2025-ലെ സിവിൽ സർവീസസ് പരീക്ഷയിൽ റാങ്ക് ജേതാക്കളായ മലയാളികൾ അവരുടെ പഠനരീതി വിശദമാക്കുന്ന കോളംപരിശ്രമം ചെയ്യുകിലെന്തിനേയും

To advertise here,

സിവിൽ സർവീസ് പരീക്ഷ ഫലം യു.പി.എസ്.സി. പ്രഖ്യാപിച്ചപ്പോൾ വിവിധ കേന്ദ്ര സർവീസുകൾക്കായി 958 ഉദ്യോഗാർഥികൾ യോഗ്യത നേടി. അഖിലേന്ത്യാതലത്തിൽ രണ്ട് മലയാളികൾ ആദ്യ നൂറിൽ ഇടംപിടിച്ചു. പരീക്ഷക്ക് തയ്യാറെടുത്തതിനെക്കുറിച്ചും അഭിമുഖം നേരിട്ടതിനെക്കുറിച്ചും ആദിത്യ നാരായണൻ പറയുന്നു. 
ഉറക്കം കെടുത്തുന്ന സ്വപ്നങ്ങൾ
അചഞ്ചലമായ ദൃഢനിശ്ചയം ഒടുവിൽ ഫലം ചെയ്യുമെന്ന് തെളിയിച്ചു. ആദിത്യനാരായണൻ തന്റെ നാലാമത്തെ ശ്രമത്തിൽ ശ്രദ്ധേയമായ റാങ്ക് നേടി. തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിലെ ബിരുദ പഠനത്തിൽ ആരംഭിച്ച യാത്രയുടെ പരിസമാപ്തിയാണീ നേട്ടം. മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ബിരുദം നേടുന്നതിനിടയിലാണ് അദ്ദേഹം ആദ്യമായി സിവിൽ സർവീസിനോടുള്ള അഭിനിവേശം വളർത്തിയത്.ആദ്യ ശ്രമത്തിൽ അഭിമുഖ ഘട്ടത്തിലെത്തി. പക്ഷേ അന്തിമ പട്ടികയിൽ ഇടം നേടാനായില്ല. രണ്ടാമത്തെ ശ്രമവും വിജയം കണ്ടില്ല. നിരാശയ്ക്ക് വഴങ്ങാൻ വിസമ്മതിച്ച ആദിത്യ നാരായണൻ തന്റെ മൂന്നാമത്തെ ശ്രമത്തിൽ 357-ാം റാങ്ക് നേടി ഇന്ത്യൻ റവന്യൂ സർവീസിൽ ഇടംനേടി.
നാഗ്പൂരിൽ ഐ.ആർ.എസ്. ആദായനികുതി പരിശീലനത്തിനിടയിൽ, തന്റെ സ്വപ്നത്തിന് വീണ്ടും അവസരം നൽകാൻ ആദിത്യനാരായണൻ തീരുമാനിച്ചു. അവസാനശ്രമം. ഇനി സമയം കളയാനില്ല. അത് വിജയം കൈവരിച്ചു. “യാഥാർഥ്യബോധമില്ലാത്തതും വളരെ തിരക്കേറിയതുമായ പഠന ഷെഡ്യൂളുകളിൽ ഞാൻ വിശ്വസിക്കുന്നില്ല”- ആദിത്യനാരായണൻ ഊന്നിപ്പറയുന്നു.
പരീക്ഷയെന്ന പരിശീലനം
ഓരോഘട്ട പരീക്ഷക്കും ഓരോ പഠനരീതിയാണ്. മുൻ വർഷങ്ങളിലെ ചോദ്യപ്പേപ്പറുകൾ പരിശോധിക്കുകയും അതിലെ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ കണ്ടെത്തുകയുമാണ് ആദ്യം ചെയ്തത്. അതേസമയം മെയിൻസും ഇതിനൊപ്പം പഠിച്ചുപോകാം. പ്രിലിമിനറി പരീക്ഷ ഒബ്ജറ്റീവ് ടൈപ്പാണല്ലോ. വസ്തുതാപരമാണിവ. പരിശീലന സെന്ററുകളിലോ കോച്ചിങ്ങിനോ ഞാൻ പോയിട്ടില്ല. തനിയെ പഠിക്കുകയായിരുന്നു. ടെസ്റ്റ് സിരീസുകൾ പരിശീലനമുണ്ടായിരുന്നു. ടെസ്റ്റ് സിരീസുകളിൽ ഓരോ ആഴ്ച ഓരോ പരീക്ഷകളുണ്ടാകും. അതിനായി ആ വിഷയം പഠിക്കുകയായിരുന്നു ലക്ഷ്യം. ഇത്ര മണിക്കൂർ പഠിക്കുകയെന്ന് ചിന്തിച്ചിട്ടില്ല, പഠിക്കാനുള്ള വിഷയങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ തീർക്കുകയെന്നേയുള്ളു.
കുറവുകൾ കണ്ടെത്തി പരിഹരിച്ചു
എഴുത്തുപരീക്ഷ ആയതുകൊണ്ടുതന്നെ അതിനുള്ള പരിശീലനം വേണം. സിലബസ് മനസ്സിലാക്കുകയും പഠിക്കുകയും ചെയ്യുന്നതിനൊപ്പം മുൻ വർഷങ്ങളിലെ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയാണ് പ്രധാനമായും വേണ്ടത്. ചോദ്യപ്പേപ്പറുകൾ തന്നെയാണ് ഉത്തരത്തിനുള്ള പ്രധാനമായ സോഴ്സുകൾ. ഉത്തരങ്ങൾ എഴുതി പരിശീലിക്കുകയും വേണം. ഉത്തരങ്ങൾ ഏതെങ്കിലും സെന്ററുകളിലെ മെന്റേഴ്സിനെകൊണ്ടോ ടെസ്റ്റ് സിരീസുകൾ എഴുതുമ്പോഴോ പരിശോധിക്കുകയും ശരിയായ ഉത്തരം കണ്ടെത്തുകയും ചെയ്തിരുന്നു. അതിൽ നിന്ന് പോരായ്മകൾ മനസ്സിലാക്കി അത് പരിഹരിച്ചു. പല വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന മാതൃകാ പരീക്ഷകൾ (മോക് ടെസ്റ്റുകൾ) എഴുതുമായിരുന്നു. പരീക്ഷയുടെ ഫീൽ കിട്ടാനും പഠിച്ചകാര്യങ്ങൾ ഓർക്കാനും എഴുതി നോക്കാനും ഇത്തരം മാതൃകാ പരീക്ഷകൾ ഉപകാരമായിട്ടുണ്ട്. സോഷ്യോളജി (സാമൂഹ്യശാസ്ത്രം) ആയിരുന്നു എന്റെ ഐച്ഛിക വിഷയം. എഴുതി പരിശീലിക്കുന്നത് ആവശ്യമാണ്. പ്രബന്ധരചനയിൽ തത്വശാസ്ത്രം (ഫിലോസഫി)ആണ് ഞാൻ കൂടുതലും തിരഞ്ഞെടുക്കുന്നത്.
അഭിമുഖത്തിൽ വേണ്ടത് ആത്മവിശ്വാസം
നമ്മൾ എഴുതികൊടുക്കുന്ന ആപ്ളിക്കേഷൻ ഫോമിലെ വിവരങ്ങളില് നിന്നാണ് ചോദ്യങ്ങളുണ്ടാവുക. ബിരുദ വിഷയം, ജോലി, നിലവിൽ ചെയ്യുന്ന പ്രവൃത്തി തുടങ്ങിയവയിൽ നിന്ന് ചോദ്യങ്ങൾ പ്രതീക്ഷിക്കാം. നിലവിൽ ആദായ നികുതി വകുപ്പിലാണ് ഞാൻ ജോലി ചെയ്യുന്നത്, ആ മേഖലയിൽ നിന്ന് ചോദ്യങ്ങളുണ്ടായി. നാല് ചോദ്യങ്ങളുണ്ടായി, അതിൽ ഒന്നിന് മാത്രം ഉത്തരം അറിയാമായിരുന്നു. ബാക്കിയുള്ളത് വലിയ ധാരണയില്ലായിരുന്നു. ഉത്തരം ‘അറിയില്ല’ എന്നുതന്നെ പറഞ്ഞു. കുടുംബശ്രീയുടെ നിലവിലെ രീതി എങ്ങനെ മെച്ചപ്പെടുത്താം എന്ന് ചോദ്യമുണ്ടായി. ‘വിദ്യാസന്പന്നരായിട്ടും തൊഴിൽരഹിതരായ നിരവധിയാളുകൾ കുടുംബശ്രീകളിലുണ്ട്. അവരെയും ഉൾപ്പെടുത്തി ഡേറ്റാ അനാലിസിസ് പോലെയുള്ളവ ചെയ്യാം. നിർമിതബുദ്ധി (എ.ഐ.)യുടെ സഹായം പ്രയോജനപ്പെടുത്താം’- മറുപടി നൽകി. കേരളത്തെ മറ്റു സംസ്ഥാനങ്ങളില് നിന്ന് വേറിട്ടുനിർത്തുന്നതെന്താണ് എന്ന് ചോദ്യം. വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം എന്നായിരുന്നു എന്റെ ഉത്തരം.
ഞാൻ മെക്കാനിക്കൽ എൻജിനിയറിങ് പഠിച്ചതുകൊണ്ട് ഇലക്ട്രിക് വാഹനങ്ങനെപ്പറ്റി ചോദ്യങ്ങളുണ്ടായിരുന്നു. കേന്ദ്ര ബജറ്റ് സമയത്തായിരുന്നു എന്റെ ഇന്റർവ്യു. ബജറ്റിലെ പ്രതീക്ഷകൾ എന്താണെന്ന് ചോദിച്ചു. അതിന് വിവിധ മേഖലകൾ തിരിച്ച് ഉത്തരം പറഞ്ഞു. കൃഷി, വിദ്യാഭ്യാസം, പ്രതിരോധം, വനിതാ, സാമൂഹികക്ഷേമം എന്നിങ്ങനെ.
സാധ്യതകളുടെ ലോകം മുന്നിൽ
ഒരു നിശ്ചിതകാലയളവ് പരീക്ഷയ്ക്ക് മാറ്റി വെക്കുക. ആ സയമത്തിനുള്ളിൽ പരമാവധി പ്രേത്നിക്കുക. ഒരുപക്ഷെ പരീക്ഷയെഴുതി കിട്ടാതെ പോയാൽ സങ്കടപ്പെട്ടിരിക്കണ്ട കാര്യമില്ല. മറ്റു സാധ്യതകളും മുന്നിലുണ്ട്.