
തിരുവനന്തപുരം: 'ആസ്ട്രല്‍ പ്രൊജക്ഷന്' എന്ന വാക്ക് ഒരുപക്ഷേ, സാധാരണക്കാര്‍ വരെ കേട്ടിട്ടുണ്ടാവുക നന്തന്‍കോട് കൂട്ടക്കൊലയ്ക്ക് പിന്നാലെയാകാം. അച്ഛനും അമ്മയും സഹോദരിയും ഉള്‍പ്പെടെ കുടുംബത്തിലെ നാലുപേരെ കൊന്നുതള്ളിയ ക്രൂരതയ്ക്ക് കാരണമായി പ്രതി കേഡല്‍ ജീന്‍സണ്‍ രാജ നല്കി മൊഴിയായിരുന്നു 'ആസ്ട്രല്‍ പ്രൊജക്ഷന്'. ശരീരത്തില്‍നിന്ന് ആത്മാവിനെ മോചിപ്പിക്കാനുള്ള 'ആസ്ട്രല്‍ പ്രൊജക്ഷന്റെ' ഭാഗമായിട്ടാണ് നാലുപേരെയും കൊലപ്പെടുത്തിയതെന്നായിരുന്നു പോലീസിന്റെ പിടിയിലായപ്പോള്‍ കേഡലിന്റെ മൊഴി. എന്നാല്‍, ഇത് വെറും പുകമറ മാത്രമാണെന്നും കുടുംബാംഗങ്ങളോടുള്ള വിദ്വേഷവും കുടുംബത്തില്‍ നേരിട്ട ഒറ്റപ്പെടലുമാണ് കൂട്ടക്കൊലയിലേക്ക് നയിച്ചതെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. കേഡലിന് മാനസികപ്രശ്നങ്ങളില്ലെന്നും പോലീസ് പറഞ്ഞിരുന്നു.
കേരളം നടുങ്ങിയ ഏപ്രില്‍ എട്ട്
2017 ഏപ്രില്‍ എട്ടിനാണ് നന്തന്‍കോട് കൂട്ടക്കൊല പുറംലോകമറിയുന്നത്. തലസ്ഥാനനഗരിയില്‍ പ്രമുഖര്‍ താമസിക്കുന്ന മേഖലയില്‍ നടന്ന കൂട്ടക്കൊലപാതകം നാട്ടുകാരെ ഞെട്ടിച്ചു. നന്തന്‍കോട് ക്ലിഫ് ഹൗസിന് സമീപത്തെ 'ബെയിന്‍സ്' കോമ്പൗണ്ട് 117-ാം നമ്പർ വീട്ടിലെ റിട്ട. പ്രൊഫ രാജ തങ്കം(60), ഭാര്യ ഡോ. ജീന്‍ പദ്മ(58), മകള്‍ കരോലിന്(25), ബന്ധു ലളിത(70) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതില്‍ ലളിതയുടെ മൃതദേഹം ഒഴികെ ബാക്കി മൂന്ന് മൃതദേഹങ്ങളും കത്തിക്കരിഞ്ഞനിലയിലായിരുന്നു. ലളിതയുടെ മൃതദേഹം പോളിത്തീന്‍ കവറിലാക്കി പുതപ്പുകൊണ്ട് പൊതിഞ്ഞനിലയിലാണ് സൂക്ഷിച്ചിരുന്നത്.
ബെയിന്‍സ് കോമ്പൗണ്ടിലെ കൂറ്റന്വീട്ടില് തീപ്പിടിത്തമുണ്ടായതായാണ് കൂട്ടക്കൊല പുറത്തറിയാന്‍ കാരണമായത്. വീടിന്റെ മുകള്‍നിലയിലെ തീപ്പിടിത്തം ശ്രദ്ധയില്‍പ്പെട്ടതോടെ സമീപവാസികള്‍ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. ഇതോടെ അഗ്നിരക്ഷാസേന സ്ഥലത്തെത്തിയതോടെയാണ് മുകള്‍നിലയിലെ കുളിമുറിയില്‍ കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതിനിടെ, വീട്ടിലുണ്ടായിരുന്ന കേഡല്‍ ജീന്‍സണ്‍ രാജ വാതില്‍ തുറന്ന് ഓടിരക്ഷപ്പെട്ടിരുന്നു.
മൃതദേഹങ്ങള്‍ കുളിമുറിയിലിട്ട് കത്തിക്കുന്നതിനിടെയാണ് വീട്ടില്‍ തീപ്പിടിത്തമുണ്ടായത്. പാതി കത്തിക്കരിഞ്ഞ നിലയില്‍ ഇരുമ്പ്, തുണി, പ്ലാസ്റ്റിക് എന്നിവ കൊണ്ടുണ്ടാക്കിയ മനുഷ്യന്റെ ഡമ്മിയും കുളിമുറിയിലുണ്ടായിരുന്നു. രണ്ട് വെട്ടുകത്തി, ചോരപുരണ്ട മഴു എന്നിവയും വീട്ടില്‍നിന്ന് കണ്ടെടുത്തു.
കേഡല്‍ നടത്തിയത് ആസൂത്രിതമായ കൊലപാതകമാണെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. ദിവസങ്ങള്‍ക്കിടെയാണ് നാലുപേരെയും വെട്ടിയും കുത്തിയും കേഡല്‍ കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞിരുന്നു. മാതാപിതാക്കളും സഹോദരിയുമാണ് ആദ്യം കേഡലിന്റെ കൊലക്കത്തിക്കിരയായത്. ഏറ്റവുമൊടുവില്‍ ഇവരുടെ വീട്ടില്‍ താമസിച്ചിരുന്ന ബന്ധുവായ ലളിതയെയും കേഡല്‍ കൊലപ്പെടുത്തി.
സമ്പന്ന കുടുംബം
നന്തന്‍കോട് താമസിച്ചിരുന്ന പ്രൊഫ. രാജ തങ്കവും കുടുംബവും സമ്പന്നരായിരുന്നു. കുടുംബാംഗങ്ങളെല്ലാം ഉന്നത വിദ്യാഭ്യാസം നേടിയവരും മെച്ചപ്പെട്ട ജോലിയുള്ളവരുമായിരുന്നു. രാജ തങ്കം മാര്‍ത്താണ്ഡം ക്രിസ്ത്യന്‍ കോളേജിലെ പ്രൊഫസറായിരുന്നു. ഡോ. ജീന്‍ പദ്മ നേരത്തേ തിരുവനനന്തപുരം ജനറല്‍ ആശുപത്രിയിലാണ് ജോലിചെയ്തിരുന്നത്. പിന്നീട് സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് സ്വയംവിരമിച്ച ശേഷം സൗദി അറേബ്യയിലും ബ്രൂണെയിലും ജോലിചെയ്തു. ചങ്ങനാശ്ശേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിലും ഇവര്‍ പ്രവര്‍ത്തിച്ചിരുന്നു.
രാജ തങ്കം- ജീന്‍ പദ്മ ദമ്പതിമാരുടെ മകള്‍ കരോലിന് ചൈനയില്‍നിന്നാണ് എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയത്. ചൈനയിലെ പഠനം പൂര്‍ത്തീകരിച്ച് നാട്ടില്‍ എത്തി മൂന്നുമാസം തികയുന്നതിന് മുമ്പേയാണ് കരോലിന് സഹോദരന്റെ ക്രൂരതയ്ക്കിരയായത്.
പന്ത്രണ്ടാംക്ലാസ് പഠനത്തിന് ശേഷം കേഡലും വിദേശത്താണ് പഠിച്ചത്. ഓസ്ട്രേലിയയില്‍ ആദ്യം മെഡിക്കല്‍ പഠനത്തിനാണ് കേഡലിനെ ചേര്‍ത്തത്. എന്നാല്‍, ഇത് പൂര്‍ത്തിയാക്കതെ കമ്പ്യൂട്ടര്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോഴ്സിന് ചേര്‍ന്നു. ഇത് മാതാപിതാക്കള്‍ക്ക് താത്പര്യമുണ്ടായിരുന്നില്ല. വിദേശത്ത് മെഡിക്കല്‍ പഠനത്തിന് അയച്ചിട്ടും അത് പൂര്‍ത്തിയാക്കാതെ വന്നത് മാതാപിതാക്കള്‍ക്ക് ഇഷ്ടമായില്ല. ഇതെല്ലാം കേഡലിന് കൊലപാതകത്തിന് പ്രേരണയായെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തല്‍.
വീടിന്റെ മുകള്‍നിലയില്‍ മുഴുവന്‍സമയവും കമ്പ്യൂട്ടറിലാണ് കേഡല്‍ ചെലവഴിച്ചിരുന്നത്. കൂട്ടൂകാരാരും ഉണ്ടായിരുന്നില്ല. ചെറുപ്പംതൊട്ടെ കൂട്ടുകാരില്ലാതെയായിരുന്നു കേഡല്‍ വളര്‍ന്നതും. ഇതിനൊപ്പം വീട്ടില്‍ തന്നെക്കാളേറെ പരിഗണന സഹോദരിക്ക് ലഭിക്കുന്നതായും പ്രതിക്ക് തോന്നിയിരുന്നു.
കമ്പ്യൂട്ടര്‍ ഉപയോഗിച്ച് താന്‍ പുതുതായി നിര്‍മിച്ച സോഫ്റ്റ് വെയര്‍ കാണിച്ചുതരാമെന്ന് പറഞ്ഞ് അമ്മയെയാണ് കേഡല്‍ വീടിന്റെ മുകള്‍നിലയിലേക്ക് ആദ്യം കൊണ്ടുപോയത്. പിന്നാലെ മുകൾനിലയിലെത്തിയ അച്ഛനെയും മുറിയിലിട്ട് കൊന്നു. ഓസ്ട്രേലിയയിലെ സുഹൃത്തിനോട് സംസാരിക്കാനെന്ന് പറഞ്ഞ് സഹോദരിയെയും മുറിയിലെത്തിച്ച പ്രതി ഇവരെയും മഴുകൊണ്ട് വെട്ടിക്കൊന്നു.
ദിവസങ്ങള്‍ നീണ്ട ആസൂത്രണം, വെട്ടി പരിശീലിക്കാന്‍ ഡമ്മി
കൊലപാതകം നടത്തുന്നതിനായി ഏപ്രില്‍ മൂന്നാംതീയതി മുതല്‍ കേഡല്‍ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. ആദ്യം പിതാവിനെ മാത്രം കൊലപ്പെടുത്താനായിരുന്നു പദ്ധതി. പിന്നീട് എല്ലാവരെയും വകവരുത്താന്‍ തീരുമാനിച്ചു. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കുടുംബാംഗങ്ങളെ ഇല്ലാതാക്കാനായിരുന്നു പ്രതി ആദ്യം ശ്രമിച്ചത്. ഇതിനായി ബ്രെഡ്ഡില്‍ വിഷം കലര്‍ത്തി നല്‍കിയെങ്കിലും കുറച്ചുമാത്രം കഴിച്ച് അസ്വസ്ഥത അനുഭവപ്പെട്ടതോടെ രാജ തങ്കവും ജീന്‍ പദ്മയും ചികിത്സ തേടി. ഇതിനുപിന്നാലെയാണ് എല്ലാവരെയും വെട്ടിക്കൊലപ്പെടുത്താന്‍ പ്രതി തീരുമാനിച്ചത്.
കുടുംബാംഗങ്ങളെ കൊലപ്പെടുത്തുന്നതിന് മുമ്പ് സ്വന്തമായി നിര്‍മിച്ച മനുഷ്യരൂപത്തില്‍ കേഡല്‍ മഴു ഉപയോഗിച്ച് വെട്ടി പരിശീലിച്ചിരുന്നു. മാത്രമല്ല, വീട്ടില്‍ ഭക്ഷണമുണ്ടാക്കാന്‍ വന്നിരുന്ന ജോലിക്കാരിയെ ദിവസങ്ങളോളം വീട്ടില്‍നിന്ന് മാറ്റിനിര്‍ത്തുകയുംചെയ്തു. അച്ഛനും അമ്മയും സഹോദരിയും വിനോദയാത്ര പോയിരിക്കുകയാണെന്നാണ് ഇവരോട് കേഡല്‍ പറഞ്ഞിരുന്നത്. വീടിന്റെ മുകള്‍നിലയിലേക്ക് ഇവരെ പ്രവേശിപ്പിക്കുകയുംചെയ്തിരുന്നില്ല. ഭക്ഷണം തയ്യാറാക്കി മേശപ്പുറത്ത് വെച്ചാല്‍ മതിയെന്നായിരുന്നു കേഡല്‍ ഇവര്‍ക്ക് നല്‍കിയിരുന്ന നിര്‍ദേശം.
മാതാപിതാക്കളെയും സഹോദരിയെയും മുകള്‍നിലയിലെ മുറിയില്‍വെച്ച് കൊലപ്പെടുത്തിയ ശേഷം മൂവരുടെയും മൃതദേഹങ്ങള്‍ വലിച്ചിഴച്ചാണ് കുളിമുറിയിലെത്തിച്ചത്. ഇതിനുശേഷം തറയെല്ലാം കഴുകി വൃത്തിയാക്കി. കുളിമുറിയിലെത്തിച്ച ശേഷമാണ് കത്തി കൊണ്ട് മൃതദേഹങ്ങളുടെ കഴുത്തറത്തത്. തുടര്‍ന്ന് നേരത്തെ കവടിയാറിലെ പമ്പില്‍നിന്ന് വാങ്ങിയ പെട്രോള്‍ ഉപയോഗിച്ച് മൃതദേഹങ്ങള്‍ കത്തിക്കുകയായിരുന്നു. ഇതിനിടെയാണ് വീട്ടില്‍ തീപ്പിടിത്തമുണ്ടായത്. തീ ഉയര്‍ന്നതോടെ കുളിമുറിയിലെ ജനല്‍ച്ചില്ലുകള്‍ പൊട്ടിച്ചിതറി. അപകടം മണത്തതോടെ കേഡല്‍ വീട്ടില്‍നിന്ന് ഇറങ്ങിയോടി.
അടുക്കള വാതിലിലൂടെ റോഡിലേക്ക് ഓടിയ പ്രതി ഒരു ഓട്ടോയില്‍കയറി നേരേ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലേക്കാണ് പോയത്. ഇവിടെനിന്ന് തീവണ്ടിയില്‍ ചെന്നൈയിലെത്തി. ചെന്നൈയില്‍ ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കുന്നതിനിടെ പോലീസ് തന്നെ തിരയുന്നതായി മനസിലാക്കിയതോടെ ഇയാള്‍ വസ്ത്രങ്ങളടങ്ങിയ ബാഗ് ഹോട്ടല്‍മുറിയില്‍ ഉപേക്ഷിച്ച് തിരികെ തിരുവനന്തപുരത്തേക്ക് മടങ്ങി. തുടര്‍ന്ന് കേഡല്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടിയിറങ്ങിയതിന് പിന്നാലെയാണ് പോലീസിന്റെ പിടിയിലായത്.
Content Highlights: nanthancode mass murder case history and kedal jinson raja
Published: 12 May 2025, 02:12 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented