
തൃശ്ശൂര്‍: നവജാതശിശുക്കളെ കൊന്ന് കുഴിച്ചിട്ട സംഭവത്തില്‍ പോലീസ് സംഘം പ്രതികളുടെ വീടുകളില്‍ പരിശോധന നടത്തുന്നു. പ്രതികളില്‍ ഒരാളായ മുല്ലയ്ക്കപറമ്പില്‍ അനീഷ(22)യുടെ വീട്ടുവളപ്പിലാണ് തിങ്കളാഴ്ച രാവിലെ പരിശോധന ആരംഭിച്ചത്. കേസിലെ മറ്റൊരുപ്രതിയായ ആമ്പല്ലൂര്‍ ചേനക്കാല ഭവിന്റെ(26) വീട്ടിലും പോലീസ് സംഘം ഇന്ന് പരിശോധന നടത്തും.
2021-ല്‍ പ്രസവിച്ച ആദ്യത്തെ കുഞ്ഞിനെ അനീഷയുടെ വീട്ടുവളപ്പില്‍ കുഴിച്ചിട്ടെന്നാണ് പ്രതികളുടെ മൊഴി. ഇരിങ്ങാലക്കുട ആര്‍ഡിഒയുടെ നേതൃത്വത്തിലാണ് ആദ്യത്തെ കുഞ്ഞിനെ കുഴിച്ചിട്ടസ്ഥലത്ത് പരിശോധന നടത്തുന്നത്. ഫൊറന്‍സിക് സംഘവും സ്ഥലത്തുണ്ട്. 2024-ല്‍ പ്രസവിച്ച രണ്ടാമത്തെ കുഞ്ഞിനെ ഭവിന്റെ വീടിന് സമീപത്താണ് കുഴിച്ചിട്ടത്. ഇവിടെയും പോലീസ് വിശദമായ പരിശോധന നടത്തും.
ഞായറാഴ്ച പുലര്‍ച്ചെ 12.20-ഓടെയാണ് ബാഗില്‍ നവജാതശിശുക്കളുടെ അസ്ഥികളുമായി ഭവിന്‍ പുതുക്കാട് പോലീസ് സ്റ്റേഷനിലെത്തിയത്. സുഹൃത്തായ യുവതിയില്‍ ജനിച്ച കുഞ്ഞുങ്ങളെ കൊന്നുകുഴിച്ചിട്ടെന്നും അവരുടെ അസ്ഥികളാണെന്നുമായിരുന്നു ഇയാളുടെ വെളിപ്പെടുത്തല്‍. തുടര്‍ന്ന് യുവാവിനെയും സുഹൃത്തായ മുല്ലയ്ക്കപറമ്പില്‍ അനീഷയെയും (22) അറസ്റ്റുചെയ്തു. രണ്ടു കുഞ്ഞുങ്ങളെ ജനിച്ച ഉടനെ താന്‍ കൊല്ലുകയായിരുന്നെന്ന് അനീഷ മൊഴിനല്‍കി.
അനീഷ മറ്റൊരു വിവാഹത്തിനൊരുങ്ങുന്നെന്ന സംശയത്തില്‍ അതു തടയാന്‍ ഭവിന്‍ സംഭവം വെളിപ്പെടുത്തുകയായിരുന്നെന്നാണ് പോലീസ് കരുതുന്നത്. പ്രണയത്തിലായിരുന്ന ഇരുവര്‍ക്കും 2021-ലും 2024-ലും ജനിച്ച കുഞ്ഞുങ്ങളെയാണ് കൊന്ന് കുഴിച്ചിട്ടത്. പ്രസവത്തെത്തുടര്‍ന്ന് രണ്ടു കുഞ്ഞുങ്ങളും മരിച്ചെന്ന് ആദ്യം പറഞ്ഞ അനീഷ 12 മണിക്കൂര്‍ ചോദ്യംചെയ്യലിലാണ് കുഞ്ഞുങ്ങളെ ശ്വാസംമുട്ടിച്ച് കൊന്നതാണെന്ന് സമ്മതിച്ചത്. ഗൂഢാലോചനയ്ക്കും കൊലപാതകത്തിനുമാണ് കേസ്.
പ്രസവിച്ചത് യൂട്യൂബ് നോക്കി, അയഞ്ഞ വസ്ത്രം ധരിച്ച് ഗര്‍ഭം മറച്ചു...
2020-ലാണ് അനീഷയും ഭവിനും ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെടുന്നത്. ഈ സൗഹൃദം പ്രണയത്തിലെത്തി. ഇതിനിടെ അനീഷ ഗര്‍ഭിണിയായി. 2021 നവംബര്‍ ആറിനായിരുന്നു ആദ്യപ്രസവം. വീട്ടിലെ ശൗചാലയത്തില്‍ പ്രസവിച്ചെന്നും കുഞ്ഞിന്റെ കഴുത്തില്‍ പൊക്കിള്‍കൊടി ചുറ്റിയതിനാല്‍ മരിച്ചെന്നുമായിരുന്നു യുവതിയുടെ മൊഴി. തുടര്‍ന്ന് വീട്ടുവളപ്പില്‍ തന്നെ മൃതദേഹം കുഴിച്ചിടുകയായിരുന്നു. എട്ടുമാസത്തിന് ശേഷം കുഞ്ഞിന്റെ അസ്ഥി പുറത്തെടുത്ത് ഭവിന് കൈമാറി. കുഞ്ഞിനെ കൊലപ്പെടുത്തിയതിന്റെ ദോഷം മാറാന്‍ കര്‍മങ്ങള്‍ ചെയ്ത് കടലില്‍ നിമജ്ജനം ചെയ്യാമെന്ന് ഭവിന്‍ പറഞ്ഞു. എന്നാല്‍, എന്നെങ്കിലും അനീഷ തന്നെ ഉപേക്ഷിച്ചാല്‍ തന്റെ കുഞ്ഞിന് ജന്മം നല്‍കിയെന്നതിന്റെ തെളിവിനായി ഭവിന്‍ ഈ അസ്ഥി സൂക്ഷിച്ചു. ഇതിനുശേഷം 2024 ഏപ്രില്‍ 29-ന് അനീഷ രണ്ടാമതും പ്രസവിച്ചു. ഇത്തവണയും സ്വന്തം വീട്ടില്‍വെച്ച് തന്നെയായിരുന്നു പ്രസവം. പ്രസവിച്ചയുടന്‍ കുഞ്ഞിന്റെ വാ പൊത്തിപ്പിടിച്ചെന്നും തുടര്‍ന്ന് കുഞ്ഞ് മരിച്ചെന്നുമായിരുന്നു അനീഷയുടെ മൊഴി. തുടര്‍ന്ന് മൃതദേഹവുമായി സ്‌കൂട്ടറില്‍ ആമ്പല്ലൂരിലെ ഭവിന്റെ വീട്ടിലെത്തി. ഭവിന്‍ മൃതദേഹം തന്റെ വീടിന് സമീപത്ത് കുഴിച്ചിട്ടു.
ലാബ് ടെക്‌നീഷ്യനായി ജോലിചെയ്യുന്നയാളാണ് അനീഷ. യൂട്യൂബ് നോക്കിയാണ് വീട്ടില്‍ പ്രസവിച്ചതെന്നാണ് യുവതി നല്‍കിയ മൊഴി. ഗര്‍ഭിണിയായതോടെ ഇക്കാര്യം മറ്റുള്ളവര്‍ അറിയാതിരിക്കാന്‍ അയഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചെന്നും വയറില്‍ തുണിവെച്ച് കെട്ടിയെന്നും യുവതി പറഞ്ഞിട്ടുണ്ട്. ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ കാരണമാണ് വണ്ണംവെയ്ക്കുന്നതെന്ന് പറഞ്ഞും യുവതി മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ചു.
മരണങ്ങളില്‍ ഭവിന്‍ സംശയിച്ചു
രണ്ടാമത്തെ കുഞ്ഞിന്റെ മരണത്തിനുശേഷമാണ് ഭവിനും അനീഷയും തെറ്റിയത്. മൃതദേഹങ്ങള്‍ കുഴിച്ചിട്ടത് രണ്ടുപേരും അറിഞ്ഞിരുന്നെങ്കിലും മരണത്തില്‍ ഭവിന് അനീഷയെ സംശയമുണ്ടായിരുന്നു. ബന്ധം തുടരാന്‍ അനീഷയ്ക്ക് താത്പര്യമില്ലെന്നും അതിനായാണ് കുഞ്ഞിനെ കൊന്നതെന്നും ഇയാള്‍ വിശ്വസിച്ചു.
യുവതി മറ്റൊരു വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന സംശയം പ്രശ്‌നങ്ങള്‍ ഗുരുതരമാക്കി. രണ്ടാമതൊരു ഫോണ്‍ ഉപയോഗിക്കുന്നത് ഇയാള്‍ വിലക്കി. യുവതി മറ്റൊരു ഫോണ്‍ ഉപയോഗിച്ചിരുന്ന കാര്യം ജനുവരിയിലാണ് ഭവിന്‍ മനസ്സിലാക്കിയത്.
ശല്യമായപ്പോള്‍ മനഃപൂര്‍വം അകലുകയായിരുന്നെന്ന് അനീഷ പോലീസിനോട് പറഞ്ഞു. ബന്ധത്തില്‍നിന്ന് യുവതി ഒഴിഞ്ഞുമാറിയാലോ, വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കാതിരുന്നാലോ തന്റെ കുട്ടികളെ പ്രസവിച്ചുവെന്നതിനുള്ള 'തെളിവാണ്' അസ്ഥിയിലൂടെ ഭവിന്‍ ശേഖരിച്ചതെന്ന് പോലീസ് കരുതുന്നു. അടുത്തിടെയായി പെണ്‍കുട്ടിയോട് ക്ഷമപറയുന്ന തരത്തില്‍ ഇയാള്‍ സംസാരിച്ചിരുന്നു. ശനിയാഴ്ച വൈകീട്ട് അനീഷയുമായി വീണ്ടും തര്‍ക്കമുണ്ടായി. സംഭവം പോലീസിനെ അറിയിക്കുമെന്നും 'എന്നെ ഒഴിവാക്കി നീ ജീവിക്കേണ്ടാ' എന്നും ഭവിന്‍ പറഞ്ഞു.
രണ്ടാമത്തെ ഫോണില്‍ കുഞ്ഞിന്റെ ചിത്രങ്ങള്‍...
അനീഷ ഉപയോഗിച്ചിരുന്ന രണ്ടാമത്തെ ഫോണില്‍ ആദ്യത്തെ കുഞ്ഞിന്റെ ചിത്രങ്ങളുണ്ടെന്ന് ഭവിന്‍ മൊഴി നല്‍കിയിട്ടുണ്ട്. അടുത്തിടെ വഴക്കുണ്ടായപ്പോള്‍ ഈ ഫോണ്‍ ഭവിന്‍ എറിഞ്ഞുപൊട്ടിച്ചിരുന്നു. അതിനാല്‍ ഈ ഫോണ്‍ കണ്ടെടുത്ത് ശാസ്ത്രീയപരിശോധനയ്ക്ക് അയക്കാനാണ് പോലീസിന്റെ നീക്കം. മാത്രമല്ല, കൊല്ലപ്പെട്ട കുഞ്ഞുങ്ങള്‍ ഭവിന്റേതും അനീഷയുടേതുമാണെന്ന് തെളിയിക്കാന്‍ ഡിഎന്‍എ പരിശോധനയും നടത്തും.
Content Highlights: Police investigate the murder of two infants in Thrissur, Kerala
Published: 30 Jun 2025, 11:45 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented