
'Nothing is an offence which is done by a person who, at the time of doing it, by reason of unsoundness of mind, is incapable of knowing the nature of the act, or that he is doing what is either wrong or contrary to law.'
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ(ഐ.പി.സി) 84-ാം വകുപ്പിലെ വാചകമാണിത്.
മാനസിക വെല്ലുവിളി നേരിടുന്ന ഒരാള്‍ ചെയ്യുന്ന കുറ്റങ്ങളെ സംബന്ധിക്കുന്നതാണിത്. ഇത് പ്രകാരം കുറ്റം ചെയ്യുന്ന സമയത്ത് ആ വ്യക്തി, താന്‍ ചെയ്യുന്നത് കുറ്റമാണോ എന്നോ അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാണെന്നോ തിരിച്ചറിയാന്‍ പോലും സാധിക്കാത്ത തരത്തില്‍ മാനസികമായ വെല്ലുവിളി നേരിടുകയാണെങ്കില്‍ അത് കുറ്റമായി കണക്കാക്കുകയില്ല. കോടതിയില്‍ ഇക്കാര്യം തെളിയിച്ചാല്‍ ശിക്ഷയില്‍നിന്ന് ഒഴിവാകുകയും ചെയ്യാം. ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് ക്രിമിനല്‍ കുറ്റങ്ങളില്‍ ഇത്തരം പ്രതിരോധങ്ങള്‍ ഉപയോഗിക്കാം. നിയമപുസ്തകങ്ങളിലേക്ക് ഈ നിയമങ്ങള്‍ കടന്നുവരുന്നതിന് പിന്നില്‍ ഒരു കൊലപാതകത്തിന്റെ കഥയുണ്ട് . നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മക്‌നോട്ടന്‍ എന്നയാള്‍ ചെയ്ത ഒരു കൊലപാതകത്തിന്റെ കഥ.
പ്രധാനമന്ത്രിയാണെന്ന് കരുതി പ്രൈവറ്റ് സെക്രട്ടറിയെ കൊലപ്പെടുത്തിയ മക്‌നോട്ടന്‍
1813-ല്‍ സ്‌കോട്ട്‌ലന്‍ഡിലാണ് മക്‌നോട്ടന്റെ ജനനം. മരമില്ലിലായിരുന്നു പിതാവിന്റെ ജോലി. ബാല്യത്തില്‍ തന്നെ അമ്മയെ നഷ്ടപ്പെടുന്ന മക്‌നോട്ടന്‍ പിന്നീട് അച്ഛന്റെ കുടുംബത്തോടൊപ്പമാണ് താമസിക്കുന്നത്. ഏറെ നാളത്തെ പരിശീലനത്തിന് ശേഷം ഗ്ലാസ്‌ഗോയിലുള്ള പിതാവിന്റെ മരമില്ലില്‍ തന്നെ ജോലിയും ആരംഭിച്ചു. ഗ്ലാസ്‌ഗോയിലെ സ്‌റ്റോക്‌വെല്‍ സ്ട്രീറ്റിലായിരുന്നു മരമില്ല്. വര്‍ഷങ്ങളോളം മക്‌നോട്ടന്‍ അവിടെ ജോലി ചെയ്യുന്നത് തുടര്‍ന്നു. എന്നാല്‍, സ്ഥാപനത്തിന്റെ പാര്‍ട്‌ണര്‍ഷിപ്പ് നല്‍കാന്‍ അച്ഛന്‍ വിസമ്മതിച്ചത് മക്‌നോട്ടനെ പ്രതിസന്ധിയിലാക്കി. ജോലി മതിയാക്കുകയും അഭിനയരംഗത്തേക്ക് ചുവടുവെയ്ക്കുകയും ചെയ്തു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 1835-ല്‍ അയാള്‍ ഗ്ലാസ്‌ഗോയിലേക്ക് മടങ്ങിയെത്തി. സ്വന്തമായി മരമില്ല് തുടങ്ങുകയും ചെയ്തു. അഞ്ചു വര്‍ഷത്തോളം മികച്ച രീതിയില്‍ ഈ ജോലി നടത്തിക്കൊണ്ടുപോകാന്‍ അദ്ദേഹത്തിന് സാധിച്ചു.
അഭിനയിക്കുന്നതിലും തത്വചിന്തകള്‍ വായിക്കുന്നതിലും ഫ്രഞ്ച് ഭാഷ പഠിക്കുന്നതിലുമൊക്കെയാണ് മക്‌നോട്ടന് ഏറെ താത്പര്യമുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ കാഴ്ചപ്പാടുകളും വേറിട്ടതായിരുന്നു. നിലവിലുള്ള സാമൂഹികവും രാഷ്ട്രീയവുമായ എല്ലാ ഘടനകളേയും പൊളിച്ചെഴുതുന്ന തരത്തിലായിരുന്നു മക്‌നോട്ടന്റെ ചിന്തകള്‍. പിന്നാലെ ചാര്‍ട്ടിസ്റ്റ് മൂവ്‌മെന്റുകളുടെ (സാമ്പത്തികഞെരുക്കവും അവകാശനിഷേധവും മൂലം ഇംഗ്ലണ്ടിലെ തൊഴിലാളികള്‍ക്കിടയില്‍ വളര്‍ന്നുവന്ന ബഹുജന വിപ്ലവപ്രസ്ഥാനമാണ് ചാര്‍ട്ടിസ്റ്റ് പ്രസ്ഥാനം.) ഭാഗമായി. ജനങ്ങള്‍ക്കായി നടത്തിയ എഡിന്‍ബര്‍ഗ് മെഡിക്കല്‍ സ്‌കൂളിലെ അനാട്ടമി ക്ലാസുകളിലും പങ്കെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്.
പിന്നീട് മക്‌നോട്ടന്റെ മനോനിലയില്‍ മാറ്റം വന്നുതുടങ്ങി. പോലീസിനേയും പള്ളിയിലെ അധികൃതരേയും മറ്റും സംബന്ധിച്ചുള്ള ഭ്രാന്തമായ ചിന്തകള്‍ അയാളെ അലട്ടാനും തുടങ്ങി. ഭരിക്കുന്ന പാര്‍ട്ടിയിലെ സ്ഥാനാര്‍ഥിക്കെതിരേ വോട്ട് ചെയ്തതിനാല്‍ അവര്‍ തന്നെ പീഡിപ്പിക്കുമെന്ന് മക്‌നോട്ടന്‍ വിശ്വസിച്ചു. ഇത് അദ്ദേഹത്തിന്റെ മനസിനെ കാര്യമായി ബാധിച്ചു. പിതാവിനോടും ഗ്ലാസ്‌ഗോയിലെ പോലീസ് കമ്മീഷണറോടും ഇക്കാര്യം പരാതിയായി സൂചിപ്പിക്കുകയും ചെയ്തു. പിന്നാലെ രണ്ട് പിസ്റ്റളുകള്‍ പക്ഷികളെ വെടിവെക്കാനെന്ന വ്യാജേന സ്വന്തമാക്കി.
1843-ജനുവരി 20-ന് ലണ്ടനിലെ വൈറ്റ്ഹാളിന് സമീപത്ത് മക്‌നോട്ടന്‍ നിലയുറപ്പിച്ചു. താന്‍ മറ്റൊരാളെ കാണാനാണ് ഇവിടെ കാത്തുനില്‍ക്കുന്നതെന്നാണ് മക്‌നോട്ടന്‍ പറഞ്ഞത്. ഉച്ചസമയത്ത് പ്രധാനമന്ത്രിയായിരുന്ന റോബര്‍ട്ട് പീലിന്റെ പ്രൈവറ്റ് സെക്രട്ടറി എഡ്വാര്‍ഡ് ഡ്രമ്മണ്ട് അതു വഴി കടന്നുപോകാന്‍ തുടങ്ങി. ഡ്രമ്മണ്ടിന്റെ പിന്നിലൂടെ വേഗത്തില്‍ കുതിച്ചെത്തിയ മക്‌നോട്ടന്‍ പിസ്റ്റള്‍ പുറത്തെടുത്ത് വെടിവെച്ചു. പോയന്റ് ബ്ലാങ്കിലായിരുന്നു വെടിയുതിര്‍ത്തത്. ഉടനെ മക്‌നോട്ടനെ പോലീസ് ഉദ്യോഗസ്ഥന്‍ കീഴ്‌പെടുത്തി. വെടിയേറ്റ ഡ്രമ്മണ്ടിന്റെ പരിക്ക് ഗുരുതരമല്ലെന്നതായിരുന്നു പ്രാഥമികമായ വിലയിരുത്തല്‍. എന്നാല്‍, ചികിത്സയിലിരിക്കെ നില വഷളാവുകയും അദ്ദേഹം മരണപ്പെടുകയും ചെയ്തു. താന്‍ വെടിയുതിര്‍ത്തത് പ്രധാനമന്ത്രിയായ റോബര്‍ട്ട് പീലിനെയാണെന്നാണ് മക്‌നോട്ടന്‍ വിശ്വസിച്ചിരുന്നത്. വെടിവെച്ചതാരെയാണെന്ന് അറിയാമോ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ ചോദ്യത്തിന് റൊബര്‍ട്ട് പീല്‍ അല്ലേയെന്നാണ് മക്‌നോട്ടന്‍ തിരിച്ചു ചോദിച്ചത്.
'എന്റെ സിറ്റിയിലെ ടൊറീസ് (പാര്‍ട്ടി)എന്നെക്കൊണ്ട് ചെയ്യിപ്പിച്ചതാണിത്. ഞാനെവിടെ പോയാലും അവര്‍ എന്നെ പിന്തുടരുകയും പീഡിപ്പിക്കുകയും ചെയ്യുന്നു. ഇതെന്റെ സമാധാനം ഇല്ലാതാക്കി. എനിക്കുറങ്ങാനോ വിശ്രമിക്കാനോ സാധിക്കുന്നില്ല. എനിക്ക് നല്ല ആരോഗ്യവും കരുത്തുമുണ്ടായിരുന്നു, പക്ഷേ ഇപ്പോഴില്ല. ഞാന്‍ ചെയ്തിട്ടില്ലാത്ത കുറ്റകൃത്യങ്ങളില്‍ അവര്‍ എന്നെ കുറ്റാരോപിതനാക്കുന്നു. യഥാര്‍ഥത്തില്‍ അവരെന്നെ കൊല്ലാനാണ് ആഗ്രഹിക്കുന്നത്. ഇത് തെളിയിക്കാന്‍ സാധിക്കും. എനിക്കിത് മാത്രമാണ് പറയാനുള്ളത്.' അറസ്റ്റിലായതിന് ശേഷം മക്‌നോട്ടന്‍ ഇങ്ങനെയാണ് പ്രതികരിച്ചത്.

കോടതിയിലെ നീണ്ട വാദങ്ങള്‍, ഒടുവില്‍ ശിക്ഷയില്ല, ആശുപത്രിയിലേക്ക്
മക്‌നോട്ടന്റെ അറസ്റ്റിന് പിന്നാലെ അദ്ദേഹത്തിന്റെ മാനസികനിലയെ സംബന്ധിച്ച് സംശയങ്ങള്‍ ഉയര്‍ന്നു. പാരനോയിഡ് സ്‌കിസോഫ്രീനിയ ബാധിതനാണെന്ന വിലയിരുത്തലാണ് പ്രാഥമിക ഘട്ടത്തിലുണ്ടായത്. കോടതിയിലും മക്‌നോട്ടന്റെ മാനസികനിലയെ പറ്റിയുള്ള കടുത്ത വാദങ്ങളാണ് നടന്നത്. ഓള്‍ഡ് ബെയിലിയിലെ സെന്‍ട്രല്‍ ക്രിമിനല്‍ കോടതിയില്‍ വെച്ചായിരുന്നു ഇത്. കേസില്‍ മക്‌നോട്ടനായി ലണ്ടനിലെ മികച്ച അഭിഭാഷകരാണ് വാദിക്കാനെത്തിയത്. മക്‌നോട്ടന്‍ മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്നതായിരുന്നു പ്രതിഭാഗത്തിന്റെ ഏറ്റവും ശക്തമായ വാദം. മാനസികാസ്വാസ്ഥ്യത്തെ മുന്‍നിര്‍ത്തിയാണ് അഭിഭാഷകര്‍ പ്രതിരോധമുയര്‍ത്തിയത്. എന്നാല്‍, കുറ്റം സമ്മതിക്കുന്നുണ്ടോ ഇല്ലയോ എന്ന ചോദ്യത്തിന് പീഡനം തന്നെ നിരാശയിലേക്ക് തള്ളിവിട്ടു എന്നാണ് മക്‌നോട്ടന്‍ കോടതിയില്‍ പ്രതികരിച്ചത്. വെടിവെച്ചതില്‍ താന്‍ തെറ്റുകാരനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാനസിക വെല്ലുവിളി നേരിടുന്ന അവസ്ഥ നിയമപരമായ പ്രതിരോധമാക്കുന്നത് സംബന്ധിച്ചാണ് പ്രോസിക്യൂഷനും പ്രതിഭാഗവും തമ്മില്‍ വാദങ്ങള്‍ ഉന്നയിച്ചത്. കാരണം മക്‌നോട്ടന്‍ ഇത്തരത്തില്‍ മാനസികമായ പ്രശ്‌നങ്ങളുള്ള വ്യക്തിയാണെന്നതില്‍ ഇരുഭാഗത്തിനും തര്‍ക്കമുണ്ടായിരുന്നില്ല. എന്നാല്‍, മക്‌നോട്ടന് ശരിയും തെറ്റും തിരിച്ചറിയാനുള്ള ശേഷിയും താന്‍ കുറ്റമാണ് ചെയ്യുന്നതെന്ന ബോധ്യവും ഉണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അതിനാല്‍ ചെയ്ത കുറ്റത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും ഉന്നയിച്ചു. മക്‌നോട്ടന്‍ പങ്കെടുത്ത അനാട്ടമി ക്ലാസിലെ അധ്യാപകനെയുള്‍പ്പെടെ സാക്ഷിയാക്കുകയും ചെയ്തു.
മാനസിക വെല്ലിവിളി നേരിടുന്ന ഒരാള്‍ക്ക് നിയമപരമായ ഉത്തരവാദിത്വമില്ലെന്നും അതിനാല്‍ ശിക്ഷയില്‍നിന്ന് ഇളവ് അനുവദിക്കണമെന്നുമായിരുന്നു മക്‌നോട്ടന് വേണ്ടി അഭിഭാഷകര്‍ വാദിച്ചത്. മാനസികമായ ഇത്തരം പ്രശ്‌നങ്ങള്‍ പ്രതിയുടെ ധാര്‍മികമായ ബോധത്തേയും ആത്മനിയന്ത്രണത്തേയും തകര്‍ത്തുവെന്നും കൂട്ടിച്ചേര്‍ത്തു. പ്രതിക്ക് ഇത്തരത്തിലുള്ള യാതൊരു ഉത്തരവാദിത്വവുമില്ലെന്ന മെഡിക്കല്‍ രംഗത്തെ വിദഗ്ദരുടെ കണ്ടെത്തലും കോടതിയില്‍ അവതരിപ്പിക്കപ്പെട്ടു. ഡോ. എഡ്വാര്‍ഡ് മണ്‍റോ, സര്‍ അലക്‌സാണ്ടര്‍ മോറിസണ്‍, ഡോ. ഫോബ്‌സ് വിന്‍സ്ലോ എന്നിവരുടെ അഭിപ്രായങ്ങളാണ് കോടതിക്ക് മുമ്പാകെ സമര്‍പ്പിച്ചത്. പ്രതിക്കെതിരേ വിധി പ്രസ്താവിക്കാനായി ജഡ്ജിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തനിക്കാവില്ലെന്ന് പ്രൊസിക്യൂട്ടര്‍ സര്‍ വില്ല്യം ഫോളറ്റ് പറഞ്ഞതോടെ കേസിലെ വിധി വന്നു. മാനസിക വെല്ലുവിളി നേരിടുന്നതിനാല്‍ മക്‌നോട്ടനെ ശിക്ഷയില്‍നിന്ന് ഒഴിവാക്കിക്കൊണ്ടുള്ളതായിരുന്നു വിധി.
വിധിക്ക് പിന്നാലെ മക്‌നോട്ടനെ ജയിലില്‍നിന്ന് ബെത്‌ലേം ഹോസ്പിറ്റലിലേക്ക് മാറ്റി. ക്രിമിനല്‍ ലുണാറ്റിക്‌സ് ആക്റ്റ് 1800 പ്രകാരമായിരുന്നു ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഏകദേശം 21-വര്‍ഷത്തോളം മക്‌നോട്ടന്‍ ഇവിടെ ചികിത്സയില്‍ കഴിഞ്ഞു. പിന്നീട് 1864-ല്‍ പുതുതായി പ്രവര്‍ത്തനം ആരംഭിച്ച ബ്രോഡ്മൂര്‍ ആശുപത്രിയിലേക്ക് മക്‌നോട്ടനെ മാറ്റി. അവിടെ ചികിത്സയിലിരിക്കെ ഹൃദയസംബന്ധമായ അസുഖങ്ങള്‍ ബാധിക്കുകയും മരണപ്പെടുകയും ചെയ്തു.

എന്താണ് മക്‌നോട്ടന്‍ റൂള്‍?
മക്‌നോട്ടനെ വെറുതെ വിട്ടുകൊണ്ടുള്ള വിധിക്കെതിരേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധമുയര്‍ന്നു. ക്വീന്‍ വിക്ടോറിയ പ്രധാനമന്ത്രി റോബര്‍ട്ട് പീലിന് കത്തെഴുതുകയും ചെയ്തു. തുടര്‍ന്ന് ഈ വിഷയം ഹൗസ് ഓഫ് ലോര്‍ഡ്‌സിന്റെ പരിഗണനയ്ക്ക് വന്നു. ഇതുമായി ബന്ധപ്പെട്ട അഞ്ച് ചോദ്യങ്ങളില്‍ 12-അംഗ ബെഞ്ചിന്റെ അഭിപ്രായം തേടുകയും വിയോജിച്ച ഒരാളുടേത് ഒഴികെ ബാക്കി 11-പേരുടെ മറുപടികള്‍ ചീഫ് ജസ്റ്റിസ് ഹൗസ് ഓഫ് ലോര്‍ഡ്‌സിന് കൈമാറുകയും ചെയ്തു. തുടര്‍ന്ന് ഈ മറുപടികള്‍ ഉള്‍പ്പെടുത്തി മക്‌നോട്ടന്‍ റൂളുകള്‍ രൂപീകരിച്ചു.
'the accused in order to get exemption from criminal responsibility on the ground of insanity, must prove that, owing to a defect of reason due to a disease of mind, he did not know the nature and quality of his act, if he did know this, that he did not know that he was doing wrong'
ഒരു വ്യക്തി കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്ന സമയത്ത് താന്‍ ചെയ്യുന്നത് കുറ്റമാണെന്നോ അത് ശരിയാണോ തെറ്റാണോ എന്നോ തിരിച്ചറിയാന്‍ കഴിയാത്ത വിധത്തില്‍ മാനസികാസ്വാസ്ഥ്യം നേരിടുകയാണെങ്കില്‍ അത് കുറ്റമായിരിക്കുകയില്ല. എന്നാല്‍, കുറ്റം ചെയ്യുന്ന സമയത്ത് മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്ന് പ്രതിഭാഗം തെളിയിച്ചിരിക്കണം. അത് തെളിയിച്ചാല്‍ മാത്രമേ ശിക്ഷയില്‍ ഇളവ് ലഭിക്കുകയുള്ളൂ. പിന്നീടങ്ങോട്ട് മക്‌നോട്ടന്‍ റൂളുകള്‍ വിവിധ രാജ്യങ്ങളിലെ നിയമവ്യവസ്ഥകളുടെ ഭാഗമായി.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ(ഐ.പി.സി) 84-ാം വകുപ്പിനോട് ബന്ധപ്പെട്ട് കിടക്കുന്നവയാണ് മെഡിക്കല്‍ ഇന്‍സാനിറ്റി, ലീഗല്‍ ഇന്‍സാനിറ്റി എന്നിവ. കുറ്റാരോപിതനായ വ്യക്തി മാനസികരോഗത്തിന് ചികിത്സയിലാണെന്നാണ് മെഡിക്കല്‍ ഇന്‍സാനിറ്റി എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്. ആ വ്യക്തിക്ക് തീരുമാനങ്ങളെടുക്കാനും സാധാരണ ജീവിതം നയിക്കാനും സാധിച്ചേക്കാം. അതിനാല്‍ മെഡിക്കല്‍ ഇന്‍സാനിറ്റിയുള്ള ഒരു വ്യക്തി ചെയ്യുന്ന പ്രവൃത്തി കുറ്റമല്ലെന്ന് കണക്കാക്കാനാവില്ല. അങ്ങനെ കുറ്റമല്ലാതിരിക്കണമെങ്കില്‍ ലീഗല്‍ ഇന്‍സാനിറ്റി തെളിയിക്കേണ്ടതുണ്ട്. ഒരു പ്രവൃത്തി ചെയ്യുന്ന സമയത്ത് അത് എന്താണെന്നോ അത് നിയമവിരുദ്ധമാണെന്നോ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെന്തൊക്കെയാണെന്നോ മനസിലാക്കാന്‍ പോലും സാധിക്കാത്തവിധത്തില്‍ മാനസികാസ്വാസ്ഥ്യമുള്ളയാളാണ് വ്യക്തിയെന്ന് തെളിയിച്ചാല്‍ മാത്രമേ ലീഗല്‍ ഇന്‍സാനിറ്റി പ്രകാരം ശിക്ഷയില്‍ നിന്ന് ഇളവ് ലഭിക്കുകയുള്ളൂ.
കോടതികളില്‍ പ്രതിരോധമാകുമ്പോള്‍
ക്രിമിനല്‍ നിയമത്തിന്റെ അടിസ്ഥാനതത്വങ്ങളിലൊന്നാണ് 'actus non facit reum nisi mens sit rea' എന്ന ലാറ്റിന്‍ പ്രയോഗം. ഒരാള്‍ ചെയ്യുന്ന പ്രവൃത്തി കൊണ്ട് മാത്രം ആ വ്യക്തി കുറ്റക്കാരനാകുന്നില്ലെന്നതാണ് ഈ പ്രയോഗത്തിന്റെ പൊരുള്‍. ആ വ്യക്തിയുടെ പ്രേരണയും കൃത്യത്തില്‍ ഉള്‍ചേരുമ്പോഴാണ് അയാള്‍ തെറ്റുകാരനാകുന്നത്. അതായത് താന്‍ ചെയ്യുന്നത് തെറ്റാണെന്നും അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെന്തൊക്കെയാണെന്നും അറിഞ്ഞുകൊണ്ടായിരിക്കണം അതില്‍ ഏര്‍പ്പെടുന്നത്. അങ്ങനെയല്ലാത്ത സന്ദര്‍ഭങ്ങളില്‍ അത് കുറ്റമാകുകയില്ല. എന്നാല്‍, കോടതികളില്‍ ഇത് തെളിയിക്കേണ്ടത് പ്രതിയുടെ ഉത്തരവാദിത്ത്വമാണ്.
ഇതുമായി ബന്ധപ്പെട്ട് വിവിധ കേസുകളിലായി നിരവധി പരാമര്‍ശങ്ങള്‍ കോടതികള്‍ നടത്തിയിട്ടുണ്ട്. ഹസാര സിങ് Vs ദ സ്റ്റേറ്റ് കേസില്‍ മാനസികാസ്വാസ്ഥ്യമുള്ള എല്ലാ വ്യക്തികള്‍ക്കും ഇതുന്നയിച്ച് പ്രതിരോധമുയര്‍ത്താന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ബാപു Vs. ദ സ്റ്റേറ്റ് ഓഫ് രാജസ്ഥാന്‍ കേസില്‍ മെഡിക്കല്‍ ഇന്‍സാനിറ്റിയല്ല, ലീഗല്‍ ഇന്‍സാനിറ്റിയാണ് തെളിയിക്കേണ്ടതെന്ന് കോടതി അടിവരയിട്ടു. ദുലാല്‍ നായിക് Vs സ്‌റ്റേറ്റ് (1987) കേസില്‍ ഒരു വ്യക്തിയെ സുബോധമുള്ള ആളായാണ് പരിഗണിക്കുകയെന്നും മറിച്ചാണെന്ന് അയാള്‍ തെളിയിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി. കുറ്റം ചെയ്യുന്നതിന് മുമ്പോ അതിന് ശേഷമോ പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടായാല്‍ അത് പ്രതിരോധമായി ഉന്നയിക്കാനാവില്ലെന്ന് പറഞ്ഞ കോടതി കുറ്റം ചെയ്യുന്ന സമയത്ത് വ്യക്തി മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്ന് തെളിയിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.
എസ്.കെ. നായര്‍ Vs. സ്‌റ്റേറ്റ് ഓഫ് പഞ്ചാബ് കേസിലും സമാനമായ വാദപ്രതിവാദങ്ങള്‍ നടന്നു. കത്തി ഉപയോഗിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് പാരനോയിഡ് അവസ്ഥയുണ്ടെന്നാണ് പ്രതിഭാഗം വാദിച്ചത്. എന്നാല്‍, സംഭവം നടക്കുമ്പോള്‍ പ്രതി ഭീഷണി മുഴക്കിയിരുന്നതിനാല്‍ മാനസികാസ്വാസ്ഥ്യമുണ്ടെന്ന വാദങ്ങള്‍ കോടതി തള്ളി. പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തു. സ്റ്റേറ്റ് ഓഫ് ഒറീസ്സ Vs കലിയ ഏലിയാസ് ദേബബ്രത മഹാറാണ കേസില്‍ പ്രതിക്കനുകൂലമായാണ് വിധി പ്രസ്താവിച്ചത്. മൂന്ന് പേരെ കൊലപ്പെടുത്തിയ പ്രതിക്ക് മറ്റു ലക്ഷ്യങ്ങളോ ശത്രുതയോ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തി. വര്‍ഷങ്ങളായി മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്ന് കൂടി വ്യക്തമായതോടെയാണ് വിധി അനുകൂലമായത്.
അതേസമയം, മക്‌നോട്ടന്‍ റൂളുകള്‍ക്കെതിരേ നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്നു. ക്രിമിനല്‍ നിയമങ്ങളില്‍ ഇത് ഉപയോഗിക്കുന്നത് ശരിയാണോ എന്നതിനെ സംബന്ധിച്ച് ചര്‍ച്ചകളുമുണ്ടായി. ഈ പശ്ചാത്തലത്തില്‍ ലോ കമ്മിഷന്‍ ഓഫ് ഇന്ത്യ വിശദമായ പരിശോധന നടത്തുകയും നിയമത്തില്‍ യാതൊരു ഭേദഗതിയും ആവശ്യമില്ലെന്ന് കണ്ടെത്തുകയും ചെയ്തു.
Content Highlights: what is Mcnaughton's rule, The history of defense of insanity, innocent, guilty, crime rule
Published: 05 Jul 2023, 04:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented