രാജ്യത്തെ 22 ദേശീയ നിയമ സര്‍വകലാശാലകളിലെ ബിരുദ, ബിരുദാനന്തര ബിരുദ നിയമ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റി(ക്ലാറ്റ്)ന് ഇന്നുമുതല്‍ അപേക്ഷിക്കാം. മേയ് 10നാണ് പരീക്ഷ.

ദേശീയ നിയമ സര്‍വകലാശാലകള്‍

ബെംഗളൂരു, ഹൈദരാബാദ്, ഭോപാല്‍, കൊല്‍ക്കത്ത, ജോധ്പുര്‍, റായ്പുര്‍, ഗാന്ധിനഗര്‍, ലഖ്നൗ, പഞ്ചാബ്, പട്‌ന, കൊച്ചി, ഒഡിഷ, റാഞ്ചി, അസം, വിശാഖപട്ടണം, തിരുച്ചിറപ്പള്ളി, മുംബൈ, നാഗ്പുര്‍, ഔറംഗാബാദ്, ഷിംല, ജബല്‍പുര്‍, ഹരിയാണ എന്നിവിടങ്ങളിലെ നിയമ സര്‍വകലാശാലകളിലേക്കാണ് പ്രവേശനം

ബിരുദ കോഴ്‌സുകള്‍

അഞ്ചുവര്‍ഷത്തെ ഇന്റഗ്രേറ്റഡ് ഓണേഴ്‌സ് പ്രോഗ്രാമുകളാണുള്ളത്. ബി.എ. എല്‍എല്‍.ബി. (ഓണേഴ്‌സ്) എല്ലാ സര്‍വകലാശാലകളിലുമുണ്ട്. ബി.ബി.എ. എല്‍എല്‍.ബി. (ഓണേഴ്‌സ്): ജോധ്പുര്‍, ഗാന്ധിനഗര്‍, പട്‌ന, കട്ടക്, ഷിംല. ബി.എസ്സി. എല്‍എല്‍.ബി.: ഗാന്ധിനഗര്‍. ബി.കോം. എല്‍എല്‍.ബി.: ഗാന്ധിനഗര്‍, തിരുച്ചിറപ്പള്ളി. ബി.എസ്.ഡബ്ല്യു. എല്‍എല്‍.ബി.: ഗാന്ധിനഗര്‍.

പി.ജി. പ്രോഗ്രാം

ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള എല്‍എല്‍.എം., ഔറംഗാബാദ്, ഹരിയാണ ഒഴികെയുള്ള എല്ലാ സര്‍വകലാശാലകളിലുമുണ്ട്.

പ്രവേശന യോഗ്യത

യു.ജി., പി.ജി. പ്രോഗ്രാമുകളിലെ പ്രവേശനത്തിന്, ഉയര്‍ന്ന പ്രായപരിധിയില്ല. യു.ജി. പ്രോഗ്രാം പ്രവേശനത്തിന് 10+2/തത്തുല്യ പരീക്ഷ 45 ശതമാനം മാര്‍ക്കോടെ (പട്ടിക വിഭാഗക്കാര്‍ക്ക് 40 ശതമാനം)/തത്തുല്യ ഗ്രേഡോടെ ജയിച്ചിരിക്കണം. പി.ജി. പ്രവേശനത്തിന് 50 ശതമാനം മാര്‍ക്കോടെ (പട്ടികവിഭാഗത്തിന് 45 ശതമാനം)/തത്തുല്യ ഗ്രേഡോടെയുള്ള എല്‍എല്‍.ബി./തത്തുല്യ യോഗ്യത വേണം.

2020 ഏപ്രില്‍/മേയ് മാസങ്ങളില്‍ യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രവേശന സമയത്ത് യോഗ്യത തെളിയിക്കണം.

പരീക്ഷാ രീതി

യു.ജി., പി.ജി. പ്രവേശനങ്ങള്‍ക്കുള്ള ക്ലാറ്റ് മേയ് 10-ന് ഓഫ് ലൈന്‍ രീതിയില്‍ നടത്തും. പരീക്ഷാസമയം രണ്ടുമണിക്കൂര്‍.

യു.ജി.: ഇംഗ്ലീഷ് ലാംഗ്വേജ്, കറന്റ് അഫയേഴ്‌സ് (ജനറല്‍ നോളജ് ഉള്‍പ്പെടെ), ലീഗല്‍ റീസണിങ്, ലോജിക്കല്‍ റീസണിങ്, ക്വാണ്ടിറ്റേറ്റീവ് ടെക്‌നിക്‌സ് എന്നിവയില്‍നിന്ന് ഒരു മാര്‍ക്കുവീതമുള്ള 150 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍. ഉത്തരം തെറ്റിയാല്‍ കാല്‍മാര്‍ക്കുവീതം നഷ്ടപ്പെടും.

പി.ജി.: 150 മാര്‍ക്ക്. ഒരു മാര്‍ക്കുവീതമുള്ള 100 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളും 50 മാര്‍ക്കിനുള്ള സബ്ജക്ടീവ് ചോദ്യങ്ങളും (25 മാര്‍ക്കുവീതമുള്ള രണ്ട് ഉപന്യാസങ്ങള്‍ എഴുതണം) ഉണ്ടാകും.

ഒബ്ജക്ടീവ് ഭാഗത്ത് 40 ശതമാനം മാര്‍ക്ക് (പട്ടിക/ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് 35 ശതമാനം) ലഭിക്കുന്നവരുടെ മാത്രമേ സബ്ജക്ടീവ് ഭാഗം, മൂല്യനിര്‍ണയം ചെയ്യുകയുള്ളൂ. മുന്‍വര്‍ഷങ്ങളിലെ ചോദ്യപ്പേപ്പറുകള്‍, 500 രൂപ അടച്ച് വാങ്ങാം.

രജിസ്‌ട്രേഷന്‍

രണ്ട് പരീക്ഷകളുടെയും സിലബസിനും ക്ലാറ്റ് രജിസ്‌ട്രേഷനും consortiumofnlus.ac.in സന്ദര്‍ശിക്കുക. മാര്‍ച്ച് 31 രാത്രി 11.59 വരെ രജിസ്റ്റര്‍ ചെയ്യാം.

Content Highlights: