കോഴിക്കോട്: സംസ്ഥാനത്തെ പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ (KEAM 2020) വ്യാഴാഴ്ച നടത്താനുള്ള എല്ലാ സംവിധാനങ്ങളും ഒരുങ്ങിയതായി പ്രവേശന പരീക്ഷാ കമ്മീഷണര്‍ എ. ഗീത ഐ.എ.എസ്. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളും പരീക്ഷാകേന്ദ്രങ്ങളില്‍ ഒരുക്കിയതായി പ്രവേശന പരീക്ഷാ കമ്മീഷണര്‍ മാതൃഭൂമി ഡോട്ട് കോം സംഘടിപ്പിച്ച ലൈവ് വെബിനാറില്‍ അറിയിച്ചു.
ക്വാറന്റീനിലുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരീക്ഷാഹാളും ശുചിമുറിയും തയ്യാറാക്കിയിട്ടുണ്ട്. തെര്‍മല്‍ സ്‌കാനിങ് നടത്തിയതിനുശേഷം മാത്രമേ വിദ്യാര്‍ഥികളെ പരീക്ഷാകേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയുള്ളൂ. എന്തെങ്കിലും രോഗലക്ഷണങ്ങളുള്ള വിദ്യാര്‍ഥികളെ ഐസൊലേറ്റഡ് റൂമുകളില്‍ ഇരുത്തും. വൊളന്റീയര്‍മാര്‍, പൊലീസ്, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സേവനവും പരീക്ഷാകേന്ദ്രങ്ങളില്‍ ലഭ്യമായിരിക്കും.
പരീക്ഷയ്ക്ക് എത്തുന്ന വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. നിലവിലെ പ്രത്യേക സാഹചര്യം പരിണിച്ച് ഉച്ചഭക്ഷണം പരീക്ഷാകേന്ദ്രത്തിലേക്ക് കൊണ്ടുവരുന്നതാണ് നല്ലത്. ഇടവേളയില്‍ വിദ്യാര്‍ഥികള്‍ പരീക്ഷാകേന്ദ്രംവിട്ട് പുറത്ത് പോകാതിരിക്കുന്നതാണ് നല്ലത്. രക്ഷിതാക്കള്‍ വിദ്യാര്‍ഥികളെ കാര്യങ്ങളുടെ ഗൗരവം പറഞ്ഞുമനസിലാക്കണമെന്നും പ്രവേശന പരീക്ഷാ കമ്മീഷണര്‍ പറഞ്ഞു.
ക്ലാസ്‌റൂമുകള്‍ ഏറെനാളായി അടച്ചിട്ടതിനാല്‍ വൈറസ് ബാധയുണ്ടാകില്ല. കൂടാതെ ഓരോ കേന്ദ്രങ്ങളും ഫയര്‍ഫോഴ്‌സ് അണുവിമുക്തമാക്കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാകേന്ദ്രങ്ങളിലെത്താനും തിരികെ പോകാനും പ്രത്യേകം ബസ് സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അണുവിമുക്തമാക്കിയ ബസുകള്‍ ഇതിനായി ഏര്‍പ്പാടാക്കിയിട്ടുണ്ട്. ബസ് സര്‍വീസിന്റെ വിവരങ്ങള്‍ക്കായി അടുത്തുള്ള കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ വിളിച്ച് അന്വേഷിക്കാം.
പരീക്ഷയ്ക്ക് എത്തുന്ന വിദ്യാര്‍ഥികള്‍ ഇത്തവണ അറ്റന്‍ഡന്‍സ് ഷീറ്റില്‍ ഒപ്പിടണ്ടതില്ല. അഡ്മിറ്റ് കാര്‍ഡ് കളര്‍കോപ്പി നിര്‍ബന്ധമില്ല. അഡ്്മിറ്റ് കാര്‍ഡ്, തിരിച്ചറിയല്‍ രേഖ, റൈറ്റിങ് ബോര്‍ഡ്, നീല/ കറുപ്പ് ബോള്‍പോയിന്റ് പേന എന്നിവ കരുതണം. ഇലക്ട്രോണിക് വാച്ച്, മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെയുള്ളവ പ്രവേശിപ്പിക്കുകയില്ല. നിരോധിച്ച വസ്തുക്കളുടെ ലിസ്റ്റ് അഡ്മിറ്റ് കാര്‍ഡില്‍ നല്‍കിയിട്ടുണ്ട്. പരീക്ഷ കഴിഞ്ഞ് 15 ദിവസത്തികം സ്‌കോര്‍ പ്രസിദ്ധീകരിക്കും. നീറ്റ്, ജെ.ഇ.ഇ ഉള്‍പ്പടെ ദേശീയതലത്തിലെ പരീക്ഷകള്‍ നടക്കേണ്ടതുള്ളതിനാല്‍ റാങ്ക്‌ലിസ്റ്റ് വരാന്‍ ഒരുമാസത്തിലേറെ സമയം വേണ്ടിവരും.
സംശയദൂരീകരണത്തിനായി വിദ്യാര്‍ഥികള്‍ക്ക് അതാത് ജില്ലയിലെ ലൈസണ്‍ ഓഫീസറുമായി ബന്ധപ്പെടാം. ഇതിനായുള്ള ഫോണ്‍ നമ്പര്‍ അഡ്മിറ്റ് കാര്‍ഡില്‍ നല്‍കിയിട്ടുണ്ട്. കൂടാതെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ 0471-2525300 എന്ന നമ്പരിലും ബന്ധപ്പെടാം.
കേരള പ്രവേശന പരീക്ഷാ കമ്മീഷണര്‍ എ. ഗീത, ഐഎഎസ്, പ്രവേശനപരീക്ഷാ മുന്‍ ജോയിന്റ് കമ്മീഷണര്‍ ഡോ. എസ്. സന്തോഷ് എന്നിവര്‍ വെബിനാറില്‍ വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ക്ക് വിശദമായ മറുപടി നല്‍കി. പരീക്ഷയുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങള്‍, സിലബസ്, പ്രവേശന നടപടികള്‍, കോഴ്‌സ് വിവരങ്ങള്‍ തുടങ്ങിയവയെല്ലാം വിശദീകരിച്ചു.
Content Highlights: KEAM 2020 to be held on Thursday 16 July