
തിരുവനന്തപുരം: പോത്തന്‍കോട് സുധീഷ് വധക്കേസിലെ മുഖ്യപ്രതികളിലൊരാളായ ഒട്ടകം രാജേഷിനെ പോത്തന്‍കോട് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. തിങ്കളാഴ്ച രാവിലെ 11.30 ഓടെയാണ് രാജേഷിനെ പോത്തന്‍കോട് എത്തിച്ചത്. സ്‌റ്റേഷനിലെത്തിച്ച ഒട്ടകം രാജേഷ് പ്രകോപനത്തിന് മുതിര്‍ന്നില്ല. സുരക്ഷാപ്രശ്‌നം കണക്കിലെടുത്ത് കൂടുതല്‍ പോലീസുകാരെയും ഇവിടെ വിന്യസിച്ചിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ തിങ്കളാഴ്ച തന്നെ കോടതിയില്‍ ഹാജരാക്കും.
സുധീഷിനെ വെട്ടിക്കൊന്നതിന് പിന്നാലെ ഒളിവില്‍പോയ ഒട്ടകം രാജേഷിനെ കൊല്ലത്തുനിന്നാണ് പിടികൂടിയതെന്നാണ് പോലീസ് നല്‍കുന്നവിവരം. തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാള്‍ കേരളത്തിലേക്ക് മടങ്ങുന്നതിനിടെ കൊല്ലം ബസ് സ്റ്റാന്‍ഡില്‍നിന്ന് പിടിയിലായെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് കാര്യങ്ങള്‍ വ്യക്തമാകേണ്ടതുണ്ട്.
ഡിസംബര്‍ 11-നാണ് പോത്തന്‍കോട് കല്ലൂരില്‍ സുധീഷ് എന്ന യുവാവിനെ ബൈക്കുകളിലും ഓട്ടോയിലും എത്തിയ സംഘം വെട്ടിക്കൊന്നത്. അക്രമിസംഘത്തില്‍നിന്ന് രക്ഷപ്പെടാനായി ഒരുവീട്ടില്‍ ഓടിക്കയറിയ സുധീഷിനെ പിന്തുടര്‍ന്നെത്തിയ സംഘം ശരീരമാസകലം വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. പിന്നാലെ ഇരുകാലുകളും വെട്ടിമാറ്റി. ഇതിലൊരു കാലുമായാണ് അക്രമികള്‍ വാഹനങ്ങളില്‍ മടങ്ങിയത്. വെട്ടിമാറ്റിയ കാല്‍ പിന്നീട് റോഡില്‍ വലിച്ചെറിയുകയായിരുന്നു.
കേസില്‍ ആകെ 11 പ്രതികളാണുള്ളത്. ഇതില്‍ പത്ത് പേരെയും കഴിഞ്ഞദിവസങ്ങളിലായി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ രണ്ടാംപ്രതിയായ ഒട്ടകം രാജേഷിനെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഇയാള്‍ക്കായി തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നു. ഒട്ടകം രാജേഷിനെ തിരഞ്ഞ് പോയ പോലീസ് സംഘത്തിന്റെ വള്ളംമറിഞ്ഞ് ഒരു പോലീസുകാരന്‍ മരിക്കുകയും ചെയ്തു. വര്‍ക്കല പണയില്‍ക്കടവില്‍വെച്ചാണ് വള്ളം മറിഞ്ഞ് പോലീസുകാര്‍ അപകടത്തില്‍പ്പെട്ടത്. എസ്.എ.പി. ക്യാമ്പിലെ പോലീസുകാരനായ ബാലുവിനാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്. ഒട്ടകം രാജേഷ് ഒരു തുരുത്തില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന വിവരം ലഭിച്ചാണ് പോലീസ് സംഘം വള്ളത്തില്‍ തിരച്ചിലിന് പോയത്. അതേസമയം, രാജേഷിനെക്കുറിച്ച് കഴിഞ്ഞദിവസങ്ങളില്‍ പോലീസിന് ലഭിച്ച പലവിവരങ്ങളും തെറ്റായിരുന്നുവെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.
Content Highlights: Pothancode Murder Case; Accused Ottakam Rajesh is arrested by the Police
Published: 20 Dec 2021, 12:48 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented