
നീറ്റ് എക്‌സാമിന് ഇനി നൂറില്‍ താഴെ ദിവസങ്ങള്‍ മാത്രം. 25 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് ഇത്തവണ രാജ്യവ്യാപകമായി നീറ്റ് എഴുതാന്‍ തയ്യാറെടുത്ത് നില്‍ക്കുന്നത്. രാജ്യത്താകമാനം ആകെ നിലവിലുള്ളത് 106436 ഓളം എം ബി ബി എസ് സീറ്റുകളാണ്. ഇതില്‍ 53944 സീറ്റുകള്‍ സർക്കാര്‍ തലത്തിലും 52492 സീറ്റുകള്‍ സ്വകാര്യമേഖലയിലുമാണുള്ളത്. കേരളത്തിലാകട്ടെ 2025 ജനുവരിയിലെ കണക്കുകള്‍ പ്രകാരം ആകെയുള്ളത് 4505 എം ബി ബി എസ് സീറ്റുകളാണ്. ഇതില്‍ 1755 സീറ്റുകള്‍ സര്‍ക്കാര്‍ തലത്തിലും 2750 സീറ്റുകള്‍ സ്വകാര്യ മേഖലയിലുമാണ്. കേവലം ഒരു പരീക്ഷ എന്നതിലുപരി അതീവ ഗൗരവമായ തയ്യാറെടുപ്പോടുകൂടി കുട്ടികള്‍ അഭിമുഖീകരിക്കുന്ന, അവരുടെ ജീവിതത്തിന്റെ തന്നെ വഴിത്തിരിവായി മാറിയേക്കാവുന്ന സുപ്രധാന മത്സര പരീക്ഷയാണ് നീറ്റ്. സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും വലിയൊരു വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നീറ്റിനെ കുറിച്ച് വലിയ ധാരണയില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. വെറുതെ വന്ന് പരീക്ഷയെഴുതി പോകുന്നവരാണ് ഇവര്‍. കഴിവുണ്ടായിട്ടും കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്ലാത്തതിനാല്‍ മാത്രം ഇവരില്‍ പലരും അര്‍ഹതപ്പെട്ട നേട്ടത്തില്‍ നിന്ന് അകന്ന് മാറേണ്ടി വരുന്നു എന്നത് ഖേദകരമാണ്.
എന്താണ് നീറ്റ്
മുന്‍ കാലങ്ങൡ മെഡിസിന്‍ പ്രവേശനത്തിനും, വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട മറ്റ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനും സംസ്ഥാനങ്ങളും സ്ഥാപനങ്ങളുമെല്ലാം വിവിധ തരത്തിലുള്ള പരീക്ഷകള്‍ നടത്തിയിരുന്നു. ഈ പ്രവേശ പരീക്ഷകള്‍ക്ക് പകരമായി രാജ്യമെങ്ങും ഒറ്റ പരീക്ഷ എന്ന ചിന്താഗതിയെ അടിസ്ഥാനപ്പെടുത്തിയാണ് 2013 ല്‍ നീറ്റ് അവതരിപ്പിക്കപ്പെട്ടത്. നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (NEET) എന്നതാണ് നീറ്റിന്റെ പൂര്‍ണ്ണരൂപം. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രവേശന പരീക്ഷകളില്‍ ഒന്നാണിത്. എം ബി ബി എസ് ഉള്‍പ്പെടെ മെഡിസിനുമായി ബന്ധപ്പെട്ട മറ്റ് പ്രധാന കോഴ്‌സുകളിലേക്കെല്ലാം പ്രവേശനത്തിനായുള്ള മാനദണ്ഡമായി കണക്കാക്കുന്നത് നീറ്റ് പരീക്ഷയാണ്. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ് ഈ പ്രവേശന പരീക്ഷ സംഘടിപ്പിക്കുന്നത്. വര്‍ഷത്തില്‍ ഒരു തവണ ഈ പരീക്ഷ നടത്തും.
പരീക്ഷയുടെ ഘടന.
മൂന്ന് പ്രധാനപ്പെട്ട വിഷയങ്ങളാണ് നീറ്റ് പരീക്ഷയില്‍ ഉള്‍പ്പെടുന്നത്.
1) ഭൗതിക ശാസ്ത്രം (PHYSICS)
2) രസതന്ത്രം (CHEMISTRY)
3) ജീവശാസ്ത്രം (BIOLOGY). ജീവശാസ്ത്രത്തെ സുവോളജി, ബോട്ടണി എന്നിങ്ങനെ രണ്ടായി തിരിച്ചിട്ടുണ്ട്.
ഇതില്‍ ഫിസിക്‌സ്, കെമിസ്ട്രി എന്നിവയ്ക്ക് 45 ചോദ്യങ്ങളാണുണ്ടാവുക. ജീവശാസ്ത്രത്തില്‍ 90 ചോദ്യങ്ങളുണ്ടാകും. ഒരു ചോദ്യത്തിന് 4 മാര്‍ക്കാണ് ലഭിക്കുക. ബയോളജിക്ക് ആകെ 360 മാര്‍ക്ക് (180 മാര്‍ക്ക് സുവോളജിക്കും 180 മാര്‍ക്ക് ബോട്ടണിക്കും), ഫിസിക്‌സിന് 180 മാര്‍ക്ക്, കെമിസ്ട്രിക്ക് 180 മാര്‍ക്ക് എന്ന രീതിയില്‍ ആകെ 720 മാര്‍ക്കിന്റെ ചോദ്യങ്ങളുണ്ടാകും. അതായത് ഏറ്റവും കൂടുതല്‍ മാര്‍ക്കുള്ള വിഷയം ബയോളജിയാണ് എന്നര്‍ത്ഥം. തെറ്റുത്തരത്തിന് 1 നെഗറ്റീവ് മാര്‍ക്കുമുണ്ടാകും. ഒബ്ജക്റ്റീവ് ടൈപ്പാണ് പരീക്ഷ.
യോഗ്യത
ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നിവ കോര്‍ വിഷയങ്ങളായി പഠിച്ച് പ്ലസ് ടു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കാണ് പരീക്ഷ എഴുതാനുള്ള യോഗ്യത. വിവിധ വിഭാഗങ്ങള്‍ക്ക് എന്‍ ടി എ നിശ്ചയിച്ചിരിക്കുന്ന ഏറ്റവും കുറഞ്ഞ യോഗ്യതാ മാര്‍ക്ക് ഇവര്‍ കരസ്ഥമാക്കിയിരിക്കണം. 17 വയസ്സാണ് ഏറ്റവും കുറഞ്ഞ പ്രായപരിധി. ഉയര്‍ന്ന പ്രായത്തിന് പരിധിയില്ല.
പ്രാധാന്യം
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വൈദ്യശാസ്ത്ര പഠന കലാലയങ്ങളായ എയിംസ്, ജിപ്മര്‍ എന്നിവ ഉള്‍പ്പെടെയുള്ള മുഴുവന്‍ മെഡിക്കല്‍ കോളേജുകളിലേക്കും പഠനത്തിനായി പരിഗണിക്കപ്പെടുന്നത് നീറ്റിന്റ മാര്‍ക്കാണ്. ഏകീകൃതമായ സിലബസ്സും, സുതാര്യമായ നടത്തിപ്പും നീറ്റിന്റെ പ്രധാന സവിശേഷതകളാണ്. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനത്തിനായി പൊതു മാനദണ്ഡമുള്ളതിനാല്‍ സാമൂഹിക നീതി ഉറപ്പ് വരുത്തുവാനും നീറ്റിലൂടെ സാധിക്കുന്നു.
മുന്‍ കാലങ്ങളില്‍ എന്‍ട്രന്‍സ് എക്‌സാമിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ ഒന്നിലധികം പ്രവേശന പരീക്ഷകള്‍ എഴുതേണ്ടി വന്നിരുന്നു. ഇത് അവരില്‍ സൃഷ്ടിക്കുന്ന മാനസിക സമ്മര്‍ദ്ദത്തിന് നീറ്റിന്റെ കടന്ന് വരവോടെ വലിയ തോതില്‍ ആശ്വാസം ലഭിച്ചു. മെറിറ്റ് അടിസ്ഥാനമാക്കിയുള്ള പ്രവേശനം യാഥാര്‍ത്ഥ്യമായതോടെ ഏറ്റവും അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്കാണ് മെഡിക്കല്‍ പ്രവേശനം ലഭിക്കുന്നത് എന്ന സവിശേഷതയും കരഗതമായി. ഇതിലൂടെ ഭാവിയില്‍ ആതുര സേവന രംഗത്തേക്ക് കടന്ന് വരുന്ന ഡോക്ടര്‍മാര്‍ ഏറ്റവും മികച്ചവരാണ് എന്ന് ഉറപ്പിക്കുവാനും സാധിക്കുന്നു.
പ്രവേശന പ്രക്രിയ കേന്ദ്രീകൃതമായതോടെ ഡൊണേഷന്‍ അടിസ്ഥാനമാക്കിയുള്ള പ്രവേശനം, മെറിറ്റ് മാനദണ്ഡങ്ങള്‍ക്ക് പുറത്തുള്ള സീറ്റ് സംവരണം തുടങ്ങിയവയ്ക്കും ഒരു പരിധിവരെ തടയിടുവാന്‍ സാധിച്ചു.
വെല്ലുവിളികള്‍
ഉയര്‍ന്ന മത്സരമാണ് വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. താരതമ്യേന കുറവായ സീറ്റുകളിലേക്ക് 25 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് മത്സരിക്കുന്നത്. ഈ മത്സര സമ്മര്‍ദ്ദത്തെ അതിജീവിക്കുവാന്‍ അവര്‍ക്ക് പ്രത്യേകം പരിശീലനങ്ങള്‍ ആവശ്യമായി വരുന്നു.
സ്‌കൂള്‍ സിലബസ്സിലെ മാറ്റമാണ് വിദ്യാര്‍ത്ഥികളെ ആകുലപ്പെടുത്തുന്ന മറ്റൊരു പ്രധാന വെല്ലുവിളി. സ്റ്റേറ്റ് സിലബസില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികളും സി ബി എസ് സി യില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികളും സ്‌കൂളില്‍ പഠിക്കുന്ന സിലബസില്‍ മാറ്റമുണ്ട്. ഈ സാഹചര്യം നീറ്റിന്റെ സിലബസ്സുമായി യോജിപ്പിച്ച് മുന്നിലേക്ക് കൊണ്ടുപോകുന്നതില്‍ ചില വിദ്യാര്‍ത്ഥികള്‍ക്ക് വെല്ലുവിളികള്‍ സൃഷ്ടിക്കുന്നു. സി ബി എസി സിലബസില്‍ എം സി ക്യു പാറ്റേണിന് പ്രത്യേക പ്രാധാന്യം ലഭിക്കുന്നു. എന്നാല്‍ സ്റ്റേറ്റ് സിലബസില്‍ ഈ രീതി അത്രത്തോളം പരിഗണിക്കപ്പെടുന്നില്ല. ഈ സാഹചര്യം സി ബി എസ് സി വിദ്യാര്‍ത്ഥികള്‍ക്ക് സ്വാഭാവികമായ മുന്‍ഗണന നല്‍കുന്നുണ്ട്. ഇത്തരം സാഹചര്യത്തെ അതിജീവിക്കുവാന്‍ പ്ലസ് ടു പഠനത്തോടൊപ്പം തന്നെ എന്‍ട്രന്‍സിനുള്ള തയ്യാറെടുപ്പും നടത്തുന്നതാണ് ഉചിതം.
ഉപസംഹാരം
നീറ്റ് ഒരു സുപ്രധാന പരീക്ഷയും അവസരവുമാണ്. കൃത്യവും ചിട്ടയും ശാസ്ത്രീയവുമായ പഠനത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ജീവിതത്തിലെ ഏറ്റവും മികച്ച വിജയം കൈപ്പിടിയിലൊതുക്കുവാന്‍ സാധിക്കും. ആസൂത്രണത്തിലെ മികവും കഠിനാധ്വാനത്തിനുള്ള മനസ്സുമാണ് ഇതില്‍ പ്രധാനം. ഇവ കൈവരിച്ച് കഴിഞ്ഞാല്‍ ലക്ഷ്യം നിങ്ങളുടെ കൈവെള്ളയിലൊതുങ്ങും.
(അടുത്ത ലക്കം : നീറ്റ് സിലബസ്സിന്റെ വിശദാംശങ്ങള്‍)
ഡോ. ജെപീസ് ക്ലാസസ് ഡയറക്ടറും ഫൗണ്ടറുമാണ് ലേഖകന്‍
Content Highlights: Crack NEET 2024! Understand exam pattern, syllabus,
Published: 31 Jan 2025, 09:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented