മാസ് ബി.ജി.എം, ഒപ്പം തീപ്പൊരി സിനിമ ഡയലോഗ്. നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതിയായ തീക്കാറ്റ് സാജന്‍ എന്ന സാജന്റെ സാമൂഹികമാധ്യമ അക്കൗണ്ട് പരിശോധിച്ചാല്‍ കാണുന്ന വീഡിയോകളില്‍ മിക്കതും ഇത്തരത്തിലുള്ളതാണ്. റീല്‍സിലൂടെ ന്യൂജെന്‍ ഗുണ്ടയാകാന്‍ പാടുപെടുന്ന കാഴ്ച..! മുന്‍പ് കേസുകളില്‍ അറസ്റ്റിലായതിന്റെ വാര്‍ത്തകളും മറ്റും വീണ്ടും വീണ്ടും പങ്കുവെച്ച് താന്‍ മാസ്സാണെന്ന് കാണിക്കാനുള്ള പരിശ്രമം.

To advertise here,

കഴിഞ്ഞദിവസം സാജന്റെ തേക്കിന്‍കാട് മൈതാനത്തെ പിറന്നാളാഘോഷം പോലീസ് പൊളിച്ചതിന് പിന്നാലെ ഇയാളുടെ സാമൂഹികമാധ്യമ അക്കൗണ്ടില്‍ റീല്‍സുകളുടെ പെരുമഴയായിരുന്നു. പോലീസിനെ വെല്ലുവിളിച്ചുകൊണ്ടും സ്വയം ഹീറോ ആയി അവതരിപ്പിച്ചുകൊണ്ടുമുള്ള റീല്‍സായിരുന്നു മിക്കതും. ഇതിനൊപ്പം കഴിഞ്ഞദിവസം പോലീസ് സ്‌റ്റേഷനുനേരേ ബോംബ് ഭീഷണി മുഴക്കിയ വാര്‍ത്തകളും ഇന്‍സ്റ്റഗ്രാം സ്‌റ്റോറികളായി പ്രചരിപ്പിച്ചു. വാർത്തകളിലൂടെയും മറ്റും തന്‍റെ വീരശൂരത്വം പ്രകടിപ്പിക്കാനാണ് ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നത് എന്നതുകൊണ്ടുതന്നെ ഇയാൾക്ക് പ്രോത്സാഹനമാകുന്ന വിധത്തിലുള്ള പ്രാധാന്യം ഇതിന് നൽകേണ്ടെന്നാണ് പോലീസും സ്വീകരിച്ചിരിക്കുന്ന നിലപാട്.

ഞായറാഴ്ച വൈകീട്ട് മൂന്നുമണിയോടെയായിരുന്നു സാജന്റെ സിനിമാ സ്റ്റൈല്‍ പിറന്നാളാഘോഷം. അതേ സ്റ്റൈലില്‍തന്നെ പോലീസ് പൊളിച്ചത്. 32 പേരാണ് സാജന്റെ പിറന്നാള്‍ ആഘോഷിക്കാനായി തേക്കിന്‍കാട് മൈതാനത്ത് ഒത്തുകൂടിയത്. ഇതില്‍ 17 പേരും പ്രായപൂര്‍ത്തിയാകാത്തവരായിരുന്നു. തീക്കാറ്റ് സാജന്‍ എന്ന സാജന്റെ പിറന്നാളാഘോഷം 'ആവേശം' സിനിമാ മോഡലില്‍ നടത്താനും ഇത് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനുമായിരുന്നു കുട്ടിഫാന്‍സിന്റെയും കൂട്ടാളികളുടെയും പദ്ധതി. എന്നാല്‍, കൃത്യസമയത്ത് പോലീസ് ഇടപെട്ടതോടെ ആഘോഷം മുടങ്ങി. പിറന്നാള്‍ കേക്കുമായി കാത്തിരുന്ന സംഘത്തെ പോലീസ് കൈയോടെ പിടികൂടുകയും ചെയ്തു.

കേക്കുമായി കാത്തിരിക്കുന്നവര്‍ക്കിടയിലേക്ക് 'മാസ് എന്‍ട്രി' നടത്താനും തുടര്‍ന്ന് യുവാക്കള്‍ക്കിടയില്‍ കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിക്കാനുമായിരുന്നു സാജന്റെയും കൂട്ടരുടെയും പദ്ധതി. എന്നാല്‍, തേക്കിന്‍കാട് മൈതാനത്ത് യുവാക്കള്‍ ഒത്തുകൂടിയത് പോലീസ് മണത്തറിഞ്ഞു. പിന്നാലെ നാല് ജീപ്പുകളിലായി സിറ്റി പോലീസ് ഷാഡോ സംഘവും തൃശ്ശൂര്‍ ഈസ്റ്റ് പോലീസും സ്ഥലത്തെത്തി കുട്ടി ഫാന്‍സിനെ വളഞ്ഞു. ഗുണ്ടയുടെ മാസ് എന്‍ട്രിക്ക് തൊട്ടുമുന്‍പായിരുന്നു പോലീസിന്റെ അതിലും വലിയ എന്‍ട്രി. തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന ഫാന്‍സുകാരെയെല്ലാം പോലീസ് പൊക്കി. ഇതിനിടെ പോലീസ് പരിപാടി പൊളിച്ചതറിഞ്ഞ് ഗുണ്ട തീക്കാറ്റ് സാജന്‍ ആഘോഷത്തിന് എത്താതെ മുങ്ങുകയുംചെയ്തു.

പിടിയിലായ പ്രായപൂര്‍ത്തിയാകാത്ത 17 പേരേയും രക്ഷിതാക്കളെ വിളിച്ചുവരുത്തി വിട്ടയച്ചു. ഇവരില്‍ പ്ലസ്ടു വിദ്യാര്‍ഥികളുമുണ്ട്. ബാക്കി 15 പേരുടെ പേരില്‍ കേസെടുത്ത ശേഷം വിട്ടു. ഇവരില്‍ ക്രിമിനല്‍ കേസിലുള്‍പ്പെട്ടവര്‍ വരെയുണ്ടെന്ന് അറിയുന്നു.

സിനിമാസ്‌റ്റൈല്‍ റീലുകള്‍, ആരാധന മൂത്ത് കുട്ടികള്‍...

അടുത്തിടെ തൃശ്ശൂര്‍ കുറ്റൂരില്‍ മറ്റൊരു ഗുണ്ടാനേതാവ് ആവേശം മോഡലില്‍ പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. ഇതിനെ അനുകരിച്ചാണ് 'വളര്‍ന്നുവരുന്ന' ഗുണ്ടയെന്ന് അവകാശപ്പെടുന്ന സാജനും പിറന്നാളാഘോഷം ആസൂത്രണംചെയ്തത്. ഇന്‍സ്റ്റഗ്രാമില്‍ രണ്ടായിരത്തിലേറെ ഫോളോവേഴ്സാണ് ഇയാള്‍ക്കുള്ളത്. സാജന്‍ ഭായി എന്നൊക്കെയാണ് സ്വയം വിശേഷിപ്പിക്കുന്നത്. പോസ്റ്റ് ചെയ്യുന്ന പല റീല്‍സും സിനിമാരംഗങ്ങളെ അനുസ്മരിപ്പിക്കുന്നതാണ്. കഴിഞ്ഞദിവസം പിറന്നാള്‍ ആഘോഷത്തിന് നിരവധി പേരാണ് ഇയാള്‍ക്ക് ആശംസകള്‍ അറിയിച്ച് റീല്‍സ് പോസ്റ്റ് ചെയ്തിരുന്നത്. ഇതെല്ലാം സാജന്‍ തന്റെ ഇന്‍സ്റ്റഗ്രാം ഐ.ഡി.യിലൂടെ പങ്കുവെച്ചിരുന്നു.

കാപ്പാ വകുപ്പ് അടക്കം ചുമത്തിയിരുന്ന നിരവധി ക്രിമിനല്‍കേസുകളില്‍പ്പെട്ട പ്രതിയാണ് സാജനെന്നാണ് പോലീസ് നല്‍കുന്നവിവരം. ഒല്ലൂര്‍ സ്റ്റേഷന്‍ പരിധിയിലെ റൗഡിലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണെന്നും പോലീസ് പറയുന്നു. സാജന്‍ നേരത്തെ അറസ്റ്റിലായതിന്റെ വാര്‍ത്തകള്‍ ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ 'ഏറെ അഭിമാന'ത്തോടെയാണ് ഇന്‍സ്റ്റഗ്രാമില്‍ സാജനും കൂട്ടാളികളും പങ്കുവെച്ചിരുന്നത്. കഴിഞ്ഞദിവസം പോലീസ് പിറന്നാളാഘോഷം മുടക്കിയതിന് പിന്നാലെ പോലീസിനെതിരെ വെല്ലുവിളിയുമുണ്ടായി. എത്ര പോലീസ് വന്നാലും കേക്ക് മുറിക്കും, തടയാന്‍ കഴിയുമെങ്കില്‍ തടഞ്ഞോ എന്നായിരുന്നു വെല്ലുവിളി. ഇതിനുപിന്നാലെ രാത്രി വടിവാള്‍ ഉപയോഗിച്ച് കേക്ക് മുറിക്കുന്ന ദൃശ്യങ്ങളും ഇയാള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.

പ്ലാസ്റ്റിക് കത്തികൊണ്ട് മുറിക്കേണ്ട കേക്ക് വടിവാള്‍ കൊണ്ട് മുറിക്കേണ്ടിവന്നത് പോലീസ് കാരണമാണെന്നും തങ്ങളെ ബുദ്ധിമുട്ടിച്ചാല്‍ തിരിച്ചും ബുദ്ധിമുട്ടിക്കുമെന്നുമായിരുന്നു വെല്ലുവിളി. ഇതിനുപിന്നാലെയാണ് തൃശ്ശൂര്‍ വെസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ വിളിച്ച് ബോംബ് ഭീഷണി മുഴക്കിയത്. 
തൃശ്ശൂര്‍ വെസ്റ്റ് സ്റ്റേഷനില്‍ വിളിച്ച് ഈസ്റ്റ് സ്റ്റേഷനും കമ്മിഷണര്‍ ഓഫീസും ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഫോണില്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. ഈസ്റ്റ് സ്റ്റേഷന്‍ എന്ന് തെറ്റിദ്ധരിച്ചാണ് വെസ്റ്റിലേക്ക് വിളിച്ചതെന്നറിയുന്നു. ഭീഷണിപ്പെടുത്തിയതിന് രണ്ട് സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരേ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസെടുത്തു.

സിനിമാരംഗങ്ങളെ അനുസ്മരിപ്പിക്കുന്ന റീല്‍സ് കണ്ടാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളടക്കം ഇയാളുടെ ഫാന്‍സായി മാറുന്നതെന്നാണ് പോലീസ് പറയുന്നത്. ഇത്തരത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ ഇയാളെ ഫോളോ ചെയ്യുന്നവരാണ് കഴിഞ്ഞദിവസം പിറന്നാളാഘോഷത്തിനായി തേക്കിന്‍കാട് മൈതാനത്ത് ഒത്തുകൂടിയതെന്നും പോലീസ് പറഞ്ഞു. വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെയായിരുന്നു കുട്ടി ഫാന്‍സ് പരിപാടി ആസൂത്രണം ചെയ്തതെന്നാണ് വിവരം. സാജന് മുറിക്കാനുള്ള പിറന്നാള്‍ കേക്കും ഇവര്‍ കരുതിയിരുന്നു. പോലീസിന്റെ തന്ത്രപരമായ ഇടപെടലിനെത്തുടര്‍ന്ന് പൊതുസ്ഥലത്ത് നടത്താന്‍ നിശ്ചയിച്ച പാര്‍ട്ടി നടത്താനായില്ല. 

ഒളിവില്‍ക്കഴിയുന്ന സാജനെ പിടികൂടാന്‍ ശ്രമം നടക്കുന്നതായി പോലീസ് അറിയിച്ചു. ഇത്തരത്തിലുള്ള ക്രിമിനല്‍ക്കേസ് പ്രതികളുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളും പോലീസ് നിരീക്ഷിക്കുന്നുണ്ട്. ആവശ്യമെങ്കില്‍ ഈ അക്കൗണ്ടുകള്‍ നീക്കംചെയ്യാനുള്ള നടപടികളും പോലീസ് സ്വീകരിക്കും.