ആലുവ: 5.36 കോടി രൂപയുടെ ചിട്ടി തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് കെ.എസ്.എഫ്.ഇ. ജീവനക്കാരിക്ക് സസ്പെൻഷൻ. ഇപ്പോൾ ചെറായി ബ്രാഞ്ചിൽ കാഷ്യറായി പ്രവർത്തിച്ചിരുന്ന ആമിന മീതിൻകുഞ്ഞ് (58) ആണ് സസ്പെൻഷനിലായത്. ആലുവ ഗവ. ആശുപത്രി കവലയിലുള്ള ബ്രാഞ്ചിലെ ഒരു ഏജന്റുമായി ചേർന്ന് ചിട്ടി തട്ടിപ്പ് നടത്തിയെന്നാണ് സംശയിക്കുന്നത്.
തൃശ്ശൂർ കെ.എസ്.എഫ്.ഇ. ഹെഡ് ഓഫീസിൽ നിന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ഡിസംബർ 31-ന് സർവീസിൽ നിന്ന് വിരമിക്കാനിരുന്ന ആമിനയെ 28-ാം തീയതി വൈകീട്ടാണ് സസ്പെൻഡ് ചെയ്ത് ഉത്തരവ് ഇറങ്ങിയത്. ആലുവ ബ്രാഞ്ചിൽ കാഷ്യറായി ജോലി ചെയ്യുമ്പോഴാണ് തട്ടിപ്പ് നടത്തിയതെന്നാണ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയത്.
ആലുവ പറവൂർ കവലയിൽ സ്വകാര്യ സ്ഥാപനം നടത്തിയിരുന്ന കൊടകര സ്വദേശി മുരളിയും തട്ടിപ്പിൽ പങ്കാളിയാണെന്ന് സംശയിക്കുന്നു. ഇയാൾ ഒളിവിലാണെന്നും മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നുണ്ടെന്നും സൂചനയുണ്ട്.
അത്യാവശ്യക്കാർക്ക് വായ്പ ശരിയാക്കി നൽകുന്ന സ്ഥാപനമാണ് മുരളി നടത്തിയിരുന്നത്. അതിനൊപ്പം കെ.എസ്.എഫ്.ഇ. ചിട്ടി ഏജൻസിയുമുണ്ട്. വായ്പ ലഭിക്കുന്നതിനായി സമീപിക്കുന്നയാളിൽ നിന്ന് ആധാരം വാങ്ങിയ ശേഷം ഉടമ അറിയാതെ വലിയ തുകയുടെ ചിട്ടിയിൽ ചേരുന്നവരുടെ ഈടായി കെ.എസ്.എഫ്.ഇ.യിൽ നൽകും. ചിറ്റാളന്മാരുമായി ചേർന്നാണ് തട്ടിപ്പ്. വേഗത്തിൽ ചിട്ടി വിളിച്ചെടുത്ത ശേഷം പണം തിരിച്ചടയ്ക്കാതിരിക്കും. തുടർന്ന് കെ.എസ്.എഫ്.ഇ.യിൽനിന്ന് റവന്യു റിക്കവറി നോട്ടീസ് ലഭിക്കുമ്പോഴേ ആധാരത്തിന്റെ ഉടമ തട്ടിപ്പ് അറിയുകയുള്ളൂ.
ആലുവ സീനത്ത് കവല, എടയപ്പുറം, ആലങ്ങാട് എന്നിവിടങ്ങളിലെ മൂന്നുപേർ നൽകിയ പരാതിയെ തുടർന്ന് കെ.എസ്.എഫ്.ഇ. നടത്തിയ അന്വേഷണത്തിലാണ് 5.36 കോടിയുടെ തട്ടിപ്പ് കണ്ടെത്തിയത്. ഇതിൽ 3.40 കോടി രൂപയുടെ തട്ടിപ്പ് നടത്തിയത് റവന്യു റിക്കവറി നടപടി പൂർത്തിയാക്കിയ സ്ഥലത്തിന്റെ ആധാരം ഉപയോഗിച്ചാണ്.
പറവൂർ കെ.എസ്.എഫ്.ഇ. ബ്രാഞ്ചിനു കീഴിൽ ഏജന്റായി പ്രവർത്തിക്കവേ ക്രമക്കേടിനെ തുടർന്ന് പുറത്താക്കപ്പെട്ടയാളാണ് മുരളി. പിന്നീട് സ്വാധീനം ചെലുത്തി ആലുവയിൽ ഏജൻസി തരപ്പെടുത്തുകയായിരുന്നു. തട്ടിപ്പിൽ കൂടുതൽ ജീവനക്കാർക്ക് പങ്കുണ്ടെന്നാണ് സൂചന.
സസ്പെൻഷനിലായ ജീവനക്കാരി നാല് കൊല്ലമായി, തട്ടിപ്പ് നടന്ന ആലുവ ബ്രാഞ്ചിൽ ജോലി ചെയ്തു വരികയാണെന്ന് കെ.എസ്.എഫ്.ഇ. ആലുവ ശാഖാ മാനേജർ പറഞ്ഞു. തട്ടിപ്പ് നടന്നതായി സംശയം വന്നതിനെ തുടർന്നാണ് ഇവരെ ചെറായിയിലേക്ക് മാറ്റിയത്. തുടർന്ന് സസ്പെൻഡ് ചെയ്യുകയായിരുന്നു. കെ.എസ്.എഫ്.ഇ. വകുപ്പ് തലത്തിൽ വിശദമായി അന്വേഷണം നടത്തുന്നുണ്ടെന്നും പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും തുടർ നടപടികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തട്ടിപ്പിനെ പറ്റി വിശദമായി അന്വേഷിക്കുമെന്ന് പുതുതായി ചാർജെടുത്ത ആലുവ സി.ഐ. വി.എസ്. നവാസ് പറഞ്ഞു. തൃശ്ശൂർ കെ.എസ്.എഫ്.ഇ. ഹെഡ് ഓഫീസിൽനിന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ആമിന ഉൾപ്പെടെ രണ്ട് പേരെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: woman suspended for KSFE money fraud
Published: 01 Jan 2020, 10:50 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented