
കോഴിക്കോട്: പേരാമ്പ്ര വാളൂരില്‍ യുവതിയെ തോട്ടില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതി മുജീബ് റഹ്‌മാന്‍ കൊടുംക്രിമിനല്‍. മൂന്നരവര്‍ഷം മുന്‍പ് കോഴിക്കോട് മുക്കത്ത് വയോധികയെ ഓട്ടോയില്‍ കയറ്റി പീഡിപ്പിച്ച കേസിലും നിരവധി മോഷണക്കേസുകളിലും ഇയാള്‍ പ്രതിയാണ്. കൊണ്ടോട്ടി സ്‌റ്റേഷനില്‍ മാത്രം ഇയാള്‍ക്കെതിരേ 13 കേസുകളുണ്ട്. അഞ്ചുമാസം മുന്‍പ് ഒരു ആക്രിക്കടയിലെ മോഷണവുമായി ബന്ധപ്പെട്ടാണ് മുജീബ് റഹ്‌മാന്‍ അവസാനം അറസ്റ്റിലായത്. ഈ കേസില്‍ അടുത്തിടെ ജാമ്യത്തിലിറങ്ങിയ ശേഷമാണ് പേരാമ്പ്ര വാളൂരില്‍ യുവതിയെ കൊലപ്പെടുത്തിയതെന്നും പോലീസ് പറയുന്നു.
കൗമാരം പിന്നിട്ടതോടെ കുറ്റകൃത്യങ്ങളില്‍ സജീവമായ ക്രിമിനലാണ് കൊണ്ടോട്ടി കാവുങ്ങല്‍ ചെറുപറമ്പ് കോളനി നമ്പിലത്ത് വീട്ടില്‍ മുജീബ് റഹ്‌മാന്‍(48). ഇരുപതാംവയസ്സില്‍ കൊലക്കേസില്‍ പ്രതിയായെങ്കിലും ഈ കേസില്‍ കോടതി ഇയാളെ വെറുതെവിട്ടിരുന്നു. തിരൂരിലെ ജൂവലറി ഉടമയായ ഗണപതിയെ കൊലപ്പെടുത്തിയ കേസിലാണ് മുജീബ്‌റഹ്‌മാന്‍ തന്റെ 20-ാം വയസ്സില്‍ പ്രതിയായത്. പക്ഷേ, കേസിലെ വിധി പ്രതിക്ക് അനുകൂലമായി.
Also Read
മോഷണം, ബലാത്സംഗം ഉള്‍പ്പെടെ ഇതുവരെ 57 കേസുകളില്‍ മുജീബ്‌റഹ്‌മാന്‍ പ്രതിയാണെന്നാണ് വിവരം. ഇതില്‍ 13 കേസുകള്‍ കൊണ്ടോട്ടി സ്‌റ്റേഷനിലാണ്. വിവിധ ജില്ലകളിലായി മറ്റ് 44 കേസുകളും മുജീബിനെതിരേയുണ്ട്.
കുപ്രസിദ്ധ വാഹനമോഷ്ടാവ് വീരപ്പന്‍ റഹീമിന്റെ അടുത്ത കൂട്ടാളിയാണ് മുജീബ് റഹ്‌മാന്‍. സ്ത്രീകളെ ആക്രമിച്ച് ആഭരണങ്ങള്‍ കവരുന്നതിലൂടെയാണ് മുജീബ് റഹ്‌മാന്‍ കുപ്രസിദ്ധി നേടിയത്. ഇതിനൊപ്പം മറ്റുമോഷണങ്ങളിലും ഇയാള്‍ പങ്കാളിയായിരുന്നു. അഞ്ചുമാസം മുന്‍പ് കിഴിശ്ശേരിയിലെ ആക്രിക്കടയില്‍ മോഷണം നടത്തിയതിനാണ് മുജീബ് റഹ്‌മാന്‍ അവസാനം അറസ്റ്റിലായത്.
മുക്കത്തെ ഞെട്ടിച്ച ക്രൂരബലാത്സംഗം...
2020 ജൂലായ് രണ്ടിന് രാവിലെയാണ് കോഴിക്കോട് മുക്കത്ത് 65-കാരി ക്രൂരമായി ആക്രമിക്കപ്പെട്ടത്. രാവിലെ ജോലിക്കായി വീട്ടില്‍നിന്നിറങ്ങിയ ഹോട്ടല്‍ ജീവനക്കാരിയെയാണ് ഓട്ടോയിലെത്തിയ മുജീബ് അതിക്രൂരമായി ബലാത്സംഗം ചെയ്തത്. തുടര്‍ന്ന് ഇവരുടെ ആഭരണങ്ങള്‍ കൈക്കലാക്കി പ്രതി മുങ്ങുകയായിരുന്നു.
ജൂലായ് രണ്ടാം തീയതി രാവിലെ ഹോട്ടല്‍ ജോലിക്കായി പോവുകയായിരുന്ന 65-കാരി മുജീബ് ഓടിച്ച ഓട്ടോയ്ക്ക് കൈകാണിച്ച് ഇതില്‍ കയറി. 65-കാരി വാഹനത്തില്‍ കയറിയതിന് പിന്നാലെ ഇവര്‍ ധരിച്ചിരുന്ന മാലയും കമ്മലും ഓട്ടോ ഡ്രൈവറായ മുജീബ് റഹ്‌മാന്‍ ശ്രദ്ധിച്ചിരുന്നു. തുടര്‍ന്ന് യാത്രയ്ക്കിടെ ഓട്ടോറിക്ഷ തകരാറിലായെന്ന് പറഞ്ഞ് ഇയാള്‍ വാഹനം നിര്‍ത്തി. തിരക്കില്ലെങ്കില്‍ വാഹനം ശരിയാക്കിയശേഷം ഓമശ്ശേരിയില്‍ എത്തിക്കാമെന്ന് പറഞ്ഞ് പ്രതി ഓട്ടോയില്‍നിന്ന് പുറത്തിറങ്ങി. ഈ സമയം ഓട്ടോയുടെ രണ്ടുവശത്തെയും കര്‍ട്ടനുകള്‍ താഴ്ത്തിയിട്ടിരുന്നു. പിന്നാലെ ഓട്ടോയുടെ പിന്‍വശത്ത് എത്തിയ പ്രതി വയോധികയെ ക്രൂരമായി ആക്രമിച്ച് ബോധരഹിതയാക്കി. പിന്നാലെ ഓട്ടോ ഓടിച്ച് ആളൊഴിഞ്ഞ പറമ്പിലെത്തിച്ചു. ഇവിടെവച്ച് വയോധികയെ ക്രൂരമായി ബലാത്സംഗം ചെയ്ത ഇയാള്‍ ഒരുപവന്റെ സ്വര്‍ണമാലയും കമ്മലും ഊരിയെടുത്തു. വയോധികയുടെ കൈയിലുണ്ടായിരുന്ന പണമടങ്ങിയ പേഴ്‌സും മൊബൈല്‍ഫോണും കൈക്കലാക്കി. തുടര്‍ന്ന് ഇവരെ റോഡരികിലെ ഓവുചാലില്‍ ഉപേക്ഷിച്ചശേഷം കടന്നുകളയുകയായിരുന്നു.
ക്രൂരമായി ആക്രമിക്കപ്പെട്ട വയോധിക മണിക്കൂറുകളോളം റോഡരികിലെ ഓവുചാലില്‍ ബോധരഹിതയായി കിടന്നിരുന്നു. ബോധം വീണ്ടെടുത്തശേഷം ഇവര്‍ തന്നെ ചോരയൊലിക്കുന്നനിലയില്‍ വീട്ടിലെത്തിയതോടെയാണ് ക്രൂരത പുറംലോകമറിഞ്ഞത്. ഓട്ടോ നിര്‍ത്തിയശേഷം എന്താണ് സംഭവിച്ചതെന്ന് തനിക്ക് ഓര്‍മയില്ലെന്നായിരുന്നു 65-കാരിയുടെ പ്രാഥമിക മൊഴി. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയിലാണ് ക്രൂരബലാത്സംഗത്തിനിരയായെന്ന് കണ്ടെത്തിയത്.
