2020ലെ പ്രവേശനത്തിനായുള്ള രണ്ടാം ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന് (ജെ.ഇ.ഇ.)മെയിന്‍  മാര്‍ച്ച് ആറുവരെ അപേക്ഷിക്കാം. ആദ്യപരീക്ഷ എഴുതിയവര്‍ രണ്ടാംപരീക്ഷ എഴുതണോ? എഴുതിയാല്‍ ആദ്യപരീക്ഷയിലെ മാര്‍ക്ക് റദ്ദാക്കപ്പെടുമോ? രണ്ടാംപരീക്ഷയ്ക്ക് വീണ്ടും രജിസ്റ്റര്‍ ചെയ്യണോ ? പ്രവേശനം ലഭിക്കാന്‍ എത്ര സ്‌കോര്‍ വേണം ? ഇങ്ങനെ ഒട്ടേറെ സംശയങ്ങള്‍ വിദ്യാര്‍ഥികള്‍ക്കുണ്ട്. അവയില്‍ ചിലതിന് വ്യക്തത വരുത്തുന്നു.

? ആദ്യ ജെ.ഇ.ഇ. മെയിനിന്റെ ആര്‍ക്കിടെക്ചര്‍ പേപ്പര്‍ അഭിമുഖീകരിച്ചു. എന്‍.ടി.എ.സ്‌കോര്‍ 97 പെര്‍സന്റൈല്‍ ആണ്. ഒരു നല്ല കോളേജില്‍ ബി.ആര്‍ക്. പ്രവേശനംകിട്ടാന്‍ ഈ മാര്‍ക്ക് മതിയോ? ഐ.ഐ.ടി., എന്‍.ഐ.ടി. പ്രവേശനത്തിന് എത്ര പെര്‍സന്റൈല്‍ സ്‌കോര്‍വേണം? ഏപ്രില്‍ ജെ.ഇ.ഇ. മെയിന്‍ എഴുതിയാല്‍ ആദ്യംകിട്ടിയ മാര്‍ക്ക് റദ്ദുചെയ്യപ്പെടുമോ? 

= ആദ്യ ജെ.ഇ.ഇ. അടിസ്ഥാനമാക്കി പ്രഖ്യാപിച്ചിരിക്കുന്ന സ്‌കോര്‍ ആപേക്ഷികസ്ഥാനംമാത്രമാണ്. നിങ്ങള്‍ പരീക്ഷ എഴുതിയ സെഷനില്‍, പരീക്ഷ എഴുതിയ മൂന്നുശതമാനംപേര്‍ നിങ്ങളുടെ മുന്നിലുണ്ടെന്നു മാത്രമാണ് 97 പെര്‍സന്റൈല്‍ സ്‌കോര്‍കൊണ്ട് മനസ്സിലാക്കാവുന്നത്. 10,000 പേര്‍ നിങ്ങളുടെ സെഷനില്‍ പരീക്ഷ എഴുതിയെങ്കില്‍ 300 പേര്‍ക്ക് നിങ്ങളുടെ  സ്‌കോറിനെക്കാള്‍ ഉയര്‍ന്ന സ്‌കോര്‍ ഉണ്ടെന്നു സാരം. രണ്ടാംപരീക്ഷയ്ക്കും ഇതേപോലെ എന്‍.ടി.എ. സ്‌കോര്‍ നിര്‍ണയിക്കും. തുടര്‍ന്ന്, ഭേദപ്പെട്ട എന്‍.ടി.എ. സ്‌കോര്‍ (രണ്ടു പരീക്ഷകളും അഭിമുഖീകരിച്ചെങ്കില്‍) പരിഗണിച്ച് ബി.ആര്‍ക്. പ്രവേശന റാങ്ക് പട്ടിക തയ്യാറാക്കും. 

രണ്ടാം പരീക്ഷയില്‍കൂടി നിങ്ങളുടെ എന്‍.ടി.എ. സ്‌കോര്‍ മെച്ചപ്പെടുത്താന്‍ ഒരു അവസരം നിങ്ങള്‍ക്കുകിട്ടുകയാണ്. അത് ഉപയോഗിക്കുന്നതില്‍ തെറ്റില്ല. രണ്ടാംപരീക്ഷ എഴുതിയാല്‍ ആദ്യ പരീക്ഷാ സ്‌കോര്‍ റദ്ദാക്കപ്പെടില്ല. രണ്ടാംപരീക്ഷയ്ക്ക് അപേക്ഷിച്ച് അത് അഭിമുഖീകരിക്കാതിരുന്നാലും നിങ്ങളുടെ ആദ്യ പരീക്ഷാസ്‌കോര്‍ നിലനില്‍ക്കും. 

ജെ.ഇ.ഇ. മെയിന്‍ ബി.ആര്‍ക്. റാങ്ക് എന്‍.ഐ. ടി. വിഭാഗ പ്രവേശനത്തിനേ ബാധകമാവൂ. ഐ.ഐ.ടി. ബി.ആര്‍ക്. പ്രവേശനത്തിന് അത് ബാധകമല്ല. ഐ.ഐ.ടി. ബി.ആര്‍ക്. പ്രവേശനത്തില്‍ താത്പര്യമുണ്ടെങ്കില്‍ ജെ.ഇ.ഇ. മെയിന്‍ ബി.ഇ./ബി.ടെക്. പേപ്പര്‍ ആദ്യം അഭിമുഖീകരിക്കണം. അതില്‍നിന്ന് ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് എഴുതാനുള്ള അര്‍ഹത നേടണം. ആ പരീക്ഷയില്‍ റാങ്ക്പട്ടികയില്‍ സ്ഥാനംനേടണം. തുടര്‍ന്ന്, ഐ.ഐ.ടി. നടത്തുന്ന ആര്‍ക്കിടെക്ചര്‍ അഭിരുചിപരീക്ഷ അഭിമുഖീകരിച്ച് യോഗ്യത നേടണം (ഇതിന് റാങ്ക് ഉണ്ടാകില്ല). യോഗ്യത നേടിയാല്‍ ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് റാങ്ക് അടിസ്ഥാനമാക്കിയുള്ള ഐ.ഐ.ടി. ബി.ആര്‍ക്. പ്രവേശന കൗണ്‍സലിങ്ങില്‍ പങ്കെടുക്കാം.

? ജെ.ഇ.ഇ. ആദ്യപരീക്ഷ എഴുതി. രണ്ടാംപരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ നോക്കുമ്പോള്‍ പറ്റുന്നില്ല. ഓള്‍റെഡി രജിസ്‌ട്രേഡ് എന്ന സന്ദേശമാണ് കിട്ടുന്നത്. എന്തുചെയ്യണം

= ജനുവരിയില്‍ നടന്ന ജെ.ഇ.ഇ. മെയിന്‍ അഭിമുഖീകരിച്ചവര്‍ രണ്ടാംപരീക്ഷയ്ക്ക് പുതുതായി രജിസ്റ്റര്‍ചെയ്യേണ്ട ആവശ്യമില്ല. മൂന്നുഘട്ടമായി ഇവര്‍ക്ക് രണ്ടാംപരീക്ഷയ്ക്ക് അപേക്ഷിക്കാം. ആദ്യപരീക്ഷയുടെ അപേക്ഷാനമ്പര്‍, ആദ്യപരീക്ഷയ്ക്ക് രൂപപ്പെടുത്തിയ പാസ്‌വേഡ്, സെക്യൂരിറ്റി പിന്‍ എന്നിവ നല്‍കി ഹോംപേജിലേക്കുകയറാം. ആദ്യപരീക്ഷയ്ക്കു നല്‍കിയതും എന്‍.ടി.എ. രേഖകളില്‍ ഉള്ളതുമായ അപേക്ഷാര്‍ഥിയുടെ പേര്, അമ്മയുടെ പേര്, അച്ഛന്റെ പേര്, കാറ്റഗറി, പി.ഡബ്ല്യു.ഡി. സ്റ്റാറ്റസ്, ജെന്‍ഡര്‍, ജനനത്തീയതി, സ്റ്റേറ്റ് കോഡ് ഓഫ് എലിജിബിലിറ്റി എന്നിവ അവിടെ കാണാന്‍ കഴിയും. ഇതില്‍ ഒരുമാറ്റവും ഇപ്പോള്‍ വരുത്താന്‍ കഴിയില്ല.

മാര്‍ച്ച് എട്ടുമുതല്‍ 12 വരെയുള്ള കാലയളവില്‍ മാറ്റത്തിന് അവസരംകിട്ടും. തുടര്‍ന്ന് അപേക്ഷാഫോം പൂരിപ്പിക്കണം. ഏതൊക്കെ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കുന്നു, ചോദ്യപ്പേപ്പര്‍ ഭാഷ, പരീക്ഷാകേന്ദ്രങ്ങളുടെ തിരഞ്ഞെടുപ്പ് എന്നിവയുള്‍പ്പടെയുള്ളവ ഈ ഘട്ടത്തില്‍ നടത്തണം. മൂന്നാംഘട്ടത്തില്‍ പരീക്ഷാഫീസടയ്ക്കണം. ഇപ്രകാരം രണ്ടാംപരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. ആദ്യമായി അപേക്ഷിക്കുന്നവര്‍ രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെ നാലുഘട്ടമായി അപേക്ഷാസമര്‍പ്പണം പൂര്‍ത്തിയാക്കണം. 

? ജെ.ഇ.ഇ. മെയിനില്‍ ആദ്യപരീക്ഷയില്‍ യോഗ്യത നേടി. ഇനിയും ജെ.ഇ.ഇ. അഡ്വാന്‍സ്ഡിന് അപേക്ഷിക്കണോ ? ഐ.ഐ.ഐ.ടി. പ്രവേശനത്തിന് പ്രത്യേകം അപേക്ഷിക്കണോ

= 2020ലെ ജെ.ഇ.ഇ. മെയിന്‍ റാങ്ക്പട്ടിക വന്നിട്ടില്ല. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത് ജെ.ഇ.ഇ. മെയിന്‍ ആദ്യപരീക്ഷയില്‍ പരീക്ഷാര്‍ഥിക്കു ലഭിച്ച എന്‍.ടി.എ. സ്‌കോര്‍ ആണ്. ജെ.ഇ.ഇ. മെയിന്‍ രണ്ടാംപരീക്ഷ ഏപ്രിലില്‍ നടത്തും. അതിന്റെ അടിസ്ഥാനത്തിലും പരീക്ഷാര്‍ഥികളുടെ എന്‍.ടി.എ. സ്‌കോര്‍ പ്രഖ്യാപിക്കും. രണ്ടുപരീക്ഷകളും അഭിമുഖീകരിക്കുന്നവരുടെ കാര്യത്തില്‍ ഭേദപ്പെട്ട എന്‍.ടി.എ. സ്‌കോറും ഒന്നുമാത്രം അഭിമുഖീകരിക്കുന്നവരുടെ കാര്യത്തില്‍ അതിലെ എന്‍.ടി.എ.സ്‌കോറും പരിഗണിച്ച് ജെ.ഇ.ഇ. മെയിന്‍ റാങ്ക് പ്രഖ്യാപിക്കും. 

ജെ.ഇ.ഇ. മെയിന്‍ റാങ്ക് പട്ടികയില്‍ ഇടം നേടാന്‍ പ്രത്യേകിച്ച് മിനിമം മാര്‍ക്ക് വ്യവസ്ഥ ഇല്ല. പരീക്ഷ എഴുതുന്ന എല്ലാവര്‍ക്കും ഒരു റാങ്ക് ഉണ്ടാകും. ഈ പരീക്ഷയിലെ ബി.ഇ./ബി.ടെക്. പേപ്പറിലെ റാങ്ക് പട്ടികയില്‍ വിവിധ കാറ്റഗറികളില്‍നിന്നും മുന്നിലെത്തുന്ന നിശ്ചിത എണ്ണം പേര്‍ക്കാണ് (2019ല്‍ 2,45,000) ഐ.ഐ.ടി. പ്രവേശനപരീക്ഷയായ ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് അഭിമുഖീകരിക്കാന്‍ അര്‍ഹത കിട്ടുക. 

അര്‍ഹത ലഭിക്കുന്നവരുടെ പട്ടിക/കട്ട് ഓഫ് എന്‍.ടി.എ. സ്‌കോര്‍ ജെ.ഇ.ഇ. റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തുമ്പോള്‍ പ്രഖ്യാപിക്കും. അര്‍ഹത നേടുന്നവര്‍ നിശ്ചിത ഫീസ് അടച്ച് ജെ.ഇ.ഇ. അസ്വാന്‍സ്ഡിന് രജിസ്റ്റര്‍ ചെയ്ത് പരീക്ഷ അഭിമുഖീകരിക്കണം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐ.ഐ.ഐ.ടി.) പ്രവേശനം ജെ.ഇ.ഇ. മെയിന്‍ റാങ്ക് അടിസ്ഥാനമാക്കിയാണ്. ഇതിന് പ്രത്യേകം അപേക്ഷിക്കേണ്ടതില്ല. ജോയന്റ് സീറ്റ് അലോക്കേഷന്‍ അതോറിറ്റി അലോട്ട്‌മെന്റിനുള്ള ഓപ്ഷന്‍ വിളിക്കുമ്പോള്‍ ചോയ്‌സ് നല്‍കി പങ്കെടുക്കുക. പ്രക്രിയയിലെ എല്ലാ സ്ഥാപനങ്ങളിലേക്കും ഇപ്രകാരം ഓപ്ഷന്‍/ചോയ്‌സ് നല്‍കി പങ്കെടുക്കാം. അതിനായി പ്രത്യേകം അപേക്ഷ എവിടേക്കും നല്‍കേണ്ടതില്ല. 

? ജെ.ഇ.ഇ. മെയിന്‍ ആദ്യ പരീക്ഷയ്ക്ക് ബി.ഇ./ബി.ടെക്. പേപ്പറിനു മാത്രമേ രജിസ്റ്റര്‍ ചെയ്തുള്ളൂ. രണ്ടാം പരീക്ഷയ്ക്ക് ആര്‍ക്കിടെക്ചറിനു കൂടി അപേക്ഷിക്കാമോ

= അപേക്ഷിക്കാം. ജെ.ഇ.ഇ. മെയിന്‍ ആദ്യ പരീക്ഷയ്ക്ക് അപേക്ഷിച്ച കോഴ്‌സുകള്‍ ഏതൊക്കെയായാലും രണ്ടാം ജെ.ഇ.ഇ. മെയിനില്‍, താത്പര്യമുള്ള കോഴ്‌സുകളൊക്കെ അഭിമുഖീകരിക്കാം. ആദ്യ പരീക്ഷയ്ക്ക് അപേക്ഷിച്ച കോഴ്‌സുകളുമായി അതിന് ബന്ധമൊന്നുമില്ല. അതിനാല്‍ താത്പര്യമുള്ള പക്ഷം ബി.ഇ./ബി.ടെക്. പേപ്പര്‍ കൂടാതെ ബി.ആര്‍ക്. പേപ്പറിനും രണ്ടാം ജെ.ഇ.ഇ. മെയിനില്‍ അപേക്ഷിക്കാന്‍ നിങ്ങള്‍ക്ക് കഴിയും.


Content Highlights: JEE Main Exam Related Questions And Answers