കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (ക്ലാറ്റ്) 2025 അടിസ്ഥാനമാക്കി ദേശീയ നിയമ സർവകലാശാലകളിലെ 2025-’26 അധ്യയനവർഷത്തെ പ്രവേശനത്തിനുള്ള കൗൺസലിങ് നടപടികൾ ആരംഭിച്ചു.
● പ്രോഗ്രാമുകൾ
കൺസോർഷ്യം ഓഫ് നാഷണൽ ലോ യൂണിവേഴ്സിറ്റീസ് (എൻ.എൽ.യു.) ആണ് അഞ്ചുവർഷ ഇൻറഗ്രേറ്റഡ് അണ്ടർ ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിലെയും (ബി.എ./ബി.എസ്‌സി./ബി.കോം./ബി.ബി.എ./ ബി.എസ്.ഡബ്ല്യു.-എൽഎൽ.ബി.), ഒരുവർഷ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിലെയും (എൽഎൽ.എം.) പ്രവേശനത്തിനുള്ള കൗൺസലിങ് നടത്തുന്നത്.കൗൺസലിങ്ങിൽ പങ്കെടുക്കാൻ അർഹത ലഭിച്ചവർക്ക്, ഇ-മെയിൽ/എസ്.എം.എസ്. വഴി അറിയിപ്പ് ലഭിക്കും. consortiumofnlus.ac.in/clat-2025-ലെ ക്ലാറ്റ് അക്കൗണ്ടിൽ ലോഗിൻചെയ്ത് കൗൺസലിങ് ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് ഓരോ റൗണ്ടിലും ഉറപ്പാക്കണം. ഡിസംബർ 20-ന് രാത്രി 10വരെ രജിസ്റ്റർചെയ്യാം.
● പ്രിഫറൻസ് അപ്ഡേഷൻ
കൗൺസലിങ്ങിൽ പങ്കെടുക്കാൻ ആദ്യം എൻ.എൽ.യു. താത്‌പര്യങ്ങൾ അപ്ഡേറ്റ് ചെയ്യണം. ലോഗിൻ ചെയ്യുമ്പോൾ ‘അപ്ഡേറ്റ് എൻ.എൽ.യു. പ്രിഫറൻസസ്’ എന്ന ബട്ടൺ കാണാം. അത് ക്ലിക്ക് ചെയ്ത് അവരുടെ എൻ.എൽ.യു. താത്‌പര്യങ്ങൾ മുൻഗണന നൽകി അപ്ഡേറ്റ് ചെയ്യണം. കുറഞ്ഞത് 15 പ്രിഫറൻസുകൾ നൽകണം. കൂടുതൽ താത്‌പര്യങ്ങളും നൽകാം. നൽകുന്നവയിലേക്കേ പരിഗണിക്കൂ. മുൻഗണനകൾ കൗൺസലിങ് രജിസ്ട്രേഷൻ സമയ പരിധിക്കകം എത്ര തവണ വേണമെങ്കിലും അപ്ഡേറ്റ് ചെയ്യാം. ഒരിക്കൽ നൽകുന്ന പ്രിഫറൻസുകളിൽ ഒന്നു ലഭിച്ചാൽ പിന്നെ അതിനുമുകളിലുള്ള ഉയർന്ന പ്രിഫറൻസുകളിലേക്കേ മാറാൻ കഴിയൂ. സമയപരിധി കഴിഞ്ഞ് പ്രിഫറൻസ് ക്രമം മാറ്റാൻ അനുവദിക്കുന്നതല്ല.
