കേരളത്തിലെ വിവിധ പ്രൊഫഷണല്‍ കോളേജുകളിലെ മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ, എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാം.

കോഴ്സുകള്‍

*മെഡിക്കല്‍: (1) എം.ബി.ബി.എസ്. (2) ബി.ഡി.എസ്. (3) ബി.എച്ച്.എം.എസ്. (ഹോമിയോ) (4) ബി.എ.എം.എസ്. (ആയുര്‍വേദ) (5) ബി.എസ്.എം.എസ്. (സിദ്ധ) (6) ബി.യു.എം.എസ്. (യുനാനി)

*മെഡിക്കല്‍ അനുബന്ധം: (1) ബി.എസ്‌സി. (ഓണേഴ്സ്) അഗ്രികള്‍ച്ചര്‍, (2) ബി.എസ്‌സി. (ഓണേഴ്സ്) ഫോറസ്ട്രി (3) വെറ്ററിനറി (ബി.വി.എസ്‌സി. ആന്‍ഡ് എ.എച്ച്.) (4) ഫിഷറീസ് (ബി.എഫ്.എസ്.സി.)

*എന്‍ജിനിയറിങ്: ബി.ടെക്. ഡിഗ്രി കോഴ്സുകള്‍ (കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ബി.ടെക്. അഗ്രികള്‍ച്ചറല്‍ എന്‍ജിനിയറിങ്, ബി.ടെക്. ഫുഡ് ടെക്നോളജി എന്നീ കോഴ്സുകള്‍, കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ബി.ടെക്. െഡയറി ടെക്നോളജി, ബി.ടെക്. ഫുഡ് ടെക്നോളജി എന്നീ കോഴ്സുകള്‍ കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസിന്റെ കീഴിലുള്ള ബി.ടെക്. ഫുഡ് ടെക്നോളജി കോഴ്സ് ഉള്‍പ്പെടെ)

*ബി.ഫാം

*ബി.ആര്‍ക്ക്

വിദ്യാഭ്യാസയോഗ്യത

മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധം:

  1. എം.ബി.ബി.എസ്., ബി.ഡി.എസ്. - കേരള ഹയര്‍സെക്കന്‍ഡറി ബോര്‍ഡിന്റെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷയോ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ ബയോടെക്നോളജി എന്നിവയ്ക്ക് മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കും ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി എന്നിവയ്ക്ക് ഓരോന്നിനും പ്രത്യേക മിനിമം പാസ് മാര്‍ക്കും നേടണം.
  2. ബി.എ.എം.എസ്., ബി.എച്ച്.എം.എസ്., ബി.എസ്.എം.എസ്. - കേരള ഹയര്‍സെക്കന്‍ഡറി ബോര്‍ഡിന്റെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷയോ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്ക് മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കും ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്ക് ഓരോന്നിനും പ്രത്യേക മിനിമം പാസ് മാര്‍ക്കും നേടണം.
  3. ബി.യു.എം.എസ്. - കേരള ഹയര്‍സെക്കന്‍ഡറി ബോര്‍ഡിന്റെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷയോ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്ക് മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കും ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്ക് പ്രത്യേക മിനിമം പാസ് മാര്‍ക്കും നേടിയിരിക്കണം. കൂടാതെ വിദ്യാര്‍ഥി പത്താംക്ലാസില്‍ ഉറുദു, അറബിക്, പേര്‍ഷ്യന്‍ എന്നിവയിലേതെങ്കിലും ഒരു വിഷയമായി പഠിച്ച് ജയിച്ചവരോ അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത സൊസൈറ്റി, ബോര്‍ഡ്, യൂണിവേഴ്സിറ്റി, നടത്തുന്ന ഉറുദു പ്രവേശനപരീക്ഷ ജയിച്ചവരോ ആയിരിക്കണം. അല്ലെങ്കില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പ്രീടിബ് പരീക്ഷ ജയിച്ചിരിക്കണം.
  4. അഗ്രിക്കള്‍ച്ചര്‍, ഫിഷറീസ് - കേരള ഹയര്‍ സെക്കന്‍ഡറി ബോര്‍ഡിന്റെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷയോ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങള്‍ക്ക് മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കുനേടി ജയിച്ചിരിക്കണം.
  5. ബി.വി.എസ്‌സി. ആന്‍ഡ് എ.എച്ച്. - യോഗ്യതാ പരീക്ഷയില്‍ ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളില്‍ മൊത്തം 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്കുനേടണം.
  6. ബി.എസ്‌സി. ഡിഗ്രി യോഗ്യതയുള്ളവര്‍: ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവ ഐച്ഛികവിഷയങ്ങളായി കേരള പ്രീഡിഗ്രി, ഹയര്‍ സെക്കന്‍ഡറി അല്ലെങ്കില്‍ തത്തുല്യമെന്ന് അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും പരീക്ഷകള്‍ പാസായിരിക്കണമെന്ന നിബന്ധനയ്ക്കുവിധേയമായി, മുഖ്യവിഷയത്തിനും ഉപവിഷയങ്ങള്‍ക്കും മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കോടെ ഫിസിക്‌സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി അല്ലെങ്കില്‍ ബയോടെക്നോളജി മുഖ്യവിഷയമായും ഇവയില്‍ ഒന്നോ രണ്ടോ എണ്ണം ഉപവിഷയമായുമെടുത്ത് ബി.എസ്‌സി. ഡിഗ്രി (ത്രിവത്സര കോഴ്സ്) പാസായ അപേക്ഷകര്‍ക്ക് എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എ.എം.എസ്., ബി.എച്ച്.എം.എസ്., ബി.എസ്.എം.എസ്., കോഴ്സുകളില്‍ പ്രവേശനത്തിന് അര്‍ഹതയുണ്ടായിരിക്കും.

*എന്‍ജിനിയറിങ്: കേരള ഹയര്‍ സെക്കന്‍ഡറി ബോര്‍ഡിന്റെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷകളോ ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നിവ നിര്‍ബന്ധിതവിഷയങ്ങളായും കെമിസ്ട്രി ഒരു ഓപ്ഷണല്‍ വിഷയമായും പഠിച്ച് ഈ വിഷയങ്ങള്‍ക്ക് മൊത്തത്തില്‍ 45 ശതമാനം മാര്‍ക്ക് ലഭിച്ചിരിക്കണം. കെമിസ്ട്രി പഠിച്ചിട്ടില്ലാത്തവര്‍ക്ക് കംപ്യൂട്ടര്‍ സയന്‍സിന്റെയും കെമിസ്ട്രിയും കംപ്യൂട്ടര്‍ സയന്‍സും പഠിച്ചിട്ടില്ലാത്തവര്‍ക്ക് ബയോടെക്നോളജിയുടെയും കെമിസ്ട്രി, കംപ്യൂട്ടര്‍ സയന്‍സ്, ബയോടെക്നോളജി എന്നിവ പഠിച്ചിട്ടില്ലാത്തവര്‍ക്ക് ബയോളജിയുടെയും മാര്‍ക്ക് പരിഗണിക്കുന്നതാണ്.

*ആര്‍ക്കിടെക്ചര്‍: 10+2 സ്‌കീമിലുള്ള പരീക്ഷയില്‍ മൊത്തത്തില്‍ 50 ശതമാനത്തില്‍ കുറയാതെയുള്ള മാര്‍ക്കും ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങള്‍ക്ക് മൊത്തത്തില്‍ 50 ശതമാനത്തില്‍ കുറയാതെയുള്ള മാര്‍ക്കും നേടണം. അഥവാ 10+3 സ്‌കീമിലുള്ള ഡിപ്ലോമ പരീക്ഷയില്‍ കണക്ക് നിര്‍ബന്ധവിഷയമായെടുത്ത് മൊത്തത്തില്‍ 50 ശതമാനം കുറയാതെയുള്ള മാര്‍ക്ക് നേടിയിരിക്കണം. നാറ്റ 2020 യോഗ്യത നേടണം.

*ബി.ഫാം: കേരളാ ഹയര്‍സെക്കന്‍ഡറി ബോര്‍ഡിന്റെ ഹയര്‍സെക്കന്‍ഡറി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷകളോ ഇംഗ്ലീഷ് ഒരു വിഷയമായും ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബയോളജി വിഷയങ്ങള്‍ ഓപ്ഷണലായും പഠിച്ച് ഓരോന്നിലും മിനിമം പാസ് മാര്‍ക്ക് നേടി ജയിച്ചവര്‍ അര്‍ഹരാണ്.

  • മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്സുകളുടെ പ്രവേശനത്തിന് നീറ്റ് യു.ജി. 2020 യോഗ്യത നേടണം.
  • എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശനം പ്രവേശന പരീക്ഷാകമ്മിഷണര്‍ നടത്തുന്ന പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ്.
  • ഫാര്‍മസി കോഴ്സിന് പ്രവേശനമാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ പ്രവേശനപരീക്ഷയുടെ പേപ്പര്‍ 1 (ഫിസിക്‌സ്, കെമിസ്ട്രി) പരീക്ഷയില്‍ യോഗ്യത നേടണം.
  • ആര്‍ക്കിടെക്ചര്‍ കോഴ്സ് പ്രവേശനത്തിന് കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ നടത്തുന്ന നാറ്റ (നാഷണല്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചര്‍) 2020 യോഗ്യത നേടണം.

 

പ്രവേശനപരീക്ഷ

എന്‍ജിനിയറിങ് പ്രവേശനപരീക്ഷാപേപ്പര്‍ ഒന്ന് (ഫിസിക്‌സ്, കെമിസ്ട്രി - രാവിലെ 10 മുതല്‍ 12.30 വരെ) ഏപ്രില്‍ 20-നും പേപ്പര്‍ രണ്ട് (മാത്തമാറ്റിക്‌സ് - രാവിലെ 10 മുതല്‍ 12.30 വരെ) 21-നും നടക്കും. പരീക്ഷാകേന്ദ്രങ്ങള്‍: കേരളത്തിലെ എല്ലാ ജില്ലാകേന്ദ്രങ്ങള്‍, ന്യൂഡല്‍ഹി, മുംബൈ, ദുബായ്.

പ്രായം

2020 ഡിസംബര്‍ 31-ന് 17 വയസ്സ് പൂര്‍ത്തിയായിരിക്കണം. കുറഞ്ഞ പ്രായപരിധിയില്‍ ഇളവില്ല. എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍ ബി.ഫാം കോഴ്സുകള്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്ല. മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലെ ഉയര്‍ന്ന പ്രായപരിധി നീറ്റ് യു.ജി. 2020 ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലെ വ്യവസ്ഥകള്‍ പ്രകാരമായിരിക്കും.

അപേക്ഷ

www.cee.kerala.gov.in വഴി ഫെബ്രുവരി ഒന്നിന് ഉച്ചയ്ക്കുമുതല്‍ ഫെബ്രുവരി 25 വൈകുന്നേരം അഞ്ചുമണിവരെ അപേക്ഷിക്കാം. വിദ്യാര്‍ഥിയുടെ ഫോട്ടോ, ഒപ്പ്, ജനനത്തീയതി തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി തെളിയിക്കുന്നതിനുള്ള രേഖ എന്നിവ അപേക്ഷയോടൊപ്പം ഓണ്‍ലൈനായി നല്‍കണം. ജനനത്തീയതി തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റിരേഖ എന്നിവ ഒഴികെയുള്ള മറ്റ് അനുബന്ധരേഖകള്‍ എന്നിവ ഓണ്‍ലൈനായി അപ്ലോഡ് ചെയ്യുന്നതിന് ഫെബ്രുവരി 29-ന് വൈകീട്ട് അഞ്ചുവരെ സമയമുണ്ട്. സ്വകാര്യ സ്വാശ്രയ മെഡിക്കല്‍/ഡെന്റല്‍ കോളേജുകളിലെ എന്‍.ആര്‍.ഐ. ക്വാട്ട സീറ്റുകളിലേക്കും ന്യൂനപക്ഷപദവിയുള്ള സ്വാശ്രയ കോളേജുകളിലെ എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി, എം.ബി.ബി.എസ്., ബി.ഡി.എസ്. കോഴ്സുകളിലേക്കുള്ള മൈനോറിറ്റി കമ്യൂണിറ്റി (ക്രിസ്ത്യന്‍, മുസ്ലിം) സീറ്റുകളിലേക്കും ബന്ധപ്പെട്ട രേഖകള്‍ ഫെബ്രുവരി 29-ന് വൈകീട്ട് അഞ്ചിനകം നല്‍കണം. അപേക്ഷയും അനുബന്ധരേഖകളും തപാല്‍മാര്‍ഗം അയക്കേണ്ടതില്ല.

ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍

0471 2525300 (ഫെബ്രുവരി 29 വരെ രാവിലെ എട്ടുമുതല്‍ വൈകുന്നേരം എട്ടുവരെ പ്രവര്‍ത്തിക്കും). സിറ്റിസണ്‍സ് കോള്‍ സെന്റര്‍ നമ്പര്‍: 155300, 0471 2335523 (ദേശീയ അവധിദിവസങ്ങളൊഴികെ 24 മണിക്കൂറും സേവനം).

Content Highlights: KEAM 2020: Candidates can apply online through cee kerala website by 25 February