മറയൂർ: ചന്ദ്രികയെ വെടിവച്ചുകൊന്ന കേസിലെ പ്രതികളിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണെന്ന് ഉറപ്പായതായി പോലീസ് പറഞ്ഞു. ഇവരെ തൊടുപുഴ ജുവനൈൽ കോടതിയിൽ ഹാജരാക്കി. രണ്ടാം പ്രതി മണികണ്ഠനെ(19) ദേവികുളം സെക്കൻഡ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വെടിവച്ച ഒന്നാം പ്രതി ചന്ദ്രികയുടെ ഏറ്റവുമടുത്ത ബന്ധുവാണ്. ഇയാൾ മറയൂർ സ്വകാര്യ ആശുപത്രിയിൽ 2006 ഏപ്രിൽ എട്ടിനാണ് ജനിച്ചത്. 15 വയസ്സാകുന്നതേയുള്ളൂ. ഇതിന്റെ രേഖകൾ പോലീസ് കണ്ടെടുത്തു. മൂന്നാം പ്രതിയുടെ ആധാർ കാർഡ് ലഭിച്ചിട്ടുണ്ട്. 16 വയസ്സാണ് ഇതിൽ പറയുന്നത്. രണ്ടാം പ്രതി പാളപ്പെട്ടി സ്വദേശി മണികണ്ഠന് 19 വയസ്സ് പൂർത്തിയായി. ഇവരെല്ലാം ചന്ദ്രികയുടെ ബന്ധുക്കളാണ്.
ജനനത്തീയതി തേടിയുള്ള അന്വേഷണം വെള്ളിയാഴ്ച രാത്രി തുടങ്ങി ഞായറാഴ്ച രാവിലെയാണ് അവസാനിച്ചത്. അവധി ദിനങ്ങളായതിനാൽ കാന്തല്ലൂർ പഞ്ചായത്ത് ഓഫീസിൽനിന്നും ഒന്നാം പ്രതി പഠിച്ചിരുന്ന അടിമാലി ഗവ. സ്കൂളിൽനിന്നും ജനനത്തീയതി ശേഖരിക്കുന്നതിന് കഴിഞ്ഞിരുന്നില്ല. പ്രതികളുടെ വീടുകൾ അരിച്ചുപെറുക്കി അന്വേഷിക്കുകയായിരുന്നു.
രണ്ടാംപ്രതിയുടെ വീട്ടിൽ ആനക്കൊമ്പുകൾ കണ്ടെത്തി
ചന്ദ്രിക കൊലക്കേസിലെ രണ്ടാംപ്രതി മണികണ്ഠന്റെ പാളപ്പെട്ടിയിലെ വീട്ടിൽനിന്ന് മൂന്ന് ചെറിയ ആനക്കൊമ്പുകൾ കണ്ടെത്തി. സഞ്ചിയിൽ ഒളിപ്പിച്ചുവെച്ചിരിക്കുകയായിരുന്നു ഇവ. കൊലപാതകംനടന്ന വെള്ളിയാഴ്ച രാത്രി 12-മണിക്ക് ഓടിരക്ഷപ്പെട്ട മണികണ്ഠനെയും കൗമാരക്കാരനെയും തേടി മറയൂർ പോലീസ് എസ്.ഐ. ജി.അജയകുമാർ, ചിന്നാർ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എ.ആഷിഖ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇയാളുടെ വീട്ടിലെത്തിയപ്പോഴാണ് ആനക്കൊമ്പ് കണ്ടത്.
പ്രധാനിയെ തേടി അന്വേഷണസംഘം
കൗമാരക്കാരെ കൊലപാതകത്തിനും ചന്ദനക്കടത്തിനും മൃഗവേട്ടയ്ക്കും പ്രേരിപ്പിച്ചുവരുന്ന പ്രധാനിയെ തേടി അന്വേഷണ സംഘം. ചന്ദ്രിക കൊലക്കേസിൽ നാലാം പ്രതിയാണ് ഇയാൾ.
പതിറ്റാണ്ടുകളായി നിഗൂഢതയുടെ താഴ്വാരമാണ് പാളപ്പെട്ടി. മൃഗവേട്ട, കഞ്ചാവുകൃഷി, ചന്ദനക്കടത്ത് തുടങ്ങിയവ നടക്കുന്ന വനമേഖലയായി മാറി ഈ പ്രദേശം. കുറ്റകൃത്യങ്ങളെ എതിർക്കുന്ന കുടിക്കാരെ തല്ലി ഒതുക്കിയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും നിറത്തോക്കുകളുമായി വിലസുന്ന പത്തിൽ താഴെ വരുന്ന സംഘം ഇവിടെയുള്ളതായി ഗ്രാമവാസികൾ തന്നെ പറയുന്നു. മദ്യത്തിനടിമയായ ഇവർ എന്തും ചെയ്യുന്നതിന് മടിക്കാത്തവരാണ്.
ഇപ്പോൾ ഇവരെ നിയന്ത്രിച്ച് കുറ്റകൃത്യങ്ങൾക്ക് പ്രേരിപ്പിച്ചുവരുന്നത് 25 വയസ്സിൽ താഴെയുള്ള യുവാവ് ആണെന്ന കണ്ടെത്തലിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.
മുൻപ് പല ചന്ദനക്കേസുകളിലും പ്രതിയായ ഇയാൾ ഇപ്പോൾ ഒളിവിലാണ്. വനത്തിനുള്ളിലെ അള്ളുകളിൽ ഒളിച്ചുതാമസിക്കുന്ന ഇയാൾ കുടിയിലെത്തിയാലും ആരും ഭയന്ന് പുറത്തുപറയില്ല.
കുടിയിൽ നിരവധി പേർക്ക് സ്വന്തമായി നാടൻ തോക്കുകൾ ഉള്ളതായി സമീപവാസികൾ പറയുന്നു. തോക്കുകൾ എവിടെനിന്നുമാണ് ഇവർക്ക് ലഭിക്കുന്നത് എന്ന് നാലാമനെ പിടികൂടുന്നതോടുകൂടി വ്യക്തമാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
മുൻപ് കുടിയിൽ പരിശോധന നടത്തുന്നതിന് വനംവകുപ്പ് ഉദ്യോസ്ഥർക്ക് കഴിഞ്ഞിരുന്നില്ല.
ജൂലായ് 28-ന് മറയൂർ സാൻഡൽ ഡിവിഷൻ, ചിന്നാർ വന്യജീവി സങ്കേതം എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുടെ വൻ പടയെത്തിയാണ് ചന്ദ്രിക കൊലക്കേസിലെ രണ്ടാം പ്രതി മണികണ്ഠനെ പിടികൂടിയത്. ആദ്യമായിട്ടാണ് പാളപ്പെട്ടിയിൽ വിജയകരമായ ഒരു റെയ്‌ഡ് നടന്നത്.
ഉറക്കമൊഴിച്ച് പ്രതികളെ പിടികൂടി പോലീസ്
മറയൂർ: ചിന്നാർ വന്യജീവി സങ്കേതത്തിലെ വനത്തിനുള്ളിൽ തമിഴ്നാട് അതിർത്തിയോടുചേർന്നാണ് പാളപ്പെട്ടി ഗോത്രവർഗ കോളനി സ്ഥിതിചെയ്യുന്നത്. വണ്ണാന്തുറൈ ഫോറസ്റ്റ് സ്റ്റേഷൻവരെയേ വാഹനങ്ങൾ പോകുകയുള്ളൂ.
ഒരു മണിക്കൂറെങ്കിലും ആനക്കാട്ടിലൂടെ നടന്നുമാത്രമേ പാളപ്പെട്ടിയിലെത്താൻ കഴിയുകയുള്ളൂ. വെള്ളിയാഴ്ച രാത്രി 9.45-ന് കുടിയിലെ ചന്ദ്രിക വെടിയേറ്റുമരിച്ച വിവരം അറിഞ്ഞതുമുതൽ ഉദ്യോഗസ്ഥർ ഏറെ അലഞ്ഞാണ് പ്രതികളെ പിടികൂടിയത്. വണ്ണാന്തുറൈയിലെ വനംവകുപ്പ് അധികൃതർ അറിയിച്ചതിനെത്തുടർന്ന് ഒന്നരമണിക്കൂറിനുള്ളിൽ പോലീസ് സംഭവം നടന്ന കേപ്പകാട് ഭാഗത്തെത്തി.
വിസ്തൃതമായി റാഗി കൃഷിചെയ്യുന്ന സ്ഥലത്ത് കിടന്ന മൃതദേഹം സുരക്ഷിതമാക്കി. കുടിക്കാർ പിടികൂടിയ ഒന്നാംപ്രതിയെ കസ്റ്റഡിയിലെടുത്തു. രണ്ടുകിലോമീറ്റർ അകലെയുള്ള പാളപ്പെട്ടി കുടിയിലെത്തി രണ്ടാംപ്രതി മണികണ്ഠനെയും മൂന്നാം പ്രതി കൗമാരക്കാരനെയും മണികണ്ഠന്റെ വീടിന്റെ വാതിൽ തകർത്ത് പിടികൂടി. രാത്രി മൂന്നുമണിയോടുകൂടി മൂന്നു പ്രതികളെയുംകൂട്ടി ഇൻസ്പെക്ടർ ജി.സുനിലും സംഘവും മറയൂർ പോലീസ് സ്റ്റേഷനിലേക്ക് തിരിച്ചു. ഒന്നരമണിക്കൂർ നേരം നടന്ന് ഏറെ ശ്രമപ്പെട്ടാണ് വാഹനത്തിലെത്തിച്ച് മറയൂരിൽ കൊണ്ടുവന്നത്.
Content Highlights:woman shot dead in marayoor police investigation
Published: 24 Aug 2020, 03:19 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented