തിരുവനന്തപുരം: ജയമാധവൻ നായരുടെ കൊലയ്ക്കുപിന്നിൽ താനല്ലെന്നും കേസിലെ പരാതിക്കാരൻ ആയിരിക്കുമെന്നും ക്രൈംബ്രാഞ്ചിന്റെ ചോദ്യംചെയ്യലിൽ കൂടത്തിൽ കൊലപാതകക്കേസിലെ പ്രതി രവീന്ദ്രൻ നായർ പറഞ്ഞു.  രണ്ടു ദിവസത്തെ കസ്റ്റഡിയിലായിരുന്ന ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരുടെ മിക്ക ചോദ്യങ്ങൾക്കും മറുപടിപോലും പറയാൻ തയ്യാറാവുന്നില്ലെന്നാണ് വിവരം. ‘തനിക്ക് ഈ കൊലപാതകത്തിൽ പങ്കില്ല’ എന്ന മൊഴിയിൽ ഉറച്ചുനിൽക്കുകയാണ് പ്രതി. പോലീസ് ഒരു കഥയുണ്ടാക്കി തന്നെ അതിൽ പെടുത്താനാണ് ശ്രമിക്കുന്നതെന്നും അതിനു നിന്നുതരില്ല എന്ന നിലപാടാണ് രവീന്ദ്രൻ നായർ ചോദ്യംചെയ്യലിൽ സ്വീകരിക്കുന്നത്.

To advertise here,

കേസിന്റെ അന്വേഷണത്തിന് കാരണക്കാരനായ പരാതിക്കാരൻ കാലടി സ്വദേശി അനിലിന് തന്നോട് പണ്ടുമുതലേ വിരോധമുണ്ടെന്നും തന്നെ കുടുക്കാനായി അയാൾ കൊലപാതകം ചെയ്തതാകാം എന്നുമായിരുന്നു ആരോപണം.

കേരള പോലീസിന്റെ ചരിത്രത്തിൽ ആദ്യമായി ബ്രെയിൻ മാപ്പിങ് നടത്തി കുറ്റകൃത്യത്തിൽ പ്രതിക്കു പങ്കുണ്ടെന്ന് കണ്ടെത്തിയ കേസാണ് കൂടത്തിൽ കൊലക്കേസ്. ഈ ശാസ്ത്രീയ തെളിവുകൾ നിരത്തി ചോദ്യംചെയ്തിട്ടും രവീന്ദ്രൻ നായർക്ക് ഒരു കുലുക്കവുമുണ്ടായില്ല എന്നാണ് പോലീസ് പറയുന്നത്. മുന്നൊരുക്കത്തോടെയാണ് ഇയാൾ ചോദ്യംചെയ്യലിന് എത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥർ വിലയിരുത്തുന്നു. വ്യാഴാഴ്ചയാണ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രവീന്ദ്രൻ നായരെ കസ്റ്റഡിയിൽവിട്ടത്. വെള്ളിയാഴ്ച നാലുവരെയായിരുന്നു കസ്റ്റഡി.

തെളിവെടുപ്പിനായി കൂടത്തിൽ വീട്ടിൽ

ജയമാധവൻ നായരുടേതടക്കം ദുരൂഹ മരണങ്ങൾ നടന്ന കൂടത്തിൽ തറവാട് വീട്ടിൽ പ്രതി രവീന്ദ്രൻനായരുമായി ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തി. വെള്ളിയാഴ്ച പന്ത്രണ്ടോടെയായിരുന്നു ക്രൈംബ്രാഞ്ച് അസിസ്റ്റന്റ്‌ കമ്മിഷണർ എം.ഐ. ഷാജി ഉൾപ്പെടെയുള്ള അന്വേഷണസംഘത്തിന്റെ നേതൃത്വത്തിൽ ഇയാളെ ഇവിടെയെത്തിച്ചത്. തീർത്തും അക്ഷോഭ്യനായിരുന്ന പ്രതി ചോദ്യങ്ങൾക്കു കൃത്യമായി മറുപടി പറഞ്ഞില്ല.

മാസ്‌കും തൊപ്പിയും ധരിച്ചായിരുന്നു രവീന്ദ്രൻ നായർ എത്തിയത്. ജയമാധവൻ നായർ മരിച്ച മുറി ഉൾപ്പെടെ വീടിനുള്ളിലെ എല്ലാ മുറികളിലും ഇയാളെ കൊണ്ടുപോയി. താനല്ല, പരാതിക്കാരനായിരിക്കാം കൊല നടത്തിയത് എന്ന ആരോപണം ആവർത്തിക്കുകയായിരുന്നു ഇയാൾ.