2026-ലെ ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിങ് (ഗേറ്റ്) ഫെബ്രുവരി 7, 8, 14, 15 തീയതികളിൽ നടത്തും. എൻജിനിയറിങ്/ടെക്‌നോളജി/ ആർക്കിടെക്ചർ/സയൻസ്/കൊമേഴ്‌സ്/ ആർട്‌സ്/ഹ്യുമാനിറ്റീസ് തുടങ്ങിയ വിഷയങ്ങളിലെ ബിരുദതല അറിവ് വിലയിരുത്തുന്ന ദേശീയതല പരീക്ഷയാണ് കംപ്യൂട്ടർഅധിഷ്ഠിതരീതിയിൽ നടത്തുന്ന ഗേറ്റ്.

To advertise here,

ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, 23 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ടെക്‌നോളജി (ഐഐടികൾ) എന്നിവ സംയുക്തമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഗേറ്റ് നാഷണൽ കോഡിനേഷൻ ബോർഡിനുവേണ്ടി പരീക്ഷ നടത്തും. ഗുവാഹാട്ടി ഐഐടി ആണ് സംഘാടകസ്ഥാപനം.

യോഗ്യത ലഭിച്ചാൽ

വിവിധ മാസ്റ്റേഴ്‌സ്, ഡോക്ടറൽ പ്രോഗ്രാമുകളിലെ പ്രവേശനത്തിനും ഒട്ടേറെ പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലിനും ഗേറ്റ് യോഗ്യത പരിഗണിച്ചുവരുന്നു.

കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്റെയും സർക്കാർ ഏജൻസികളുടെയും സഹായത്താൽ പ്രവർത്തിക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എൻജിനിയറിങ്/ടെക്‌നോളജി/ആർക്കിടെക്ചർ മാസ്റ്റേഴ്‌സ് പ്രോഗ്രാമുകൾ, എൻജിനിയറിങ്/ടെക്‌നോളജി/ആർക്കിടെക്ചർ/സയൻസ്/ഹ്യുമാനിറ്റീസ് എന്നിവയിലെ പ്രസക്ത ബ്രാഞ്ചുകളിലെ ഡോക്ടറൽ പ്രോഗ്രാമുകൾ എന്നിവയിൽ സാമ്പത്തിക സഹായത്തോടെയുള്ള പ്രവേശനത്തിന് ഗേറ്റ് യോഗ്യത പൊതുവേ വേണ്ടിവരാം.

സാമ്പത്തികസഹായം ലഭിക്കാൻ ബന്ധപ്പെട്ട ഒരു സ്ഥാപനത്തിൽ പ്രവേശനം നേടണം. മന്ത്രാലയത്തിന്റെ സാമ്പത്തികസഹായമോ ഫെലോഷിപ്പോ ഇല്ലാതെയും ചില കോളേജുകളും സ്ഥാപനങ്ങളും ഗേറ്റ് യോഗ്യത നേടിയവരെ പ്രവേശിപ്പിച്ചേക്കാം.

തൊഴിൽ

മുൻവർഷങ്ങളിൽ ഗേറ്റ് സ്കോർ പരിഗണിച്ച് റിക്രൂട്ട്മെന്റ് നടത്തിയ സ്ഥാപനങ്ങളിൽ ചിലത്:

എയർപോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്, ഭാരത് ഹെവി ഇലക്ട്രിക്കൽസ്, ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്, കോൾ ഇന്ത്യ ലിമിറ്റഡ്, സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ്, ചെനാബ് വാലി പവർ പ്രോജക്ട്‌സ് ലിമിറ്റഡ്, ദാമോദർ വാലി കോർപ്പറേഷൻ, ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, എൻജിനിയേഴ്‌സ് ഇന്ത്യ ലിമിറ്റഡ്, ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്, ഗ്രിഡ് ഇന്ത്യ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്, മാസഗൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡ്, നാഷണൽ അലുമിനിയം കമ്പനി ലിമിറ്റഡ്, നാഷണൽ ക്യാപിറ്റൽ റീജിയൺ ട്രാൻസ്പോർട്ട്‌ കോർപ്പറേഷൻ, നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ, നാഷണൽ മിനറൽ ഡിവലപ്മെന്റ് കോർപ്പറേഷൻ, നെയ്‌വേലി ലിഗ്‌നൈറ്റ് കോർപ്പറേഷൻ ഇന്ത്യ ലിമിറ്റഡ്, നോർത്ത് ഈസ്റ്റേൺ ഇലക്ട്രിക് പവർ കോർപ്പറേഷൻ ലിമിറ്റഡ്.

ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, എൻടിപിസി, ഒഡിഷ പവർ ട്രാൻസ്‌മിഷൻ കോർപ്പറേഷൻ ലിമിറ്റഡ്, ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ്പറേഷൻ, പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, പവർ സിസ്റ്റം ഓപ്പറേഷൻ കോർപ്പറേഷൻ ലിമിറ്റഡ്, പഞ്ചാബ് സ്റ്റേറ്റ് പവർ കോർപ്പറേഷൻ ലിമിറ്റഡ്, രാഷ്ട്രീയ ഇസ്പത് ലിമിറ്റഡ്, സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്, നാഷണൽ വാട്ടർ ഡിവലപ്മെന്റ് ഏജൻസി, ഡിഫൻസ് റിസർച്ച് ആൻഡ്‌ ഡിവലപ്മെന്റ് ഓർഗനൈസേഷൻ, ഇന്റലിജൻസ് ബ്യൂറോ, കാബിനറ്റ് സെക്രട്ടേറിയറ്റ്, അഗ്രിക്കൾച്ചറൽ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ്, ചെന്നൈ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, മംഗളൂരു റിഫൈനറി ആൻഡ്‌ പെട്രോ കെമിക്കൽസ് ലിമിറ്റഡ്, ഹരിയാണ പവർ യൂട്ടിലിറ്റീസ്, ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡ് തുടങ്ങിയവ.

2026 ഗേറ്റ് സ്കോർ ഏതൊക്കെ സ്ഥാപനങ്ങൾ/ഏജൻസികൾ അവരുടെ റിക്രൂട്ട്മെന്റിൽ ഉപയോഗിക്കുമെന്ന് യഥാസമയം അറിയിക്കും.

പുതിയ ഓപ്ഷണൽ സെക്‌ഷൻ

എൻജിനിയറിങ് സയൻസസ് പേപ്പറിൽ ഓപ്ഷണൽ സെക്‌ഷനിൽ നിലവിലുള്ള ഏഴ് സെക്‌ഷണൽ പേപ്പറുകൾക്കുപുറമേ, എട്ടാം സെക്‌ഷണൽ പേപ്പറായി എനർജി സയൻസ് എന്ന വിഷയവും പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.

രണ്ടുപേപ്പർ അഭിമുഖീകരിക്കാം

ഒരാൾക്ക് രണ്ടുപേപ്പർവരെ അഭിമുഖീകരിക്കാം. 30 പേപ്പറുകളിൽ ഒന്ന് പ്രൈമറി പേപ്പർ ആയിരിക്കും. ഓരോ പ്രൈമറി പേപ്പറിനുമൊപ്പം രണ്ടാംപേപ്പറായി (സെക്കൻഡറി പേപ്പർ) ബാക്കിയുള്ള 29 പേപ്പറുകളിൽനിന്ന്‌ ഇൻഫർമേഷൻ ബ്രോഷറിൽ വ്യക്തമാക്കിയിട്ടുള്ള വിഷയം രണ്ടാം പേപ്പറായി തിരഞ്ഞെടുക്കാം.

യോഗ്യതാ ബിരുദത്തിനനുസൃതമായ വിഷയത്തിന്റെ പേപ്പർ തിരഞ്ഞെടുത്ത് പരീക്ഷ അഭിമുഖീകരിക്കാം. എന്നിരുന്നാലും ചേരാനുദ്ദേശിക്കുന്ന പ്രോഗ്രാം, അതിനുവേണ്ട യോഗ്യത തുടങ്ങിയവ പരിഗണിച്ച് ഏതുപേപ്പർ/പേപ്പറുകൾ അഭിമുഖീകരിക്കണമെന്ന് തീരുമാനിക്കാം.

അപേക്ഷ

gate2026.iitg.ac.in-ലെ ‘ആപ്ലിക്കേഷൻ പോർട്ടൽ’ ലിങ്ക് വഴി ഓഗസ്റ്റ്‌ 28 മുതൽ സെപ്റ്റംബർ 28 വരെ നൽകാം. അതിനുശേഷം ലേറ്റ് ഫീ നൽകി ഒക്ടോബർ ഒൻപതുവരെയും അപേക്ഷിക്കാം.

വനിതകൾ, പട്ടിക/ഭിന്നശേഷി വിഭാഗക്കാർ എന്നിവർ ഓരോ പേപ്പറിനും 1000 രൂപവെച്ച് അപേക്ഷാഫീസ് അടയ്ക്കണം. മറ്റുള്ളവർക്ക് ഇത് ഓരോ പേപ്പറിനും 2000 രൂപയാണ്.

ദീർഘിപ്പിച്ച അപേക്ഷസമർപ്പണ കാലയളവിൽ അപേക്ഷാഫീസ് ഒരു പേപ്പറിന് യഥാക്രമം 1500 രൂപയും 2500 രൂപയുമാണ്. ഡെബിറ്റ്/​െക്രഡിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്, യുപിഐ വഴി ഫീസ് അടയ്ക്കാം.

വിവരങ്ങൾക്ക്: gate2026.iitg.ac.in

ടെസ്റ്റ് പേപ്പർ വിഷയങ്ങൾ

മൊത്തം 30 വിഷയങ്ങളിലാണ് നടത്തുന്നത്. വിഷയങ്ങൾ: ഏറോസ്‌പെയ്‌സ് എൻജിനിയറിങ്, അഗ്രിക്കൾച്ചറൽ എൻജിനിയറിങ്, ആർക്കിടെക്ചർ ആൻഡ് പ്ലാനിങ്, ബയോമെഡിക്കൽ എൻജിനിയറിങ്, ബയോടെക്‌നോളജി, സിവിൽ എൻജിനിയറിങ്, കെമിക്കൽ എൻജിനിയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി, കെമിസ്ട്രി, േഡറ്റാ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ,്

ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്, ഇലക്ട്രിക്കൽ എൻജിനിയറിങ്, എൻവയൺമെന്റൽ സയൻസ് ആൻഡ് എൻജിനിയറിങ്, ഇക്കോളജി ആൻഡ് ഇവല്യൂഷൻ, ജിയോമാറ്റിക്സ് എൻജിനിയറിങ്, ജിയോളജി ആൻഡ് ജിയോഫിസിക്സ്, ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ്, മാത്തമാറ്റിക്സ്, മെക്കാനിക്കൽ എൻജിനിയറിങ്, മൈനിങ് എൻജിനിയറിങ്, മെറ്റലർജിക്കൽ എൻജിനിയറിങ്, നേവൽ ആർക്കിടെക്ചർ ആൻഡ് മറൈൻ എൻജിനിയറിങ്, പെട്രോളിയം എൻജിനിയറിങ്, ഫിസിക്സ്, പ്രൊഡക്‌ഷൻ ആൻഡ് ഇൻഡസ്ട്രിയൽ എൻജിനിയറിങ്, സ്റ്റാറ്റിസ്റ്റിക്സ്, ടെക്‌സ്റ്റൈൽ എൻജിനിയറിങ് ആൻഡ് ഫൈബർ സയൻസ്, എൻജിനിയറിങ് സയൻസസ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്, ലൈഫ് സയൻസസ്.

അക്കാദമിക് യോഗ്യത

എൻജിനിയറിങ്/ടെക്‌നോളജി/ ആർക്കിടെക്ചർ/സയൻസ്/കൊമേഴ്‌സ്/ആർട്‌സ്/ഹ്യുമാനിറ്റീസ് ബിരുദധാരികൾ, ഇവയുടെ അണ്ടർ ഗ്രാജ്വേറ്റ് ബിരുദ പ്രോഗ്രാമിന്റെ മൂന്നാം വർഷത്തിലോ ഉയർന്ന വർഷങ്ങളിലോ പഠിക്കുന്നവർ എന്നിവർക്ക് ഗേറ്റിന് അപേക്ഷിക്കാം.

യോഗ്യതാ പ്രോഗ്രാമുകൾ/ബിരുദങ്ങൾ ഇപ്രകാരമാണ്: ബിഇ/ബിടെക്/ബിഫാം/ബിആർക്ക്, ബിഎസ്‌സി (റിസർച്ച്)/ബിഎസ്, ഫാംഡി, എംബിബിഎസ്/ബിഡിഎസ്/ബിവിഎസ്‌സി, എംഎസ്‌സി/എംഎ/എംസിഎ/തത്തുല്യം, ഇൻഗ്രേറ്റഡ് എംഇ/എംടെക് (പോസ്റ്റ് ബിഎസ്‌സി), ഇന്റഗ്രേറ്റഡ് എംഇ/എംടെക്/എംഫാം അല്ലെങ്കിൽ ഡ്യുവൽ ഡിഗ്രി (പോസ്റ്റ് ഡിപ്ലോമ/10+2), ബിഎസ്‌സി/ബിഎ/ബികോം. ഇന്റഗ്രേറ്റഡ് എംഎസ്‌സി/ ഇന്റഗ്രേറ്റഡ് ബിഎസ്/എംഎസ്, ബിഎസ്‌സി (അഗ്രിക്കൾച്ചർ, ഹോർട്ടികൾച്ചർ, ഫോറസ്ട്രി) തുടങ്ങിയ യോഗ്യതയുള്ളവർ, ഈ കോഴ്‌സുകൾ പൂർത്തിയാക്കിയവർ, നിശ്ചിത വർഷത്തിൽ പഠിക്കുന്നവർ എന്നിവർക്ക് അപേക്ഷിക്കാം.

ബിഇ/ബിടെക്/ബിആർക്ക്/ബിപ്ലാനിങ് എന്നിവയ്ക്ക്‌ തത്തുല്യമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം/എഐസിടിഇ/യുജിസി/യുപിഎസ്‌സി തുടങ്ങിയവ അംഗീകരിച്ച, പ്രൊഫഷണൽ സമിതികളുടെ തത്തുല്യമായ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.

വിവിധ എൻജിനിയറിങ് മേഖലകളിൽ പരീക്ഷകൾ നടത്തുന്ന പ്രൊഫഷണൽ സമിതികളിൽ ഇവയും ഉൾപ്പെടും: ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനിയേഴ്‌സ് (ഇന്ത്യ), ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് സിവിൽ എൻജിനിയേഴ്‌സ്, ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനിയേഴ്‌സ്, ഏറോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ എൻജിനിയേഴ്‌സ് (പോളിമർ ആൻഡ് എൻവയൺമെന്റൽ ഗ്രൂപ്പ് ഉൾപ്പെടെ), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റൽസ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ എൻജിനിയേഴ്‌സ്.

സൂചിപ്പിച്ച ബിരുദ പ്രോഗ്രാമുകളെക്കാൾ ഉയർന്ന ബിരുദങ്ങളുള്ളവർ, അവയിൽ പഠിച്ചുകൊണ്ടിരിക്കുന്നവർ, ഐഐടികൾ, ഐഐഎസ് സി, എൻഐടികൾ, മറ്റ് സിഎഫ്‌ഐടികൾ എന്നിവയിൽ മാസ്റ്റേഴ്‌സ് പ്രോഗ്രാം പ്രവേശനം തേടുന്ന ബിഎ/ബിഎസ്‌സി/ബികോം ബിരുദമുള്ളവർ തുടങ്ങിയവർക്കും അപേക്ഷിക്കാം. പ്രായപരിധി, ചാൻസ് വ്യവസ്ഥകൾ ഇല്ല.