താമരശ്ശേരി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മുക്കത്തെ കേസില്‍ അന്വേഷണം നടത്തിയത്. സമാനരീതിയില്‍ ആക്രമണം നടത്തുന്ന ക്രിമിനലുകളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇതില്‍ പ്രതിയായ മുജീബ് റഹ്‌മാന്റെ ഫോട്ടോ കാണിച്ചപ്പോള്‍ ആക്രമണത്തിനിരയായ വയോധിക ഇയാളെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഓമശ്ശേരിയില്‍നിന്ന് ഇയാളെ പോലീസ് സംഘം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
വയോധികയെ ആക്രമിച്ചകേസില്‍ സഹോദരങ്ങളായ യുവതിയെയും യുവാവിനെയും പോലീസ് പിടികൂടിയിരുന്നു. മുജീബ് റഹ്‌മാനുമായി അടുത്ത ബന്ധമുള്ള ഇരുവരെയും കഞ്ചാവ് സഹിതമാണ് പോലീസ് അന്ന് കസ്റ്റഡിയിലെടുത്തത്. കേസില്‍ 60 ദിവസത്തിനുള്ളില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.
സ്ത്രീകളെ ആക്രമിച്ച് കവര്‍ച്ച നടത്തുന്നത് പതിവ്
സ്ത്രീകളെ ആക്രമിച്ച് കവര്‍ച്ച നടത്തുന്നതിലൂടെയാണ് മുജീബ് റഹ്‌മാന്‍ കുപ്രസിദ്ധി നേടിയതെന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്. മുക്കത്ത് വയോധികയെ ആക്രമിച്ച് കവര്‍ച്ച നടത്തിയതിന് പുറമേ, മുസ്‌ലിയാരങ്ങാടിയില്‍ വീടിനുള്ളില്‍ കയറി സ്ത്രീയെ ആക്രമിച്ച് മോഷണം നടത്തിയതിനും ഇയാള്‍ക്കെതിരേ കേസുണ്ട്. മുസ്‌ലിയാരങ്ങാടിയില്‍ വീടിന്റെ വാതില്‍ കത്തിച്ചശേഷമാണ് ഇയാള്‍ വീടിനകത്തുകയറി സ്ത്രീയെ ആക്രമിച്ചത്.
അതേസമയം, ഇത്രയധികം കേസുകളില്‍ പ്രതിയായിട്ടും ഇയാള്‍ക്ക് എങ്ങനെ ജാമ്യം ലഭിച്ചതെന്നാണ് പ്രധാനചോദ്യം. ഏതെങ്കിലും കേസുകളില്‍ കൃത്യമായി ശിക്ഷിക്കപ്പെട്ടിരുന്നെങ്കില്‍ പേരാമ്പ്രയില്‍ യുവതിയുടെ ജീവന്‍ നഷ്ടമാകില്ലായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.
പേരാമ്പ്രയിലെ കൊലപാതകം...
മാര്‍ച്ച് 11-ാം തീയതിയാണ് പേരാമ്പ്ര വാളൂര്‍ സ്വദേശിനി അനുവിനെ മുജീബ് റഹ്‌മാന്‍ കൊലപ്പെടുത്തിയത്. നടന്നുപോവുകയായിരുന്ന യുവതിയെ ലിഫ്റ്റ് നല്‍കി ബൈക്കില്‍ കയറ്റിയശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ പ്രതി കൊലപ്പെടുത്തുകയായിരുന്നു. ശേഷം യുവതിയുടെ ദേഹത്തുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും ഇയാള്‍ കൈക്കലാക്കി.
സംഭവം ഇങ്ങനെ...
മാര്‍ച്ച് 11-ന് രാവിലെ വാളൂര്‍ നടുക്കണ്ടിപ്പാറയിലെ നൊച്ചാട് പി.എച്ച്.സി.യുടെ സമീപത്തെ തോട്ടില്‍വെച്ചാണ് കൊലപാതകം നടന്നത്. ആശുപത്രിയില്‍ പോകാന്‍ സ്വന്തംവീട്ടില്‍നിന്ന് അനു കാല്‍നടയായി മുളിയങ്ങലിലേക്ക് പോകുന്ന വഴിയിലായിരുന്നു കൊലപാതകം. ഇരിങ്ങണ്ണൂരില്‍നിന്ന് ആശുപത്രിയില്‍ പോകാനായി കാറില്‍ വരുകയായിരുന്നു ഭര്‍ത്താവ് പ്രജില്‍. ഈ വാഹനത്തില്‍ കയറാനാണ് പ്രജില്‍ അനുവിനോട് പറഞ്ഞിരുന്നത്. ഇതിനായി നടക്കുന്നതിനിടയിലാണ് ഈവഴിയിലൂടെ മുജീബ് റഹ്‌മാന്‍ ബൈക്കിലെത്തിയത്.

അനു ഭര്‍ത്താവിനോട് വേഗത്തിലെത്താമെന്ന് ഫോണില്‍ പറഞ്ഞത് പ്രതിയുടെ ശ്രദ്ധയില്‍പ്പെട്ടതോടെ മുളിയങ്ങലില്‍ ഇറക്കാമെന്നുപറഞ്ഞ് യുവതിയെ ബൈക്കിന്റെ പിന്നില്‍ കയറ്റി. തോടിന്റെ പാലത്തിനടുത്തെത്തിയപ്പോള്‍ മൂത്രമൊഴിക്കാനെന്നപേരില്‍ നിര്‍ത്തി. ഇരുവരും ഇറങ്ങിയ സമയത്ത് യുവതിയെ തോട്ടിലേക്ക് പിന്നില്‍നിന്ന് തള്ളിയിടുകയായിരുന്നു. വീഴ്ചയില്‍ത്തന്നെ ബോധം പോയതുപോലെയായ അനുവിനെ വെള്ളത്തില്‍ ചവിട്ടിപ്പിടിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്ന്, യുവതിയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ എല്ലാം കൈക്കലാക്കുകയും പാലത്തിന് അടിവശത്തേക്ക് മാറ്റിയിട്ട് സ്ഥലംവിടുകയും ചെയ്തു.
യുവതിയെ കാണാതായെന്ന ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം പുരോഗമിക്കവേയാണ് 12-ന് ഉച്ചയോടെ മൃതദേഹം തോട്ടില്‍ കണ്ടെത്തിയത്. ഒരാള്‍ മുങ്ങിമരിക്കാനുള്ള വെള്ളം തോട്ടിലുണ്ടായിരുന്നില്ല. സി.സി.ടി.വി.യില്‍നിന്ന് ബൈക്കില്‍ സഞ്ചരിക്കുന്ന പ്രതിയുടെ ചിത്രം ലഭിച്ചതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. അനു ബൈക്കില്‍ കയറിപ്പോകുന്നത് കണ്ടുവെന്ന നാട്ടുകാരിയുടെ മൊഴിയും പ്രധാനമായി.
കണ്ണൂര്‍ മട്ടന്നൂരില്‍നിന്ന് മോഷ്ടിച്ച ബൈക്കിലാണ് മുജീബ് വാളൂരിലേക്ക് എത്തിയത്. സംഭവത്തിനുശേഷം ബൈക്ക് മലപ്പുറം എടവണ്ണപ്പാറ അങ്ങാടിക്കടുത്ത് ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. സ്വര്‍ണം അബൂബക്കര്‍മുഖേന കൊണ്ടോട്ടിയിലെ സേട്ടുവിന്റെ കടയില്‍ വില്‍പ്പന നടത്തി. 1.70 ലക്ഷം രൂപയ്ക്കാണ് ഇത് വിറ്റത്. സ്വര്‍ണമാല, മോതിരം, പാദസരം, ബ്രേസ്ലെറ്റ് എന്നിവയാണ് മോഷ്ടിച്ചത്. ഇവ ഉരുക്കിയനിലയില്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
Content Highlights: perambra anu murder case accused mujeeb rahman criminal history
Published: 18 Mar 2024, 12:11 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented