കൊച്ചി: ക്രൈസ്തവസ്ത്രീക്ക് അവർ താമസിക്കുന്ന സ്ഥലത്തെ കോടതിയിൽ വിവാഹമോചന ഹർജി ഫയൽചെയ്യാൻ കഴിയുന്ന വകുപ്പ് 1869-ലെ ഇന്ത്യൻ വിവാഹമോചന നിയമത്തിൽ ഉൾപ്പെടുത്തുന്നത് കേന്ദ്രസർക്കാർ പരിഗണിക്കണമെന്ന് ഹൈക്കോടതി.
ഹിന്ദു വിവാഹനിയമത്തിലും സ്പെഷ്യൽ മാരേജ് ആക്ടിലും സ്ത്രീകൾ താമസിക്കുന്ന സ്ഥലത്തും വിവാഹമോചന ഹർജി ഫയൽചെയ്യാനാകുമെന്ന വ്യവസ്ഥ 2003-ൽ പാർലമെന്റ് ഉൾപ്പെടുത്തിയിരുന്നു. എന്നിട്ടും ഇന്ത്യൻ വിവാഹമോചന നിയമത്തിൽ ഉൾപ്പെടുത്താത്തതിന് ന്യായീകരണമില്ലെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പറഞ്ഞു.
ഉത്തരവ് കേന്ദ്ര നിയമമന്ത്രാലയത്തിന് അയക്കാൻ രജിസ്ട്രിയോട് നിർദേശിച്ചു. അഡ്വ. തുളസി കെ. രാജ് വഴി, വയനാട്ടുകാരിയായ യുവതി ഫയൽചെയ്ത ഹർജിയാണ് പരിഗണിച്ചത്. ക്രൈസ്തവവിഭാഗത്തിന് മാത്രം ബാധകമാവുന്ന ഇന്ത്യൻ വിവാഹമോചന നിയമപ്രകാരം വിവാഹംനടന്ന സ്ഥലത്തും ഭാര്യാഭർത്താക്കന്മാർ ഒരുമിച്ചു താമസിച്ച സ്ഥലത്തും അവസാനമായി ഒരുമിച്ച് താമസിച്ച സ്ഥലത്തുമാണ് വിവാഹമോചന ഹർജി ഫയൽചെയ്യാനാകുക.
ഹർജിക്കാരി കല്പറ്റ കുടുംബക്കോടതിയിൽ ഫയൽചെയ്ത വിവാഹമോചന ഹർജി മടക്കിയിരുന്നു. കാസർകോടായിരുന്നു വിവാഹം. അവിടെയാണ് ഒരുമിച്ച് താമസിച്ചത്. കല്പറ്റ കോടതിയിൽ വിവാഹമോചന ഹർജി പരിഗണിക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. നിയമം അനുവദിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി ഹർജി തള്ളിയെങ്കിലും നിയമഭേദഗതി പരിഗണിക്കണം എന്ന ഉത്തരവ് കേന്ദ്രത്തിന് അയക്കാൻ നിർദേശിക്കുകയായിരുന്നു.
Published: 05 Jul 2026, 07:24 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented