
സി.ബി.ഐ. അന്വേഷണത്തിനെതിരേ സംസ്ഥാന സര്‍ക്കാര്‍ പോയത് സുപ്രീംകോടതി വരെ, അതിനായി ചെലവഴിച്ചത് ലക്ഷങ്ങളും. സി.പി.എമ്മിന്റെ ജില്ലാ നേതാവ് മുതല്‍ പ്രാദേശിക നേതാക്കള്‍വരെ പ്രതികളായ പെരിയ ഇരട്ടക്കൊലക്കേസില്‍ അത്രയേറെയാണ് ഇടതുസര്‍ക്കാര്‍ സി.ബി.ഐ. അന്വേഷണത്തെ എതിര്‍ത്തത്. പക്ഷേ, സുപ്രീംകോടതിവരെ അപ്പീലുമായി പോയിട്ടും പെരിയയിലേക്ക് സി.ബി.ഐ. വന്നു. സി.പി.എം. നേതാക്കള്‍ പ്രതികളായി. ഒടുവില്‍ അഞ്ചുവര്‍ഷങ്ങള്‍ക്കിപ്പുറം കേസില്‍ വിധിയും വന്നു.
2019 ഫെബ്രുവരി 17-ന് രാത്രി 7.36-ഓടെയാണ് കേരളത്തെ നടുക്കിയ പെരിയ ഇരട്ടക്കൊലപാതകം അരങ്ങേറിയത്. പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്ത് ലാലിനെയും അതിക്രൂരമായാണ് കൊലയാളിസംഘം നടുറോഡിലിട്ട് വെട്ടിനുറുക്കിയത്. കല്യോട്ട് കൂരാങ്കര റോഡില്‍ ബൈക്കിലെത്തിയ കൃപേഷിനെയും ശരത്ത് ലാലിനെയും അക്രമിസംഘം തടഞ്ഞുനിര്‍ത്തുകയും ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു. മാരകമായി വെട്ടേറ്റ കൃപേഷ് സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ശരത്ത് ലാല്‍ മംഗളൂരൂവിലെ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരണത്തിന് കീഴടങ്ങി.

കല്യോട്ട് നടന്നത് രാഷ്ട്രീയ കൊലപാതകമാണെന്നും പിന്നില്‍ സി.പി.എം ആണെന്നും സംഭവത്തിന് പിന്നാലെ കോണ്‍ഗ്രസ്, യു.ഡി.എഫ്. നേതാക്കള്‍ ആരോപിച്ചു. സി.പി.എമ്മിനെതിരേ പ്രതിപക്ഷത്തിന്റെ പ്രതിഷേധം കനത്തു. ഇതിനിടെ കൊലപാതകം നടന്ന് രണ്ടാംദിവസം സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗം എ. പീതാംബരന്‍ അറസ്റ്റിലായി. പിന്നാലെ രണ്ടാംപ്രതിയും സി.പി.എം. പ്രവര്‍ത്തകനുമായ സജി ജോര്‍ജും പോലീസിന്റെ പിടിയിലായി. കല്യോട്ടെ ഇരട്ടക്കൊലയില്‍ പ്രതിഷേധം കനത്തതോടെ പിണറായി സര്‍ക്കാര്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. പിന്നാലെ അഞ്ച് സി.പി.എം. പ്രവര്‍ത്തകരും സി.പി.എം. ഏരിയ സെക്രട്ടറി അടക്കമുള്ളവരും കേസില്‍ അറസ്റ്റിലായി.
ഇതിനിടെ, 2019-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പെരിയ ഇരട്ടക്കൊല പ്രധാന പ്രചാരണവിഷയമായി. ശരത്ത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയവര്‍ക്ക് വോട്ടില്ലെന്നുപറഞ്ഞ് കോണ്‍ഗ്രസും യു.ഡി.എഫും ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണം നയിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 20 സീറ്റുകളില്‍ 19-ഉം നേടി യു.ഡി.എഫ്. മിന്നുംജയം നേടി. എല്‍.ഡി.എഫ്. ഒരൊറ്റ സീറ്റിലൊതുങ്ങി.
അതേസമയം, പെരിയ ഇരട്ടക്കൊലക്കേസില്‍ ക്രൈംബ്രാഞ്ച് സംഘം ഹൊസ്ദുര്‍ഗ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യമുയര്‍ന്നിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം ശരിയായദിശയിലല്ല നടന്നതെന്നും കൊലപാതകത്തിന്റെ ഗൂഢാലോചനയിലടക്കം കൂടുതല്‍പേര്‍ക്ക് പങ്കുണ്ടെന്നും ഇവരൊന്നും ക്രൈംബ്രാഞ്ചിന്റെ പ്രതിപ്പട്ടികയിലില്ലെന്നും ആരോപണമുയര്‍ന്നു. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ശരത്ത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, സി.ബി.ഐ. അന്വേഷണമെന്ന ആവശ്യത്തെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ എതിര്‍ത്തു. പക്ഷേ, ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അന്വേഷണം സി.ബി.ഐ. വിട്ടു.
ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഒരുപിടി സംശയങ്ങളുന്നയിച്ചാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അന്വേഷണം സി.ബി.ഐ.ക്ക് വിട്ടത്. സി.പി.എം. നേതാവിന്റെ മൊഴി വേദവാക്യമായെടുത്താണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയതെന്നും ഹൈക്കോടതി പരാമര്‍ശിച്ചിരുന്നു. എന്നാല്‍, പെരിയ ഇരട്ടക്കൊലയില്‍ സി.ബി.ഐ. വരുന്നതിനെ പിണറായി സര്‍ക്കാര്‍ എതിര്‍ത്തു. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. ഇതിനായി ലക്ഷങ്ങള്‍ മുടക്കി പ്രമുഖ അഭിഭാഷകരെ സര്‍ക്കാര്‍ ഹൈക്കോടതിയിലെത്തിച്ചു. എന്നാല്‍, സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി. കേസ് സി.ബി.ഐ.യ്ക്ക് വിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു.
ഹൈക്കോടതിയില്‍നിന്ന് ഇരട്ടപ്രഹരമേറ്റിട്ടും പെരിയ ഇരട്ടക്കൊലക്കേസില്‍ സി.ബി.ഐ. വേണ്ടെന്ന് തന്നെയായിരുന്നു ഇടതുസര്‍ക്കാരിന്റെ നിലപാട്. സി.ബി.ഐ. അന്വേഷണത്തെ എന്തുവില കൊടുത്തും എതിര്‍ക്കാന്‍ തന്നെയായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. സി.ബി.ഐ. അന്വേഷണത്തിനെതിരേ സുപ്രീംകോടതിവരെ പോകാനും സംസ്ഥാന സര്‍ക്കാര്‍ മടിച്ചില്ല.

ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരേ 2020 സെപ്റ്റംബര്‍ 12-നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. സര്‍ക്കാര്‍ അന്വേഷണത്തെ എതിര്‍ത്ത് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയതോടെ ശരത്ത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കളും സുപ്രീംകോടതിയെ സമീപിച്ചു. ഒടുവില്‍ 2020 ഡിസംബര്‍ ഒന്നിന് സുപ്രീംകോടതിയില്‍നിന്നും സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയേറ്റു. പെരിയ ഇരട്ടക്കൊലക്കേസില്‍ സി.ബി.ഐ. അന്വേഷണത്തെ എതിര്‍ത്തുള്ള സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ സുപ്രീംകോടതി തള്ളി. കേസ് സി.ബി.ഐ.യ്ക്ക് വിട്ട ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതിയും ശരിവെച്ചു.
പെരിയയില്‍ അന്വേഷണം ഏറ്റെടുത്തതിന് പിന്നാലെ സി.ബി.ഐ. സംഘം അതിവേഗം നടപടികളുമായി മുന്നോട്ടുനീങ്ങി. സി.ബി.ഐ. തിരുവനന്തപുരം യൂണിറ്റിനായിരുന്നു അന്വേഷണചുമതല. എസ്.പി. നന്ദകുമാരന്‍ നായരും ഡിവൈ.എസ്.പി. ടി.പി. അനന്തകൃഷ്ണനുമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ. അതേസമയം, കേസ് ഏറ്റെടുത്തിട്ടും നേരത്തെ അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ചില്‍നിന്ന് കേസുമായി ബന്ധപ്പെട്ട രേഖകള്‍ ലഭിക്കാത്തത് സി.ബി.ഐ. അന്വേഷണത്തെ വൈകിപ്പിച്ചു. ഏഴുതവണ ആവശ്യപ്പെട്ടിട്ടും ക്രൈംബ്രാഞ്ചില്‍നിന്ന് കേസ് ഡയറിയും മറ്റു രേഖകളും കൈമാറിയില്ലെന്നായിരുന്നു സി.ബി.ഐ. പറഞ്ഞിരുന്നത്. ഇതോടെ, ക്രൈംബ്രാഞ്ചിനെതിരേ സി.ബി.ഐ. സമന്‍സ് പുറപ്പെടുവിക്കുന്ന അസാധാരണ സാഹചര്യവുമുണ്ടായി.
പെരിയയില്‍ സി.ബി.ഐ. വന്നതോടെ സി.പി.എമ്മിന്റെ ജില്ലാനേതൃത്വത്തിലേക്കും അന്വേഷണമെത്തി. സി.പി.എം. ഏരിയ കമ്മിറ്റി ഓഫീസിലടക്കം സി.ബി.ഐ. സംഘം റെയ്ഡ് നടത്തി. മുന്‍ എം.എല്‍.എ.യും സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി. കുഞ്ഞിരാമന്‍ ഉള്‍പ്പെടെ കേസില്‍ പ്രതികളായി. ഇവരെയെല്ലാം സി.ബി.ഐ. അറസ്റ്റ് ചെയ്തു.
നേരത്തെ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സി.പി.എം. പെരിയ ലോക്കല്‍ കമ്മിറ്റിയംഗമായിരുന്ന എ. പീതാംബരന്‍ ഉള്‍പ്പെടെ 14 പ്രതികളാണുണ്ടായിരുന്നത്. എന്നാല്‍, 2021 ഡിസംബര്‍ മൂന്നിന് സി.ബി.ഐ. സംഘം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രതികളുടെ എണ്ണം 24 ആയി ഉയര്‍ന്നു.

കേസില്‍ ആയിരത്തിലധികം പേജുകളുള്ള കുറ്റപത്രമാണ് സി.ബി.ഐ. സംഘം എറണാകുളം സി.ജെ.എം. കോടതിയില്‍ സമര്‍പ്പിച്ചത്. 325 സാക്ഷികളാണ് കേസിലുള്ളത്. 200-ലധികം രേഖകളും കോടതിയില്‍ ഹാജരാക്കി. പീതാംബരനും ശരത്ത് ലാലും തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നായിരുന്നു നേരത്തെ ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. എന്നാല്‍, പെരിയയില്‍ നടന്നത് രാഷ്ട്രീയ ഗൂഢാലോചനയും രാഷ്ട്രീയ കൊലപാതകവുമാണെന്ന് സി.ബി.ഐ.യുടെ കുറ്റപത്രത്തില്‍ പ്രത്യേകം എടുത്തുപറയുന്നുണ്ട്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിലും സി.ഐ.ടി.യു. പ്രവര്‍ത്തകരുടെ വിശ്രമകേന്ദ്രത്തിലും ഉള്‍പ്പെടെ മൂന്നുവട്ടമാണ് പ്രതികള്‍ കൃത്യം നടത്താനായി ഗൂഢാലോചന നടത്തിയതെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. കേസിലെ 24 പ്രതികളില്‍ എട്ടുപേര്‍ക്ക് പിന്നീട് ജാമ്യം ലഭിച്ചു. ബാക്കി പ്രതികളെല്ലാം ജയിലില്‍ തുടരുകയാണ്.
പെരിയ ഇരട്ടക്കൊലക്കേസിലെ ഒന്നുമുതല്‍ 24 വരെയുള്ള പ്രതികള്‍:
1. സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി മുന്‍ അംഗം ഏച്ചിലടുക്കത്തെ എ. പീതാംബരന്‍
2. സജി സി. ജോര്‍ജ്
3. കെ.എം. സുരേഷ്
4. അനില്‍കുമാര്‍
5. ഗിജിന്‍ കല്യോട്ട്
6. ശ്രീരാഗ്
7. അശ്വിന്‍
8. സുബീഷ് വെളുത്തോളി
9. മുരളി തനിത്തോട്
10. രഞ്ജിത്ത് കണ്ണോട്ട്
11. പ്രദീപ് ഏച്ചിലടുക്കം
12. ആലക്കോട് മണി
13. സിപിഎം പെരിയ ലോക്കല്‍ സെക്രട്ടറിയായിരുന്ന എന്‍. ബാലകൃഷ്ണന്‍
14. സി.പി.എം. ഉദുമ മുന്‍ ഏരിയ സെക്രട്ടറിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ. മണികണ്ഠന്‍
15. സി.പി.എം. ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന പി. രാജേഷ്
16. സുരേന്ദ്രന്‍ കല്യോട്ട്( വിഷ്ണുസുര)
17. ശാസ്താ മധു
18. റെജി വര്‍ഗീസ്
19. ഹരിപ്രസാദ്
20. മുന്‍ എം.എല്‍.എയും സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗവുമായ കെ.വി. കുഞ്ഞിരാമന്‍
21. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറിയും സിപിഎം പാക്കം ലോക്കല്‍ സെക്രട്ടറിയുമായിരുന്ന രാഘവന്‍ വെളുത്തോളി
22. കെ.വി. ഭാസ്‌കരന്‍
23. ഗോപന്‍ വെളുത്തോളി
24. സന്ദീപ് വെളുത്തോളി
കേസിന്റെ നാള്‍വഴികളിലൂടെ...
2019 ഫെബ്രുവരി 17: രാത്രി 7.36 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലും കൃപേഷും കൊല്ലപ്പെട്ടു
2019 ഫെബ്രുവരി 19: സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗം എ. പീതാംബരനെ അറസ്റ്റ് ചെയ്തു
2019 ഫെബ്രുവരി 20: സി.പി.എം. പ്രവര്‍ത്തകന്‍ സജി സി. ജോര്‍ജിനെ അറസ്റ്റ് ചെയ്തു
2019 ഫെബ്രുവരി 21: അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. അഞ്ച് സി.പി.എം. പ്രവര്‍ത്തകര്‍കൂടി അറസ്റ്റില്‍
2019 മേയ് 14: സി.പി.എം. ഏരിയ സെക്രട്ടറിയും ലോക്കല്‍ സെക്രട്ടറിയും അറസ്റ്റില്‍
2019 മേയ് 20: ക്രൈംബ്രാഞ്ച് ഹൊസ്ദുര്‍ഗ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു
2019 ജൂലായ് 17: കേസിന്റെ വിചാരണ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റി
2019 സെപ്റ്റംബര്‍ 30: ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അന്വേഷണം സി.ബി.ഐ.ക്ക് വിട്ടു
2019 ഒക്ടോബര്‍ 24: സി.ബി.ഐ. എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു
2019 ഒക്ടോബര്‍ 26: അന്വേഷണം സി.ബി.ഐ.ക്ക് വിട്ടതിനെതിരേ സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി
2019 ഒക്ടോബര്‍ 29: സി.ബി.ഐ.ക്ക് വിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ ഇല്ല. കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദേശം
2020 ജനുവരി 8: പത്ത് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
2020 ഓഗസ്റ്റ് 25: ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു
2020 സെപ്റ്റംബര്‍ 12: ഡിവിഷന്‍ ബെഞ്ചിന്റെ വിധിക്കെതിരേ സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. ശരത്ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കളും സുപ്രീംകോടതിയെ സമീപിച്ചു
2020 ഡിസംബര്‍ ഒന്ന്: സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ തള്ളി. സി.ബി.ഐ. അന്വേഷണമെന്ന ഹൈക്കോടതി വിധി സുപ്രീംകോടതിയും ശരിവെച്ചു. 2021 ഡിംസബര്‍ മൂന്ന്: സി.ബി.ഐ. സംഘം കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ ആകെ പ്രതികള്‍ 242023 ഫെബ്രുവരി: കേസില്‍ വിചാരണ ആരംഭിച്ചു2024 ഡിസംബര്‍ 23: കേസിന്റെ വിചാരണ പൂര്‍ത്തിയായി. ഡിസംബര്‍ 28-ന് വിധി പ്രസ്താവിക്കുമെന്നും കോടതി വ്യക്തമാക്കി.
Content Highlights: periya kripesh sarath lal murder case history and how ldf government defends cbi
Published: 03 Jan 2025, 12:39 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented