നിങ്ങൾ പഠിച്ച അറിവ് എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ്. ഒരു വിദ്യാർഥി 'I am interested in Artificial Intelligence' എന്നെഴുതുന്നതിനേക്കാൾ, എ.ഐ. ഉപയോഗിച്ച് ചെയ്ത ഒരു ചെറിയ പ്രോജക്റ്റിൻ്റെ ആശയം പങ്കുവെക്കുന്നത് കൂടുതൽ ശക്തമായ സന്ദേശമായിരിക്കും. 'I am a good communicator' എന്ന് എഴുതുന്നതിനേക്കാൾ, ഒരു വിഷയത്തെക്കുറിച്ച് വ്യക്തമായി വിശദീകരിക്കുന്ന ചെറിയ വീഡിയോയോ കൂടുതൽ വിശ്വാസ്യത നൽകും. പറയുന്നതിനെക്കാൾ കാണിച്ചുകൊടുക്കുക. ഇതാണ് സാമൂഹിക മാധ്യമങ്ങളെ കരിയർ ഉപകരണമാക്കുന്നതിന്റെ അടിസ്ഥാന തത്വം.

എല്ലാം പോസ്റ്റ് ചെയ്യേണ്ടതില്ല

സോഷ്യൽ മീഡിയയിൽ ആക്‌ടിവ് ആയിരിക്കണം എന്നതിനർഥം കിട്ടുന്ന എല്ലാ കാര്യങ്ങളും പോസ്റ്റ് ചെയ്യണമെന്നല്ല.

ഒരു പോസ്റ്റ് ഇടുന്നതിന് മുൻപ് മൂന്ന് ചോദ്യം ചോദിക്കാം

1 ഇത് സത്യസന്ധമാണോ?

2. ഇത് മറ്റൊരാൾക്ക് ഉപകാരപ്പെടുമോ?

8. ഇത് എന്റെ വ്യക്തിത്വത്തെ എങ്ങനെ പ്രതിഫലിപ്പിക്കും?

ഒരു നിമിഷത്തെ കോപത്തിൽ എഴുതിയ ഒരു പോസ്റ്റ് വർഷങ്ങൾക്കുശേഷവും ഡിജിറ്റൽ ലോകത്ത് നിലനിൽക്കാം. അപമാനകരമായ ഭാഷ,വിദ്വേഷപരമായ പരാമർശങ്ങൾ, മറ്റുള്ളവരെ പരിഹസിക്കുന്ന പോസ്റ്റുകൾ, തെറ്റായ വിവരങ്ങൾ, അതിരുകടന്ന വ്യക്തിപരമായ തർക്കങ്ങൾ എന്നിവ നിങ്ങളുടെ പ്രൊഫഷണൽ പ്രതിച്ചായയെ ബാധിക്കാം.

സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ ഭാഷ, അക്ഷരത്തെറ്റുകൾ, വിലയിരുത്തൽ എന്നിവ ശ്രദ്ധിക്കണം. അതിനാൽ 'Post ചെയ്യുന്നതിനു മുൻപ് Pause' എന്ന ശീലം വളർത്തണം.

എന്താണ് പോസ്റ്റ് ചെയ്യേണ്ടത്

കരിയർ ലക്ഷ്മമിട്ട് സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന വിദ്യാർഥികൾക്ക് ചില ലളിതമായ ആശയങ്ങൾ

1. പഠിക്കുന്ന മേഖലയുമായി ബന്ധപ്പെട്ട പുതിയ അറിവുകൾ

2 സ്വന്തം പ്രോജക്ടുകൾ, പ്രോട്ടോടൈപ്പ്സ്, നേട്ടങ്ങൾ

3. വർക്ക്ഷോപ്പുകൾ, സെമിനാറുകൾ, മത്സരങ്ങൾ എന്നിവയിലെ അനുഭവങ്ങൾ

4. പുസ്തകങ്ങളുടെയും ഗവേഷണ ലേഖനങ്ങളുടെയും പ്രസക്തമായ ആശയങ്ങൾ

5. സ്വന്തം മേഖലയുമായി ബന്ധപ്പെട്ട ചെറിയ വിശദീകരണങ്ങൾ

6. ഇന്റേൺഷിപ്പ് അല്ലെങ്കിൽ പ്രോജക്ട് എന്നിവയിൽനിന്നു പഠിച്ചകാര്യങ്ങൾ

7. മറ്റുള്ളവരുടെ നല്ല വർക്കിനെ അഭിനന്ദിക്കുകയും അതിൽനിന്ന് പഠിച്ച കാര്യങ്ങൾ പങ്കുവെക്കുകയും ചെയ്യുക.

പ്രൈവസി സെറ്റിങ്സ് മാത്രം മതിയോ

'എന്റെ അക്കൗണ്ട് പ്രൈവറ്റ് ആണല്ലോ' ആണല്ലോ എന്ന് കരുതി പൂർണമായി ആശ്വസിക്കാനും കഴിയില്ല. നിങ്ങൾ പങ്കുവെക്കുന്ന കണ്ടൻ്റിൻ്റെ സ്ക്രീൻഷോട്ട് ഷെയർ, കമൻ്റ് എന്നിവ വഴി മറ്റുള്ളവരിലേക്ക് എത്താം. അതുകൊണ്ട് പ്രൈവസി സെറ്റിങ്സ് പരിശോധിക്കുന്നത് നല്ല ശീലമാണ്. എന്നാൽ, അതിനെക്കാൾ നല്ലത് ഡിജിറ്റൽ ലോകത്ത് സ്വയം നിയന്ത്രിക്കുന്ന പെരുമാറ്റ രീതിയാണ്. ഓൺലൈനിൽ എഴുതുന്ന ഓരോ വാക്കും ഇടുന്ന ഓരോ ചിത്രവും ചെയ്യുന്ന ഓരോ കമന്റും നിങ്ങളുടെ ഡിജിറ്റൽ ഇടപെടലുകളുടെ ഭാഗമാകാം.

നെറ്റ്‌വർക്ക് ഉണ്ടാക്കുന്നത് follower കൂട്ടലല്ല

"എനിക്ക് 5,000 followers ഉണ്ട്" എന്നത് മാത്രം വലിയ നേട്ടമല്ല. നിങ്ങളുടെ കരിയർ ലക്ഷ്യങ്ങളുമായി ബന്ധമുള്ള ആളുകളുമായി നിങ്ങൾ എങ്ങനെ മികച്ച ബന്ധങ്ങൾ ഉണ്ടാക്കുന്നു എന്നത് പ്രധാനപ്പെട്ടതാണ്. അധ്യാപകർ, അലംനൈ, ഇൻഡസ്ട്രി പ്രൊഫഷണൽസ്, സംരംഭകർ, ഗവേഷകർ, നിങ്ങളുടെ മേഖലയിലെ വിദഗ്‌ധർ ഇവരുമായി ബന്ധപ്പെടുക. അവരുടെ പോസ്റ്റുകൾ വായിക്കുക. പ്രസക്തമായ കാര്യങ്ങളിൽ അഭിപ്രായം രേഖപ്പെടുത്തുക. സംശയങ്ങൾ ചോദിക്കുക. അവരുടെ അവരുടെ വർക്കിനെ അഭിനന്ദിക്കുക. എന്നാൽ ജോലി കിട്ടണമെന്ന് മാത്രം ആവശ്യപ്പെട്ട് എല്ലാവർക്കും ഒരേ സന്ദേശങ്ങൾ അയയ്ക്കുന്ന ശീലം ഒഴിവാക്കുക.

നെറ്റ്‌വർക്കിങ് എന്നത് 'എനിക്ക് എന്ത് കിട്ടും?" എന്ന ചോദ്യത്തിൽനിന്ന് "നമുക്ക് പരസ്പരം എന്ത് പഠിക്കാം?" എന്ന ചോദ്യത്തിലേക്കുള്ള മാറ്റമാണ്.