● രജിസ്ട്രേഷൻ ഫീ
ഡിസംബർ 20-ന് രാത്രി 10 മണിക്കകം കൗൺസലിങ് രജിസ്ട്രേഷൻ ഫീ അടയ്ക്കണം. 30,000 രൂപയാണ് അടയ്ക്കേണ്ടത് (പട്ടിക/ഒ.ബി.സി./ബി.സി./ഇ.ഡബ്ല്യു.എസ്./പി.ഡബ്ല്യു.ഡി. വിഭാഗക്കാർക്ക് 20,000 രൂപ). രജിസ്ട്രേഷൻ ഫീ തിരികെ ലഭിക്കാനുള്ള അർഹത സംബന്ധിച്ച വ്യവസ്ഥകൾ വെബ് സൈറ്റിൽ നൽകിയിട്ടുണ്ട്
● അഞ്ച് റൗണ്ടുകൾ
മൊത്തം അഞ്ച് റൗണ്ട് കൗൺസലിങ് ഉണ്ടാകും. ആദ്യ മൂന്ന് റൗണ്ടുകൾ ഡിസംബർ/ജനുവരി മാസങ്ങളിലായിരിക്കും. ഒഴിവുള്ള സീറ്റുകൾ നികത്താൻ മേയിൽ നാല്, അഞ്ച് റൗണ്ടുകൾ നടത്തും. അഞ്ചാംറൗണ്ടിനു ശേഷവും ഒഴിവുകൾ ഉണ്ടെങ്കിൽ ആ സീറ്റുകൾ ബന്ധപ്പെട്ട ദേശീയ നിയമ സർവകലാശാലാ മാനദണ്ഡങ്ങൾ പ്രകാരം നികത്തും.
● കൺഫർമേഷൻ ഫീസ്
ഓരോറൗണ്ടിലും ആദ്യമായി അലോട്മെൻ്റ് ലഭിക്കുന്നവർ ലഭിച്ച സീറ്റ് സ്വീകരിക്കാൻ നിശ്ചിത സമയ പരിധിക്കകം, കൺഫർമേഷൻ ഫീസ് അടയ്ക്കണം. അതോടൊപ്പം തുടർ റൗണ്ടുകളിൽ എങ്ങനെ പരിഗണിക്കപ്പെടണമെന്നുള്ള ഓപ്ഷനും നൽകണം.
ആദ്യ മൂന്നു റൗണ്ടുകളിൽ ഒന്നിൽ, ഒരു സീറ്റ് അനുവദിക്കപ്പെട്ടാൽ, തുടർറൗണ്ടുകളിൽ എങ്ങനെ പരിഗണിക്കപ്പെടണമെന്നുള്ള ഓപ്ഷൻ നൽകും മുൻപ് കൺഫർമേഷൻ ഫീസ് അടയ്ക്കണം. കൗൺസലിങ്/പ്രവേശന പ്രക്രിയയിൽ ഒരിക്കൽ മാത്രമേ കൺഫർമേഷൻ ഫീ അടയ്ക്കേണ്ടതുള്ളൂ. സ്ഥാപനത്തിൽ പ്രവേശനംനേടുമ്പോൾ അടയ്ക്കേണ്ട ഫീസിൽ കൺഫർമേഷൻ ഫീ വകകൊള്ളിക്കുന്നതാണ്.
● ഫ്രീസ്, ഫ്ലോട്ട്, എക്സിറ്റ്
ഒരു കൗൺസലിങ് റൗണ്ടിൽ ഒരു സീറ്റ് അലോട്ട് ചെയ്യപ്പെടുന്ന പക്ഷം, തുടർ റൗണ്ടുകളിൽ എങ്ങനെ പരിഗണിക്കണമെന്ന് വ്യക്തമാക്കാൻ ഫ്രീസ്, ഫ്ലോട്ട്, എക്സിറ്റ് എന്നീ ഓപ്ഷനുകളിൽ ഒന്ന് തിരഞ്ഞെടുക്കണം.
• ഫ്രീസ്: ലഭിച്ച സീറ്റിൽ പൂർണതൃപ്തി ഉണ്ടാവുകയും അത് സ്വീകരിക്കുകയും തുടർ റൗണ്ടിൽ താത്‌പര്യമില്ലാതിരിക്കുകയും ചെയ്യുന്ന പക്ഷം ഫ്രീസ് ഓപ്ഷൻ തിരഞ്ഞെടുക്കാം. ഒന്നുമുതൽ അഞ്ചുവരെയുള്ള റൗണ്ടുകളിൽ ഒന്നിൽ, ലഭിച്ച സീറ്റ് ഫ്രീസ് ചെയ്യാൻ കൺഫർമേഷൻ ഫീസ് നിശ്ചിത സമയപരിധിക്കകം അടയ്ക്കണം.
ആദ്യ മൂന്നു റൗണ്ടുകളിൽ ഒന്നിൽ അലോട്മെൻറ് ലഭിച്ച് ഫ്രീസ് ഓപ്ഷൻ തിരഞ്ഞെടുത്തവർ, ബാധകമായ യൂണിവേഴ്സിറ്റി ഫീസ് (കൗൺസലിങ് രജിസ്ട്രേഷൻഫീസ്, കൺഫർമേഷൻ ഫീസ് എന്നിവ ക്രമീകരിച്ച ശേഷമുള്ള ബാക്കി തുക) മേയ് 14-ന് വൈകീട്ട് അഞ്ചിനകം അലോട്മെൻറ് ലഭിച്ച നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ അടയ്ക്കണം.
ആദ്യ നാലു റൗണ്ടുകളിൽ ഒന്നിൽ അലോട്മെൻറ് ലഭിച്ച് ഫ്രീസ് ഓപ്ഷൻ തിരഞ്ഞെടുത്ത് കൺഫർമേഷൻ ഫീ അടച്ചവരെ അടുത്ത റൗണ്ടിലേക്ക് പരിഗണിക്കുന്നതല്ല. നാലും അഞ്ചും റൗണ്ടുകളിലെയും ഫ്രീസ് നടപടിക്രമം ഇതു തന്നെയാണ്. സമയപരിധിക്കകം യൂണിവേഴ്സിറ്റി ഫീസ് (കൗൺസലിങ് രജിസ്ട്രേഷൻ ഫീസ്, കൺഫർമേഷൻ ഫീ എന്നിവ ക്രമീകരിച്ച ശേഷം) ബന്ധപ്പെട്ട സ്ഥാപനത്തിൽ അടയ്ക്കണം.
• ഫ്ലോട്ട്: ആദ്യ പ്രിഫറൻസിലേക്ക് അലോട്മെൻറ് ലഭിക്കാത്തവർക്ക്, ഉയർന്ന പ്രിഫറൻസിലേക്കുള്ള സാധ്യത തുടർ റൗണ്ടുകളിൽ നിലനിർത്തണമെങ്കിൽ അവർ ഫ്ലോട്ട് ഓപ്ഷൻ തിരഞ്ഞെടുക്കണം. ഫ്ലോട്ട് ഓപ്ഷൻ നൽകുന്നവർക്ക് ഉയർന്ന മുൻഗണനയുള്ള സീറ്റിലേക്ക് മാറ്റം ലഭിച്ചാൽ അത് സ്വീകരിക്കണം.
ആദ്യ മൂന്നു റൗണ്ടുകളിൽ ഇതിലേക്ക് കൺഫർമേഷൻ ഫീസ് നിശ്ചിത സമയപരിധിക്കകം അടയ്ക്കണം. നാലാം റൗണ്ടിൽ ഫ്ലോട്ട്ഓപ്ഷൻ നൽകാൻ, സമയപരിധിക്കകം യൂണിവേഴ്സിറ്റി ഫീസ് (കൗൺസലിങ് രജിസ്ട്രേഷൻ ഫീസ്, കൺഫർമേഷൻ ഫീസ് എന്നിവ ക്രമീകരിച്ച ശേഷം) ബന്ധപ്പെട്ട സ്ഥാപനത്തിൽ അടയ്ക്കണം. അഞ്ചാം റൗണ്ടിൽ ‘ഫ്ലോട്ട്’ ഓപ്ഷൻ ഉണ്ടാകില്ല.
• എക്സിറ്റ്: രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കിയ ശേഷം കൗൺസലിങ് പ്രക്രിയയിൽ പങ്കെടുക്കാൻ താത്‌പര്യമില്ലാത്തവർക്ക് എക്സിറ്റ് ഓപ്ഷൻ സ്വീകരിച്ച് പ്രക്രിയയിൽ നിന്ന് പുറത്തുവരാം.
ഫ്ലോട്ട് ഓപ്ഷൻ സ്വീകരിച്ചവർ, കൗൺസലിങ് പ്രക്രിയയുടെ അവസാനഘട്ടത്തിൽ ലഭിക്കുന്ന അലോട്മെൻറ് ഫ്രീസ് ചെയ്യുകയോ കൺഫർമേഷൻ ഫീ നഷ്ടപ്പെടുത്തി എക്സിറ്റ് ഓപ്ഷൻ സ്വീകരിക്കുകയോ വേണം. അവർക്ക് ഏറ്റവും ഉയർന്ന പ്രിഫറൻസുള്ള സീറ്റ് ലഭിച്ചാൽ ഫ്രീസ്/എക്സിറ്റ് ഓപ്ഷൻ മാത്രമേ സ്വീകരിക്കാൻ കഴിയൂ.
ഫ്ലോട്ട്/ഫ്രീസ് ഓപ്ഷൻ സ്വീകരിച്ചശേഷം എക്സിറ്റ് ഓപ്ഷൻ സ്വീകരിച്ചാൽ, കൺഫർമേഷൻ ഫീസ് നഷ്ടപ്പെടും.
രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം സീറ്റ് അനുവദിക്കപ്പെടുന്നവർ ഫ്രീസ്/ഫ്ലോട്ട്/എക്സിറ്റ് എന്നിവയൊന്നും തിരഞ്ഞെടുക്കുന്നില്ലെങ്കിൽ, അവർക്ക് അലോട്മെൻ്റ് നഷ്ടപ്പെടും. കൗൺസലിങ് പ്രക്രിയയിൽനിന്ന് പുറത്താകും. തുടർ റൗണ്ടിൽ അവരെ പരിഗണിക്കുകയുമില്ല.
● അലോട്മെന്റ് സമയക്രമം
•ആദ്യറൗണ്ട് അലോട്മെൻറ് ഫലം ഡിസംബർ 26-ന് രാവിലെ 10-ന് പ്രഖ്യാപിക്കും
•കൺസോർഷ്യം അക്കൗണ്ടിലേക്ക് കൺഫർമേഷൻ ഫീ അടയ്ക്കാനും ഫ്രീസ്/ഫ്ലോട്ട് ഓപ്ഷൻ നൽകാനും ജനുവരി നാലിന് ഉച്ചയ്ക്ക് ഒന്നു വരെ സമയമുണ്ടാകും.
•രണ്ടാംറൗണ്ട്, മൂന്നാം റൗണ്ട് ഫലം യഥാക്രമം 10-ന് രാവിലെ 10-നും 24-ന് രാവിലെ 10-നും പ്രഖ്യാപിക്കും. ഈ റൗണ്ടുകളിൽ കൺഫർമേഷൻ ഫീസ് അടയ്ക്കാനും ഫ്രീസ്/ഫ്ലോട്ട് ഓപ്ഷൻ നൽകാനും യഥാക്രമം 16-ന് ഉച്ചയ്ക്ക് ഒന്ന് വരെയും 30-ന് ഉച്ചയ്ക്ക് ഒന്നുവരെയും സമയമുണ്ടാകും.
ആദ്യ മൂന്നു റൗണ്ടുകളിൽ ഫ്രീസ് ഓപ്ഷൻ സ്വീകരിച്ചവർക്ക് ബന്ധപ്പെട്ട സ്ഥാപനത്തിന് യൂണിവേഴ്സിറ്റി ഫീസ് (കൗൺസലിങ് രജിസ്ട്രേഷൻ ഫീസ്, കൺഫർമേഷൻ ഫീസ് എന്നിവ ക്രമീകരിച്ച ശേഷം) അടയ്ക്കാൻ മേയ് 14-ന് വൈകീട്ട് അഞ്ചു വരെ അവസരമുണ്ട്.
തുടർ റൗണ്ടുകളുടെ സമയക്രമം വെബ്സൈറ്റിലെ അറിയിപ്പിൽ നൽകിയിട്ടുണ്ട്. വിവരങ്ങൾക്ക്: consortiumofnlus.ac.in/clat-2025
Content Highlights: National Law Universities` CLAT 2025 counseling for 2025-26 admissions has begun
Published: 11 Dec 2024, 08:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented